ഒരു താരതമ്യത്തിനും സാധ്യതയില്ലാത്ത ഉത്കൃഷ്ടമായ സേവനമേഖലയാണ് അധ്യാപനം. മറ്റേതൊരു തൊഴിലിനെക്കാളും അറിവും കഴിവും അധ്യാപകർക്ക് അത്യന്താപേക്ഷിതമാണ്. കേവലം ആഗ്രഹവും പ്രലോഭനവുമല്ല, യഥാർഥ അഭിരുചിയും സ്വയം സന്നദ്ധതയുമാണ് അധ്യാപകനുവേണ്ട ഏറ്റവും വലിയ യോഗ്യത. ധിഷണശാലികളും പ്രഗല്ഭമതികളുമായ ധാരാളം അധ്യാപകർ ഉണ്ടെങ്കിലും എല്ലാവരും അങ്ങനെയാവണമെന്നില്ല. അതിനാൽ, കുറ്റമറ്റ രീതിയിലുള്ള വിദ്യാഭ്യാസസമ്പ്രദായവും അധ്യാപനരീതിയുമാണ് ഈ കാലഘട്ടത്തിൽ നിലനിൽക്കുന്നതെന്ന് പറയാനും കഴിയില്ല. പാഠ്യപദ്ധതിയും പാഠപുസ്തകവും എത്രതന്നെ ഉന്നതമാണെങ്കിലും അധ്യാപകരുടെ ശേഷിയും അധ്യാപന രീതിയുമാണ് അതിെൻറ പ്രയോഗത്തെ ഫലപ്രദമാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ ഇരുപതു വർഷത്തോളമായി അധ്യാപക ശാക്തീകരണത്തിന് ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നത്. എന്നാൽ, പദ്ധതികളൊന്നും ലക്ഷ്യം കൈവരിക്കുന്നതിൽ അത്രയൊന്നും വിജയിച്ചിട്ടില്ലെന്നു കാണാം. താരതമ്യേന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിൽപോലും അക്ഷരജ്ഞാനവും ഗണിതബോധവുമില്ലാത്ത കുട്ടികൾ നിരവധിയുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണസ്ഥാപനംപോലും പറയുമ്പോൾ സ്ഥിതി അത്രയൊന്നും ആശാസ്യമല്ല.
അധ്യാപക കോഴ്സ്, ഉദ്യോഗ ലബ്ധി, അധ്യാപക പരിശീലനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും സമൂലമായ മാറ്റം ഉണ്ടാക്കിയാൽ മാത്രമേ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു അധ്യാപക സമൂഹത്തെ രൂപപ്പെടുത്താൻ കഴിയുകയുള്ളൂ. പ്ലസ്ടുവും ശേഷമുള്ള ഡി.എഡു (ഡിപ്ലോമ ഇൻ എജുക്കേഷൻ എന്ന പഴയ ടി.ടി.സി) മാണ് പ്രാഥമിക വിദ്യാലയത്തിൽ അധ്യാപകരാവാനുള്ള യോഗ്യത. സെക്കൻഡറി തലത്തിൽ ബിരുദത്തിനു പുറമെ രണ്ടു വർഷത്തെ ബി.എഡ് കോഴ്സുമാണ് അധ്യാപകയോഗ്യത. ഹയർസെക്കൻഡറി തലത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും സംസ്ഥാന/ദേശീയ യോഗ്യത (സെറ്റ്/നെറ്റ്)പരീക്ഷകളോ അല്ലെങ്കിൽ എം.എഡ് കോഴ്സോ പാസായിരിക്കണം. കോളജ് തലത്തിലാണെങ്കിൽ ബിരുദാനന്തരബിരുദത്തിനുശേഷം ദേശീയ യോഗ്യത പരീക്ഷ പാസായാൽ മതി, ബി.എഡ് വേണ്ട.
