തമിഴ്നാട്: ഭരണഘടനയുടെ കാവലാളായി ഗവര്‍ണര്‍

അനധികൃത സ്വത്തുസമ്പാദന കേസില്‍ ശശികലയെയും കൂട്ടാളികളെയും ശിക്ഷിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ വിധി പുന$സ്ഥാപിച്ച് കര്‍ണാടക ഹൈകോടതി വിധി റദ്ദാക്കിയതുവഴി അഴിമതിക്കെതിരെ ശക്തമായ താക്കീതാണ് സുപ്രീംകോടതി നല്‍കിയത്. അഴിമതിയില്ലാത്ത ഒരു സമൂഹം ഉറപ്പാക്കുന്നതിനുള്ള ബാധ്യത കോടതികള്‍ക്കുണ്ട്.

മേല്‍ത്തട്ടു മുതല്‍ താഴേ തട്ടു വരെയും മന്ത്രിമാര്‍ തൊട്ട് കീഴുദ്യോഗസ്ഥര്‍ വരെയും കൊടിയ അഴിമതിയും അധികാര ദുര്‍വിനിയോഗവും രാജ്യത്ത് നടത്തുമ്പോള്‍ കോടതി ഭരണഘടനയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാതെ അഴിമതിയെ ദൃഢനിശ്ചയത്തോടെ വീക്ഷിക്കുന്നു എന്നതിന്‍െറ കൃത്യമായ പ്രതിഫലനമാണ് ശശികല കേസിലെ പരമോന്നത നീതിപീഠത്തിന്‍െറ വിധിയിലുള്ളത്. അഴിമതിക്കേസുകളില്‍ മൃദുസമീപനം പാടില്ളെന്ന് 2012ലെ  നരേന്ദ്ര ത്രിവേദി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അതിന്‍െറ തുടര്‍ച്ചയാണ് അനധികൃത സ്വത്തുസമ്പാദന കേസിലെ സുദീര്‍ഘമായ വിധിയില്‍ പ്രകടമാകുന്നത്.

ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചതിന് പിടി വരുമ്പോള്‍ ഭരണാധികാരികള്‍ രോഷാകുലരാകുമെങ്കിലും കോടതി അത് ഗൗനിക്കാറില്ല. ജനങ്ങളുടെ വിശ്വാസത്തിലും അവരോടുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ പ്രവര്‍ത്തനരീതിയാണ് നീതിന്യായ കോടതികളുടെ പ്രമാണരേഖ. ന്യായാധിപരുടെ സ്ഥാനവസ്ത്രങ്ങള്‍ ഭരണാധികാരികളുടെ കവര്‍ച്ച ശക്തിയെക്കാള്‍ എത്രയോ ശക്തമാണെന്ന് അഴിമതിക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുജീവിതത്തില്‍ ഭരണാധികാരികള്‍ പാലിക്കേണ്ട ചില ഭരണതത്ത്വങ്ങളുണ്ട്. ഇംഗ്ളണ്ടില്‍ റോളര്‍ പ്രഭുവിന്‍െറ 1995ലെ ഭരണപരിഷ്കരണ റിപ്പോര്‍ട്ടിലെ ഒന്നാം വാല്യത്തില്‍ ഇവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സത്യസന്ധത, വിശ്വാസ്യത, പ്രതിബദ്ധത, തുറന്നസമീപനം, ആദര്‍ശശുദ്ധി എന്നിവയാണവ. ഈ മൂല്യങ്ങളുടെ അഭാവമാണ് ഇന്നത്തെ എല്ലാ ഭരണപ്രതിസന്ധികള്‍ക്കും മുഖ്യ കാരണം.

ശശികല കേസിലെ നിര്‍ണായക വിധി പുറത്തുവന്നതോടെ എല്ലാ ശ്രദ്ധയും ഭരണഘടനയുടെയും ഭരണകൂടത്തിന്‍െറയും കാവലാളായ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിലേക്ക് എത്തിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും സങ്കീര്‍ണമായ രാഷ്ട്രീയ, ഭരണഘടന, നിയമ പ്രശ്നങ്ങള്‍ക്ക് വഴിതുറക്കും.

