കോട്ടക്കൽ ആര്യവൈദ്യശാലയുടെ മുഖ്യ കെട്ടിടം

ഒരു ഉത്തരേന്ത്യൻ മുസ്‍ലിം കേരളം കാണുന്നു

കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഒരു ഉഴിച്ചിൽവിദഗ്ധ ഏതാനും ദിവസം മുമ്പ് എന്റെ ഭാര്യ അരുണയോട് പറഞ്ഞു-ഞായറാഴ്ച ഞാൻ അവധിയെടുക്കും, അന്ന് പെരുന്നാളല്ലേ, അയൽപക്കത്തെ മുസ്‍ലിംവീടുകളിൽ പോകാനുണ്ട്, എല്ലാവരും ക്ഷണിച്ചിരിക്കുകയാണ്.

ലോകമൊട്ടുക്കുനിന്ന് ആയുർവേദ ചികിത്സ തേടി ആളുകൾ എത്തുന്ന ആശ്രമസമാനമായ ഈ ആധികാരിക കേന്ദ്രം നിലകൊള്ളുന്നത് മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന്റെ ഹൃദയഭൂമിയിലാണ് എന്നതുതന്നെ കേരളത്തിന്റെയും മലപ്പുറത്തിന്റെയും മഹിതപാരമ്പര്യത്തിന്റെ പ്രതീകമാണ്.

പെരുന്നാളും ഓണവുംപോലെയുള്ള വിശേഷാവസരങ്ങളിൽ മലപ്പുറത്തുകാർ കാഴ്ചവെക്കുന്ന മതാന്തര പങ്കാളിത്തവും സൗത്ത് ഡൽഹിയിലെ ഞങ്ങളുടെ അനുഭവവും തമ്മിൽ താരതമ്യം ചെയ്യുന്നതുപോലും ശരിയല്ല. എന്തിന് ഡൽഹിവരെ പോകണം, തിരുവനന്തപുരത്തുപോലും ഇത്തരമൊരു പാരസ്പര്യം കാണാൻ കഴിഞ്ഞെന്നുവരില്ല.

എന്നും നായർമേൽക്കോയ്മ നിലനിർത്തിപ്പോരുന്ന നഗരമായ തിരുവനന്തപുരത്തിന്റെ പലയിടങ്ങളിലും ഹിന്ദുക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻതക്ക പ്രബലമല്ല മുസ്‍ലിം സാന്നിധ്യം. മുസ്‌ലിം ആധിക്യമുള്ള ഒരു ചുറ്റുപാടല്ലെങ്കിൽ പെരുന്നാൾ ദിവസം അവർക്ക് ഒരു അവധിദിനം മാത്രമായിരിക്കും.

ഡൽഹിയിൽ ഇന്ത്യാവിഭജനത്തെ തുടർന്ന് പഞ്ചാബികൾ കൂട്ടമായി വന്നു പാർത്ത കോളനിയിലെ ഏക മുസ്‍ലിം വീടാണ് ഞങ്ങളുടേത്. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ പതിവായി എന്നെയാണ് ക്ഷണിക്കുക. പക്ഷേ, പെരുന്നാൾ ദിനത്തിൽ ചുറ്റുവട്ടത്തുനിന്ന് കാര്യമായി സന്ദർശകരൊന്നും വീട്ടിൽ വരാറില്ല. എന്തെന്നാൽ മുസ്‍ലിംകൾ അവരുടെ ദൈനംദിന അനുഭവത്തിന്റെ ഭാഗമല്ല.

ഹിന്ദു-മുസ്‌ലിം സമവാക്യങ്ങൾ മനസ്സിലാക്കുന്നതിൽ വ്യക്തവും എന്നാൽ കാര്യമായി ആരും ശ്രദ്ധിക്കാത്തതുമായ ഈ വസ്തുത നിർണായകമാണ്. മുസ്‍ലിമിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഹിന്ദുക്കൾ - പത്രം വിതരണംചെയ്യുന്ന പയ്യൻ മുതൽ നിത്യവും വന്നുപോകുന്ന പച്ചക്കറി വിൽപനക്കാർ, ഷോപ്പിങ് മാളുകളിലും റസ്റ്റാറന്റുകളിലും കാണുന്നവർ, എല്ലാറ്റിനുമുപരിയായി ജോലിസ്ഥലത്തുള്ളവർ... മറുവശത്ത് ഹിന്ദുവിന് മുസ്‍ലിംകളുമായി ബന്ധപ്പെടാൻ വേണ്ടത്ര അവസരമില്ല. 60 വർഷമായി എന്റെ ചങ്ങാതിയായ 'ഹിന്ദു'സുഹൃത്തിന് (ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ എനിക്ക് നാണം തോന്നുന്നു, ഇക്കാലമത്രയും ഞങ്ങളുടെ സൗഹൃദത്തിനിടയിൽ ഞങ്ങളുടെ മതപശ്ചാത്തലം വിഷയമേ ആയിട്ടില്ല) ഞാനല്ലാതെ മറ്റൊരു മുസ്‍ലിമിനെ അറിയുക പോലുമില്ല.

