റയ്സീന റോഡിലെ പ്രസ് ക്ലബില്‍ ഒരു ചടങ്ങിെനത്തിയ ‘അന്ഹദ്’ എന്ന സര്‍ക്കാറേതര സന്നദ്ധസംഘടനയുടെ പുതിയ അമരക്കാരന് ഉവൈസുമായുള്ള സംഭാഷണം മുറിച്ചുകൊണ്ടാണ് പ്രമുഖയായ ഒരു കോണ്‍ഗ്രസ് നേതാവ് അടുത്തേക്കുവന്നത്. ഒരു കാര്യം പറയാനുണ്ടെന്നും ഇദ്ദേഹം കേള്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും പറഞ്ഞ് അവര്‍ ആമുഖമില്ലാതെ വിഷയത്തിലേക്ക് കടന്നു. റയ്സീന കുന്നില്‍നിന്ന് പടിയിറങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒഴിഞ്ഞിരിക്കുകയാണെന്നും അതിനാല്‍ അദ്ദേഹത്തെ നിങ്ങളെ പോലുള്ളവര്‍ വല്ല പരിപാടികള്‍ക്കുമൊക്കെ ക്ഷണിക്കണമെന്നും അവര്‍ പറഞ്ഞു. മുൻ രാഷ്ട്രപതി എന്ന നിലയിലുള്ള പരിപാടി ആകണമെന്നും അദ്ദേഹം വരാന്‍ തയാറാണെന്നും തന്നെ ബന്ധപ്പെട്ടാല്‍ മതിയെന്നും പറഞ്ഞ് അവര്‍ തല്‍ക്ഷണം മറഞ്ഞു.
ജനകീയമായ ചെറുത്തുനില്പ് പരിപാടികള്‍ നടത്തുന്ന നമ്മളെങ്ങനെ പ്രോട്ടോക്കോളുള്ള പ്രണബിനെ വിളിക്കുകയെന്ന് അവര്‍ പോയതിനു പിറകെ ചിരിച്ചുകൊണ്ട് ഉവൈസ് ചോദിച്ചു. എന്ത് പരിപാടിക്കാണ് അദ്ദേഹത്തെ വിളിക്കുക? വിളിച്ചാല്‍തന്നെ, എന്തായിരിക്കും അദ്ദേഹം വന്ന് പറയുക. രാഷ്ട്രപതിയായ ശേഷം അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുള്ള സമീപനംവെച്ച് വല്ലതും അദ്ദേഹം പറഞ്ഞാല്‍ അത് ഏത് തരത്തിലായിരിക്കും ഞങ്ങളെ ബാധിക്കുക എന്നീ ചോദ്യങ്ങള്‍ കൂടി ചേര്‍ത്ത് ഞങ്ങള്‍ക്കേതായാലും അദ്ദേഹത്തെ വിളിക്കുന്ന പരിപാടികളില്ലെന്ന് ഉവൈസ് തീര്‍പ്പിലെത്തി. അധികാര രാഷ്ട്രീയത്തിെൻറ ശ്രദ്ധാകേന്ദ്രങ്ങളായി നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് വിശ്രമജീവിതം എന്തുമാത്രം അസഹ്യമായിരിക്കുമെന്ന വികാരം പരസ്പരം പങ്കുവെച്ചപ്പോഴും അധികാരസ്ഥാനങ്ങളിലിരുന്ന് അവര്‍ കൈക്കൊണ്ട നിലപാടുകള്‍ നമ്മെപ്പോലുള്ളവര്ക്ക് പരിഗണിക്കേണ്ടിവരുമല്ലോ എന്ന് ഉവൈസ് ഓര്‍മിപ്പിച്ചു.
