1991 ഡിസംബർ 25ന് മിഖായേൽ ഗോർബച്ചേവ് തന്‍റെ രാജി പ്രസംഗം പൂർത്തിയാക്കിയപ്പോൾ (AP Photo/Liu Heung Shing)

മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ഇന്നലെയാണ് ജീവൻവെടിഞ്ഞതെങ്കിലും മിഖായേൽ ഗോർബച്ചേവ് എന്ന രാഷ്ട്രീയക്കാരന്‍റെ 'അന്ത്യം' മൂന്ന് പതിറ്റാണ്ടുമുേമ്പ സംഭവിച്ചിരുന്നു. സോവിയറ്റ് യൂനിയൻ പിരിച്ചുവിട്ട് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ 1991 ഡിസംബർ 25ന് രാഷ്ട്രീയപരമായി ഗോർബച്ചേവ് അവസാനിച്ചു. ലോകക്രമത്തിന്‍റെ ഭാവിയെ വഴിതിരിച്ചുവിട്ട ആ വിധി നിർണായക ദിനത്തിൽ ഗോർബച്ചേവ് എന്തുചെയ്യുകയായിരുന്നുവെന്ന് െഎറിഷ് മാധ്യമപ്രവർത്തകനായ കൊണോർ ഒ ക്ലെറി (Conor O'Clery) തന്‍റെ വിഖ്യാതമായ Moscow, December 25, 1991: The Last Day of the Soviet Union, 2011 എന്ന പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. ആ ക്രിസ്മസ് ദിനം ഗോർബച്ചേവിന് എങ്ങനെയായിരുന്നു, എങ്ങനെയാണ് ആ പകൽ അദ്ദേഹം ചെലവിട്ടത്, സോവിയറ്റ് യൂനിയന്‍റെ ചരമപ്രഖ്യാപന പ്രസംഗം എങ്ങനെ തയാറായി, ആ ചടങ്ങിൽ എന്തൊക്കെ സംഭവിച്ചു...

'പ്രവ്ദ'യിലെ ഒറ്റക്കോളം വാർത്ത

മോസ്കോ

1991 ഡിസംബര്‍ 25. പ്രഭാതം

ക്രിസ്മസ് പ്രഭാതത്തില്‍ പതിവുപോലെ മോസ്കോക്ക് മേല്‍ മഞ്ഞുപെയ്യുകയാണ്. പൂജ്യത്തിന് താഴെയാണ് താപനില. ചരിത്രം കീഴ്മേല്‍ മറിയുന്ന ദിനത്തില്‍ മോസ്കോ വാസികള്‍ നേരത്തെ നിരത്തിലിറങ്ങി. ഈ പകല്‍ തങ്ങള്‍ക്ക് വേണ്ടി എന്താണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന ആശങ്ക എല്ലാവരുടെയും മുഖത്തുണ്ട്. നാട്ടുകാരുടെ സന്ദേഹമൊന്നും 'പ്രവ്ദ'ക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമാണ് 'പ്രവ്ദ'. സോവിയറ്റ് യൂനിയനില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റൊന്നും അവരെ ഏശാറില്ല. എങ്കിലും ഒന്നാം പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയുണ്ട്. അതിലാണ് വായനക്കാരുടെ ശ്രദ്ധ മുഴുവന്‍. ഈ ദിനം അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻറ് മിഖായേല്‍ ഗോര്‍ബച്ചേവ് ദേശീയ ടി.വി ചാനലില്‍ ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് വാര്‍ത്ത. ലോകത്തെ മറ്റെല്ലാ പത്രങ്ങളും ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന ആ വിവരം 'പ്രവ്ദ'ക്ക് മാത്രം ഒറ്റക്കോളം.

