അവരുടെ വസ്​​ത്രത്തിൽ നിന്ന്​ കൈയെടുക്കുക, സ്വയം നിർണയാവകാശങ്ങളിൽ നിന്നും

"Just as Muslims have the right to argue that the hijab is not religiously mandated, they should also have the right to argue that it is religiously mandated" Shadi Hamid, The Right to Choose to Wear (or not) Hijab.

മനുഷ്യചരിത്രത്തിൽ ഭൂഖണ്ഡങ്ങളുടെ അതിരില്ലാത്ത ഏകീകൃതമായ ഒരു കാര്യമുണ്ടെങ്കില്‍ അത് സ്ത്രീശരീരങ്ങളെ യുദ്ധഭൂമിക്ക് സമാനമാക്കുന്നതിലാണ്​. ഇക്കാലത്ത്​ അത് പരമ്പരാഗത യുദ്ധക്കളത്തില്‍നിന്ന് ചിന്തയിലേക്കും ഇൻറര്‍നെറ്റിലേക്കും മറ്റു മാധ്യമങ്ങളിലേക്കും മാറിയിരിക്കുന്നുവെന്നു മാത്രം. മുസ്​ലിം സ്ത്രീകളുടെ ശിരോവസ്ത്രം സംബന്ധിച്ച്​ ലോകമൊട്ടുക്ക്​ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള മുഴുവന്‍ ശബ്ദകോലാഹലങ്ങളും ഈ മുസ്​ലിംഫോബിക് ലോകത്ത് നാം കാണുന്ന നിഴല്‍യുദ്ധത്തിന്റെ വ്യാപനമല്ലാതെ മറ്റൊന്നുമല്ല. കര്‍ണാടകയിലെ കുന്ദാപുരയിലെ കാമ്പസില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാത്തതിനെ ചൊല്ലി ഈയിടെയുണ്ടായ കോലാഹലങ്ങളും നടേപറഞ്ഞ നിഴല്‍യുദ്ധത്തിന്റെ ഭാഗമാണ്.

കാമ്പസില്‍ വിദ്യാര്‍ഥികളെക്കൊണ്ട് കാവി ഷാള്‍ ധരിപ്പിക്കുന്നതുപോലെയുള്ള ബാലിശതന്ത്രങ്ങൾ പയറ്റിയ വലതുപക്ഷ വർഗീയ സംഘടനകൾ പിന്നീട്​ സായുധരായി പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരതന്ത്രം അവലംബിച്ചു.

ചില ഫെമിനിസ്റ്റ് വിമര്‍ശകര്‍ ഒഴികെ, വിദ്യാര്‍ഥികളുടെ പക്ഷം ചേരുന്ന ഭൂരിഭാഗം ആളുകളും അവരുടെ അഭിപ്രായങ്ങളുടെ ഇടം കണ്ടെത്തുന്നത്, വിദ്യാര്‍ഥികളുടെ ശരീരത്തിന് മേലുള്ള അവകാശത്തേക്കാള്‍ മൃദുവും എളുപ്പത്തില്‍ വിപണനസാധ്യത ഉള്ളതുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച്​ പറഞ്ഞുകൊണ്ടാണ്​. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്​; '' By letting students hijab come in their way of education, we are robbing the futures of the daughters of India. Ma Saraswati gives knowledge to all. She doesn't differentiate'' എന്നായിരുന്നു. അതായത് ''വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പാന്ഥാവില്‍ ഹിജാബിനെ കുറിച്ചുള്ള ചര്‍ച്ച കയറിവരുന്നതു വഴി നാം ഇന്ത്യയിലെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്. സരസ്വതീദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നു. അവര്‍ വേര്‍തിരിവ് കാണിക്കുകയില്ല'' എന്ന്​.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന്റെ ശൈലി, ഹിജാബ് വാദപ്രതിവാദത്തി​ന്റെ ജാതീയതയും വര്‍ഗീയതയും തുറന്നുകാണിക്കുന്നതാണ്.