രാഷ്ട്രപതി ഭവെൻറ പടിയിറങ്ങിയ ശേഷം വാര്ത്തകളിലൊന്നുമില്ലാതെ കഴിയുകയായിരുന്ന പ്രണബ് മുഖര്‍ജിയുടെ രണ്ട് പ്രത്യേക അഭിമുഖങ്ങള്‍ ഈ സംഭവത്തിന് തൊട്ടുപിറകെ രണ്ടു ദിവസങ്ങളിലായി ‘ഇന്ത്യാ ടുേഡ’യും ‘എന്‍.ഡി.ടി.വി’യും സംപ്രേഷണം ചെയ്തത് വാര്‍ത്തയായി. കണ്ടപ്പോള്‍ ഉന്നയിച്ച ആശങ്കയത്രയും ശരിയായിരുന്നെന്ന് തോന്നി. ചോദിക്കുന്നത് ഒരു മുന്‍ രാഷ്ട്രപതിയോടാണെന്ന് ഓര്‍മവേണമെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് രജ്ദീപ് സര്‍ദേശായിക്ക് നല്കുന്ന ഉപദേശത്തിലൂടെയാണ് ഇന്ത്യാ ടുേഡ അഭിമുഖം വാര്‍ത്തയായതെങ്കില്‍ മോദിയുടെ കഴിവിനെ പുകഴ്ത്തിപ്പറഞ്ഞാണ് എൻ.ഡി.ടി.വി അഭിമുഖം ചര്‍ച്ചയായത്. അതിജീവനത്തിനായി പാടുപെടുന്ന പാര്‍ട്ടിയില്‍ അധികാരം ആവോളം ലഭിച്ചവര്‍പോലും സ്വന്തത്തെക്കുറിച്ച് എന്തു മാത്രം ആകുലപ്പെടുന്നുണ്ട് എന്ന് ഈ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് വ്യക്തമാകും.
രാഹുലിെൻറ അതിസാഹസം
രാഷ്ട്രപതിയാകുന്നതിനു മുമ്പ് ഡോ. മന്മോഹന് സിങ്ങിെൻറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിെൻറ കൈകാര്യകര്തൃത്വവുമായി നടന്നിരുന്ന നെടുംതൂണായിരുന്നു പ്രണബ്. പ്രണബ് രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിെൻറ കസേര നോക്കി നടന്നിരുന്ന പി. ചിദംബരമാണ് ഈ സഥാനത്തേക്കുയര്ന്നത്. സര്‍ക്കാറും സംവിധാനങ്ങളും ഏജന്‍സികളും എങ്ങനെയെല്ലാം ചരിക്കണമെന്ന് നിര്ദേശിച്ചിരുന്നവര് ഇവര്‍ തന്നെയായിരുന്നു. കോണ്‍ഗ്രസിനെ സാധാരണക്കാരായ ജനം ഇത്രമേല്‍ വെറുക്കാനിടയാക്കിയ വിവാദമായ നയതീരുമാനങ്ങളിൽ ഏറിയപങ്കും ഇവരുെടതായിരുന്നു. വിവരാവകാശം, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് തുടങ്ങി യു.പി.എ കാലത്തിെൻറതായി വല്ല നന്മയും ജനം ഓര്‍മിക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം ഇവരെതിരായിരുന്നു. രാഷ്ട്രപതിയായി രാഷ്ട്രീയ വനവാസത്തിന് പോയ പ്രണബിനു പിറകെ ഒരു നിലക്കും കോണ്‍ഗ്രസ് ഭരണത്തില്‍ തിരിെച്ചത്തില്ലെന്നുകണ്ട് താല്‍ക്കാലിക രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച് ചിദംബരവും തെരെഞ്ഞടുപ്പ് രംഗത്തുനിന്ന് മാറിനിന്നതോടെയാണ് 2014ലെ പൊതുതെരഞ്ഞെടുപ്പ് എന്ന കുരിശ് പൂര്‍ണമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകന് രാഹുല്‍ ഗാന്ധിയുടെയും ചുമലില്‍ വന്നുവീഴുന്നത്.