ബാര്‍വിഖ-4 എന്ന പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ ഗോര്‍ബച്ചേവ് പതിവിലും നേരത്തെ ഉണര്‍ന്നു. രാത്രി ഏറെ വൈകുവോളം ഉറക്കമൊഴിഞ്ഞതിന്‍റെ ഉന്‍മേഷകുറവ് മുഖത്ത് കാണാനുണ്ട്. ആറുവര്‍ഷം തങ്ങളുടെ സാന്ത്വനമായിരുന്ന ആ വീട് ഒഴിയുന്നതിന്‍റെ മനോവിഷമത്തിലായിരുന്നു വികാരജീവികളായ ഗോര്‍ബച്ചേവും ഭാര്യ റൈസയും. 1985ല്‍ വലതുകാല്‍ വെച്ച് ഈ വീട്ടിലേക്ക് കയറുമ്പോള്‍ ആയുഷ്കാലത്തേക്കുള്ള സംവിധാനമെന്നാണ് ഇരുവരും കരുതിയിരുന്നത്. ചരിത്രവും അവര്‍ക്കൊപ്പമായിരുന്നു. ഒന്നൊഴികെ എല്ലാ സോവിയറ്റ് നേതാക്കളും പുഷ്പശയ്യയില്‍ കിടന്നാണ് ഔദ്യോഗിക ഭവനം ഒഴിഞ്ഞിട്ടുള്ളത്. അധികാരത്തിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് സ്റ്റാലിന്‍റെ മരണം. പിന്നാലെ വന്ന ബ്രഷ്നേവ്, യൂറി ആന്ദ്രപ്പോവ്, ചെര്‍ണെങ്കോ എന്നിവരും അധികാരത്തിലിരുന്ന് ഇഹലോക വാസം വെടിഞ്ഞവരാണ്. സ്റ്റാലിന് തൊട്ടുടനെ ഭരണത്തിലെത്തിയ നികിത ക്രൂഷ്ചേവ് മാത്രമാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്, 1964ല്‍. 'യാഥാര്‍ഥ്യത്തിന് നിരക്കാത്ത തീരുമാനങ്ങളും നടപടികളു'മാണ് ക്രൂഷ്ചേവിനെ തെറിപ്പിച്ചതെന്ന് അന്ന് പ്രവ്ദ വിശദീകരിച്ചിരുന്നു. ക്രൂഷ്ചേവിന്‍റെ വിധിയാണ് രണ്ട് വ്യാഴവട്ടത്തിന് ശേഷം ഗോര്‍ബച്ചേവിനെയും കാത്തിരിക്കുന്നത്. ഇന്ന് വൈകീട്ട് ഈ കൊട്ടാരത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഗോര്‍ബച്ചേവ് വെറുമൊരു പൗരന്‍ മാത്രമായി തീര്‍ന്നിട്ടുണ്ടാകും.

തുകൽ കെയ്സിലെ രാജിക്കത്ത്

രാവിലെ 9.30

ഗോര്‍ബച്ചേവ് പുറപ്പെടാന്‍ തയാറായി. നേര്‍ത്ത തുകല്‍ കെയ്സിനുള്ളില്‍ തന്‍റെ രാജിക്കത്തുമായി അദ്ദേഹം സൂര്യ പ്രകാശത്തിലേക്കിറങ്ങി. പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്‍റെയും ഔദ്യോഗിക ഉപയോഗത്തിനുള്ള അത്യാധുനിക ലിമോസിന്‍ കാത്തു കിടപ്പുണ്ട്. പതിവുപോലെ മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ആണവ സ്യൂട്ട്കേസുമായി പിറകിലെ കാറില്‍ കേണലുകളും. മോസ്കോ നഗരത്തിലേക്ക് വാഹനവ്യൂഹം ഒഴുകിയിറങ്ങി. സോവിയറ്റ് സര്‍വസൈന്യാധിപന്‍റെ അവസാന യാത്ര.

ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്‍റെ കണ്ണാടിയിലൂടെ നിരത്തുകളിലെ ആള്‍ക്കൂട്ടത്തിലേക്ക് ഗോര്‍ബച്ചേവ് കണ്ണയച്ചു. തന്‍റെ സ്ഥാനാരോഹണത്തെ പ്രതീക്ഷയോടെ നോക്കിയ റഷ്യന്‍ ജനത ഒഴിഞ്ഞുപോകേണ്ട അപശകുനമായാണ് തന്നെ ഇന്ന് കാണുന്നതെന്ന് ഗോര്‍ബച്ചേവിന് അറിയാം. എങ്ങും അസംതൃപ്തി പടരുകയാണ്. ഭക്ഷ്യ ദൗര്‍ലഭ്യതയും ഭരണത്തിലെ വീഴ്ചകളും ഗോര്‍ബച്ചേവിനെ അനഭിമതനാക്കി. എന്തൊക്കെയായാലും ആളൊരു രസികനാണ് ഗോര്‍ബി. തനിക്കെതിരെ നാട്ടില്‍ പ്രചരിക്കുന്ന ഒരു തമാശ വിദേശരാജ്യ പ്രതിനിധികളോട് പറഞ്ഞ് അദ്ദേഹം ആര്‍ത്തു ചിരിക്കാറുണ്ട്; വോഡ്ക വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് വലഞ്ഞ ഒരു യുവാവ് കുപിതനായി 'ആ ഗോര്‍ബച്ചേവിനെ വെടിവെക്കാന്‍ ഞാനിതാ ക്രെംലിനിലേക്ക് പോകുന്നു' എന്ന് പ്രഖ്യാപിച്ച് പാഞ്ഞുപോയി. കുറച്ചുസമയം കഴിഞ്ഞ് നിരാശനായി തിരികെ വന്ന യുവാവിനോട് നാട്ടുകാര്‍ വിവരം ആരാഞ്ഞു. മറുപടി ഇങ്ങനെ: 'ഇതിലും വലിയ ക്യൂ ആണ് അവിടെ'.


