മണ്ണിൽ കാലമർത്തി ചവിട്ടിനിന്നവർക്കൊപ്പം നിലയുറപ്പിച്ച ആത്മീയാന്വേഷി, ഖനി മാഫിയയുടെ ഈറ്റില്ലമായ ധൻബാദിലെ ഖനി നിലങ്ങളിൽ തൊഴിലാളികൾക്കൊപ്പം ഭയലേശമന്യേ നിലയുറപ്പിച്ച പോരാളി, വൻകിട പദ്ധതികൾക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നിലവിളികൾക്കൊപ്പം ശബ്ദിച്ച സാമൂഹിക പ്രവർത്തകൻ, രാജ്യത്തിനുമേൽ സംഘ്പരിവാർ ഫാഷിസത്തിെൻറ ഇരുൾ മൂടുന്നുവെന്ന് വിളിച്ചു പറഞ്ഞ പ്രവാചകൻ, പൗരത്വ സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നു പ്രധാനമന്ത്രിതന്നെ വിളിച്ചുപറഞ്ഞപ്പോൾ കണ്ണൂരിലെ സമരവേദിയിൽ കാഷായ വസ്ത്രത്തിന് പകരം തൊപ്പിയണിഞ്ഞ പ്രക്ഷോഭകൻ, ഝാർഖണ്ഡിലെ പാകുറിൽ യുവമോർച്ച-എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചിട്ടും ഇനിയും ഝാർഖണ്ഡിലെത്തുമെന്ന് പ്രഖ്യാപിച്ച പടയാളി... പുതിയ ഇന്ത്യയിൽ നിലപാടുകൾ കൊണ്ട് പോർമുഖം തുറന്ന ആത്മീയാനുഭവമാണ് സ്വാമി അഗ്നിവേശിെൻറ നിര്യാണത്തോടെ അസ്തമിക്കുന്നത്.
എഴുപതുകളിൽ ഇന്ത്യ തിളച്ചു മറിഞ്ഞപ്പോൾ അതിനൊപ്പം അലയായി മാറിയ സന്യാസി കൂടിയായിരുന്നു അദ്ദേഹമെന്ന് ഇതോടൊപ്പം ചേർത്തുവെക്കാം. 1950കളുടെ അവസാനം കൊൽക്കത്തയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് കോളജ് അധ്യാപകനും അഭിഭാഷകനുമായിരിക്കെ ബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുകയായിരുന്നു. യുവാക്കൾ സിദ്ധാർഥ ശങ്കർ റേയുടെ വെടിയേറ്റുവീഴുന്ന കാലത്താണ് ആര്യസമാജിലെത്തുന്നത്. വിദ്യാർഥികാലത്തേ ആര്യസമാജത്തിെൻറ പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നെങ്കിലും ജോലിവിട്ട് സാമൂഹിക പ്രവർത്തനത്തിനായി ഹരിയാനയിലേക്ക് കുടിയേറുന്നതോടെയാണ് ഇന്നത്തെ സ്വാമി അഗ്നിവേശിലേക്ക് രൂപാന്തരപ്പെടുന്നത്. സാമൂഹികസേവകനായിരുന്ന സ്വാമി ഇന്ദ്രവേശിനൊപ്പം ചേർന്ന അദ്ദേഹം 1968ൽ ആര്യസമാജത്തിെൻറ മുഴുസമയ പ്രവർത്തകനായി. 1970ൽ 27ാം വയസ്സിൽ ഹരിയാനയിലെ റോഹ്തകിൽ ആര്യസഭ എന്ന പാർട്ടി രൂപവത്കരിച്ച് സന്യാസവും കാഷായവും സ്വീകരിച്ചത് ജീവിതത്തിൽനിന്ന് ഒളിച്ചോടാനല്ലെന്നും ശബ്ദമില്ലാത്തവർക്കുവേണ്ടി ശബ്ദിക്കാനും അനീതിക്കെതിരെ ജ്വലിക്കാനുമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പഞ്ചാബിൽനിന്നു പിരിഞ്ഞ ഹരിയാനക്കുള്ള അവകാശത്തിന്, സമ്പൂർണ മദ്യനിരോധനത്തിന്, കാർഷിക ഉൽപന്നങ്ങളുടെ മതിയായ വിലക്ക്... അങ്ങനെ ആ സമരാവേശം കത്തിയാളി. ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം മുഴക്കിയപ്പോൾ ഒപ്പം ചേർന്നു. 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 14 മാസം തടവ്. 1977ലെ തെരഞ്ഞെടുപ്പിൽ ഹരിയാന നിയമസഭയിലേക്ക് ജയിച്ചു. ഭജൻലാൽ മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രിയായി. അധികാരം കൈവന്നെങ്കിലും ഉള്ളിലെ വിപ്ലവാഗ്നി അണഞ്ഞില്ല.