തെരഞ്ഞെടുപ്പോടെ മുങ്ങാന്‍പോകുന്ന കപ്പലാണ് പാര്‍ട്ടി എന്നുകരുതി മോദിയെ മിശിഹാ ആയി പ്രഖ്യാപിച്ച് കാവിപുതച്ച നിരവധി കോണ്‍ഗ്രസുകാരെയാണ് പിന്നീട് രാജ്യത്തിന് കാണേണ്ടിവന്നത്. പ്രതീക്ഷിച്ചതിലും വലിയ വിജയത്തില്‍ മോദി അധികാരത്തിലെത്തിയതോടെ സര്‍ക്കാറിനെ കൊണ്ടുനടന്നിരുന്ന മുതിര്‍ന്ന നേതാക്കളെല്ലാം മറ്റു ജീവിത വരുമാന മാര്‍ഗങ്ങള്‍ തേടിപ്പോകുകയോ വിശ്രമജീവിതം തെരഞ്ഞെടുക്കുകയോ ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസൂത്രണത്തില്‍ ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ കാലുമാറ്റവും കുതികാല്‍വെട്ടും അനുസ്യൂതം തുടര്‍ന്നു. ഇവര്ക്കെല്ലാമിടയിലാണ് കോണ്‍ഗ്രസ് ജീവച്ഛവമായിട്ടില്ലെന്നും പേരിനെങ്കിലും ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലക്ക് രാജ്യത്ത് അതൊന്നേ ഉള്ളൂ എന്നും സ്ഥാപിക്കാന്‍ രാഹുല്‍ ഗാന്ധി എന്ന ഒരു മധ്യവയസ്കന് ചുറ്റിലും പുറത്തുമെല്ലാമുള്ളവരുടെ പരിഹാസങ്ങള്‍ക്കും അവഹേളനങ്ങള്ക്കുമിടയില് അത്യധ്വാനം നടത്തുന്നത്; ആരോഗ്യസ്ഥിതി അനുവദിയ്ക്കാത്ത മാതാവില്‍നിന്ന് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തമെന്ന അതിസാഹസം ഏറ്റെടുക്കാന്പോകുന്നത്.
മാറിമറിയുന്ന ഘടകങ്ങള്‍
2014ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചതില്‍ ഒരു പങ്ക് അദ്ദേഹത്തിെൻറ പ്രസംഗപാടവത്തിനും സംസാര ചാതുരിക്കും ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത് ദുര്‍ബലമായിരിക്കുന്നു എന്ന് ബി.ബി.സി പോലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉള്ള തൊഴിലുകള്‍ നഷ്ടപ്പെടുകയും വ്യാപാരം മാന്ദ്യത്തിലാകുകയും ചെയ്യുന്നതിനാണ് മോദിയുടെ മൂന്നു വര്‍ഷം സാക്ഷ്യംവഹിച്ചത്. എൻ.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റഘട്ടത്തില് മോദിയുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത നാല് അനുകൂലഘടകങ്ങളായിരുന്നു ബി.ബി.സി വിലയിരുത്തിയത്; അന്തര്‍ദേശീയ വിപണിയിലെ അസംസ്കൃത എണ്ണയുടെ കുറഞ്ഞവില, സര്‍ക്കാര്‍ പരസ്യങ്ങളെ കാര്യമായി ആശ്രയിക്കുന്നതിനാല്‍ സര്‍ക്കാറിനെ വിമര്‍ശിക്കാത്ത ആഭ്യന്തര മാധ്യമങ്ങൾ, മോദിക്കും അമിത് ഷാക്കും പാര്‍ട്ടിക്കുള്ളില്‍ നേതൃവെല്ലുവിളി ഇല്ലാത്തത്, പരമപ്രധാനവും നാലാമത്തേതുമായി ഒരു ബദലിനായുള്ള ഇന്ത്യക്കാരുടെ ചോദന ഏറ്റെക്കാന്‍ ഒരു പ്രതിപക്ഷ കക്ഷിയുടെ അഭാവം.
ഇതില്‍ ഒന്നാമത്തെ ഘടകം ഏറക്കുറെ അവസാനിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍കൊണ്ട് മാധ്യമങ്ങളെ എങ്ങനെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നുവെന്ന് കാണാന്‍ ഇന്ത്യയിലിറങ്ങുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ നോക്കിയാല്‍ മതി. നേരത്തെ നിലനില്പ് ഭീഷണി നേരിട്ടിരുന്ന ഭാഷാപത്രങ്ങള്ക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍ മുന്‍ഗണന നല്‍കിയിരുന്നതെങ്കിലും അവയെയെല്ലാം ഞെക്കിക്കൊന്ന് എല്ലാം വന്‍കിട മാധ്യമങ്ങള്‍ക്കായി വീതംവെച്ചുകൊണ്ടിരിക്കുകയാണ് മോദിയും അമിത് ഷായും. ആ പരസ്യങ്ങള്കൂടി കാട്ടി കൊതിപ്പിച്ച് നിര്‍ത്തിയാണ് കറന്‍സി നിരോധനത്തിനും ചരക്കുസേവന നികുതിക്കുംശേഷം കോര്‍പറേറ്റ് വ്യാപാര പരസ്യങ്ങളില്‍ വന്‍ ഇടിവുപറ്റിയ ഒന്നാംനിര ഇംഗ്ലീഷ് പത്രങ്ങളെ പോലും മോദിയും അമിത് ഷായും വരച്ചവരയില്‍ നിര്‍ത്തുന്നത്. എന്നാല്‍, അവയെ മറികടന്ന് ‘വയർ, സ്ക്രോള്‍, ക്വിൻറ് തുടങ്ങി ഓണ്‍ലൈനില്‍ സമാന്തര മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്തതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒളിച്ചുവെച്ചാലും സത്യംപുറത്തുവരുമെന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.
