പച്ചക്ക് തുന്നിയ ഡോക്ടർ

'ഡോക്ടറേ, എന്നാലും നിങ്ങളെന്നെ സൂചിവെക്കാതെ പച്ചക്ക് ഓപറേഷൻ ചെയ്തില്ലേ?'-ചുറ്റിലും രോഗികൾ തിങ്ങിനിറഞ്ഞ് തല പൊക്കാൻപോലും സമയമില്ലാത്ത ഒരു ഒ.പിയിൽ വെച്ച് വേദനയും അമർഷവും അടക്കിപ്പിടിച്ച ആ പറച്ചിൽകേട്ട് അക്ഷരാർഥത്തിൽ ഒന്നു ഞെട്ടി. ഇടപെടണോ എന്നമട്ടിൽ പുറത്തുനിന്ന് എത്തിനോക്കുന്ന എന്തിനുംപോന്ന രണ്ട് പയ്യന്മാരുമുണ്ട്. തേനീച്ചക്കൂടുപോലെ മൂളിക്കൊണ്ടിരുന്ന ഒ.പി പെട്ടെന്ന് നിശ്ശബ്ദമായി. കണ്ണ് നോക്കിക്കൊണ്ടിരുന്ന മറ്റു ഡോക്ടർമാരും രോഗികളും എല്ലാം നോട്ടം എന്‍റെ നേർക്കായി. കഴിഞ്ഞ ദിവസവും ഡോക്ടറെ ആക്രമിച്ച വിവരം കേട്ട അന്ധാളിപ്പിൽ വാക്കുകൾ ഒരു നിമിഷം തൊണ്ടയിൽ കുരുങ്ങിക്കിടന്നു.

ഏതാണ്ട് രണ്ടാഴ്ച മുമ്പാണ് ആദ്യമായി ഞാൻ ആ ഉമ്മയെ കാണുന്നത്. ഒരുപാട് ബന്ധുമിത്രാദികളുള്ള തറവാട്ടിലെ മൂത്ത മരുമകളാണ്; 68 വയസ്സ്. പ്രാഥമികവിദ്യാഭ്യാസം തന്നെ ഇല്ലെന്നുപറയാം. കുറച്ചു കാലങ്ങളായി കാഴ്ചക്ക് ഒരു മങ്ങൽ തുടങ്ങിയിട്ട്. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോൾ കണ്ണിൽ ഒരു ദശ വളരുന്നു, കൂടാതെ തിമിരവുമുണ്ട് എന്ന് പറഞ്ഞിരുന്നു. ഏതാണ്ട് 50,000 രൂപക്കടുത്തുവരും സർജറിക്ക്. സ്വകാര്യ ആശുപത്രിയിൽ ടാർഗറ്റ് തികക്കാനായി എല്ലാവർക്കും തിമിരമെന്നുപറഞ്ഞ് പറ്റിക്കുന്ന പതിവുണ്ടെന്ന് ചിലർ വിശ്വസിപ്പിച്ചതോടെ സത്യമറിയാനായാണ് ആ ഉമ്മ ഗവ. ആശുപത്രി ഒ.പിയിൽ വന്നത്. വീട്ടിനു പുറത്തുപോലും പോകാത്ത തനിക്ക് ഈ തിമിരം എങ്ങനെ വരാനാണ് എന്നായിരുന്നു ആദ്യ സംശയം.

നല്ല തിരക്കായിരുന്നെങ്കിലും അവരെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. കണ്ണ് മരുന്നൊഴിച്ച് പരിശോധിക്കാനും ഓപറേഷനു മുമ്പായി വന്ന് കാണിക്കാനും പറഞ്ഞിരുന്നു. അതായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. അന്നും ഒരുപാട് സംശയങ്ങൾ. തിമിരത്തിന് ചെയ്യുന്ന പലതരം ഓപറേഷനെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി. കമ്പ്യൂട്ടറിൽ ചെയ്യുന്ന ഓപറേഷൻ മതി എന്ന് ഇങ്ങോട്ട് പറയുകയായിരുന്നു ഉമ്മ. അതും സമ്മതിച്ചാണ് അന്ന് പിരിഞ്ഞത്. ഓപറേഷൻ ദിവസം ഒരു പ്രശ്നവുമില്ലാതെ കടന്നുപോയി. വേദനയോ വിഷമങ്ങളോ ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം കണ്ണിന്‍റെ കാഴ്ച കണ്ട് അവർ വലിയ സന്തോഷത്തിലായിരുന്നു. പിറക്കാതെപോയ കുട്ടിയാണ് ഞാൻ എന്നരീതിയിൽവരെയെത്തി സ്നേഹപ്രകടനങ്ങൾ.

അങ്ങനെ സന്തോഷത്തോടെ തിരിച്ചുപോയി ഒരാഴ്ചക്കുശേഷം അവലോകനത്തിനുവന്ന നേരത്താണ് ഉമ്മ അത് വിളിച്ചുപറഞ്ഞത്: 'ഡോക്ടറേ, ന്നാലും ഇങ്ങള് ന്നേ പച്ചക്ക് ഓപറേഷൻ ചെയ്തില്ലേ'. പെട്ടെന്ന് കേൾക്കുന്ന ആർക്കും ഡോക്ടറോട് അമർഷവും ആ ഹതഭാഗ്യയോട് അനുകമ്പയും തോന്നും. ചോദ്യത്തിനു പിന്നാലെ സകലരുടെയും കണ്ണുകൾ എന്റെ നേർക്ക് കൂർത്തു. ഇനിയുമെന്തെങ്കിലും പറയുകയും സംഭവിക്കുകയും ചെയ്യുന്നതിനു മുമ്പ് അവരെ അവിടെയുള്ള കസേരയിൽ ഇരുത്തി കാര്യങ്ങൾ ചോദിച്ചു. സംഭവം ഇങ്ങനെ:

ശസ്ത്രക്രിയക്കുശേഷം വേദനയോ പ്രശ്നങ്ങളോ ഇല്ലാതെ വളരെ നല്ല കാഴ്ച ലഭിച്ചു. എന്നെ പിറക്കാത്ത മകളായി പുന്നാരിച്ചശേഷം അവർ ബാഗെടുക്കാനും ഡിസ്ചാർജ് വാങ്ങാനുമായി വാർഡിലേക്ക് ചെന്നിരുന്നു. അവിടെ കണ്ണിലെ തിമിര ശസ്ത്രക്രിയ ചെയ്ത മറ്റു രോഗികളുമായി സംസാരിക്കവെ അവർക്ക് മനസ്സിലായി, കമ്പ്യൂട്ടറിൽ ഓപറേഷൻചെയ്ത സമയത്ത് അവരുടെ കണ്ണിൽ ഞാൻ സൂചിവെച്ചില്ല എന്ന്. മറ്റുള്ളവർക്ക് അവരുടെ ഓപറേഷൻചെയ്ത ഡോക്ടർ തരിപ്പിക്കാനുള്ള സൂചി വെച്ചിരുന്നുവെന്നറിഞ്ഞ ഉമ്മ ശരിക്കും ഞെട്ടി.

ഞാൻ പച്ചക്ക് അവരെ അറുത്തു മുറിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാൻ തുടങ്ങി. അന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിൽ എത്തിയിട്ടും പച്ചക്ക് കീറിമുറിച്ചു എന്ന അറിവ് അവരുടെ ഉള്ളിൽ സങ്കടമായി നീറി. അത്രനേരം ഒരു കുഴപ്പവുമില്ലാതെ കൂളായിരുന്ന ഉമ്മക്ക് അതോടെ കണ്ണിൽ അതികഠിനമായ വേദന തോന്നിത്തുടങ്ങി. മുമ്പ് തിമിര ശസ്ത്രക്രിയ ചെയ്ത ഉപ്പൂപ്പക്കും പരിചയത്തിലുള്ളവർക്കുമെല്ലാം സൂചിവെച്ചിട്ടുണ്ട്. കമ്പ്യൂട്ടറിൽ ചെയ്തവർക്കും അല്ലാത്തവർക്കും സൂചിവെച്ചിട്ടുണ്ട്. തനിക്കു മാത്രം ഈ ഡോക്ടർ സൂചിവെച്ചില്ല എന്ന സത്യം മനസ്സിലായതോടെ സകല സമാധാനവും പോയി.

അത് ചോദിക്കാനാണ് പേരക്കിടാങ്ങളെയും കൂട്ടി കുതിച്ചെത്തിയത്. വിളിച്ചടുത്തിരുത്തിയപ്പോൾ ഉമ്മയൊന്ന് തണുത്തു. അതോടെ പിള്ളാരും അടങ്ങി. തല്ല് വീഴും മുമ്പ് ഒരു തവണ കൂടി കാണാനും സംസാരിക്കാനും അവർക്ക് തോന്നിയതുതന്നെ മഹാഭാഗ്യം.

തിമിര ശസ്ത്രക്രിയകൾ പലത്

പണ്ടൊക്കെ ECCE (സാധാരണക്കാരുടെ ഭാഷയിൽ തുന്നിടുന്ന ശസ്ത്രക്രിയ)ആണ് ചെയ്തിരുന്നത്. ഇപ്പോൾ പൊതുവെ തുന്നിടേണ്ടാത്ത (SICS) ശസ്ത്രക്രിയയും അല്ലെങ്കിൽ കമ്പ്യൂട്ടറിൽചെയ്യുന്ന ശസ്ത്രക്രിയ (phacoemulsification)യുമാണ്. അതിലും അതിനൂതനമായ ശസ്ത്രക്രിയയാണ് Topical Phaco. സാധാരണക്കാരുടെ ഭാഷയിൽ തുന്നിടാതെ തുള്ളിമരുന്നൊഴിച്ച് കംപ്യൂട്ടറിൽ ചെയ്യുന്ന ശസ്ത്രക്രിയ. ഇതിലെ അവസാനം പറഞ്ഞതാണ് ഉമ്മക്ക് ചെയ്തത്.

മറ്റുള്ളവരുമായി സംസാരിച്ചപ്പോൾ തുന്നിടാതെ പച്ചക്ക് ഡോക്ടർ സർജറി ചെയ്‌തെന്ന് അവരങ്ങു തീരുമാനിച്ചു. തരിപ്പിക്കാനായി തുള്ളിമരുന്ന് ഉറ്റിച്ചതൊന്നും ആ ശുദ്ധമനസ്സിന്‍റെ തലയിൽ കയറിയില്ല. ഒരുവിധേന കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി. ഉമ്മക്ക് വീണ്ടും ആശ്വാസമായി, എനിക്ക് അതിലിരട്ടി ആശ്വാസം. പക്ഷേ, പുറത്തുള്ളവരുടെ മുഖത്ത് ഒരു തല്ലുമാല മിസ് ആയ നിരാശ നിഴലിച്ചിരുന്നു.

എനിക്കോ വളരെ അടുപ്പമുള്ളവർക്കോ അഭിമുഖീകരിക്കേണ്ടിവന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി എഴുതിയത്

Tags:    
News Summary - The doctor stitched in green flesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.