മുൻകാലങ്ങളിൽ പത്താംക്ലാസിലോ പ്ലസ്ടുവിലോ നല്ല മാർക്ക് നേടിയ മിടുക്കരായ വിദ്യാർഥികളായിരുന്നു ടി.ടി.സിക്ക് പോയിരുന്നത്. ബിരുദതലത്തിൽ മികച്ചമാർക്ക് നേടിയവർക്ക് മാത്രമേ ബി.എഡിന് പ്രവേശനം ലഭിച്ചിരുന്നുള്ളൂ. എന്നാൽ, ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾ ഭൂരിഭാഗവും ആദ്യഘട്ടത്തിൽ അധ്യാപകരാകാൻ തയാറാവുന്നില്ല. ആഗ്രഹിച്ചതൊന്നും കിട്ടാതെ വരുമ്പോൾ പിടിച്ചുനിൽക്കാൻ ഒരു മാർഗം എന്ന നിലയിലാണ് പലരും അധ്യാപക കോഴ്സുകളിലേക്ക് തിരിയുന്നത്. അധ്യാപകരുടെയും അധ്യാപനത്തിെൻറയും നിലവാര തകർച്ചക്കും ഫലപ്രാപ്തിയില്ലായ്മക്കും ഇതൊരു പ്രധാന കാരണമാണ്. അധ്യാപക കോഴ്സുകളും അധ്യാപന ജോലിയും കൂടുതൽ ആകർഷണീയവും കാര്യക്ഷമവുമാക്കിയാൽ മാത്രമേ സമർഥരും മിടുക്കരുമായ വ്യക്തികളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ കഴിയുകയുള്ളൂ. ഉയർന്ന സാമ്പത്തിക സാധ്യതയും ഉന്നതമായ സാമൂഹികാംഗീകാരവും ലഭിക്കുമ്പോൾ മാത്രമാണ് ഒരു തൊഴിൽ രംഗം ആകർഷണീയമാവുന്നത്. അതോടൊപ്പം ആ രംഗത്തേക്ക് കടന്നുവരണമെങ്കിൽ നല്ല കഴിവും മിടുക്കും വേണമെന്ന അവസ്ഥയും സംജാതമാവണം. ഈ പറഞ്ഞവയെല്ലാം ഉറപ്പുവരുത്തുന്നതോടൊപ്പം അധ്യാപനത്തിെൻറ മഹത്ത്വവും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുമെങ്കിൽ അധ്യാപനമേഖലയിലേക്ക് നല്ലയാളുകളെ ആകർഷിക്കാൻ കഴിയും.
കോഴ്സുകളുടെ പുനഃസംഘടന
ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനവും ഗൗരവതരവുമായ കാലഘട്ടം പ്രാഥമികവിദ്യാഭ്യാസ കാലമാണ്. ഒരാളുടെ വ്യക്തിപരവും സാമൂഹികവുമായ മനോഭാവനിർമിതി സാധ്യമാകുന്നത് ഈ കാലയളവിലാണ്. അതിനാൽതന്നെ പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകർ പക്വമതികളും വിവേകശാലികളും തങ്ങളുടെ വിഷയത്തിലും വിദ്യാഭ്യാസ–ശിശുമനഃശാസ്ത്രത്തിലും നിപുണരായിരിക്കണം. അതിനാൽതന്നെ പ്രാഥമികാധ്യാപ കോഴ്സുകളിൽ കാതലായ മാറ്റം അനിവാര്യമാണ്. ബിരുദത്തിനുശേഷം ഒരു പ്രവേശന പരീക്ഷയിലൂടെ വേണം ഡി.എഡിന് പ്രവേശനം നൽകാൻ . അധ്യാപനത്തിലുള്ള അഭിരുചിയും താൽപര്യവും അപേക്ഷകെൻറ വ്യക്തിത്വവും വിഷയജ്ഞാനവും അളക്കാനുതകുന്നതാവണം ഈ പ്രവേശന പരീക്ഷ. ഡി.എഡ് പൂർത്തിയാക്കുന്ന ഒരാൾ കെ.ടെറ്റ് പോലുള്ള യോഗ്യത പരീക്ഷകൾ എഴുതേണ്ട ആവശ്യമില്ല.
