ടെക്നോളജി എല്ലാമാണ് എന്നോ,അത് അധ്യാപകന് പകരമാവുമെന്നോ, അധ്യാപകരൊക്കെ ടെക്നോക്രാറ്റുകളാവണമെന്നോ ഉള്ള ഒരഭിപ്രായവും വിദ്യാഭ്യാസമേഖലയിൽ ആർക്കുമുണ്ടാവില്ല. എന്നാൽ ടെക്നോളജിയെ ഉപയോഗപ്പെടുത്താതെ അധ്യാപനം മുന്നോട്ടുകൊണ്ടുപോവുക സമീപഭാവിയിൽ അസാധ്യമാവും; പ്രയാസമാവും എന്നല്ല അസാധ്യമാവും എന്നു തന്നെയാണ് വിവക്ഷ.സ്കൂൾ സംവിധാനങ്ങളും പഠിതാക്കളും സാങ്കേതികവിദ്യയെ അത്രമേൽ ഗാഢമായി പുൽകിക്കഴിഞ്ഞു. അധ്യാപകൻ സകല ലേണിങ് ആപ്പുകളും ലേണിങ് മാനേജ്മെൻറ് സംവിധാനങ്ങളും (LMS) അറിഞ്ഞിരിക്കണം എന്ന് ഇപ്പറഞ്ഞതിനർഥമില്ല.എന്നാൽ സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങളെ മികച്ചരീതിയിൽ ഉപയോഗപ്പെടുത്താനുള്ള നൈപുണി അധ്യാപകർ ആർജിക്കുക തന്നെ വേണം. മൊബൈൽ അധിഷ്ഠിത പഠനത്തിലും(M-learning)ഓൺലൈൻ ഉപയോഗത്തിലും ഇതര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലും കുട്ടികൾകാണിക്കുന്ന പ്രാപ്തി നേരാംവണ്ണം വഴിതിരിച്ചുവിടാൻ അധ്യാപകർക്കുകഴിയണം. ഗുരുവിൽ നിന്ന്ടെക്നോ-ഗുരുവിലേക്കുള്ള മാറ്റം കുട്ടികൾക്കു മുന്നേനടന്ന് അധ്യാപകർ സ്വായത്തമാക്കിയേ പറ്റൂ.
കുട്ടികളുടെ പഠനനിലവാരമനുസരിച്ച് അധ്യാപനം ചിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സക്രിയമായ ചെറുഗവേഷണങ്ങൾ അധ്യാപകർ ഏറ്റെടുക്കേണ്ടതുണ്ട്. 201 ൽ'പിസ'(പ്രോഗ്രാം ഓഫ് ഇൻറർനാഷനൽ സ്റ്റുഡൻറ് അസസ്സ്മെൻറ്)വിലയിരുത്തൽ അനുസരിച്ച് സ്കൂൾ വിദ്യാഭ്യാസത്തിൽ വളരെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ ഗവേഷണാത്മക അധ്യാപനത്തിന് സുപ്രധാന പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും കുട്ടികളുടെ സ്വഭാവവ്യതിയാനങ്ങൾക്കും പ്രാപ്തിക്കും ഉതകുംവിധം അധ്യയന സമീപനം ആവിഷ്കരിക്കുന്നതിന് സഹായകമാവുന്ന ബോധന ശാസ്ത്രപരമായ ഗവേഷണങ്ങളാണ് അധ്യാപകർ ഏറ്റെടുേക്കണ്ടത്. ലഭ്യമാവുന്ന വിഭവങ്ങളുടെ (റിസോഴ്സുകളുടെ)പരമാവധി ഉപയോഗം എന്ന സമീപനവും അധ്യാപകർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടിവരും.
കത്തുന്ന ഒരു വിളക്കിനേ മറ്റൊരു വിളക്കിനെ കത്തിക്കാനാവൂ എന്ന് ടാഗോർ നിരീക്ഷിച്ചത് അധ്യാപകരെ ഉദ്ദേശിച്ചാണ്. അധ്യാപകൻ അറിവും അത്പകർന്നു നൽകാനുള്ള പ്രാപ്തിയും നിരന്തരം ആർജിക്കേണ്ടതിെൻറ പ്രാധാന്യമാണ് ഈവാക്കുകൾ വ്യക്തമാക്കുന്നത്.അതിനു സഹായകമായാണ് അധ്യാപകർക്ക് നൽകുന്നത്. പക്ഷേ, ഉയർന്ന വിദ്യാഭ്യാസനിലവാരമുള്ള രാജ്യങ്ങളിൽ നടക്കുന്ന രീതിയേ അല്ല അക്കാര്യത്തിൽ നാം പിന്തുടരുന്നത്. ഗുണരഹിതമായ ട്രെയിനിങ്ങുകൾ ആവശ്യമാണോ എന്നുപരിശോധിക്കേണ്ടതുണ്ട്. അധ്യാപകർ അറിവുകളും നൈപുണികളും സ്വയം ആർജിക്കുന്ന രീതി വളർത്തിയെടുക്കുന്നതാണ് അഭികാമ്യം. യാത്രകളും വായനയും സാമൂഹിക ഇടപെടലുകളുമൊക്കെ അധ്യാപകർ ഇതിനായി ഉപയോഗിക്കണം. നിരന്തരം വായിക്കണം, സിനിമകൾ കാണണം, കലാ-സാംസ്കാരികപ്രവർത്തനങ്ങളിൽ പങ്കെടുക്കണം, സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാവണം, അതിൽനിന്നുള്ള അനുഭവങ്ങളെല്ലാം അധ്യാപനത്തിെൻറ മികവ് ഉയർത്താനായി ഉപയോഗപ്പെടുത്തിയിരിക്കണം. സ്വയാർജിത അറിവുകളും നൈപുണികളും അധ്യാപനത്തെ മെച്ചപ്പെടുത്താവുന്ന ഏറ്റവും മികച്ച "ഇൻപുട്ടുകളാണ്."
(ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിങ് കോളജ് സോഷ്യൽ സയൻസ് വിഭാഗം അസി.പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.