'രാജിയല്ല, പ്രവർത്തനം നിർത്തുന്നു'

ഡിസംബര്‍ 25 - മധ്യാഹ്നം

അവസാന പ്രഖ്യാപനത്തിന് ഇനി നാലു മണിക്കൂര്‍ കൂടി. ഗോര്‍ബച്ചേവ് രാജി പ്രസംഗത്തിന്‍റെ പകര്‍പ്പ് ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ തുടങ്ങി. പെന്‍സിലുമെടുത്ത് സഹായികള്‍ക്ക് വേണ്ടി ഉറക്കെ വായിച്ചു. പ്രസിഡന്‍റിന്‍റെ വക്താവ് ഗ്രാച്ചേവ് ആണ് തിരുത്തലുകള്‍ക്ക് സഹായിക്കുന്നത്. 'രാജിവെക്കുകയാണ്' എന്ന പദം പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ ഗോര്‍ബച്ചേവിന് താല്‍പര്യമില്ല. പകരം 'സോവിയറ്റ് യൂനിയന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണ്' എന്ന് പറയാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. വാക്കുകളുണ്ടാക്കാവുന്ന പുകിലുകളെ കുറിച്ച് ഗോര്‍ബച്ചേവ് അപ്പോള്‍ ബോധവാനായിരുന്നില്ല. പലതവണ മാറ്റിയെഴുതി പ്രസംഗം കംപോസ് ചെയ്യാന്‍ കൊടുത്തയച്ചു.

സോവിയറ്റ് യൂനിയന്‍റെ അന്ത്യ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ അമേരിക്കന്‍ ചാനലായ എ.ബി.സി നേരത്തെ തന്നെ ക്രെംലിനില്‍ തമ്പടിച്ചിട്ടുണ്ട്. ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകന്‍ ടെഡ് കോപ്പലും കാമറാമാന്‍ റിക് കപ്ലാനുമാണ് അന്ത്യകൂദാശക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിട്ടുള്ളത്. ഗോര്‍ബച്ചേവ് അവരെ ഓഫിസിലേക്ക് വിളിപ്പിച്ചു. 'സൈന്യത്തിന്‍റെ നിയന്ത്രണം കൈയിലുള്ളതുകൊണ്ട് വേണമെങ്കില്‍ ഇനിയും അധികാരത്തില്‍ തുടരാനാവുമായിരുന്നോ' എന്ന് കോപ്പല്‍ ചോദിച്ചു. അധികാരം നിലനിര്‍ത്താന്‍ നിലപാട് മാറ്റുന്നവര്‍ ഇവിടെ ഒരുപാടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് അസ്വീകാര്യമാണ്. മറ്റെന്തിനേക്കാളും അധികാരത്തില്‍ തുടരുന്നതായിരുന്നു പ്രധാനമെങ്കില്‍ അതിന് ഇപ്പോഴും ഒരു പ്രയാസവുമില്ല.' ഗോർബച്ചേവിന്‍റേത് വെറും വാചകമടിയാണെന്ന് കോപ്പലിന് അറിയാം. അങ്ങനെ അധികാരത്തില്‍ തുടരാനുള്ള കാലം അദ്ദേഹത്തെ കടന്ന് പോയിട്ട് ഏറെയായിരിക്കുന്നു.



