അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായി രാജനെ അടയാളപ്പെടുത്തുന്ന പോലെ, കെട്ട വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കലാലയ അരാഷ്ട്രീയതയുടെയും ബലിമൃഗമായി സിദ്ധാർഥന്റെ മുഖം ഇനി കുറച്ചുകാലം മലയാളികളുടെ ഓർമകളിൽ ഉണ്ടാവും. പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന ആൾക്കൂട്ട വിചാരണയും വിധി നടപ്പാക്കലും ഹോസ്റ്റൽ തടങ്കലുമെല്ലാം കേരളത്തിലെ വിദ്യാർഥിരാഷ്ട്രീയം എത്തിച്ചേർന്ന അരാഷ്ട്രീയതയുടെയും ആക്രമണോത്സുകതയുടെയും കാരുണ്യരാഹിത്യത്തിന്റെയും ആഴം പച്ചയായി വെളിപ്പെടുത്തുന്നുണ്ട്.
അധികാരധാർഷ്ട്യം മുറ്റിനിൽക്കുന്നതും പ്രതിപക്ഷ ബഹുമാനം അശേഷമില്ലാത്തതുമായ കലാലയ രാഷ്ട്രീയത്തിന്റെ ഇരകൾ കേരളത്തിൽ എന്നും ധാരാളമായുണ്ട്. എഴുപതുകളിലെ ഭരണകൂടവേട്ടയിൽനിന്ന് വിഭിന്നമായി, വിദ്യാർഥികൾക്കിടയിലെ രാഷ്ട്രീയചേരികളുടെ ദയാരഹിതമായ തമ്മിൽത്തല്ല് കാരണം ശരീരത്തിനും സാമൂഹികാന്തസ്സിനും ക്ഷതം ഏറ്റുവാങ്ങേണ്ടിവന്നവർ അനവധിയാണ്. കങ്കാണികളുടെ തലയെടുപ്പും ഗുണ്ടകളുടെ നിലവാരവുമുള്ള യുവനേതാക്കളുടെ അഴിഞ്ഞാട്ടവും ഇടിമുറികളും മൂലം ഭീതിത്താഴ്വരകളായി മാറിയ സർക്കാർ-എയ്ഡഡ് കോളജുകളെ കുറിച്ച് ഇടക്കിടെ വാർത്തകൾ പുറത്തുവരാറുണ്ട്.
അവിടത്തെ ഭൂരിപക്ഷ രാഷ്ട്രീയത്തോട് വിസമ്മതിക്കുന്നതു പോയിട്ട് ഒരു നേർത്ത വിയോജനക്കുറിപ്പ് എഴുതുന്നതുപോലും വകവെച്ചുകൊടുക്കാതെ അടിച്ചമർത്തുന്ന അനേകം സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. എന്നിട്ടും, ഔപചാരികമോ ഔദ്യോഗികമോ ആയി മാത്രം അതിനോട് പ്രതികരിക്കുന്ന നിസ്സംഗതയിലേക്ക് നമ്മുടെ സമൂഹം മാറിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, രാഷ്ട്രീയതീക്ഷ്ണതയുള്ള എന്നു വിശ്വസിക്കപ്പെടുന്ന ഇവിടത്തെ വിദ്യാസമ്പന്നരും വിവേകശാലികളുമുൾപ്പെടുന്ന പൊതുസമൂഹത്തിന്റെ നിരുത്തരവാദിത്വത്തിന്റെ ഇരകൂടിയാണ് സിദ്ധാർഥൻ എന്ന് തിരിച്ചറിയാനാകും.
കലാലയങ്ങൾ, അത് പ്രതിനിധാനംചെയ്യുന്നതും പ്രതിഫലിപ്പിക്കുന്നതുമായ, പൊതുസമൂഹത്തെ അന്ധമായി അനുകരിക്കുന്ന ഒരു കൂട്ടായ്മ മാത്രമാണോ? അങ്ങനെയല്ലായിരുന്നുവെന്നാണ് ഇത്രയും കാലം മനസ്സിലാക്കിയിരുന്നത്. പൊതുസമൂഹത്തിന്റെ നടപ്പുരീതികളിൽനിന്ന് വിഭിന്നമായി, ജാഗ്രത്തായും സൂക്ഷ്മമായും ചുറ്റുംനടക്കുന്ന എല്ലാറ്റിനെയും അറിയാനും അപഗ്രഥിക്കാനും അതിനോടെല്ലാം ഗൗരവമായ സംവാദങ്ങളിൽ നിരന്തരം ഏർപ്പെടാനുമുള്ള വിവേകവും വിവരവും അതിനകത്തുണ്ടായിരുന്നു. വായനയിലൂടെയും ചർച്ചകളിലൂടെയും മറ്റനവധി ഉറവിടങ്ങളിലൂടെയും മാറുന്ന ലോകത്തിന്റെ ചിത്രങ്ങളും വാക്കുകളും ആശയങ്ങളുമൊക്കെ കലാലയത്തിനകത്ത് പുതിയ രൂപവും ഭാവവും ആർജിച്ചുകൊണ്ടേയിരുന്നു. സമൂഹത്തിന്റെ വൈവിധ്യമാർന്ന അടരുകളിൽ നിന്ന് കടന്നുവന്നവർക്ക്, മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാനും ഉൾക്കൊള്ളാനുമുള്ള അവസരമൊരുക്കുന്ന സാമൂഹിക സ്ഥാപനങ്ങളാണ് ഓരോ കലാലയവും.
