ആശുപത്രി ചികിത്സ വിഫലമാകുന്ന അർബുദത്തിന്റെ മൂർധന്യത്തിൽ വേദനകൊണ്ട് പിടയുന്ന മനുഷ്യർക്ക് സാന്ത്വന പരിചരണം നൽകുക എന്ന ഉദ്ദേശ്യത്തോടെ പത്മശ്രീ ഡോ. എം.ആർ. രാജഗോപാലൻ സാറിന്റെ നേതൃത്വത്തിൽ 1993ലാണ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ആദ്യമായി കോഴിക്കോട്ട് രൂപവത്കൃതമാകുന്നത്. ഇതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരും മഞ്ചേരിയിലും പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റികൾ രൂപവത്കരിക്കപ്പെടുകയും പതുക്കെ ജില്ലയിലാകമാനം...
ആശുപത്രി ചികിത്സ വിഫലമാകുന്ന അർബുദത്തിന്റെ മൂർധന്യത്തിൽ വേദനകൊണ്ട് പിടയുന്ന മനുഷ്യർക്ക് സാന്ത്വന പരിചരണം നൽകുക എന്ന ഉദ്ദേശ്യത്തോടെ പത്മശ്രീ ഡോ. എം.ആർ. രാജഗോപാലൻ സാറിന്റെ നേതൃത്വത്തിൽ 1993ലാണ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ആദ്യമായി കോഴിക്കോട്ട് രൂപവത്കൃതമാകുന്നത്. ഇതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരും മഞ്ചേരിയിലും പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റികൾ രൂപവത്കരിക്കപ്പെടുകയും പതുക്കെ ജില്ലയിലാകമാനം ഇത് വ്യാപിക്കുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ പാലിയേറ്റിവ് കെയർ സൊസൈറ്റികളും ഏറ്റവും കുറവ് വൃദ്ധസദനങ്ങളും ഉള്ള ജില്ലയാണിത് എന്നറിയുമ്പോഴാണ് മലപ്പുറത്തിന്റെ മേന്മ മനസ്സിലാവുക. സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഇത്തരം സൊസൈറ്റികൾക്ക് മലപ്പുറം ഇനിഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് എന്ന ജില്ലതല ഏകോപന സംവിധാനമാണ് കൃത്യമായ ലക്ഷ്യബോധ്യവും പരിശീലനവും നേതൃത്വവും നൽകുന്നത്. ഇവയുടെ ഒരു പ്രവർത്തന ഘട്ടത്തിലും ജാതി മത രാഷ്ട്രീയ വർണ സാമ്പത്തിക വിവേചനങ്ങളോ പരിഗണനയോ വരുന്നില്ല. പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രവർത്തനങ്ങളുടെ ഏറ്റവും പ്രധാന ഘടകം വീട്ടുപരിചരണ (Home Care) മാണ്. കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് അന്തസ്സുറ്റ സാന്ത്വന പരിചരണം നൽകുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
പാലിയേറ്റിവ് രോഗികൾക്കും കുടുംബത്തിനും ആശ്വാസം പകരുന്ന ഈ പ്രവർത്തനം ഭരണകൂടത്തിന്റെ ചുമതലയായി സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുത്തത് മലപ്പുറം ജില്ല പഞ്ചായത്താണ്. 2008- 2009 വാർഷികപദ്ധതി കാലത്താണ് ജില്ല പദ്ധതിയായി മലപ്പുറം ജില്ല പഞ്ചായത്ത് ‘പരിരക്ഷ’ എന്ന പേരിൽ പാലിയേറ്റിവ് സാന്ത്വന പരിപാലന പദ്ധതി ആവിഷ്കരിച്ചത്. പിന്നീട് ഏതാനും വർഷങ്ങൾക്കുശേഷം നിർബന്ധിത പദ്ധതിയായി സംസ്ഥാന സർക്കാർ പരിരക്ഷ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി. കൊറോണ കാലത്തെ പാലിയേറ്റിവ് കെയർ സൊസൈറ്റികളുടെ മാതൃകപരമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ സംസ്ഥാന സർക്കാർ പാലിയേറ്റിവ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ സർക്കാർ സംവിധാനങ്ങളുമായി കണ്ണി ചേർത്ത് കൂടുതൽ ഉപയോഗപ്പെടുത്താൻ പദ്ധതികളാവിഷ്കരിച്ചത് ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി ഹെൽത്ത് സബ് സെന്ററുകളിൽ ‘മിഡ്-ലെവൽ ഹെൽത്ത് പ്രൊവൈഡർ’ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതായി അറിയുന്നു. മുഖ്യമന്ത്രിയുടെ ഇക്കാര്യങ്ങളിലുള്ള പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഏറെ വൈകിയെങ്കിലും പാലിയേറ്റിവ് കെയർ സൊസൈറ്റികളുടെ അനിവാര്യത സി.പി.എമ്മും തിരിച്ചറിഞ്ഞു എന്നുവേണം കരുതാൻ. അതിന്റെ തെളിവാണ് 2013 നവംബർ 27-29 പാലക്കാട് നടന്ന പാർട്ടി സംസ്ഥാന പ്ലീനം അംഗീകരിച്ച രേഖയിൽ 112ാം അധ്യായമായി പ്രതിപാദിച്ച ‘പാലിയേറ്റിവ് കെയർ രംഗം’ എന്നത്. ഇതിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്. ‘സംസ്ഥാന സമ്മേളനം ഏറ്റെടുത്ത കടമകളിൽ ഒന്നായിരുന്നു പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് സ്ഥാപിക്കൽ.