ഗവര്‍ണര്‍ ഇതുവരെയും സ്വീകരിച്ചുപോന്ന ‘കാത്തിരുന്നു കാണാമെ’ന്ന സമീപനത്തിന്‍െറ പ്രസക്തി ഇനി നഷ്ടപ്പെട്ടു. ഭരണഘടനമൂല്യങ്ങളും കീഴ്വഴക്കങ്ങളും  ഉയര്‍ത്തിപ്പിടിച്ചുള്ള ചടുലമായ തീരുമാനങ്ങളാണ് ഗവര്‍ണര്‍ സ്വീകരിക്കേണ്ടത്. സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ എ.ഐ.എ.ഡി.എം.കെയിലെ ശശികല വിഭാഗം പളനിസാമിയെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്ത് വിവരം ഗവര്‍ണര്‍ക്ക് നല്‍കി അദ്ദേഹത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ അവകാശവാദത്തെയും  ആവശ്യത്തെയും പന്നീര്‍സെല്‍വം വിഭാഗം എതിര്‍ക്കുന്നില്ളെങ്കില്‍ ഗവര്‍ണര്‍ക്ക് പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെയുടെ നിയമസഭ കക്ഷി നേതാവായി അംഗീകരിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാം.

പുതിയ നേതാവിനോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകപോലും വേണ്ട. പക്ഷേ, ഇത്തരമൊരു തീരുമാനത്തിന് നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ സാധ്യത വളരെ പരിമിതമാണ്. പന്നീര്‍സെല്‍വം വിഭാഗം ശശികല വിഭാഗത്തിന്‍െറ അവകാശവാദങ്ങളെ തള്ളി രംഗത്തിറങ്ങിക്കഴിഞ്ഞു. താന്‍ രാജിവെച്ചത് കടുത്ത സമ്മര്‍ദംമൂലമാണെന്നും സ്വയമെടുത്ത തീരുമാനമല്ളെന്നും  അതിനാല്‍, രാജി പിന്‍വലിച്ച് സഭയില്‍ വിശ്വാസം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ഗവര്‍ണറോട് പന്നീര്‍സെല്‍വം ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ ഗവര്‍ണര്‍ ചെയ്യേണ്ടത് പന്നീര്‍സെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ആദ്യം അവസരം നല്‍കുകയാണ്. കാരണം, അദ്ദേഹമാണ് ഇപ്പോഴത്തെ കാവല്‍ മുഖ്യമന്ത്രി.  കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രിയുടെതായ എല്ലാ അധികാരവും ഉണ്ട്. മാത്രമല്ല, അദ്ദേഹത്തിന് വിശ്വാസവോട്ടെടുപ്പ് നേടാന്‍ അവസരം ഇതുവരെയും ലഭിച്ചിട്ടില്ല. അവിശ്വാസത്തിലൂടെ അയോഗ്യനാക്കപ്പെട്ടിട്ടില്ല. പക്ഷേ, ഇങ്ങനെ ഒരു അവസരം ഗവര്‍ണര്‍ നല്‍കുന്നതിനു മുമ്പായി പന്നീര്‍സെല്‍വത്തിന്‍െറ ‘സമ്മര്‍ദരാജി’ എന്ന അവകാശവാദം അംഗീകരിച്ച് രാജി പിന്‍വലിക്കാന്‍ അനുമതി നല്‍കണം. കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ പന്നീര്‍സെല്‍വത്തോട് ഗവര്‍ണര്‍ ഉപദേശിച്ചാല്‍ ഒരു പ്രത്യക്ഷ ഉത്തരവിന്‍െറ അഭാവത്തിലും രാജി പിന്‍വലിക്കാന്‍ അനുവദിച്ചതായി വേണം കാണാന്‍. 

സമാനമായ ഭരണഘടന പ്രതിസന്ധിയാണ് 1979ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്തത്. ജനത പാര്‍ട്ടിയിലുണ്ടായ വിഭാഗീയതയുടെയും ആഭ്യന്തരവഴക്കുകളുടെയും വെളിച്ചത്തിലായിരുന്നു മൊറാര്‍ജി ദേശായിയുടെ രാജി. എന്നാല്‍, മൊറാര്‍ജി ദേശായിയുടെ രാജിയുടെ തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം നല്‍കണമെന്ന്  ആവശ്യപ്പെട്ട് ജനത പാര്‍ട്ടിയിലെ ചരണ്‍ സിങ് രാഷ്ട്രപതിയെ സമീപിച്ചു. ഇതിനത്തെുടര്‍ന്ന് രാജിവെച്ച മൊറാര്‍ജി ദേശായിയും സര്‍ക്കാറുണ്ടാക്കാന്‍ അവസരം തേടി രാഷ്ട്രപതിയുടെ മുന്നിലത്തെി.  

