മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര പ്രതിസന്ധിയാണ് കോവിഡ് മഹാമാരി കേരളത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. കടവും, തൊഴിലില്ലായ്മയും, അഥവാ തൊഴിൽ ലഭ്യമാണെങ്കിൽതന്നെ അതിനു പോകാൻ കഴിയാത്ത സാഹചര്യവും എല്ലാംകൂടി അനേകം ജീവിതങ്ങളെ കശക്കിയെറിഞ്ഞിരിക്കുന്നു. ആത്മഹത്യാ മുനമ്പിൽ എത്തിനിൽക്കുന്ന നിസ്സഹായരുടെ എണ്ണവും പെരുകുന്നു. ഇക്കഴിഞ്ഞ മാസത്തിൻെറ ഒടുവിൽ, 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വ്യാപാരികളും വ്യവസായികളും എടുത്ത രണ്ടുലക്ഷം രൂപയിൽ താഴെ വരുന്ന കടങ്ങളുടെ പലിശയുടെ നിശ്ചിത ഭാഗം ഏറ്റെടുക്കുന്നതിനും സർക്കാർ കടമുറികളുടെ വാടക ഒഴിവാക്കുന്നതിനും ടൂറിസം - ചെറുകിട മേഖലകൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകുന്നതിനുമുള്ള തീരുമാനങ്ങൾ ശ്ലാഘനീയമല്ല എന്നു പറഞ്ഞു കൂടാ. എന്നാൽ, പണലഭ്യത കൂടുന്നതുകൊണ്ടോ, വായ്പകളിലെ പലിശയിൽ ആശ്വാസം നൽകുന്നതുകൊണ്ടോ പരിഹരിക്കത്തക്കതാണ് ഈ പ്രതിസന്ധി എന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ഇതിനോട് ചേർത്തു വായിക്കേണ്ടതാണ് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകൾ. കച്ചവടസ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ നേരിയ അയവു വരുത്തി എന്നല്ലാതെ സമ്പദ് വ്യവസ്ഥയെ തുറക്കുന്നതിനോ തൊഴിലും വരുമാന മാര്ഗങ്ങളും സുഗമമാക്കുന്നതിനോ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരാണ് കോവിഡ് ഏൽപ്പിച്ച ആഘാതത്തിനു ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗവും സംഘടിത വായ്പാകമ്പോളവുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്തവരാണ്. അതു കൊണ്ടുതന്നെ, സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻെറ ആനുകൂല്യത്തിന് ഇവർ അർഹരാകുന്നില്ല. 'സ്ഥാപന'ങ്ങളിലല്ലാതെ, ഉപജീവനം കഴിക്കുന്ന, അസംഖ്യം വരുന്ന തെരുവോരക്കച്ചവടക്കാരോ, കൊണ്ടുനടന്നു കച്ചവടം ചെയ്യുന്നവരോ പ്രഖ്യാപിത ലോക്ഡൗൺ ഇളവുകൾക്കു പുറത്താണ്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെ വെളിച്ചത്തിൽ, തുറക്കുന്ന സ്ഥാപനങ്ങളാകട്ടെ തങ്ങൾ വാങ്ങി െവക്കുന്ന ചരക്കുകൾ ആരുവാങ്ങും എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയായിരിക്കും ചെയ്യുക.
ഇവിടെ സംഗതമാകുന്നത് ക്ഷാമങ്ങളെക്കുറിച്ചുള്ള പ്രഫ. അമർത്യാ സെന്നിൻെറ കണ്ടെത്തലുകളാണ്. വിവിധ കാലഘട്ടങ്ങളിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുണ്ടായ ക്ഷാമങ്ങളെക്കുറിച്ചുള്ള പ്രഫ.സെന്നിൻെറ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഭക്ഷണം ലഭ്യമല്ലാതായതുകൊണ്ടല്ല, മറിച്ച്, ആൾക്കാരുടെ വാങ്ങൽശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് അവ സംഭവിച്ചത് എന്നായിരുന്നു. 1940 കളിലെ കുപ്രസിദ്ധമായ ബംഗാൾ ക്ഷാമം രൂക്ഷമായത് കോളറയും തൊഴിലില്ലായ്മയും ഇവമൂലം ആൾക്കാരുടെ ചോദനശേഷിയിൽ വന്ന കുറവും മൂലമായിരുന്നു.
ഇന്നത്തെ സാഹചര്യത്തിൽ ഉയരുന്ന മുഖ്യചോദ്യം ചോദനശേഷി എങ്ങനെ ഉയർത്താമെന്നതാണ്. പലരും നിർദേശിക്കുന്നതുപോലെ ഒറ്റത്തവണയായി നടത്തുന്ന വരുമാന കൈമാറ്റം (income transfer) ദീർഘ കാലാടിസ്ഥാനത്തിൽ ഇതിന് പരിഹാരമാർഗമാകുന്നില്ല. പരിഹാരമായി വരേണ്ടത് തൊഴിലും വരുമാനവുമാണ്. തൊഴിലും വരുമാനവും സൃഷ്ടിക്കപ്പെടണമെന്നുണ്ടെങ്കിൽ ഇപ്പോഴുള്ള അമിത നിയന്ത്രണങ്ങൾ - പ്രത്യേകിച്ചും ആൾക്കാരുടെ ചലനാത്മകതയെ ബാധിക്കുന്നവ - ലഘൂകരിക്കുകതന്നെ വേണം. ഒപ്പം, പൊതുനിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യണം. മൂലധനാധിഷ്ഠിതമായ വൻകിട നിക്ഷേപങ്ങളല്ല ഇപ്പോൾ ആവശ്യം ; പ്രത്യുത , മൂലധന നിർമിതിക്കുതകുന്ന, തൊഴിലധിഷ്ഠിതമായ ചെറുകിട പദ്ധതികളാണ്.
നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നു പറയുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം അതു രോഗവ്യാപനത്തിന് ഇടയാക്കില്ലേ എന്നതാണ്. എന്നാൽ, ഇത്ര കനത്ത നിയന്ത്രണങ്ങൾ ഉണ്ടായിട്ടു പോലും സംസ്ഥാനത്തിലെ രോഗവ്യാപനത്തിൻെറ തോത് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന കാര്യം നാം ഓർക്കാതെ പോകരുത്.
മറ്റു സംസ്ഥാനങ്ങളിലെ പോലെയുള്ള ഒരു ഗ്രാമ വ്യവസ്ഥ (village system ) അല്ല കേരളത്തിലുള്ളത്. ഒരു വളപ്പും (compound) അതിനുള്ളിൽ ഒരു വീടും എന്നതാണ് നമ്മുടെ പരമ്പരാഗത കാഴ്ചപ്പാട്. ഇത്തരത്തിലുള്ള വീടുകളുടെ ഒരു തുടർച്ചയാണ്, കോളനികളെ മാറ്റി നിർത്തിയാൽ, കേരളത്തിലെമ്പാടും കാണാൻ കഴിയുക. സമീപ കാലം വരെയും കോമ്പൗണ്ടുകൾ താരതമ്യേന വലുതും ഓരോ വീടും പരസ്പരം അകന്നു നിലകൊള്ളുന്നവയുമായിരുന്നു. ഇപ്പോഴാകട്ടെ വീടുകൾ തമ്മിലെ അകലം തുലോം തുച്ഛമായിരിക്കുന്നു. അതുകൊണ്ടു തന്നെ, ഒരു വീട്ടിൽ ഉണ്ടാകുന്ന രോഗബാധ അയൽ വീടുകളിൽ എത്തിച്ചേരുന്നതിന് സാധ്യതയും വർധിച്ചിരിക്കുന്നു മാത്രവുമല്ല, പല വീടുകളും സാമൂഹികാകലം അസാധ്യമാകുന്ന വിധം ഒറ്റ മുറി മാത്രമുള്ളവയാണ്. ഒരു വീട്ടിൽ ഒരാൾക്ക് രോഗബാധ ഉണ്ടായിക്കഴിഞ്ഞാൽ അതു മറ്റുള്ളവരിലേക്കും എത്തിച്ചേരുന്നു.
ഇവിടെ രോഗനിയന്ത്രണത്തിന് ആശാസ്യമായിട്ടുള്ളത് ഒരാളിൽ രോഗം കണ്ടെത്തിയാൽ ഉടൻ മാറ്റി പാർപ്പിക്കൽ കേന്ദ്രത്തിലേക്ക് (segregation centre) മാറ്റുക എന്നതാണ്. ഒപ്പം രോഗിയുടെ വീട്ടിലുള്ളവരെയും അയൽ വീടുകളിലുള്ളവരെയും അടിയന്തര രോഗപരിശോധനക്ക് വിധേയരാക്കുകയും രോഗബാധ ഇല്ലാത്തവർക്ക് മുഴുവൻ പ്രതിരോധ കുത്തിവെയ്പു നൽകുകയും ചെയ്യുക. വസൂരിക്കെതിരായ വാക്സിനേഷൻ രീതി ഇവിടെ പാഠമാക്കേണ്ടതാണ്. ഒരിടത്തു വസൂരി ഉണ്ടായിക്കഴിഞ്ഞാൽ ആ പ്രദേശം മുഴുവൻ വാക്സിനേഷൻ നൽകുക എന്നതായിരുന്നു അത്. ഇത്തരത്തിലുള്ള സെഗ്രഗേഷന് സെൻററുകളുടെ നടത്തിപ്പ് പൂർണമായും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായിരിക്കണം .
മുകളിൽ പറയാൻ ശ്രമിച്ചിട്ടുള്ളതിനെ ഇപ്രകാരം സംഗ്രഹിക്കാം. ഒന്ന്, ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയും ആളുകളുടെ ചലനാത്മകതയും തൊഴിലിലേക്കുള്ള തിരിച്ചു പോക്കും സാധ്യമാക്കുകയും ചെയ്യുക. ഒപ്പം, പൊതുനിക്ഷേപത്തിലൂടെ തൊഴിലവസരങ്ങളും, അതുവഴി വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കുക; രോഗം ബാധിക്കുന്നവരെ അടിയന്തരമായി രോഗബാധിതർക്കായുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവരുടെ കുടുംബാംഗങ്ങളെയും അയൽക്കാരെയും അടിയന്തര രോഗ പരിശോധനക്കും പ്രതിരോധ കുത്തിവെപ്പിനും വിധേയരാക്കുകയും ചെയ്യുക. കേന്ദ്രം നിർദേശിക്കുന്ന തരം പ്രതിരോധ രീതിയല്ല നമുക്കാവശ്യം ; മറിച്ച്, നമ്മുടെ സാഹചര്യത്തിനു യോജിച്ച തരത്തിലുള്ളതായിരിക്കണം. കേരളം സത്വരമായി ചെയ്യേണ്ടത് അമിതമായ നിയന്ത്രണങ്ങൾ ഇല്ലായ്മ ചെയ്യുകയാണ്. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്തിൻെറ സാമ്പത്തിക തകർച്ചയിലേക്ക് മാത്രമായിരിക്കില്ല കൊണ്ടുചെന്നെത്തിക്കുക, മറിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും നിഗ്രഹത്തിലേക്കായിരിക്കും.
(തിരുവനന്തപുരം സർക്കാർ വനിത കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.