അഫ്ഗാനിസ്താനിലെ അധികാരമാറ്റം ഉയർന്ന വികാരതീക്ഷ്ണതയോടെ ചർച്ച ചെയ്യപ്പെടുന്ന ഇടമാണ് കേരളം. അഫ്ഗാൻ സംഭവവികാസങ്ങളിൽ ശ്രദ്ധേയമായ രണ്ടു ഘടകങ്ങളാണ് ഉള്ളത്. ഒന്ന്, രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കൻ അധിനിവേശത്തിെൻറ ദയനീയ അന്ത്യം. രണ്ട്, 2001ലെ െസപ്റ്റംബർ 11 ആക്രമണത്തെ തുടർന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട 'ഭീകരതാവിരുദ്ധ' യുദ്ധത്തിലൂടെ അമേരിക്ക അധികാരത്തിൽനിന്ന് പുറന്തള്ളിയ താലിബാൻ എന്ന സായുധസംഘത്തിെൻറ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്. കേരളത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ഇടതുഭാവുകത്വത്തെ ആദ്യത്തെ ഘടകം ആവേശം കൊള്ളിക്കുകയും രണ്ടാമത്തെ ഘടകം ആശങ്കപ്പെടുത്തുകയും ചെയ്യേണ്ടതാണ്. പക്ഷേ, താലിബാനെക്കുറിച്ച ഭയാശങ്കകൾ ഇസ്ലാമോഫോബിയയായി വളരുന്നതും അധിനിവേശ വിരുദ്ധത അലിഞ്ഞില്ലാതാവുന്നതും ഇടതുപക്ഷംപോലും വലതുപക്ഷ ഭാഷയിൽ സംസാരിക്കുന്നതുമാണ് കാണുന്നത്.
താലിബാനെ ഇസ്ലാമുമായി ബന്ധപ്പെടുത്തി ഇസ്ലാമിനെ ഭീകരതയുടെ മതമായി ചിത്രീകരിക്കാനും താലിബാനെ തങ്ങൾക്ക് തൃപ്തിയാവുന്ന അളവിൽ വിമർശിക്കാത്തവരെ താലിബാനികളായി മുദ്രയടിക്കാനുമുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. മറുവശത്ത് ഇത്തരം പ്രചാരണങ്ങളോടുള്ള പ്രതികരണമായും അല്ലാതെയും താലിബാനെ ന്യായീകരിക്കുകയോ അതിനോട് മൃദുസമീപനം പുലർത്തുകയോ ചെയ്യുന്ന നിലപാടുകളും കാണാം. താലിബാനെക്കുറിച്ച പൊതുബോധ ധാരണകളെ അപ്പാടെ സ്വീകരിക്കാതെ അഫ്ഗാെൻറ ഭൗമരാഷ്ട്രീയത്തിെൻറ പശ്ചാത്തലത്തിൽ അവിടത്തെ സംഭവവികാസങ്ങളെ വിലയിരുത്താനുള്ള ഗൗരവപ്പെട്ട ചില ശ്രമങ്ങൾ ഒറ്റപ്പെട്ട എഴുത്തുകാരും നിരീക്ഷകരും നടത്തുന്നുണ്ട്. പക്ഷേ, അത്തരം എഴുത്തുകൾ പോലും മുസ്ലിം പശ്ചാത്തലമുള്ള വ്യക്തികളുടെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്നാവുമ്പോൾ എളുപ്പം ബ്രാൻഡ് ചെയ്യപ്പെടുന്നു. അസാധാരണ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സ്വീകരിക്കുന്ന േജണലിസ്റ്റിക് ഭാഷാപ്രയോഗങ്ങളെപ്പോലും ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച് അതിനുപിന്നിലെ ഐഡിയോളജി കണ്ടെത്താനുള്ള വ്യഗ്രത സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്ന താലിബാൻ വാദകോലാഹലങ്ങളിൽ പ്രകടമാണ്. മുൻവിധിനിറഞ്ഞ ഇത്തരം സമീപനവുമായി ഇതിന് നേതൃത്വം നൽകുന്നവർ സ്വയം വിളിക്കുന്നത് ലിബറലുകൾ എന്നാണ്.