"......... സമൂഹത്തിൽ പാർട്ടിക്കനുകൂലമായ വൻപ്രതികരണമുണ്ടാക്കുന്ന ഈ പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ സംസ്ഥാനത്താകെ കഴിയേണ്ടതാണ്. എല്ലാ ജില്ല കമ്മിറ്റികളും ഈ പ്രവർത്തനം നല്ല രീതിയിൽ സംഘടിപ്പിക്കുന്നതിന് പ്ലാൻ ചെയ്യേണ്ടതാണ്...... " .
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈയിടെ നടന്ന സി.പി.എം ജില്ല സമ്മേളന ചർച്ചകളിൽ ഉയർന്നുവന്നു എന്ന് പറയപ്പെടുന്ന പത്രവാർത്തകളിൽ കണ്ട ‘സേവന പ്രവർത്തനങ്ങളിലൂടെ തീവ്രവാദികൾ കടന്നുകയറുന്നു’ എന്ന വിലാപം പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തെ സംശയത്തിന്റെ പുകമറയിൽ നിർത്താൻ മാത്രമേ ഉപകരിക്കൂ.
കിടപ്പുരോഗികളെ ജാതി മത സാമ്പത്തിക വർണ- രാഷ്ട്രീയ ചേരിതിരിച്ച് കാണാൻ കഴിയുമോ? മലപ്പുറത്തെ പാലിയേറ്റിവ് കെയർ സൊസൈറ്റികളുടെ മഹത്വം ഈ പ്രസ്ഥാനത്തിൽ ഒരു ചേരിതിരിവുമില്ലാതെ സ്വതന്ത്രമായി അവ പ്രവർത്തിക്കുന്നു എന്നതാണ്. ഇതിനെ രാഷ്ട്രീയമായി കണ്ടാൽ ഇത്തരം പ്രസ്ഥാനങ്ങൾ നാമവശേഷമാകുമെന്നതിന്റെ ഉദാഹരണമാണ് മലപ്പുറം ജില്ല പഞ്ചായത്ത് 2007ൽ കൊണ്ടുവന്ന കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ അകാലചരമം. ദുരിത പൂർണമായ കിഡ്നി രോഗികളുടെ ആശ്വാസതുരുത്തായിരുന്നു പ്രസ്തുത സൊസൈറ്റി. സാങ്കേതിക നിയമക്കുരുക്കിൽപ്പെടുത്തി സർക്കാർ കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെച്ചപ്പോൾ, വൃക്കരോഗികളുടെ പ്രതിഷേധം ശക്തിയായി ഉയർന്നു. ഇതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സാമൂഹികക്ഷേമ വകുപ്പ് മുഖാന്തരം ‘സമാശ്വാസ’ പദ്ധതി പ്രഖ്യാപിച്ചു. പ്രതിമാസം നാലായിരം രൂപ ഡയാലിസിസ് ചെയ്യുന്നവർക്കും കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തവർക്കും നൽകുമെന്നായിരുന്നു പദ്ധതി പ്രഖ്യാപനം. ഇതിൻപ്രകാരം അർഹരായ വ്യക്തികൾ നിശ്ചിത അപേക്ഷ ഫോറത്തിൽ അംഗൻവാടി മുഖാന്തരം അപേക്ഷ കൊടുത്ത് പ്രത്യാശയോടെ കാത്തിരുന്നുവെങ്കിലും ഫലം നിരാശയായിരുന്നു. പിന്നീട് ഈ പദ്ധതി ഗ്രാമപഞ്ചായത്തുകളുടെ തലയിൽ വെച്ചുകൊടുത്ത് സർക്കാർ രക്ഷപ്പെട്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കൊണ്ട് ഭൂരിപക്ഷം പഞ്ചായത്തിലും ഇത് നടക്കാതായി. വൃക്കരോഗികൾക്ക് കിട്ടിയിരുന്ന പരിമിതമായ ആശ്വാസം അസ്തമിക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കാരുണ്യ പദ്ധതി കടലാസിൽ ഒതുങ്ങിയപ്പോൾ കിടപ്പുരോഗികൾക്കും കുടുംബത്തിനും തെല്ലൊരാശ്വസം നൽകിപ്പോരുന്ന പാലിയേറ്റിവ് കെയർ സൊസൈറ്റികളുടെ നിസ്വാർഥ സേവനം തല്ലിക്കെടുത്തുന്നത് ക്രൂരതയാണ്. മന്ത്രിമാർക്കും എം.എൽ.എ മാർക്കും ലക്ഷങ്ങളും കോടികളും ചികിത്സക്കുവേണ്ടി എഴുതിയെടുക്കാൻ പ്രയാസമുണ്ടാവില്ല. എന്നാൽ, രോഗപീഡകൊണ്ട് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് സഹജീവികളുടെ സാന്ത്വനമല്ലാതെ മറ്റു മാർഗമില്ലെന്ന് മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത മനുഷ്യമനസ്സുകൾ ഓർമിച്ചാൽ നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.