പീഡിപ്പിക്കപ്പെട്ട പെണ്ണിനും അമിതമായി ചൂഷണംചെയ്യപ്പെട്ട മണ്ണിനും അവഗണിക്കപ്പെട്ട മാതൃഭാഷക്കും വേണ്ടി മരണംവരെ പൊരുതിയ സുഗത കുമാരി ടീച്ചർ കൊറോണക്കാലത്ത് യാത്രാമൊഴിപോലും പറയാതെ വിടപറഞ്ഞു. അഴിമതിക്കും അധർമത്തിനുമെതിരെ സിംഹഗർജനം നടത്തിയ ബോധേശ്വരസ്വാമിയുടെ മകൾക്ക് മൂല്യങ്ങൾക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള സമരനായികയാകാനല്ലേ കഴിയൂ. മരത്തിനുനേരെ ഭൂമാഫിയയുടെ മഴു ഉയരുമ്പോൾ 'അരുതേ' എന്ന് വിലപിക്കുന്ന പരിസ്ഥിതി സംരക്ഷകയായിരുന്നു ടീച്ചർ. വഴിതെറ്റിപ്പോകുന്ന സ്ത്രീകൾക്കും മദ്യത്തിന് അടിമകളായവർക്കും നേർവഴി കാട്ടിക്കൊടുക്കുന്ന അമ്മയായിരുന്നു. മനുഷ്യനെയും പ്രകൃതിയെയും സമന്വയിപ്പിച്ചു, അധർമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു, ദൈവികമായ ദർശനദീപ്തിയും ഏകാന്തതയിലെ മനനത്തിൽ നിന്നുടലെടുത്ത അനുഭൂതിയും ഉൗതിക്കാച്ചിയ പൊന്നുപോലെ ഭാവഗീതങ്ങളാക്കിയ കവയിത്രിയായിരുന്നു. ഇങ്ങനെ മണ്ണിനും പെണ്ണിനും ഭാഷക്കും വേണ്ടി പൊരുതിയ ടീച്ചർക്ക് വൈവിധ്യമാർന്ന സർഗഭാഗങ്ങളുണ്ടായിരുന്നു.
ടീച്ചർ പറഞ്ഞിരുന്നത് വേദനയോടെ ഓർക്കുന്നു: 'ഒരു ദിവസം ഞാൻ മരിക്കും. മരിച്ചുകഴിഞ്ഞാൽ എെൻറ ശരീരത്തിൽ പുഷ്പാർച്ചന നടത്തരുത്. റീത്തുകൾ വെക്കരുത്. വെടിവെച്ച് ആദരിക്കരുത്. ശാന്തികവാടത്തിൽ എന്നെ ദഹിപ്പിക്കണം. എെൻറ ബോഡി മെഡിക്കൽ കോളജിന് നൽകണമെന്നാണ് എെൻറ ആഗ്രഹം. വീട്ടുകാരുടെ അഭിപ്രായം മാനിച്ചാണ് അത് വേണ്ടെന്നു െവച്ചത്. ആ ആഗ്രഹം പോലെ മരണവും നടന്നു.