അമിത് ഷായുടെ വരുമാനവര്‍ധനയും മകന് ജയ് ഷായുടെ കമ്പനി ഒരു വര്‍ഷംകൊണ്ട് 16,000 ഇരട്ടി ലാഭമുണ്ടാക്കുന്നതും പുറത്തുവരുന്നത് അങ്ങനെയാണ്. മോദി സര്‍ക്കാറിനെ അടിക്കാന്‍ കാര്യമായും ഈ സമാന്തര മാധ്യമങ്ങളെയാണ് രാഹുലും കോണ്‍ഗ്രസും ഇപ്പോള്‍ ആശ്രയിക്കുന്നത്. മൂന്നാമത്തെ ഘടകം ഇപ്പോഴും മോദിക്ക് അനുകൂലമാണ്. ബി.ജെ.പി അനുയായികള്ക്കിടയിലിപ്പോഴും പരിശ്രമശാലിയും സത്യസന്ധനുമാണ് എന്ന പ്രതിച്ഛായ നിലനില്‍ക്കുന്നതിനാൽ പാര്‍ട്ടിക്കുള്ളില്‍ ഒരു തരത്തിലുള്ള ഭീഷണിയും മോദിക്ക് ഇല്ല. എന്നാല്‍ കോണ്‍ഗ്രസ്മുക്ത ഭാരതം പ്രഖ്യാപിച്ച ശേഷവും രാഹുലിെൻറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മറ്റു കക്ഷികളെയും കൂട്ടി ഒരു തിരിച്ചുവരവ് നടത്തുമോ എന്നതുതന്നെയാണ് മോദിക്കും അമിത് ഷാക്കും മുന്നിലുള്ള ആശങ്ക.
മോദിയും രാഹുലും
നേര്‍ക്കുനേര്‍
നരേന്ദ്ര മോദിയെന്ന ഒരു അധികാരകേന്ദ്രത്തെ വീര്‍പ്പിച്ചെടുക്കാന്‍ സംഘ്പരിവാറും സൈബര്‍ ചാവേറുകളും അവരെ സഹായിക്കുന്ന കോര്‍പറേറ്റ് മാധ്യമലോകവും രാഹുൽ ഗാന്ധിയെ കേവലമൊരു കോമാളിയായി അപനിര്‍മിച്ചത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയനേതാക്കളെയും ബുദ്ധിജീവികളെയുംപോലും സ്വാധീനിച്ചതിെൻറ ഒന്നാന്തരം ഉദാഹരണമാണ് കഴിഞ്ഞദിവസം ‘ഒബ്സര്‍വര്‍ റിസര്‍ച് ഫൗണ്ടേഷനി’ലെ മിഹിര്‍ സ്വരൂപ് ശര്‍മ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകള്‍ നരേന്ദ്ര മോദിെയക്കാള് റീട്വീറ്റ് ചെയ്യപ്പെടുമെന്ന് 2014ല്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താന്‍ ചിരിച്ചുപോകുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ഇരുവരുടെയും ട്വീറ്റുകള്‍ക്കുള്ള സ്വീകാര്യത താരതമ്യംചെയ്ത് ഏറ്റവുമൊടുവില്‍ ഇന്ത്യാ ടുേഡ പുറത്തുവിട്ട കണക്കും അദ്ദേഹം നിരത്തി.