ആകസ്മികമായതും എന്നാല്‍ രസകരവുമായ കാര്യമെന്തെന്നാൽ, സവിശേഷ അധികാരങ്ങളുള്ള ഓരോ വ്യക്തിയും മുസ്​ലിം ശിരോവസ്ത്ര വിഷയത്തില്‍, വൈദഗ്ധ്യമുള്ളവരായി മാറി എന്നതാണ്. പലതരത്തിലുള്ള ഗൂഗ്ള്‍ ഇമേജുകളും സോഷ്യല്‍ മീഡിയയില്‍ കവിഞ്ഞൊഴുകി. ഈ സംവാദം നിര്‍ഭാഗ്യവശാല്‍, സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന ശിരോവസ്ത്രത്തി​ന്റെയും മുസ്​ലിംകളുടെയും വൈവിധ്യത്തെ ഈ ചിത്രങ്ങള്‍ അസാധുവാക്കുന്നു. ഇന്ത്യയില്‍ മാത്രം വ്യത്യസ്ത വസ്ത്രങ്ങളുണ്ട്. സമൂഹത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ശിരോവസ്ത്രങ്ങള്‍ മാത്രമല്ല, എന്റെ ജീവിതകാലത്ത് മാത്രം, മാപ്പിളസമുദായത്തിനുള്ളില്‍ മാത്രം മാറിയ അരഡസന്‍ വസ്ത്രങ്ങളും ശിരോവസ്ത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് -ഈ മാറ്റം സമുദായത്തി​ന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അവസ്ഥകളിലും പ്രതിഫലിച്ചിട്ടുണ്ട്.

മുസ്​ലിം സ്ത്രീയുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെയോ ആവശ്യത്തിന്റെയോ പ്രാധാന്യത്തെ ഞാന്‍ വിലകുറച്ച്​ കാണുന്നില്ല. എന്നാൽ, അതിലേറെ മുസ്​ലിം സ്ത്രീകളുടെ അസ്തിത്വാവകാശത്തിന്റെ നിഷേധമാണ് ഈ സംവാദത്തിനു പിന്നിലെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഭരണഘടനാ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്താല്‍, ജീവിക്കാനുള്ള അവകാശം, പ്രാഥമിക അവകാശം എന്നിവ പരിഗണിക്കാതെ ഇത് കേവലം വിദ്യാഭ്യാസ അവകാശമായി മാത്രം അവതരിപ്പിക്കുന്നവരെ ചോദ്യം ചെയ്യുന്നു. അതുകൊണ്ടായിരിക്കാം, യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന സ്റ്റുഡന്റ് പൊലീസ് കാഡറ്റി​ന്റെ അഭ്യര്‍ഥനയോട്​ കേരള സര്‍ക്കാര്‍ വിസമ്മതം പ്രകടിപ്പിച്ച കാര്യം കര്‍ണാടകയിലെ കുന്ദാപുരയിലെ അവകാശനിഷേധംപോലെ ജനശ്രദ്ധയോ ചര്‍ച്ചയോ ആകാത്തത്. ഒരുപക്ഷേ ലിബറല്‍ വിമര്‍ശകര്‍ക്ക്, കേരളത്തി​ന്റെ പ്രശംസനീയമായ പുരോഗമനത്തിന് വിരുദ്ധമായി കര്‍ണാടക ബി.ജെ.പി ഭരിക്കുന്ന ഒരു പിന്തിരിപ്പന്‍ സംസ്ഥാനമാണ് എന്ന മനഃസുഖമുണ്ട്.

എന്നാൽ, കേരള ഗവണ്‍മെന്റിന്റെ ആഭ്യന്തരവകുപ്പ് പറഞ്ഞ കാരണം ഇതാണ്; ''... സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയില്‍ അത്തരമൊരു ഇളവ് പരിഗണിക്കുകയാണെങ്കില്‍, സമാനമായ ആവശ്യം മറ്റ് സമാന ഫോഴ്‌സുകളിലും ഉന്നയിക്കപ്പെടും. അത് സംസ്ഥാനത്തിന്റെ മതനിരപേക്ഷതയെ സാരമായി ബാധിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ, സിഖ് പുരുഷന്മാര്‍ക്ക് യൂനിഫോമിനൊപ്പം തലപ്പാവും താടിയും ധരിക്കാന്‍ അനുമതി നല്‍കിയതിനെ കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പൊലീസ് സൂപ്രണ്ടും നോഡല്‍ ഓഫിസറും വിസമ്മതിച്ചു.