മറ്റൊരർഥത്തിൽ പറഞ്ഞാൽ ജോലിക്ക് ചേരുന്നതിന് മുമ്പു തന്നെ അധ്യാപകനാവാനുള്ള യോഗ്യത അളക്കപ്പെടണം. കഴിവും അഭിരുചിയും ഉള്ളവർ മാത്രമേ ഈ മേഖലയിലേക്ക് കടന്നുവരുന്നുള്ളൂ എന്നുറപ്പുവരുത്താൻ ഈ സമ്പ്രദായം സഹായിക്കും. ഡി.എഡ് പൂർത്തിയാക്കിയശേഷം നിർദിഷ്ട വിദ്യാലയത്തിൽ ഒരു വർഷത്തെ പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയാൽ മാത്രമേ കോഴ്സ് പാസാവുകയുള്ളൂ. മൂന്നുവർഷത്തെ ബിരുദവും രണ്ടു വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ പ്രായോഗിക പരിശീലനവുമായിരിക്കണം പ്രാഥമികാധ്യാപകെൻറ യോഗ്യത. ഇതെല്ലാം കഴിയുമ്പോഴേക്കും 24 വയസ്സ് പൂർത്തിയായിട്ടുമുണ്ടാവും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിപ്പിക്കാൻ ഇവർക്ക് അർഹതയുണ്ടായിരിക്കണം. സെക്കൻഡറി തലത്തിൽ ഇന്നത്തെ ബിരുദ ബി.എഡ് സമ്പ്രദായം ഒഴിവാക്കണം. എൻ.സി.ഇ.ആർ.ടി (ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനം) നടപ്പിലാക്കുന്ന ബി.എസ്സി.എഡ്, ബി, .എ.എഡ് മാതൃകയിൽ അഞ്ചു വർഷം ദൈർഘ്യമുള്ള പുതിയൊരു കോഴ്സാണാവശ്യം.
പ്ലസ് ടു വിന് ശേഷം പ്രവേശന പരീക്ഷയിലൂടെ മാത്രം പ്രവേശനം നേടാൻ സാധിക്കുന്ന അഞ്ച് വർഷത്തെ ഇൻറേഗ്രറ്റഡ് കോഴ്സായിരിക്കണമിത്. അതത് വിഷയത്തോടൊപ്പം വിദ്യാഭ്യാസ– കൗമാര മനഃശാസ്ത്രത്തിലും ഗൈഡൻസ്, കൗൺസലിങ് എന്നിവയിലും ആഴത്തിലുള്ള പരിശീലനം ലഭിക്കാൻ ഉതകുന്ന തരത്തിലായിരിക്കണം കോഴ്സിെൻറ ഘടന. ഒരു വർഷത്തെ പ്രായോഗിക പരിശീലനം പൂർത്തിയാക്കുന്നതോടെ മാത്രമേ കോഴ്സ് പാസാവുകയുള്ളൂ.
പഠനകാലയളവ്
സെക്കൻഡറി അധ്യാപക കോഴ്സ് കൂടുതൽ ആഴത്തിലുള്ളതും അതത് വിഷയങ്ങൾ അധ്യാപന ലക്ഷ്യം മാത്രം മുൻനിർത്തി സംവിധാനിച്ചതും അധ്യാപകരാവാൻ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടവരെ മാത്രം ലക്ഷ്യംവെച്ച് രൂപകൽപന ചെയ്യപ്പെട്ടതുമായിരിക്കണം. ഹയർസെക്കൻഡറി അധ്യാപക കോഴ്സ് ബിരുദത്തിനുശേഷം പ്രവേശന പരീക്ഷയെഴുതി പ്രവേശനം നേടിയെടുക്കാവുന്ന നാല് വർഷ ഇൻറേഗ്രറ്റഡ് ബിരുദാനന്തരകോഴ്സായിരിക്കണം എൻ.സി.ഇ.ആർ.ടിയുടെ എം.എ എഡ്, എം.എസ്സി.എഡ് മാതൃകയിലുള്ളതാണെങ്കിലും നാല് വർഷമായിരിക്കും കാലാവധി. പഠനാനന്തരം ഒരു വർഷത്തെ പ്രായോഗിക പരിശീലനം ഇതിലും ആവശ്യമാണ്. പിന്നീട് സെറ്റ് എഴുതേണ്ട ആവശ്യമുണ്ടാവരുത് .
