ഭാവി സാങ്കേതികവിദ്യയില്‍ മുൻകൈ നേടാനും അതുവഴി ആഗോളനേതൃത്വം ഉറപ്പിക്കാനുമുള്ള കടുത്ത മത്സരത്തിലാണ് ചൈനയും അമേരിക്കയും. സ്വാഭാവികമായും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്തെ ഗവേഷണങ്ങൾക്കും വികസനങ്ങൾക്കുമായി നിക്ഷേപം നടത്തുന്നതിനെ തന്ത്രപ്രാധാന്യമുള്ള ദേശീയ താല്‍പര്യമായാണ് ഇരുരാജ്യങ്ങളും കരുതുന്നത്.
2030 ആകുമ്പോഴേക്കും ഈ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത അധീശത്വം സ്വന്തമാക്കുകയെന്നത് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യവുമാണ്. രാജ്യത്തിന്റെ അധികാരം കമ്യൂണിസ്റ്റ് പാ൪ട്ടിയില്‍ സദാ നിക്ഷിപ്തമായിരിക്കുമെന്ന് ഉറപ്പാക്കലും ചൈനയെ സംബന്ധിച്ചിടത്തോളം തുല്യ പ്രാധാന്യമുള്ള സംഗതിയാണ്.
രാജ്യത്തിനകത്ത് വിമതശബ്ദങ്ങളുയരുന്നില്ലെന്നും മതസ്വത്വങ്ങള്‍ പ്രകടമാകുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള നിതാന്ത ജാഗ്രത ഇതിന്റെ ഭാഗമാണ്. ഈ ജാഗ്രതാ നിരീക്ഷണങ്ങൾക്കായി ചൈനീസ് ഭരണകൂടം ആശ്രയിക്കുന്നത് നി൪മിതബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങളെയാണ്.
ഒരുകോടി 30 ലക്ഷം വരുന്ന ഉയിഗൂർ മുസ്‍ലിംകളെ അതിശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ക്കും ക്രൂരപീഡനങ്ങൾക്കും വിധേയരാക്കാൻ ചൈനീസ് ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ പരിശോധിച്ചാൽ നിർമിതബുദ്ധി മർദക ഭരണകൂടങ്ങളുടെ കൈയിലെത്തുമ്പോൾ എത്രമാത്രം അപായകരമായിരിക്കും എന്നതു സംബന്ധിച്ച ചിത്രം ലഭ്യമാവും.
ഹിംസാത്മക ഭീകരതയെ ചെറുക്കാൻ എന്ന പേരിലാണ് നിയമവിരുദ്ധ തടവ്, നിർബന്ധിത രാഷ്ട്രീയ വിദ്യാഭ്യാസം, സഞ്ചാര നിയന്ത്രണം, മതപരമായ അടിച്ചമർത്തൽ തുടങ്ങിയവയൊക്കെ സർക്കാർ നടത്തുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈയിടെ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന രാഷ്ട്രീയ തടവുകേന്ദ്രങ്ങളിൽ 10 ലക്ഷത്തോളം ഉയിഗൂർ വംശജർ നിർബന്ധിത മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഉയിഗൂർ മുസ്‍ലിംകളുടെ കേന്ദ്രമായ ഷിൻജാങ് പ്രവിശ്യയെ ഒരു തുറന്ന തടവറയാക്കി മാറ്റിയിരിക്കുന്നു.
ഉയിഗൂരുകളുള്‍പ്പെടെയുള്ള എല്ലാ തുർക്കിക്ക് വംശജരായ മുസ്‍ലിംകളെയും വരുതിയിലാക്കാൻ സർക്കാർ ഉപയോഗിക്കുന്നത് നി൪മിത ബുദ്ധിയുടെ പുതിയ അല്‍ഗോരിതങ്ങളാണ്. ഹ്യൂമ൯ റൈറ്റ്സ് വാച്ച് ഇതിനെ വിളിക്കുന്നത്, അല്‍ഗോരിതം ഓഫ് റിപ്രഷ൯ (അടിച്ചമ൪ത്തലിന്റെ അല്‍ഗോരിതം) എന്നാണ്.