(ഗോർബച്ചേവിന്‍റെ രാജിപ്രസംഗം ടി.വിയിൽ കാണുന്നവർ. (AP Photo/Sergei Kharpukhin))

 

'ചരിത്രത്തിന്‍റെ ചരമം'

ഡിസംബര്‍ 25. സായാഹ്നം

'ചരിത്രത്തിന്റെ ചരമം' പ്രഖ്യാപിക്കാന്‍ ഇനി 10 മിനിറ്റ്. പ്രസിഡന്‍റിന്‍റെ സ്റ്റൈലിസ്റ്റ് സ്ഥലത്തെത്തി. ഒരു യുവതിയാണ്. ഗോര്‍ബച്ചേവിന്‍റെ പിന്‍തലയിലെ ഇത്തിരി മുടി അവര്‍ ഭംഗിയായി ചീകിവെച്ചു. നെറുകയിലെ വിശ്വവിഖ്യാതമായ ആ പാടിന് മുകളില്‍ നല്ലപോലെ പൗഡറിട്ടു. ടി.വി കാമറകള്‍ തയാറായോ എന്ന് അദ്ദേഹം പരിചാരകരോട് ആരാഞ്ഞു. നാലാം നമ്പര്‍ മുറിയില്‍ തല്‍സമയ സംപ്രേഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞതായി യാകോവ്ലേവ് അറിയിച്ചു. 'അല്ല, പ്രഖ്യാപനം എന്‍റെ ഓഫിസ് മുറിയില്‍ വെച്ചല്ലേ' ^അസ്വസ്ഥനായ ഗോര്‍ബച്ചേവ് ചോദിച്ചു.

ഒരുപാട് പത്രപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും തല്‍സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങളും ഉള്ളതിനാല്‍ നാലാം നമ്പര്‍ മുറിയില്‍ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നുവെന്ന് മറുപടി. മണിക്കൂറുകള്‍ എടുത്താണ് ആ മുറി ഒരുക്കിയെടുത്തത്. അതൊക്കെ പ്രസിഡൻറിന്‍റെ ഓഫിസിലേക്ക് മാറ്റാന്‍ ഇനി സമയമില്ല. സംപ്രേഷണം കാണുന്ന ലോകജനതക്ക് അത് പ്രസിഡന്‍റിന്‍റെ ഓഫിസാണെന്ന് തോന്നാന്‍ വേണ്ട കാര്യങ്ങളൊക്കെ ചെയ്തിട്ടുമുണ്ട്.

തല്‍സമയ സംപ്രേഷണത്തിന് അനുമതി ലഭിച്ചിട്ടുള്ളത് അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിനുമാത്രം. കമ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ പരാജയം ലോകം കാണുന്നത് മുതലാളിത്തത്തിന്‍റെ പ്രതീകം വഴിയാകട്ടെയെന്നത് ഒരു കാവ്യനീതിയായിരിക്കാം. ഗള്‍ഫ് യുദ്ധത്തിന്റെ വിജയകരമായ റിപ്പോര്‍ട്ടിങിന് ശേഷം സി.എന്‍.എന്‍ കൈവരിച്ച വലിയ നേട്ടമാണ് സോവിയറ്റ് പ്രസിഡന്റിന്റെ രാജിപ്രഖ്യാപനം തല്‍സമയം കാണിക്കാനുള്ള അവകാശം സമ്പാദിച്ചത്. നാലാം നമ്പര്‍ മുറിയുടെ ഇടനാഴിയില്‍ അവരുടെ സംവിധാനങ്ങളൊക്കെ തയാറായിക്കഴിഞ്ഞു. '153 രാജ്യങ്ങളില്‍ സി.എന്‍.എന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്' ^യാകോവ്ലേവ് ഗോര്‍ബച്ചേവിനോട് പറഞ്ഞു. 'ഊം'^ഗോര്‍ബച്ചേവ് മൂളി. അനന്തരം സോവിയറ്റ് യൂനിയന്‍ പ്രസിഡന്‍റിന്‍റെ ഓഫിസില്‍ നിന്ന് ഇതവസാനമായി ഗോര്‍ബച്ചേവ് പുറത്തേക്ക് നടന്നിറങ്ങി.