ഇരു കൂട്ടരോടും അവരെ പിന്തുണക്കുന്ന അംഗങ്ങളുടെ പട്ടിക ഹാജരാക്കാന്‍ ആവശ്യപ്പെടുകയും അപ്രകാരം ഹാജരാക്കിയ പട്ടിക പരിശോധിച്ച രാഷ്ട്രപതി സഞ്ജീവ റെഡ്ഡി, ചരണ്‍ സിങ്ങിന് മൊറാര്‍ജി ദേശായിയെക്കാള്‍ സുസ്ഥിരമായ സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന നിഗമനത്തിലത്തെുകയും ചരണ്‍ സിങ്ങിനോട് സര്‍ക്കാറുണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് നല്‍കിയ പുറത്തുനിന്നുള്ള പിന്തുണ പിന്‍വലിച്ചതുമൂലം ഭൂരിപക്ഷം തെളിയിക്കാന്‍ കാത്തിരിക്കാതെ രാജിവെക്കുകയാണ് ഉണ്ടായത്. ഈ കീഴ്വഴക്കം തമിഴ്നാട്ടിലെ ഭരണഘടന പ്രതിസന്ധി തരണംചെയ്യുന്ന കാര്യത്തിലും പ്രസക്തമാകുകയാണ്. രാജിവെച്ചിട്ടും പിന്തുണക്കുന്ന അംഗങ്ങളുടെ പട്ടിക നല്‍കാന്‍ മൊറാര്‍ജി ദേശായിക്ക് രാഷ്ട്രപതി അനുമതി നല്‍കിയതുപോലെ ഗവര്‍ണര്‍ക്ക് പന്നീര്‍സെല്‍വത്തിനും അത്തരമൊരു അവസരം നല്‍കാം.

പക്ഷേ, 1994ലെ എസ്.ആര്‍. ബൊമ്മൈ കേസിലെ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍െറ വിധി പന്നീര്‍സെല്‍വത്തിന്‍െറ അവകാശവാദത്തിന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതാണ്. മൊറാര്‍ജി ദേശായിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ആദ്യം അവസരം നല്‍കാതിരുന്നതും  രാഷ്ട്രപതി നേരിട്ട് തന്നെ പിന്തുണക്കുന്നവരുടെ പട്ടിക  വിലയിരുത്തി തീരുമാനമെടുത്തതും തെറ്റായിപ്പോയി എന്നാണ് ബൊമ്മൈ കേസില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. അങ്ങനെ വ്യത്യസ്ത വിഭാഗങ്ങള്‍ നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലല്ല ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നും ഭൂരിപക്ഷം തെളിയിക്കേണ്ട വേദി സഭയിലാണെന്നും അതു തെളിയിക്കാന്‍ ആവശ്യപ്പെടാനേ ഗവര്‍ണര്‍ക്ക് അധികാരമുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.  സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി തയാറായാല്‍ അതിന് അവസരം നല്‍കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ളെന്നും പ്രസ്തുത കേസില്‍ സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.

ഭരണകക്ഷിയിലെ ശശികല വിഭാഗത്തിന്‍െറ നേതാവായി തെരഞ്ഞെടുത്തിരിക്കുന്ന പളനിസാമിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതായ സന്ദര്‍ഭം ഇപ്പോള്‍ ഉണ്ടായിട്ടില്ളെന്നും പന്നീര്‍സെല്‍വം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍  കഴിയാതെവരുന്ന സാഹചര്യത്തില്‍ മാത്രമേ അത്തരമൊരു തീരുമാനത്തിന് പ്രസക്തിയുള്ളൂ എന്നുമുള്ള വസ്തുതയാണ് ഇപ്പോള്‍ പ്രബലമാകുന്നത്. ബൊമ്മൈ കേസിലെ വിധിയിലൂടെ സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന ഭരണഘടനതത്ത്വത്തിന് അംഗീകാരം ലഭിച്ചിരിക്കുകയുമാണ്.