ബിഗ് ഡേറ്റ അഥവാ വലിയ തോതില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ് ഈ പീഡനത്തിന്റെ കാതല്‍. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ചെറിയ ചലനങ്ങള്‍പോലും ചൂഴ്ന്നുനോക്കി സ൪ക്കാ൪ സംവിധാനങ്ങള്‍ അവ രേഖപ്പെടുത്തിവെക്കുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ.
എത്രമാത്രമെന്ന് വെച്ചാൽ, ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, വീട്ടുവളപ്പില്‍ ഉപയോഗിക്കുന്ന രാസവളത്തിന്റെ തോത്, വീട്ടിലെ വൈദ്യുതി ഉപയോഗം, എന്നുവേണ്ട സുഹൃദ്ബന്ധങ്ങളും ആശയവിനിമയങ്ങളും യാത്രകളും ആരാധനകളും വേഷവിധാനങ്ങളുംപോലും ക൪ശനമായി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും അവയില്‍ വരുന്ന ഏറ്റക്കുറച്ചിലുകളും അല്ലറ-ചില്ലറ വ്യതിയാനങ്ങളുമൊക്കെ നിരന്തരം ചോദ്യം ചെയ്യാനിടവരുകയുമൊക്കെ ചെയ്യുന്ന അവസ്ഥ.
ഇന്റഗ്രേറ്റഡ് ജോയന്റ് ഓപറേഷ൯സ് പ്ലാറ്റ്ഫോം (Integrated Joint Operations Platform - IJOP) എന്ന് പേരിട്ടുവിളിക്കുന്ന ബിഗ് ഡേറ്റ പ്രോഗ്രാമിലൂടെ ചൈന, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിവരശേഖരണവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹ്യൂമ൯ റൈറ്റ്സ് വാച്ചിന്റെ ചൈനീസ് ഗവേഷക മായ വാങ് പറയുന്നു.
ഈയിടെ ഷിൻജാങ് പ്രവിശ്യയിലെ ആക്സു പ്രദേശത്ത് സ൪ക്കാ൪ നടത്തിയ വിവരശേഖരണ പ്രക്രിയയുടെ ചോ൪ന്നുകിട്ടിയ രേഖകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് അവ൪ പറയുന്നു. പ്രത്യേക തടവറകളില്‍ പാ൪പ്പിച്ചിരിക്കുന്ന 10 ലക്ഷത്തോളം ഉയിഗൂറുകളെക്കുറിച്ച് അവരുടെ കുടുംബങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നു മാത്രമല്ല, എന്നെങ്കിലും അവ൪ മടങ്ങിവരുമെന്ന പ്രതീക്ഷയും അറ്റുപോയിരിക്കുന്നു.
ക്ലൗഡ് പൊലീസിങ്ങും പ്രെഡിക്ടിവ് അല്‍ഗോരിതങ്ങളുമാണ് സ൪ക്കാർ പ്രയോഗിക്കുന്നത്. വിശദീകരിച്ചുപറഞ്ഞാല്‍, ഓരോരുത്തരുടെയും വിവരങ്ങള്‍ പരമാവധി ശേഖരിച്ച് വലിയ ഡേറ്റ ബേസ് ഉണ്ടാക്കുകയും അവ വിശകലനം ചെയ്ത് ആരൊക്കെയാണ് ‘കുഴപ്പമുണ്ടാക്കാ൯’ സാധ്യതയുള്ളവരെന്ന് മെഷീനുകള്‍ പ്രവചിക്കുകയും ചെയ്യുന്ന രീതി. ഈ വിവരശേഖരണത്തിന് ഉപയോഗപ്പെടുത്തുന്നത് വിവിധ സേവനങ്ങള്‍ ലഭിക്കാ൯ സ൪ക്കാ൪തന്നെ നി൪ബന്ധമാക്കിയിട്ടുള്ള തിരിച്ചറിയല്‍ കാ൪ഡുകളാണ്.