നാലാം നമ്പര്‍ മുറി ഗോര്‍ബച്ചേവിന്‍റെ ഓഫിസിന്‍റെ മാതൃകയില്‍ സജ്ജീകരിച്ചിട്ടുണ്ട്. യഥാര്‍ഥ മുറിയിലേതുപോലുള്ള വിളക്കുകള്‍. അതേ പച്ച പരവതാനി. അതേ ഡെസ്ക്. അതിന്‍മേല്‍ നാലുഫോണുകള്‍. നാലും കണക്ട് ചെയ്തിട്ടില്ല. ചുമ്മാ ലോകത്തിന് കാണാന്‍ വേണ്ടി മാത്രം വെച്ചിരിക്കുന്നതാണല്ലോ. പ്രസിഡൻറിന്‍റെ കസേരക്ക് പുറകില്‍ കാമറയില്‍ പതിയും വിധം സോവിയറ്റ് പതാക. വലതുവശത്തെ ചുവരില്‍ വെളുത്ത കര്‍ട്ടന്‍.




 

അമേരിക്കൻ പേന

സി.എന്‍.എന്‍ കോര്‍പറേഷന്‍റെ പ്രസിഡൻറ് യു.എസ് പൗരനായ ടോം ജോണ്‍സണ്‍ അവസാന ഒരുക്കങ്ങള്‍ പരിശോധിച്ചുകൊണ്ട് മുറിയിലുണ്ട്. മുറിയിലേക്ക് കടന്ന് വന്ന ഗോര്‍ബച്ചേവ് ജോണ്‍സണ് ഹസ്തദാനം നല്‍കി. തുടര്‍ന്ന്, നേരെ തന്‍റെ ഡെസ്കിന് പിന്നിലെ കസേരയിലിരുന്നു. മുറി ഉടന്‍ ഒഴിപ്പിക്കപ്പെട്ടു. സി.എന്‍.എന്‍ ജീവനക്കാരും സോവിയറ്റ് ഭരണകൂടത്തിലെ ഉന്നതരും മാത്രമായി മുറിയില്‍. കൈയില്‍ കരുതിയിരുന്ന പച്ച കവറില്‍ നിന്ന് ഗോര്‍ബച്ചേവ് കുറെ കടലാസുകള്‍ വലിച്ചെടുത്തു. രണ്ട് കരാറുകളും രാജി പ്രസംഗവും. കരാറുകള്‍, സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്ത് രാജി ഉടമ്പടിയും സൈന്യത്തിന്റെ പരമാധികാരം യെല്‍സിന് കൈമാറുന്ന ഉടമ്പടിയുമാണ്. പാലൊഴിച്ച ഒരുകപ്പ് കാപ്പി ഡെസ്കിന് മുകളില്‍ കൊണ്ടുവെക്കപ്പെട്ടു. ഗോര്‍ബച്ചേവ് കടലാസുകള്‍ നേരെയാക്കി. തലതാഴ്ത്തി തന്നോട് മന്ത്രിച്ചു: 'നിനക്ക് പോകാം, ഇതാ സമയമായിരിക്കുന്നു.' ഉടമ്പടികളില്‍ ഇപ്പോള്‍ ഒപ്പുവെക്കണമോ അതോ പ്രസംഗത്തിന് ശേഷം മതിയോ എന്ന് പുറകില്‍ നിന്ന ചെര്‍ണയേവിനോടും ഗ്രാച്ചേവിനോടും ചോദിച്ചു. ശേഷം മതിയെന്ന് അവര്‍. ആ തരത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തല്‍സമയ സംപ്രേഷണത്തിന് സമയം അടുത്തുവരുന്നു. പ്രസിഡന്‍റിന്‍റെ ടൈയില്‍ ഒരുടെക്നീഷ്യന്‍ മൈക്ക് സ്ഥാപിച്ചു. പെട്ടെന്ന് ഒരു ഉള്‍പ്രേരണയാലെന്ന വണ്ണം ഗോര്‍ബച്ചേവ് കോട്ടിനുള്ളില്‍ നിന്ന് പേന വലിച്ചെടുത്തു. കൊണ്ടുവന്ന പച്ച കവറിന് മുകളില്‍ എഴുതി നോക്കി. തെളിയുന്നില്ല. 'ആന്ദ്രെ, ഇതു തെളിയുന്നില്ലല്ലോ. വേറൊന്നു തരാമോ'- തന്‍റെ ഔദ്യോഗിക വക്താവിനോട് ചോദിച്ചു.