സെപ്റ്റംബറിൽ രാഹുലും മോദിയും അരവിന്ദ് കെജ്രിവാളും ചെയ്ത ട്വീറ്റുകള്‍ പരിശോധിച്ചപ്പോള്‍ ശരാശരി റീട്വീറ്റില്‍ രാഹുൽ ഗാന്ധിയാണ് ഇരുവര്‍ക്കും മുന്നിൽ. 2784 റീട്വീറ്റുകള്‍ ശരാശരി രാഹുല്‍ ഗാന്ധിക്ക് ലഭിച്ചപ്പോള്‍ നരേന്ദ്ര മോദിക്ക് അത് 2506 മാത്രമായിരുന്നു. കെജ്രിവാളിനാകട്ടെ 1722 റീട്വീറ്റുകളാണ് ലഭിച്ചത്. ഒക്ടോബറിലും ട്വിറ്ററില്‍ തെൻറ ആധിപത്യം തുടരുന്ന രാഹുലിന് ശരാശരി 3812 റീട്വീറ്റുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ നരേന്ദ്ര മോദിയെ പിന്തുണച്ചിരുന്ന ഭക്തരോ വ്യാജ അക്കൗണ്ടുകാരോ അല്ലാത്ത വലിയൊരു വിഭാഗം പിന്‍വലിഞ്ഞിരിക്കുന്നു. മറുഭാഗത്ത് സോഷ്യല്‍ മീഡിയ മോദിയെ കണക്കറ്റ് പരിഹസിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് മോദിക്കും അമിത് ഷാക്കുമെതിരായുള്ള ഒരവസരവും ട്വിറ്ററില്‍ രാഹുല്‍ നഷ്ടപ്പെടുത്താത്തത്. ശശി തരൂരിെൻറ ആസൂത്രണത്തില്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയോടെ രാഹുല്‍ ഗാന്ധിക്ക് രണ്ടുവരി എഴുതിയെടുക്കാതെ സംസാരിക്കാനാവുമോ എന്ന് ചോദിച്ചവരെയൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കാണാനില്ല. മണിക്കൂറുകള്‍ക്കകം രാഹുലിെൻറ ഈ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയില്‍ ചര്ച്ചയാകുന്നതുകൊണ്ടാണ് മോദിയുടെ ചാവേറുകളായി സ്മൃതി ഇറാനിയും നിര്‍മല സീതാരാമനുമെല്ലാം രംഗത്തുവരുന്നത്.
മോദി ഭരണകൂടത്തിെൻറ ഉപകരണങ്ങളെയും ഏജന്‍സികളെയും കാണിച്ച് മോദിയും അമിത് ഷായും പേടിപ്പിച്ചതോടെ മാളത്തിലൊളിച്ച പ്രതിപക്ഷത്തെ പല നേതാക്കളെയുംപോലെ പേടിച്ച് പിന്മാറിയില്ല എന്നതാണ് രാഹുല്‍ കാണിച്ച നേതൃഗുണം. കറന്‍സി നിരോധനത്തിെൻറയും ജി.എസ്.ടിയുടെയും കര്‍ഷകദ്രോഹ നടപടികളുടെയും പേരില്‍ ബി.ജെ.പി കടുത്ത ജനരോഷം ഏറ്റുവാങ്ങുന്ന ഗുജറാത്തില്‍ എല്ലാ അസംതൃപ്തരെയും കൂട്ടി മോദിക്കും ഷാക്കുമെതിരെ ആഞ്ഞടിച്ച് തേരോട്ടത്തിനിറങ്ങാന് രാഹുലിെൻറ പക്കല്‍ ആകെയുള്ളത് ഈ ഒരു ഗുണമാണ്. രാഹുലിെൻറ ഗുജറാത്ത് പര്യടനത്തെ മാധ്യമങ്ങളില്‍നിന്ന് മറയ്ക്കാന്‍ കേന്ദ്ര മന്ത്രിമാരും യോഗി ആദിത്യനാഥും അമേത്തിയില്‍ പോയി ക്യാമ്പ് ചെയ്ത് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടും രാഹുലിെൻറ റാലി
െക്കത്തുന്നവരുടെ എണ്ണം കുറക്കാന്‍ ബി.ജെ.പിക്കും ആർ.എസ്.എസിനുമായില്ല.
അഹ്മദാബാദ് മജിസ്ട്രേറ്റ് കോടതിയില്‍ പോയി ജയ്ഷായുടെ കമ്പനിയെക്കുറിച്ച് ഒന്നുമെഴുതരുതെന്ന ഉത്തരവ് നേടിയെടുത്തിട്ടും ഒരു കുലുക്കവുമില്ലാതെ രാഹുല്‍ ഭരണകൂടത്തിെൻറ നിയമസഹായം ശഹ്സാദക്ക് എന്ന് ട്വീറ്റ് ചെയ്ത് ജയ് ഷാക്കെതിരായ വിവാദം അന്തരീക്ഷത്തില്‍ നിലനിര്‍ത്തി. നെഹ്റു കുടുംബത്തിെൻറ ശഹ്സാദ (രാജകുമാരൻ) എന്ന് തന്നെ പരിഹസിച്ചതിനാണ് ‘ശാഹ്’സാദാ എന്ന് പിരിച്ച് പറഞ്ഞ് അമിത് ഷായുടെയും മകെൻറയും ചിത്രവും വാര്ത്തയുമിട്ട് രാഹുല്‍ തിരിച്ചുകൊടുത്തത്.