മന്ത്രിയായി നാലുമാസം പിന്നിടുേമ്പാൾ ഫരീദാബാദിലെ വ്യവസായനഗരത്തിൽ കുടിയൊഴിപ്പിക്കൽ തുടങ്ങിയപ്പോൾ നാട്ടുകാർ സമരത്തിനിറങ്ങി. പൊലീസ് നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിവെച്ച് 12 പേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മന്ത്രിപദം രാജിവെച്ചു.
പിന്നീട് ജയപ്രകാശ് നാരായണെൻറ അഭ്യർഥന മാനിച്ച് ആര്യസഭയെ ജനതാപാർട്ടിയിൽ ലയിപ്പിച്ചു. പ്രക്ഷോഭങ്ങളുടെ തുടർച്ചയിൽ ജയിൽവാസ കാലമായിരുന്നു പിന്നീട്. എന്നാൽ, അധികാര രാഷ്ട്രീയത്തിലെ പരീക്ഷണത്തോട് വൈമുഖ്യം വന്നതോടെ കരാർതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ബന്ധുവ മുക്തി മോർച്ചയുണ്ടാക്കി. ഇതോടെ ഝാർഖണ്ഡിലെ ധൻബാദ് ഖനി മാഫിയയുടെ കണ്ണിലെ കരടായി. അപ്പോഴും ജനത പാർട്ടിയുടെ ഭാഗമായി ഉണ്ടായിരുന്നെങ്കിലും പാർട്ടി പ്രസിഡൻറായിരുന്ന ചന്ദ്രശേഖറും ഖനി മാഫിയയും തമ്മിെല കൂട്ടുകെട്ടിനെതിരായ പ്രവർത്തനങ്ങൾക്ക് വലിയ വിലനൽകേണ്ടിവന്നു.
1986 അവസാനമാകുേമ്പാഴേക്ക് പൊലീസും ഖനി മാഫിയ ഗുണ്ടകളും ചേർന്ന് ബന്ധുവ മുക്തി മോർച്ചയുടെ ഓഫിസും വസ്തുവകകളും നശിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തി. ഇതോടെ, ചന്ദ്രശഖറുമായി തെറ്റി ജനത പാർട്ടിയിൽനിന്ന് പുറത്തേക്കുവന്നു. രണ്ടുതവണ മാഫിയ ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റു. 45 മുസ്ലിം യുവാക്കളെ കുരുതിക്കിരയാക്കിയ 1989ലെ മീറത്ത് കലാപകാലത്ത് ഡൽഹിയിൽനിന്ന് മീറത്തിലേക്ക് സർവമതക്കാരെയും കൂട്ടി യാത്ര നടത്തി. മണ്ഡൽ കമീഷൻ നാളുകളിൽ വി.പി. സിങ്ങിനൊപ്പം രംഗത്തുവന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിെൻറ അതിപ്രസരത്തിൽ മനം മടുത്ത് തിരിച്ചുപോയി.
1999ൽ ഒഡിഷയിൽ ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്െറ്റയിൻസിനെയും പിഞ്ചുമക്കളെയും ബജ്റംഗ് ദൾ നേതാവ് ദാരാസിങ്ങും കൂട്ടരും ചുട്ടുകൊന്നപ്പോൾ 55 മതനേതാക്കളെ കൂട്ടി 'മതം സാമൂഹികനീതിക്ക്' എന്ന പൊതുവേദിക്കു രൂപം നൽകി. 2002ലെ ഗുജറാത്ത് വംശഹത്യകാലത്ത് 72 പ്രമുഖരെയും കൂട്ടി അഞ്ചുനാൾ കലാപബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്തു. വർഗീയതക്കെതിരെ ആധ്യാത്മ ജാഗരൺ മഞ്ചിന് രൂപം നൽകി. സംഘ്പരിവാർ രാജ്യത്തിെൻറ മതസൗഹാർദാന്തരീക്ഷത്തിനുമേൽ കാർമേഘമായി വന്ന നാളുകളിൽതന്നെ രൂക്ഷവിമർശകനായി രംഗത്തെത്തി.