കൂടാതെ മുഖം തിരിച്ചറിയാ൯ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള സി.സി.ടി.വി കാമറകള്‍ വഴിയും വിവരശേഖരണം നടത്തുന്നു. ഇ൯ഫ്രാറെഡ് സംവിധാനമുള്ളതിനാല്‍ രാത്രിയും കാണാ൯ സാധിക്കുന്ന ഈ കാമറകള്‍ സൂപ്പ൪ മാ൪ക്കറ്റുകള്‍, സ്കൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി മതപരമായി പ്രാധാന്യമുള്ള വ്യക്തികളുടെ വീടുകളില്‍ വരെ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും നെറ്റ് വ൪ക്കുകളുമായി ബന്ധിച്ചിട്ടുള്ള മറ്റു ഡിവൈസുകളുടെയും അഡ്രസുകള്‍ വൈഫൈ സ്നിഫേഴ്സ് വഴി ശേഖരിക്കുന്നു. എണ്ണമറ്റ സെക്യൂരിറ്റി ചെക്ക് പോയൻറുകളും ഗേറ്റഡ് കമ്യൂണിറ്റികളിലെ വിസിറ്റേഴ്സ് മാനേജ്മെന്റ് സിസ്റ്റവും വാഹനങ്ങളുടെ നമ്പ൪ പ്ലേറ്റുകള്‍ നിരീക്ഷിച്ചും വിവരശേഖരണം നടക്കുന്നു.
‘ശ്രീമതി ടി’ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുടെ ഉദാഹരണം ഹ്യൂമ൯ റൈറ്റ്സ് വാച്ച് എടുത്തുകാണിക്കുന്നു. ചില ‘സെ൯സിറ്റിവ്’ രാജ്യങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അവരെ തടവിലിട്ടിരിക്കുന്നത്. ഒരു വിദേശ രാജ്യത്തെ നമ്പറില്‍ നിന്ന് അവ൪ക്ക് നാലുതവണ ഫോണ്‍ വന്നുവെന്നതാണ് അതിന് കാരണം.
പരിശോധിച്ചപ്പോള്‍ ആ നമ്പ൪ വിദേശത്തുള്ള അവരുടെ സഹോദരിയുടേതാണ്. സഹോദരിയെ ബന്ധപ്പെട്ടപ്പോള്‍ അവ൪ പറഞ്ഞത് 2017 മാ൪ച്ചില്‍ നടന്ന ഈ ഫോണ്‍വിളികളുടെ പേരില്‍ ആ സ്ത്രീ ഇപ്പോഴും തടവിലാണെന്നാണ്. അതിനുശേഷം കുടുംബവുമായുള്ള അവരുടെ എല്ലാ ബന്ധവും അറ്റുപോയിരിക്കുന്നു.
‘ശ്രീമതി ടി’ ഇപ്പോള്‍ ചൈനയിലെ ഒരു ഫാക്ടറിയില്‍ ആഴ്ചയില്‍ അഞ്ചുദിവസവും നി൪ബന്ധിത ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ അവ൪ ചെയ്തുവന്ന ജോലി നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
എണ്‍പതുകളില്‍ ഖു൪ആ൯ പഠിച്ചതിന്റെ പേരിലും 2000ത്തില്‍ ഭാര്യയെ ഹിജാബ് ധരിക്കാനനുവദിച്ചതിന്റെ പേരിലും ഒരാളെ ചൈനീസ് സ൪ക്കാ൪ ഇപ്പോള്‍ തടവിലാക്കിയ സംഭവവും ഹ്യൂമ൯ റൈറ്റ്സ് വാച്ച് റിപ്പോർട്ടിലുണ്ട്. 2013ല്‍ അക്സു പ്രവിശ്യക്കുപുറത്ത് കഷ്ഗാ൪ പ്രവിശ്യയിലേക്ക് യാത്ര ചെയ്തു, മറ്റൊരിക്കല്‍ ഹോട്ടാ൯ പ്രവിശ്യയില്‍ രാത്രി താമസിച്ചു എന്നീ കാരണങ്ങളുടെ പേരില്‍ വേറൊരു സ്ത്രീയെയും അറസ്റ്റുചെയ്ത് തടവില്‍ വെച്ചിട്ടുണ്ട്.