കോണ്‍ഗ്രസിനുള്ള ജനപിന്തുണയല്ല, തങ്ങളോടുള്ള രോഷമാണിതെന്ന് മനസ്സിലാക്കി അതിനെ നേരിടാന്‍ വര്‍ഗീയ ധ്രുവീകരണമെന്ന ഒടുവിലത്തെ അടവ് പുറത്തെടുത്ത് രാമക്ഷേത്രം ചര്‍ച്ചയാക്കാന്‍ നോക്കിയെങ്കിലും കാര്യമായി ഏശുന്നില്ലെന്ന് കണ്ടു. അങ്ങനെയാണ് താജ്മഹലിനെ വര്‍ഗീയ പ്രചാരണത്തിനുള്ള പ്രചാരണോപാധിയാക്കി സംഘ് പരിവാര്‍ മാറ്റുന്നത്. യോഗി ആദിത്യനാഥ് മുതല്‍ സുബ്രഹ്മണ്യം സ്വാമിവരെ ഇത് കത്തിച്ചവരെല്ലാം ആർ.എസ്.എസിെൻറ വിദ്വേഷ പ്രചാരണത്തിെൻറ വക്താക്കളാണെന്നത് യാദൃച്ഛികമല്ല. താജ്മഹല്‍ പൊളിച്ചുകളയേണ്ടതാണെന്ന വികാരം രാജ്യത്തെ ഹിന്ദുത്വ മനസ്സുകളില്‍ കുത്തിവെക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. 1,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങള്‍ക്ക്, സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും കിട്ടാത്ത ശ്രദ്ധയും പരിഗണനയും മുഗളരുണ്ടാക്കിയ സ്മാരകങ്ങള്‍ക്ക് മാത്രമാണ് കിട്ടുന്നതെന്നും താജ്മഹല്വിരുദ്ധ പ്രചാരണത്തിെൻറ ഫോളോ അപ്പുമായി സംഘ്പരിവാര്‍ രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖിനും സിവിൽ കോഡിനും രാമക്ഷേത്രത്തിനും കിട്ടാത്ത പ്രചാരമാണ് താജ്മഹല്‍ വിവാദത്തിന് കിട്ടിയത്.
അതേസമയം, തെൻറ തേരോട്ടം തടയുകയാണ് ഫാഷിസ്റ്റ് തന്ത്രം എന്ന് മനസ്സിലാക്കിയാണ് ‘ശുദ്ധ’ മതേതരക്കാരായ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടക്കാരെല്ലാം താജ്മഹലിനെ പ്രഫൈല്‍ ചിത്രമാക്കിയും പണ്ടെങ്ങോ കണ്ടതിെൻറ ഓര്‍മകള്‍ പങ്കുവെച്ചും സമൂഹ മാധ്യമങ്ങളില്‍ ‘പ്രതിക്രിയ ചെയ്ത്’ സംഘ്പരിവാര്‍ കാമ്പയിന് വിജയമാക്കുമ്പോഴും രാഹുല്‍ ഗാന്ധി അമിത് ഷായെയും മകെൻറ കമ്പനിയെയും കുറിച്ച് മോദി തുടരുന്ന മൗനം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്, ‘‘മിത്രോം, ശാഹ് സാദ് കെ ബാരേ മേം ന ബോലൂംഗാ, ന ബോല്നാദൂംഗാ’’ (സുഹൃത്തുക്കളെ, ഷായുടെ മകനെ കുറിച്ച് ഞാന്‍ മിണ്ടില്ല. മിണ്ടാന്‍ അനുവദിക്കുകയുമില്ല) എന്ന് അഹ്മദാബാദ് കോടതിയുടെ വാര്‍ത്ത ഉദ്ധരിച്ച് വെള്ളിയാഴ്ച വൈകീട്ടും രാഹുല്‍ ഗാന്ധി വീണ്ടും ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.