മുസ്‍ലിംകളുമായി അനുഭവപരിസരമില്ലാത്ത ഹിന്ദുക്കൾ അവരെ മനസ്സുകൊണ്ട് അകറ്റിനിർത്താൻ സാധ്യതയേറെയാണ്. മുസ്‍ലിം പ്രാർഥനാകൂട്ടായ്മകളും സ്ത്രീകൾക്ക് ഒരു പ്രയാസവും സൃഷ്ടിക്കാത്ത ആൾത്തിരക്കും തനതു രുചിയുള്ള കബാബുകളും കാണാനും അനുഭവിക്കാനുമായി വർഷങ്ങളായി റമദാനിൽ എനിക്കൊപ്പം ജുമാമസ്ജിദ് ഏരിയയിലേക്ക് വരാൻ ഞാൻ ഹൈന്ദവ സുഹൃത്തുക്കളെ ക്ഷണിക്കാറുണ്ട്. പക്ഷേ അവർ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിയാറാണ്. മുസ്‍ലിംകളെ അത്രമാത്രം ഭീകരസ്വത്വങ്ങളും കൊലപാതകികളുമായാണ് രാഷ്ട്രീയക്കാരും ടി.വി ചാനലുകളും ചിത്രീകരിച്ചുപോരുന്നത്.

ആർ.എസ്.എസ് കിണഞ്ഞുശ്രമിച്ചിട്ടും കേരളത്തിൽ വർഗീയതക്ക് ഒരു രാഷ്ട്രീയ പദ്ധതിയെന്ന രീതിയിൽ സ്വാധീനം സൃഷ്ടിക്കാനായിട്ടില്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആർ.എസ്.എസിന്റെ ഒരു ശതമാനം വോട്ട് യു.ഡി.എഫ് സ്ഥാനാർഥികൾക്കനുകൂലമാക്കാൻ യശഃശരീരനായ കോൺഗ്രസ് നേതാവ് കെ. കരുണാകരൻ അനുനയതന്ത്രം പയറ്റിയിരുന്നു. കോൺഗ്രസിന് ഇടതുപാർട്ടികളേക്കാൾ താൽപര്യം ഹിന്ദുത്വ ദേശീയതയോടാണ്. പക്ഷേ, അവർക്ക് ഇക്കാര്യത്തിൽ രണ്ടുതരം സമീപനമായിരുന്നു. പണ്ട് മധ്യപ്രദേശിലെ കോൺഗ്രസ് അതികായനായിരുന്ന അർജുൻ സിങ് ബി.ജെ.പിക്കെതിരെ നഖശിഖാന്തം പൊരുതിയ നേതാവാണ്.

ഉത്തരേന്ത്യയിൽ, ദിവസേന എന്തെങ്കിലുമൊരു സംഭവം സൃഷ്ടിച്ചെടുത്ത് വർഗീയതയെ തുടർച്ചയായി കത്തിച്ചുനിർത്തുകയാണ്. ഇതെല്ലാം കണ്ട് രാജ്യത്തിന്റെ ഭാവിയെന്താകുമെന്ന് ആശങ്കപ്പെടുന്നവർക്കു മുന്നിൽ എനിക്ക് ഒരു സദ്‍വാർത്ത പറയാനുണ്ട്. ഉത്തരേന്ത്യയിലെ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ രാജ്യത്തെ മുഴുവൻ വിലയിരുത്തുന്നതുതന്നെ തെറ്റാണ്. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്രയുടെ ഒരു ഭാഗം, ബിഹാർ എന്നിവ ബി.ജെ.പിക്ക് കീഴൊതുങ്ങിയിട്ടുണ്ടാവാം.(അസമിനെയും ത്രിപുരയെയും ഈ ഗണത്തിൽ ഞാൻ പെടുത്തുന്നില്ല, അവിടെ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്). ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെക്കൂടി അതിനൊപ്പം ചേർത്താൽപോലും രാജ്യത്തിന്റെ വലിയ ഒരു ഭാഗം ജനങ്ങളിൽ സ്വാധീനം സൃഷ്ടിക്കാൻ ബി.ജെ.പി- ആർ.എസ്.എസ് ശക്തികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ വ്യാപനത്തിന് അവർക്ക് തടസ്സം സൃഷ്ടിച്ചത് ജാതിരാഷ്ട്രീയമായിരുന്നുവെങ്കിൽ മറ്റിടങ്ങളിൽ ഭാഷ, വംശം തുടങ്ങിയ പ്രതിബന്ധങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ ഫെഡറൽ ബോധവും വലിയ കടമ്പതന്നെയാണ്. 