ഒരു പരിശീലന സ്ഥാപനത്തിൽനിന്ന് കലാലയങ്ങളെ വ്യതിരിക്തമാക്കുന്ന മേൽപ്പറഞ്ഞ ഘടകത്തെ ഏറെക്കുറെ യാഥാർഥ്യമാക്കുന്നത് അതിനകത്തെ അധ്യാപകരാണ്. ഒരുകാലത്ത് കേരളത്തിലെ സാംസ്കാരിക പ്രതിഭകളും സാമൂഹിക-സാംസ്കാരിക വിദഗ്ധരും ഒക്കെ ഏതൊരു കലാലയത്തിനകത്തും ആവോളമുണ്ടായിരുന്നു. തന്റെ അക്കാദമിക നിലവാരവും നിർവഹണവും നിരന്തരം മേലധികാരികളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇല്ലാതിരുന്ന അവർക്ക് ക്ലാസ് റൂമിനകത്തും പുറത്തും വിദ്യാർഥികളെ സ്വപ്നം കാണാനും ചോദ്യംചെയ്യാനും പരിശീലിപ്പിക്കാനായി. ആ വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഒരു കലാലയ ജീവിതത്തെ അനുഭവിക്കാനായി.
അവർ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടത് കൈയൂക്കും അറയ്ക്കുന്ന വാക്കുകളും കൊണ്ടായിരുന്നില്ല. അതൊക്കെ ചെയ്തവരും അന്നുണ്ടായിരുന്നു. പേക്ഷ, അവർക്കായിരുന്നില്ല ആധിപത്യം. അല്ലെങ്കിൽ അവരെ വിലക്കാൻ ആർജവമുള്ള ഒരു സമൂഹം കലാലയങ്ങളിൽ നിലനിന്നിരുന്നു. പാർട്ടിഗ്രാമങ്ങൾ പോലെ പാർട്ടി കോളജുകളും ഉണ്ടായിരുന്നെങ്കിലും, ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഭൂരിപക്ഷം വിദ്യാർഥികളും കലാലയങ്ങൾക്കകത്ത് സ്വതന്ത്രവായു ശ്വസിച്ചിരുന്നു. എന്നാലിന്ന് മുജ്ജന്മ പ്രതികാരം തീർക്കുന്ന വൈകാരികതയോടെയാണ് മറു സംഘടനകളിലുള്ളവരെ നേരിടുന്നത്. സാമൂഹികവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാകുന്ന എല്ലാ യോഗ്യതയുമുള്ളവരാണ് പലപ്പോഴും വിദ്യാർഥി നേതാക്കളായി ഉയർന്നുവരുന്നത്.
വിയോജിപ്പുള്ള ഒരു ആശയത്തോടോ വ്യക്തിയോടോ തുറന്ന മനസ്സോടെ സംസാരിക്കാനും പരസ്പരം മെച്ചപ്പെട്ടവരായി മാറാനുമുള്ള വിവേകം കലാലയ യുവത്വത്തിന് കൈമോശംവന്നതിന് അനവധി കാരണങ്ങളുണ്ടാകാം. പക്ഷേ, അതിലോരോ കാരണത്തെയും കണ്ടെത്തേണ്ടതും അഭിസംബോധന ചെയ്യേണ്ടതും ഇന്ന് ഒരു അനിവാര്യതയാണ്. വിഭാഗീയ രാഷ്ട്രീയത്തിനപ്പുറത്ത്, പുതുലോക നിർമിതിയുടെ രാഷ്ട്രീയത്തിന് നമ്മുടെ കലാലയങ്ങളെ സജ്ജമാക്കേണ്ടതുണ്ട്. ഇനിയൊരു സിദ്ധാർഥനെ, ഒരു ഷാജിയെ ഒരു കാരണവശാലും സൃഷ്ടിക്കാതിരിക്കുകയാണ് നമ്മെ വിട്ടുപിരിഞ്ഞ സിദ്ധാർഥനോടുള്ള, മാർഗംകളി കലാകാരൻ ഷാജിയോടുള്ള പ്രായശ്ചിത്തമായി നമുക്ക് ചെയ്യാനുള്ളത്. അത് കലാലയ യുവത്വവും പൊതുസമൂഹവും ഒരു പ്രതിജ്ഞ പോലെ ഓർക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.