ശിരോവസ്ത്രം മതത്തിന്റെ അവിഭാജ്യ ഘടകമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അംന ബിന്‍ത് ബഷീര്‍ v/s സി.ബി.എസ്.ഇ കേസില്‍ കേരള ഹൈകോടതി 2015ല്‍ പ്രഖ്യാപിച്ച വിധിയുടെ ലംഘനമാണ് സര്‍ക്കാറിന്റെ ഈ നിലപാട്. ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശത്തിനായി ഖുര്‍ആനെ വ്യാഖ്യാനിക്കുന്നതിനുള്ള ഒരു ഇടവും ഈ അനിവാര്യതയില്‍ ഉള്‍പ്പെടുന്നുവെന്ന് വളരെ രസകരമായ വെളിപ്പെടുത്തലും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കുന്നു. എസ്​.പി.സി ഒരു സന്നദ്ധപ്രവര്‍ത്തനമാണെന്നും നിര്‍ബന്ധിത പ്രവര്‍ത്തനമല്ലെന്നുമാണ് ആഭ്യന്തരവകുപ്പിന്റെ മറ്റൊരു ന്യായീകരണം. ഈ സന്നദ്ധപ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് വിദ്യാർഥികള്‍ക്ക് ഗുണകരമാകുമെന്ന വസ്തുത സൗകര്യപൂർവം അവഗണിക്കുന്നു.

എസ്​.പി.സിയിൽ ചേരാൻ ആഗ്രഹിച്ച ഇതേ സ്​കൂളിലെ 20 മുസ്​ലിം പെണ്‍കുട്ടികളില്‍, രണ്ടു പേര്‍ മാത്രമാണ് ശിരോവസ്​ത്രത്തിന്​ നിയന്ത്രണം വന്നതിനാൽ എസ്.പി.സിയില്‍ ചേര്‍ന്നത്. കേരളത്തിലെ ഏറ്റവും സാമൂഹികമായും വിദ്യാഭ്യാസപരമായും ദുര്‍ബലമായ വിദ്യാര്‍ഥികളെ, അതായത് മുസ്​ലിം സ്ത്രീകളെ സമഗ്രമായ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതില്‍ തടയുകയാണ്​ മതേതരത്വം സംബന്ധിച്ച ഇടുങ്ങിയ നിർവചനത്തിലൂടെ തങ്ങൾ ചെയ്യുന്നതെന്ന്​ അഭ്യന്തരവകുപ്പ് മനസ്സിലാക്കാത്ത​തെന്തേ? കര്‍ണാടകയിലെ വിദ്യാർഥിനികളുടെ ഹിജാബ്​ അവകാശത്തെ പിന്തുണച്ച് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്​.എഫ്​.ഐ) കേന്ദ്ര കമ്മിറ്റി പോസ്റ്ററുകള്‍ ഇറക്കി, അതേ അവകാശം തങ്ങൾക്ക്​ നിർണായക സ്വാധീനമുള്ള കേരളത്തിലെ ഒരു മുസ്​ലിം വിദ്യാർഥിക്ക് നിഷേധിക്കപ്പെട്ടതില്‍ മൗനം പാലിക്കുകയും ചെയ്യുന്നു.

പുരോഗമന കേരളത്തിലെ പൗര-രാഷ്ട്രീയ സമൂഹം മുസ്​ലിം സ്ത്രീകളെ പരാജയപ്പെടുത്തുന്നത് ഇത് ആദ്യമായല്ല. എല്ലാവരും മുസ്​ലിം സ്​ത്രീകളെ സംരക്ഷിക്കുന്നതിൽ വലിയ ശ്രദ്ധാലുക്കളാണെന്ന്​ കാണാനാവും -അത്​ വസ്ത്രധാരണ വിഷയമോ ലൈംഗിക സ്വാതന്ത്ര്യമോ അനന്തരാവകാശമോ മതസ്വാതന്ത്ര്യമോ പാരമ്പര്യങ്ങളോ ഏത്​ വിഷയമായാലുമതേ.

മുസ്​ലിം പേടിയുടെയും സ്ത്രീവിരുദ്ധതയുടെയും ഉറച്ച ഘടകമാണിത്​. ശരീരത്തെ ആധുനിക നിഴല്‍യുദ്ധത്തിനുള്ള ഇടമാക്കുന്നതിന്​ പകരം അവർ എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്ന് തീരുമാനിക്കാന്‍ മുസ്​ലിം സ്​​ത്രീകളെത്തന്നെ അനുവദിക്കലാണ് എല്ലാവര്‍ക്കും നല്ലതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മതമോ പ്രായോഗികതയോ എന്തടിസ്​ഥാനത്തിലായാലും ഏത്​ വസ്​ത്രം വേണമെന്നത്​ അവർ തീരുമാനിക്ക​ട്ടെ. മതം ആചരിക്കുമ്പോഴും അല്ലാത്തപ്പോഴും അവരുടെ നിലനില്‍ക്കാനുള്ള അവകാശത്തെ അനുവദിക്കുക.

ആക്​ടിവിസ്​റ്റും കേരള ഹൈകോടതി അഭിഭാഷകനുമാണ്​ ലേഖകൻ

Tags:    
News Summary - Take away hand from their clothing and right to self-determination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.