താലിബാനെ അധികാരത്തിൽനിന്ന് പുറന്തള്ളാൻ അമേരിക്ക നടത്തിയ വിനാശകരമായ യുദ്ധത്തിനും അതേത്തുടർന്ന് വന്ന രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനും ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് പടിയിറങ്ങുമ്പോൾ അവിടെ വിട്ടേച്ചുപോകുന്നതെന്ത് എന്നചോദ്യം കേരളത്തിെൻറ സാമ്രാജ്യത്വ വിരുദ്ധ ഭാവുകത്വം ഉറക്കെ ചോദിക്കേണ്ടതായിരുന്നു. സാമ്രാജ്യത്വ വിരുദ്ധത ഉദ്ഘോഷിക്കാറുള്ളവരൊന്നും ഈ ചോദ്യം പതുക്കെപ്പോലും ചോദിച്ചുകേട്ടില്ല. അമേരിക്ക വരുന്നതിനും മുമ്പുള്ള താലിബാൻ ഭരണത്തിെൻറ കണക്കെടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. ലക്ഷക്കണക്കിന് അഫ്ഗാനികളെ വഴിയാധാരമാക്കിയ അധിനിവേശത്തിെൻറ കെടുതികളെക്കുറിച്ച സചിത്ര ഫീച്ചറുകൾ ഒരിടത്തും കണ്ടില്ല. അധിനിവേശം ഒഴിഞ്ഞ പശ്ചാത്തലത്തിൽ തീർച്ചയായും അതിന് വാർത്താപ്രാധാന്യം ഉണ്ടായിരുന്നു.
അമേരിക്കയുടെ ആയുധശേഷി ശക്തിപ്പെടുത്താനല്ലാതെ, അഫ്ഗാൻ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനോ തകർന്നടിഞ്ഞ സമ്പദ്ഘടന പുനർനിർമിക്കുന്നതിനോ അമേരിക്ക അഫ്ഗാനിൽ ഒഴുക്കിയ ട്രില്യൻ ഡോളറുകൾ ഉപകാരപ്പെട്ടില്ല. സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ചരിത്രം അറിയുന്നർ ഇത്തരം ഔദാര്യങ്ങൾ അമേരിക്കയിൽനിന്ന് പ്രതീക്ഷിക്കുകയില്ല. പക്ഷേ, സ്ത്രീവിരുദ്ധത ചർച്ച ചെയ്യുന്നവർ അഫ്ഗാനിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവിതം നിത്യ ദുരിതത്തിലാഴ്ത്തുന്നതിൽ അമേരിക്കൻ അധിനിവേശത്തിെൻറ പങ്ക് അന്വേഷിച്ചുപോയില്ല എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. താലിബാെൻറ ചെയ്തികളും നിലപാടുകളും നിശിതവിചാരണ അർഹിക്കുന്നുണ്ട്. അവർ വീണ്ടും അധികാരത്തിലേറിയ പശ്ചാത്തലത്തിൽ വിശേഷിച്ചും.
പലരുടെയും ആകുലതകൾ സ്വാതന്ത്ര്യത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ അല്ല. ആയിരുന്നെങ്കിൽ ജോസഫ് സ്റ്റാലിെൻറ ചിത്രം അലങ്കരിക്കുന്ന പാർട്ടി ഓഫിസുകളിലിരുന്ന് താലിബാെൻറ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് അവർ പ്രസ്താവന ഇറക്കുമായിരുന്നില്ല. പൊളിറ്റിക്കൽ ഇസ്ലാം എന്ന് വ്യവഹരിക്കപ്പെടുന്ന ഇസ്ലാമിെൻറ രാഷ്ട്രീയാവിഷ്കാരങ്ങളെക്കുറിച്ചാണ് ചർച്ചകൾ. മതരാഷ്ട്രവാദം എന്ന നുകം മതി അവർക്ക് എല്ലാവരെയും പൂട്ടാൻ. തൊഴിലാളിവർഗ സർവാധിപത്യം എന്ന നുകത്തിൽ ഇന്ത്യയിലെ മാവോവാദികളെയും സി.പി.എം-സി.പി.ഐ തുടങ്ങിയ പാർട്ടികളെയും ഒരുമിച്ച് പൂട്ടുന്നതിൽ എന്തെങ്കിലും അസാംഗത്യമുണ്ടോ എന്ന് തിരിച്ചുചോദിക്കാൻ ആളില്ലാതെ പോവുകയാണ്.