അക്സു ലിസ്റ്റിലുള്ള ഏതാണ്ട് ഇരുന്നൂറോളം പേരെ ഭീകരതബന്ധം ആരോപിച്ച് തടവില്‍ പാ൪പ്പിച്ചിരിക്കുകയാണ്. പക്ഷേ ഇവരാരും ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവ൪ത്തനങ്ങളിലേ൪പ്പെടുകയോ അതിനെ പിന്തുണക്കുകയോ ചെയ്തവരല്ലെന്ന് സ൪ക്കാ൪ രേഖകള്‍ തന്നെ പറയുന്നു.
പക്ഷേ, നി൪മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മെഷീനുകള്‍ അവരെക്കുറിച്ച് സംശയങ്ങള്‍ പ്രവചിച്ചുവെന്നതു മാത്രമാണ് തടവിലാക്കാനുള്ള കാരണം! വി.പി.എ൯ (വെ൪ച്വല്‍ പ്രൈവറ്റ് നെറ്റ് വ൪ക്ക്), സ്കൈപ്, ഫയല്‍ ഷെയറിങ് ആപ്പായ സാപ്യ എന്നിവ ഉപയോഗിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരും ധാരാളമുണ്ട്. ഇത്തരത്തിൽ തടവിലാക്കപ്പെട്ട മിക്കവാറും ആളുകള്‍ തെറ്റായി തടവിലാക്കപ്പെട്ടവരാണെന്ന് കണ്ടെത്താനായി.
നിയമത്തിനെതിരായി അവ൪ എന്തെങ്കിലും പ്രവ൪ത്തിക്കുകയോ അക്രമപ്രവ൪ത്തനങ്ങളിലേ൪പ്പെടുകയോ ചെയ്തിട്ടില്ല. ഐ.ജെ.ഒ.പി മുഖേന നടത്തുന്ന പ്രെഡിക്ടിവ് പൊലീസിങ്ങിലൂടെ തു൪ക്കിക്ക് ജനതയെ മുഴുവ൯ തടവിലാക്കാനാണ് ചൈനീസ് സ൪ക്കാ൪ മുതിരുന്നത്. തങ്ങളുടെ നിത്യജീവിതത്തിലേക്കുള്ള ഈ അമിത കടന്നുകയറ്റത്തെ അവരില്‍ മിക്കവ൪ക്കും പ്രതിരോധിക്കാനോ ചോദ്യം ചെയ്യാനോ സാധിക്കുന്നില്ല.
കാരണം തങ്ങള്‍ ഇത്രയും വലിയ ഒരു ബ്ലാക്ക് ബോക്സ് നിരീക്ഷണത്തിലാണെന്നതോ അതെങ്ങനെയാണ് പ്രവ൪ത്തിക്കുന്നതെന്നതോ അവ൪ക്കറിയില്ല. അതിനാല്‍ ചൈനീസ് സ൪ക്കാ൪ എത്രയും പെട്ടെന്ന് ഈ പ്ലാറ്റ്ഫോം അടച്ചുപൂട്ടണമെന്നും ഇതുപയോഗപ്പെടുത്തി ശേഖരിച്ച വിവരങ്ങള്‍ മുഴുവ൯ ഡിലീറ്റ് ചെയ്യണമെന്നും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടവരെ മുഴുവ൯ മോചിപ്പിക്കണമെന്നും ഹ്യൂമ൯ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ സംഘടനകളുടെ ഇത്തരം ആവശ്യങ്ങളെ വകവെച്ച ചരിത്രം ചൈനക്കില്ല. 2030 ആകുമ്പോഴേക്ക് നിർമിത ബുദ്ധി സാങ്കേതിക വിദ്യയുടെ ലോകനേതാക്കളായി മാറുക എന്ന ലക്ഷ്യം സാധ്യമായാൽ അവിടത്തെ ജനങ്ങളുടെ, വിശിഷ്യാ തുർക്കിയക്ക് മുസ്‍ലിം സമൂഹത്തിന്റെ ജീവിതം അത്രകണ്ട് ദുരിതത്തിലാണ്ടുപോയേക്കും. അതിനൊപ്പം ചൈനയിൽനിന്ന് ഇത്തരം വിദ്യകൾ കടംകൊള്ളുന്ന രാജ്യങ്ങളിലും സമാനമായ മേൽ നിരീക്ഷണങ്ങളും അടിച്ചമർത്തലുകളും ആവർത്തിക്കപ്പെട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.