2018ൽ ഝാർഖണ്ഡിലെ പാകുറിൽ 'ദാമിൻ മഹോത്സവ'ത്തിൽ പെങ്കടുക്കാനെത്തിയ 78കാരനായ സ്വാമി അഗ്നിവേശിനെ യുവമോർച്ച-എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചത് അദ്ദേഹത്തിെൻറ പോരാട്ടങ്ങളെ സംഘ്പരിവാറും അവരെ പിന്തുണക്കുന്ന കോർപറേറ്റ് കുത്തകകളും എത്ര ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഝാർഖണ്ഡിൽ ധാതുസമ്പത്തുള്ള 25,000 ഏക്കർ ആദിവാസി ഭൂമി അദാനിക്ക് കൈമാറാൻ ഒരുങ്ങുന്ന വേളയിലായിരുന്നു സന്ദർശനമെന്നത് അവരെ വിറളി പിടിപ്പിക്കുക സ്വാഭാവികമായിരുന്നു. ആദിവാസി മേഖലയിൽ 'പത്തൽഗഡി' പ്രസ്ഥാനം വേരൂന്നുന്ന സന്ദർഭം കൂടിയായിരുന്നതിനാലാണ് സ്വാമിയെ നിഷ്ഠുരം സംഘ്പരിവാർ നേരിട്ടത്. ഈ സംഭവം കഴിഞ്ഞ് മാസങ്ങൾക്കുശേഷം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് മരിച്ച വേളയിൽ അനുശോചനമറിയിക്കാൻ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയപ്പോഴും അദ്ദേഹത്തെ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ 2019 അവസാനം രാജ്യമൊട്ടാകെ പൗരത്വ പ്രക്ഷോഭം കൊടുമ്പിരികൊണ്ട വേളയിലും മുൻനിരയിൽ അദ്ദേഹം നിലയുറപ്പിച്ചു. പൗരത്വ പ്രക്ഷോഭകരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനോടുള്ള പ്രതികരണമെന്ന നിലയിൽ കണ്ണൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ മഹാറാലിയിൽ ലീഗ് നേതാവ് വി.കെ. അബ്ദുൽ ഖാദർ മൗലവിയുമായി തൊപ്പിയും തലപ്പാവും വെച്ചുമാറിയിരുന്നു. വിഗ്രഹപൂജ ധാർമിക തകർച്ചയുടെ മൂലഹേതുവാണെന്ന് പ്രഖ്യാപിച്ച സവിശേഷമായ ആധ്യത്മിക സരണിയും സമര-സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം അദ്ദേഹം ചേർത്തുപിടിച്ചു. രാജ്യമെങ്ങും അലയടിച്ച പൗരത്വ പ്രക്ഷോഭങ്ങൾ വഴി 70 വർഷം നീണ്ട ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 'കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്' ആയി മാറിയിരിക്കുന്നുവെന്ന പ്രതീക്ഷകൂടി പങ്കുവെച്ചാണ് സമകാലിക ഇന്ത്യ കണ്ട ആധ്യാത്മികതയുടെ തീജ്ജ്വാല നമ്മിൽനിന്ന് മടങ്ങുന്നത്.
സ്വാമി അഗ്നിവേശ് 2020 മാർച്ചിൽ മാധ്യമം വാരികക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്...
പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമാണെന്ന് വരുത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. സത്യത്തിൽ പൗരത്വ പട്ടിക നടപ്പാകുേമ്പാൾ ഹിന്ദുക്കൾക്കും വലിയ നഷ്ടം സംഭവിക്കും. അസമിൽ സംഭവിച്ചത് അതാണ്. പൗരത്വമില്ലാതായ 19 ലക്ഷത്തിൽ 13 ലക്ഷവും ഹിന്ദുക്കളാണ്. പൗരത്വത്തിനുള്ള രേഖകൾ ചോദിച്ചാൽ, ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, ദലിതർക്കും ആദിവാസികൾക്കും ദരിദ്ര വിഭാഗങ്ങളിൽപെട്ട മഹാഭൂരിപക്ഷം പേർക്കും രേഖ നൽകാനാവില്ല.
കാരണം, അച്ഛെൻറയും മുത്തച്ഛെൻറയും ജനനരേഖ സൂക്ഷിക്കാനുള്ള ജീവിതസാഹചര്യമല്ല അവരുടേത്. അസമിൽ പൗരത്വ പട്ടികയിൽ പുറത്തായത് ഭൂരിപക്ഷവും ഹിന്ദുക്കളാണ് എന്നത് ബി.ജെ.പിക്ക് വലിയ പ്രശ്നമുണ്ടാക്കി. അതിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം ഉണ്ടാക്കിയത്. പുറത്താക്കുന്ന മുസ്ലിംകളെ ആരു സ്വീകരിക്കും? അവരെെയല്ലാം കൊന്നൊടുക്കാൻ പറ്റുമോ? എത്രപേെര തടങ്കൽപാളയത്തിൽ വെക്കും? മോദി മറുപടി പറയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.