ഉത്തരേന്ത്യൻ രാഷ്ട്രീയ സംസ്കാരം സ്വത്വരാഷ്ട്രീയത്താലാണ് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾ താരതമ്യേന കൂടുതൽ സങ്കീർണമാണ്. എന്റെ പക്ഷപാതങ്ങളോട് ക്ഷമിക്കുക, കോട്ടക്കലിന്റെ മനോഹാരിത ഉൾപ്പെടെ എല്ലാ അർഥത്തിലും കേരളം യഥാർഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്. ആഴത്തിൽ വേരൂന്നിയ ഇടതുപക്ഷ പ്രസ്ഥാനം ജനങ്ങൾക്ക് ഉത്തരേന്ത്യയിൽ കാണാനാവാത്ത വിധത്തിൽ മാന്യത നൽകി. ജനങ്ങളെ വിദ്യാഭ്യാസത്താൽ പൂരിതമാക്കിയതിലുള്ള ക്രെഡിറ്റിന്റെ വലിയൊരു പങ്ക് ക്രൈസ്തവ സഭകൾക്ക് അവകാശപ്പെട്ടതാണ്. 


(പാരഗണിനെ കോഴിക്കോടിന്റെ ചിഹ്നങ്ങളിലൊന്നായി അടയാളപ്പെടുത്തി നടക്കാവിൽ വരച്ചിരിക്കുന്ന ചുമർ ചിത്രം)

 


കോട്ടക്കലിലെ ഉന്മേഷദായകമായ ചികിത്സരീതികളിലൊന്ന് എണ്ണയിട്ട് ഉഴിച്ചിൽ ആണ്. തിരുമ്മൽ മേശയുടെ ഇരുവശത്തുമായി നിൽക്കുന്ന യൂനിഫോം ധരിച്ച നാലു പേർ, ഔഷധസസ്യങ്ങളിട്ട് തിളച്ചുമറിയുന്ന എണ്ണയിൽ മുക്കിയെടുത്ത തുണി ശരീരത്തിൽ അമർത്തിപ്പിടിക്കുകയും കൈകൊണ്ട് ഉഴിയുകയും ചെയ്യും.

ഉഴിച്ചിലിനിടെ അവരെല്ലാം സസ്യാഹാരികളാണോ എന്ന് ഞാൻ ചോദിച്ചു, (ആര്യവൈദ്യശാലയിൽ അതുമാത്രമാണ് വിളമ്പുന്നത്). അല്ലെന്നുപറഞ്ഞ് തുടങ്ങിയ സംസാരം കേരളത്തിന്റെ രുചിവൈവിധ്യങ്ങളിലേക്കും പാചകവിധികളിലേക്കും നീണ്ടു. രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട ഭോജനശാലകളും ചർച്ചയായി. തന്റെ മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രാമധ്യേ 'പാരഗൺ'സന്ദർശിക്കാനുള്ള അവസരമൊന്നും രാഹുൽ ഗാന്ധി പാഴാക്കാറില്ലത്രേ. രാജ്യത്തെ ഒന്നാംനമ്പർ റസ്റ്റാറന്റ് എന്ന കാര്യത്തിൽ എന്റെ വോട്ടും പാരഗണിനാണ്.

മലിനീകരണം, രാഷ്ട്രീയവൈകൃത കാഴ്ചകൾ, ഉത്തരേന്ത്യൻ പൊലീസ് അതിക്രമ കഥകൾ എന്നിവയിൽനിന്നെല്ലാം ചെറിയ ഒരു ഒഴിഞ്ഞുനിൽപുകൂടിയായി 14 ദിവസത്തെ കോട്ടക്കൽ വാസം. ഏറെക്കാലം മുമ്പ് ചെന്നൈ ആസ്ഥാനമായി അഞ്ചുവർഷം ദക്ഷിണേന്ത്യയിൽ പ്രവർത്തിച്ച കാലത്ത് മനസ്സിലാക്കിയ ചില കാര്യങ്ങൾ വീണ്ടും നിനവിൽവരുന്നു. ദക്ഷിണേന്ത്യൻ മുസ്‍ലിം അനുഭവം ഇന്ത്യയുടെ വടക്കൻ ഭാഗത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വടക്കേ ഇന്ത്യയിൽ മുസ്‍ലിംകൾ എത്തിയത് സാമ്രാജ്യങ്ങൾ സ്ഥാപിക്കുവാനാണ്. തെന്നിന്ത്യയിലാകട്ടെ കച്ചവടക്കാരായും. പ്രാദേശിക സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നത് വ്യാപാരത്തിനും പൊതുജന സമ്പർക്കത്തിനും ഏറെ ഗുണകരമായി. കച്ചവടക്കാർക്ക് മതാനുഷ്ഠാനങ്ങൾ മുടക്കമില്ലാതെ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിനായി കൊടുങ്ങല്ലൂരിൽ ചേരമാൻ പെരുമാൾ പള്ളിയും നിർമിച്ചു നൽകി. എ.ഡി 629ൽ, അതായത് നബിയുടെ വിയോഗത്തിന് മൂന്നുവർഷം മുമ്പ് നിർമിതമായ ഈ പള്ളി ഇന്ത്യയിൽ ആദ്യത്തേതാണ്; ഇസ്‍ലാമിക ചരിത്രത്തിലെ ആറാമത്തേതും.

Tags:    
News Summary - South Indian Views of a North Indian Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.