താലിബാെൻറ 'ഇസ്ലാമിക് എമിറേറ്റ്' എത്തരത്തിലുള്ളതായിരിക്കുമെന്നും ഇസ്ലാമിെൻറ ഏതുതരം പ്രതിനിധാനമാണ് അവർ കാഴ്ചവെക്കാൻ പോകുന്നത് എന്നും കാണാനിരിക്കുന്നേയുള്ളൂ. മുൻ അനുഭവങ്ങൾ ആശങ്കക്ക് വകനൽകുന്നതാണ്. പഴയ താലിബാൻ അല്ല പുതിയ താലിബാൻ എന്ന സന്ദേശമാണ് അവർ ലോകത്തിന് നൽകാൻ ശ്രമിക്കുന്നത്. ഈ മാറ്റം മറ്റെന്തിനേക്കാളുമേറെ നിലനിൽപിനെക്കുറിച്ച യാഥാർഥ്യബോധത്തിൽനിന്ന് ഉണ്ടാവുന്നതാണ്. ഒരു പുതിയ ഇമേജ് സൃഷ്ടിച്ചെടുക്കാതെ അതിജീവനം സാധ്യമല്ല എന്ന തിരിച്ചറിവ് അവരുടെ പ്രസ്താവനകളിൽ മറഞ്ഞിരിപ്പുണ്ട്. സ്ത്രീസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയെക്കുറിച്ച പാശ്ചാത്യൻ ആധുനികതയുടെ വാർപ്പുനിർവചനങ്ങൾ മാറ്റിവെച്ചാൽതന്നെയും ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമൂഹികനീതിയിലും മനുഷ്യമഹത്ത്വത്തിലും അധിഷ്ഠിതമായ ഒരുനിലപാട് രൂപപ്പെടുത്തിയെടുക്കാൻ താലിബാന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനുള്ള ആശയപരവും സംഘടനാപരവുമായ അടിത്തറ അവർക്കുണ്ടോ എന്നത് കാത്തിരുന്ന് കാണണം.
താലിബാൻ യഥാർഥത്തിൽതന്നെ മാറാൻ ശ്രമിച്ചാലും അന്തർദേശീയ സമൂഹം എത്രത്തോളം അത് അംഗീകരിക്കും എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. തങ്ങൾക്കിഷ്ടമില്ലാത്ത ഭരണകൂടങ്ങളെ ഉപരോധങ്ങളിലൂടെ വീർപ്പുമുട്ടിച്ച് അസ്ഥിരപ്പെടുത്തുകയാണ് അമേരിക്കയുടെയും പാശ്ചാത്യൻ ശക്തികളുടെയും രീതി. അഫ്ഗാനിസ്താെൻറ ഒമ്പതു ബില്യണിലധികം ഡോളർ വിദേശനിക്ഷേപം ഇപ്പോഴും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്. താലിബാനെ ഏറ്റവും പ്രത്യക്ഷമായി പിന്തുണക്കുന്ന രാജ്യം ചൈനയാണ്. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിക് വായനകൾക്കപ്പുറം അന്തർദേശീയ ശാക്തികഘടനയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കൂടി വായിക്കേണ്ടതാണ് അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ.
താലിബാനെ സൃഷ്ടിച്ചതും വളർത്തിയതും ഇപ്പോൾ അവർക്ക് അധികാരം കൈമാറിയതും അമേരിക്കയാണ്. ഇറാനെതിരെ അമേരിക്ക പാലൂട്ടിവളർത്തിയ സദ്ദാം ഹുസൈൻ തങ്ങളുടെ പിടിയിൽ ഒതുങ്ങാത്തവിധം വളർന്നപ്പോൾ അമേരിക്ക ഇറാഖിനെതിരെ യുദ്ധംചെയ്ത് സദ്ദാമിനെ ഇല്ലാതാക്കുകയും ഇറാഖിനെ ഛിന്നഭിന്നമാക്കുകയും ചെയ്തു. ഇതേകാര്യമാണ് അഫ്ഗാനിസ്താനിലും സംഭവിച്ചത്. സാമ്രാജ്യത്വശക്തികളും സായുധ ഗ്രൂപ്പുകളും തമ്മിലെ കള്ളനും പൊലീസും കളി ലോകത്തിെൻറ പലഭാഗങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ലോക മുസ്ലിംകൾ പ്രായശ്ചിത്തം ചെയ്യണം എന്ന് ചിന്തിക്കുന്നതും പറയുന്നതും മിതമായി പറഞ്ഞാൽ വിവരക്കേടാണ്. ഇന്ത്യൻ മുസ്ലിംകളെ അപരവത്കരിക്കാൻ താലിബാനെ ആയുധമാക്കുന്നവർ ലിബറലെന്നോ മതേതര സെക്കുലറെന്നോ എഴുതിയ തൊപ്പിയും മാസ്കുമാണ് ധരിക്കുന്നതെങ്കിലും അറിഞ്ഞോ അറിയാതെയോ അവർ പണിയെടുക്കുന്നത് സംഘ്പരിവാറിെൻറ ആഖ്യാന നിർമാണ ഫാക്ടറിയിലാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.