തിരുവനന്തപുരം ഊളൻപാറ മനോരോഗാശുപത്രിയിലെ രോഗികളുടെ ദുരവസ്ഥ കണ്ട് വേദനിച്ച ചിന്തയിൽനിന്ന് ഉടലെടുത്ത പ്രസ്ഥാനമാണ് 'അഭയ'. സുഗതടീച്ചർ നട്ടുവളർത്തിയ അഭയ എന്ന ചെടി അശരണർക്ക് ആശ്വാസം നൽകുന്ന വിവിധ ശാഖകളായി വളർന്ന് സേവനത്തിെൻറയും കാരുണ്യത്തിെൻറയും സുഗന്ധം പരത്തുന്ന പൂമരമായി ഇന്നു മാറിയിരിക്കുന്നു. അഭയക്ക് ഇന്ന് നിരവധി അനുബന്ധസ്ഥാപനങ്ങളുണ്ട്. അഭയയിലെ ആയിരക്കണക്കിന് നിരാലംബരായ കുട്ടികളുടെ അമ്മയാണിന്ന് സുഗതകുമാരി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കാര്യമായ ധനസഹായമില്ലാതെയാണ് ഈ മഹാപ്രസ്ഥാനം പ്രവർത്തിക്കുന്നത്. വിദേശപര്യടനവേളകളിൽ അഭയക്കു ലഭിക്കുന്ന സംഭാവനകൾ അവിടത്തെ സംഘാടകരെ ഏൽപ്പിക്കും. അവർ സംഭാവന നൽകിയവരുടെ പേരുവിവരങ്ങളടക്കം അഭയയുടെ അക്കൗണ്ടിൽ പണം അയക്കും. സംഭാവന നൽകുന്നവർക്കെല്ലാം രസീത് അഭയയിൽ നിന്നയച്ചുകൊടുക്കും. മദ്യവ്യാപാരികളുടെയും അഴിമതിക്കാരുടെയും സംഭാവനകൾ ടീച്ചർ സ്വീകരിക്കില്ല. ശൂന്യതയിൽ നിന്നാരംഭിച്ച് കോടികളുടെ ആസ്തിയുള്ള ഈ മഹാപ്രസ്ഥാനം കൈയടക്കാനും ചിലർ ശ്രമിച്ചിട്ടുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കർമവിശുദ്ധിയിലൂടെ ടീച്ചർക്ക് കഴിഞ്ഞു. ഏറക്കാലമായി 'അഭയ'യുടെ ഡയറക്ടർബോർഡ് അംഗമാണ് ഈ ലേഖകൻ. ടീച്ചറുടെ വിശ്വാസ്യതയിലും സൽപ്പേരിലും മാത്രം ലഭിക്കുന്ന സംഭാവനകൾകൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഭയ. അച്ഛൻ ഗർഭിണിയാക്കിയ മകൾ, സഹോദരൻ പീഡിപ്പിച്ച സഹോദരി, ഭർത്താവ് മർദിച്ച് അവശയാക്കിയ ഭാര്യ, കൂട്ടബലാത്സംഗത്തിന് ഇരകളായ യുവതികൾ എന്നിങ്ങനെ ജീവിതത്തിലെ കൊടുംക്രൂരതകൾക്കിരയായവരാണ് അഭയയിൽ ആശ്രയം തേടുന്നത്. അവർക്ക് സാന്ത്വനം നൽകാൻ ടീച്ചർ തന്നെ വേണം. നല്ല ഉദ്യോഗങ്ങൾ ലഭിക്കാൻ അവസരമുണ്ടായിട്ടും അവയെല്ലാം വെടിഞ്ഞ് അമ്മയുടെ സേവനപാത പിന്തുടരുന്ന മകൾ ഡോ. ലക്ഷ്മിക്ക് അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിയും.
പരിസ്ഥിതി സംരക്ഷണത്തിന് ലോകത്ത് ആദ്യമായി സാഹിത്യകാരന്മാർ മുന്നിട്ടിറങ്ങി പ്രസ്ഥാനമാരംഭിച്ചത് കേരളത്തിലാണ്. 1970കളോടു കൂടിയാണ് സൈലൻറ് വാലി സംരക്ഷണത്തിന് 'പ്രകൃതി സംരക്ഷണ സമിതി' രൂപംകൊണ്ടത്. ഈ സംഘടനയുടെ സ്ഥാപകചെയർമാൻ എൻ.വി. കൃഷ്ണവാര്യരും സ്ഥാപകസെക്രട്ടറി സുഗത കുമാരി ടീച്ചറുമായിരുന്നു. ഈ സംഘടനയുടെ എല്ലാമെല്ലാമായ ടീച്ചറായിരുന്നു മരണംവരെ സെക്രട്ടറി. ഈ സമിതിയുടെ പ്രവർത്തനങ്ങളും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അനുകൂല നടപടിയും കൊണ്ടാണ് സൈലൻറ് വാലിയെയും സിംഹവാലൻ കുരങ്ങന്മാരെയും സംരക്ഷിക്കാൻ കഴിഞ്ഞത്. അട്ടപ്പാടിയിലെ 100 ഹെക്ടർ മൊട്ടക്കുന്നുകളിൽ ടീച്ചറുടെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണ സമിതി നട്ടുവളർത്തിയ കൃഷ്ണവനം ഇന്ന് മരങ്ങൾകൊണ്ട് നിബിഡവും വന്യമൃഗങ്ങൾകൊണ്ട് നിറഞ്ഞതുമായ വൻകാടായി പരിണമിച്ചിരിക്കുന്നു. സമിതിയുടെ അധ്യക്ഷനായിരുന്ന എൻ.വിയുടെ സ്മരണ ശാശ്വതീകരിക്കാനാണ് ഈ വനത്തിന് കൃഷ്ണവനം എന്നുപേരിട്ടത്.