കോളജ്/സർവകലാശാല അധ്യാപകർക്ക് ബിരുദാനന്തര ബിരുദവും പ്രവേശന പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുന്ന രണ്ടു വർഷ പി.ജി.ഡിപ്ലോമ കോഴ്സും ഏർപ്പെടുത്തണം. ഇതോടൊപ്പം ഒരു വർഷത്തെ പ്രായോഗിക പരിശീലനവും നിർബന്ധമാക്കണം. ഇതിനു പുറമെ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യത പരീക്ഷയും പാസായിരിക്കണം.
വേതനവും സ്ഥാനക്കയറ്റവും
ൈപ്രമറി തലം മുതൽ സർവകലാശാല തലം വരെ ഒറ്റ ഘടകമായി പരിഗണിക്കപ്പെടണം. യോഗ്യതയുള്ള ൈപ്രമറി, സെക്കൻഡറി, ഹയർസെക്കൻഡറി അധ്യാപകർക്ക് കോളജ്–സർവകലാശാല അധ്യാപകരായി സ്ഥാനക്കയറ്റത്തിന് നിശ്ചിത ശതമാനം നീക്കിവെക്കണം. നിരന്തരമായ മേൽനോട്ടത്തിനും വിലയിരുത്തലിനും അധ്യാപകർ വിധേയരാവണം. ഇത്തരം വിലയിരുത്തലിന് മാത്രമായി വിദഗ്ധർ ഉൾക്കൊള്ളുന്ന പ്രത്യേകസമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അധ്യാപകർക്ക് മാർഗനിർദേശങ്ങൾ നൽകുകയും നിശ്ചിത പ്രവർത്തന മികവ് പുലർത്താത്തവരെ മറ്റു വകുപ്പുകളിലേക്ക് മറ്റു ജോലികൾക്കായി പുനർവിന്യസിക്കുകയും വേണം. പ്രവർത്തന മികവും അധിക യോഗ്യതയും പരിഗണിക്കപ്പെടുകയും ശമ്പളവർധനക്കും സ്ഥാനക്കയറ്റത്തിനുമുള്ള അർഹതയായി കണക്കാക്കുകയും വേണം.
സേവനകാലയളവിെൻറയും സീനിയോറിറ്റിയുടെയും പേരിൽ സ്ഥാപനേമധാവികളായി സ്ഥാനക്കയറ്റം നൽകുന്ന രീതി അവസാനിപ്പിക്കണം. സ്ഥാപനമേധാവികളാവാൻ താൽപര്യമുള്ള, കുറഞ്ഞത് പത്തുവർഷം അധ്യാപകനായി തൊഴിൽപരിചയമുള്ള, ഭരണനിർവഹണത്തിലും നേതൃഗുണത്തിലും കഴിവ്തെളിയിച്ച അധ്യാപകരിൽനിന്നു വേണം സ്ഥാപന മേധാവികളെ നിയമിക്കാൻ. ഇതിനായി പ്രത്യേകപരീക്ഷയും നടത്താം. പരീക്ഷ പാസാവുന്നവർ ആദ്യം നിയമിക്കെപ്പടേണ്ടത് ഡെപ്യൂട്ടി എച്ച്.എം/പ്രിൻസിപ്പൽ തസ്തികയിലായിരിക്കണം. ആ തസ്തികയിൽ കഴിവ് തെളിയിച്ചവർക്കു മാത്രമേ സ്ഥാപനമേധാവിയായി സ്ഥിര നിയമനം നൽകാവൂ. ഇത്തരത്തിൽ വിദ്യാഭ്യാസത്തിൽ കാര്യക്ഷമത നിലനിർത്തണമെങ്കിൽ കാലാകാലങ്ങളിൽ അനിവാര്യമായ മാറ്റിയെഴുത്തും പൊളിച്ചെഴുത്തും നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.