എന്നാല്‍, ഇവിടെ സ്പീക്കറുടെ നിലപാടും പ്രസക്തമാണ്.  സ്പീക്കര്‍ ഒ.പി.എസ് വിരുദ്ധ ചേരിയുടെ വക്താവാണെങ്കില്‍ ഒ.പി.എസ് വിഭാഗത്തിന് വേണമെങ്കില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാം.  ഇത്തരമൊരു നോട്ടീസ് നല്‍കപ്പെട്ടാല്‍ സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ തീര്‍പ്പുകല്‍പിക്കാതെ മുഖ്യമന്ത്രിയുടെ വിശ്വാസവോട്ടെടുപ്പിന് സഭക്ക് തീരുമാനമെടുക്കാനാവില്ളെന്നാണ് 2016ലെ അരുണാചല്‍പ്രദേശ് കേസിലെ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്.  അവിശ്വാസം മറികടന്നാല്‍ സ്പീക്കര്‍ വേണം വിപ്പ്  ലംഘനത്തിന്‍െറ കാര്യത്തിലും അംഗങ്ങളുടെ അയോഗ്യതാ പ്രശ്നത്തിലും തീര്‍പ്പുകല്‍പിക്കാന്‍.
സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് വിപ്പ് ലംഘിച്ച് വോട്ടുചെയ്തവരെ അയോഗ്യരാക്കാം.  അങ്ങനെ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. അത്തരമൊരു സാഹചര്യത്തില്‍  ഇരുവിഭാഗങ്ങളും ഉയര്‍ത്തുന്ന പിന്തുണയുടെ അംഗസംഖ്യ പുനരവലോകനം ചെയ്യേണ്ടതായിവരും.

വിശ്വാസവോട്ടെടുപ്പിന് വേദിയൊരുക്കേണ്ടത് സഭയിലാണ്.  അതിനായി സഭ സമ്മേളിക്കേണ്ടതായിവരും.  ഭരണഘടന വ്യവസ്ഥകള്‍ പ്രകാരം ഗവര്‍ണറാണ് സഭ വിളിച്ചുചേര്‍ക്കേണ്ടതും വിശ്വാസവോട്ടെടുപ്പിന്‍െറ തീയതി നിശ്ചയിക്കേണ്ടതും.  ഭരണഘടന വ്യവസ്ഥകള്‍ പ്രകാരവും 2016ലെ അരുണാചല്‍പ്രദേശ് കേസിലെ സുപ്രീംകോടതി വിധിപ്രകാരവും ഗവര്‍ണര്‍ മന്ത്രിസഭയുടെ ശിപാര്‍ശക്ക് അനുസൃതമായാണ് സഭ വിളിച്ചുചേര്‍ക്കേണ്ടത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ഭൂരിപക്ഷമില്ലാത്ത  കാവല്‍ മുഖ്യമന്ത്രി പന്നീര്‍സെല്‍വത്തിന്  സഭ വിളിച്ചുചേര്‍ക്കാന്‍ ആകുമോ എന്നതും പ്രസക്തമാകുകയാണ്.

മന്ത്രിസഭ ശിപാര്‍ശ ഇല്ലായെന്ന കാരണത്താല്‍ സഭ സമ്മേളിക്കുന്നത് വൈകിക്കാന്‍ ഗവര്‍ണര്‍ക്ക് ആവില്ല.  അതിനാല്‍, മേല്‍സാഹചര്യം പരിഗണിച്ച് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റിന് റിപ്പോര്‍ട്ട് നല്‍കാം.  സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും അത് ഒരുപക്ഷേ, കുതിരക്കച്ചവടത്തിനും അക്രമങ്ങള്‍ക്കും കാരണമായേക്കാം.  പക്ഷേ,  ഈ കാരണങ്ങള്‍കൊണ്ടുമാത്രം ഗവര്‍ണര്‍ക്ക് രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ കഴിയില്ളെന്നാണ് രാമേശ്വര്‍ പ്രസാദ് കേസില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

2016ലെ ഉത്തരാഖണ്ഡ് കേസിലെ സുപ്രീംകോടതി വിധി  രാഷ്ട്രപതി ഭരണത്തെ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കുന്നതാണ്. രാഷ്ട്രപതി ഭരണത്തിനായി ഗവര്‍ണര്‍ ശിപാര്‍ശ ചെയ്യുമ്പോള്‍ എല്ലാ വസ്തുതകളും സൂക്ഷ്മമായ പരിശോധനക്ക് വിധേയമാകണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.  രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ  കോടതി, പുറത്താക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയും അയോഗ്യരാക്കപ്പെട്ട ഒമ്പത് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. 

അത്യന്തം കരുതലോടെയുള്ള സമീപനമാകണം ഗവര്‍ണര്‍ സ്വീകരിക്കേണ്ടത്. ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണഘടന ചുമതലകള്‍ നിര്‍വഹിക്കേണ്ടത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. സുസ്ഥിരമായ ഭരണമാകണം  അതിലൂടെ ലക്ഷ്യമിടേണ്ടത്.  രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ, സ്വതന്ത്രവും നീതിയുക്തവുമായ ഒരു സമീപനമാകണം അദ്ദേഹം സ്വീകരിക്കേണ്ടതും.

Tags:    
News Summary - tailnadu: governor became the security of constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.