ചൂഷണം ചെയ്യപ്പെടുന്ന ഭൂമിയെയും പീഡിപ്പിക്കപ്പെടുന്ന മനുഷ്യരെയും കുറിച്ച് പാടിയ കവയിത്രിയാണ് ടീച്ചർ. സത്യവും സൗന്ദര്യവും രണ്ടല്ലെന്ന് സുഗതകുമാരിയുടെ കവിതകൾ ഓർമിപ്പിക്കുന്നുവെന്നാണ് പ്രഫ. ഒ.എൻ.വി. കുറുപ്പ് വിലയിരുത്തിയത്. ആത്്മീയതയും ഭാരതീയദർശനവും ധാർമികരോഷവും സുഗതകുമാരി കവിതകളിൽ നിഴലിക്കുന്നുണ്ട്. ഭൂമിക്ക് ചരമഗീതം ചമയ്ക്കപ്പെടുകയും സ്ത്രീകൾ ദുരന്തങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ആസുരമായ വർത്തമാനകാലത്ത് മനസ്സിന് സാന്ത്വനം നൽകുന്ന കാട്ടുകിളിയുടെ പാട്ടാണ് സുഗതഗീതങ്ങൾ.
മരത്തിനു സ്തുതി, സൈലൻറ് വാലി, കുറിഞ്ഞിപ്പൂക്കൾ, വനരോദനം, തൈവെയ്ക്കൽ, തെംസ്നദിയോട്, കാലിഫോർണിയ കാടുകളിൽ, അട്ടപ്പാടിയിലെ സ്വപ്നം എന്നിങ്ങനെ നിരവധി കവിതകൾ രചിച്ച് പ്രകൃതിസംരക്ഷണത്തിെൻറ അവബോധം ജനങ്ങൾക്കു ടീച്ചർ നൽകിക്കൊണ്ടിരിക്കുന്നു. സ്ത്രീപീഡനത്തിനെതിരെയുള്ള ടീച്ചറിെൻറ ഗർജനങ്ങളും വിലാപവുമാണ് ഒറ്റ വള, സാരേ ജഹാംസേ അഛാ, അഭയാർഥി, പെൺകുഞ്ഞ്, കൊല്ലേണ്ടതെങ്ങനെ എന്നിവ. അമർഷത്തിെൻറ ഉജ്ജ്വലശബ്ദവും ഈ കവിതകളിൽ കേൾക്കാം. എന്തിന് കവിത എഴുതുന്നുവെന്ന ചോദ്യത്തിന് ടീച്ചർ നൽകുന്ന ഉത്തരം പ്രസക്തമാണ്. ''ഒരു പൂവ് വിരിയുന്നു, ഒരു കവിത ജനിക്കുന്നു. ബോധപൂർവമായ ഒരുദ്ദേശ്യവുമില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി ഒരു വ്യാമോഹവുമില്ലാതെ, പൂമൊട്ടിന് വിരിഞ്ഞേ കഴിയൂ. പക്ഷിക്ക് പാടിയേ കഴിയൂ, തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ. തിരമാലക്ക് ആഹ്ലാദത്തോടെ സ്വയം ഉയർന്നടിച്ച് ചിതറിയേ കഴിയൂ. അതുപോലെതന്നെ അത്രമേൽ സ്വാഭാവികമായി, ആത്മാർഥമായി ഞാനെഴുതുന്നു''.
പരിസ്ഥിതിസംരക്ഷണത്തിന് കവിത എഴുതിയതിെൻറ പേരിൽ 'മരക്കവി' എന്ന ആക്ഷേപം കേൾക്കേണ്ടി വന്നു. എല്ലാ ജീവജാലങ്ങളോടുമുള്ള നിഷ്കളങ്കസ്നേഹമാണ് ടീച്ചറുടെ ജീവിതവീക്ഷണം. തലശ്ശേരികൾ, പഞ്ചാബ് എന്നീ കവിതകളിലൂടെ വർഗീയതയ്ക്കും കക്ഷിരാഷ്ട്രീയത്തിെൻറ സങ്കുചിതത്വത്തിനുമെതിരെ ടീച്ചർ പ്രതികരിച്ചു. മരിക്കാത്ത ആ ഓർമകൾക്കുമുന്നിൽ പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.