ഏതാനും ചുവട് അകലെ നില്‍ക്കുകയായിരുന്ന സി.എന്‍.എന്നിന്‍റെ ജോണ്‍സണ്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ പോക്കറ്റില്‍ നിന്ന് മോ ബ്ലാ (mont blanc)യുടെ ബോള്‍ പോയിൻറ് പേന എടുത്ത് പ്രസിഡൻറിന് നേരെ നീട്ടി. പ്രസിഡൻറിന് സമീപത്തെ ചലനം ശ്രദ്ധിച്ച അംഗരക്ഷകര്‍ ഓടിയെത്തി. ഗോര്‍ബച്ചേവ് വിലക്കി. 25ാം വിവാഹ വാര്‍ഷികത്തിന് ഭാര്യ എഡ്വിന ജോണ്‍സണ് സമ്മാനിച്ചതാണ് പേന. കാലത്തിന്റെ ഓരോ തമാശകളേ. സോവിയറ്റ് സാമ്രാജ്യത്തിന്റെ ചരമക്കുറിപ്പെഴുതാന്‍ അതിന്റെ ഏറ്റവും വലിയ പ്രതിയോഗിയുടെ പ്രതിനിധിയുടെ പേന.

'അമേരിക്കന്‍ നിര്‍മിതമാണോ' - ജോണ്‍സന്റെ കൈയില്‍ നിന്ന് പേന വാങ്ങവേ ഗോര്‍ബച്ചേവ് കൃത്രിമ ഗൌരവത്തോടെ ചോദിച്ചു. 'അല്ല സര്‍, ഫ്രഞ്ചോ, ജര്‍മനോ ആയിരിക്കും'. എന്നാല്‍ പിന്നെ ഞാന്‍ ഉപയോഗിക്കാം എന്ന് ചിരിച്ചുകൊണ്ട് ഗോര്‍ബച്ചേവ്. പച്ച കവറിന് മുകളില്‍ എഴുതി നോക്കി. തൃപ്തനായി. ചരിത്രമുഹൂര്‍ത്തം സൃഷ്ടിച്ച മാനസിക സമ്മര്‍ദത്തില്‍ ഗോര്‍ബച്ചേവ് മുന്‍ തീരുമാനം മറന്നു. പ്രസംഗത്തിന് മുമ്പ് തന്നെ സോവിയറ്റ് സാമ്രാജ്യം പിരിച്ചുവിട്ടുകൊണ്ടുള്ള ഉടമ്പടികളില്‍ ഒപ്പിട്ടു. ആരും അത് ശ്രദ്ധിച്ചില്ല. 'ചരിത്രം അവസാനിച്ചത്' ഷൂട്ട് ചെയ്തുമില്ല. ഒപ്പിട്ട ശേഷം മേശപ്പുറത്തെ കാപ്പിക്കപ്പിനടുത്ത് പേന വെച്ചു. പേപ്പറുകള്‍ പച്ച കവറിനുള്ളിലാക്കി.




 

153 രാഷ്ട്രങ്ങളിലേക്ക് സി.എന്‍.എന്നിന്‍റെ തല്‍സമയ സംപ്രേഷണം ആരംഭിച്ചു. മോസ്കോയില്‍ സമയം 7.00. കണ്ണട എടുത്തു നോക്കി, പൊടിതട്ടി. വാച്ചില്‍ നോക്കി സമയം ഉറപ്പാക്കി. തുടര്‍ന്ന് നേരെ കാമറയിലേക്ക് നോക്കി ഗോര്‍ബച്ചേവ് വായിക്കാന്‍ തുടങ്ങി. ടെലി പ്രോംപ്റ്ററിന്റെ സഹായം കൂടാതെ. 'എന്‍റെ പ്രിയ നാട്ടുകാരേ, സഖാക്കളേ...' ലോകം വീര്‍പ്പടക്കി ആ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങി. ഗോര്‍ബച്ചേവിന്റെ ശബ്ദം വിറക്കുകയാണെന്നും അദ്ദേഹം തകരുകയാണെന്നും കാമറക്ക് പിന്നില്‍ നില്‍ക്കുകയായിരുന്ന ഗ്രാച്ചേവിന് തോന്നി. പക്ഷേ, നിമിഷങ്ങള്‍ക്കകം ഗോര്‍ബച്ചേവ് സമനില വീണ്ടെടുത്തു. '....എല്ലാവര്‍ക്കും നന്മ നേരുന്നു'- കാമറയിലേക്ക് നോക്കി ഗോര്‍ബച്ചേവ് അവസാന വാക്കുകള്‍ പറഞ്ഞു. സമയം 7.12.

കാമറ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് ഉറപ്പുവരുത്തിയശേഷം നെടുവീര്‍പ്പിട്ട് ഗോര്‍ബച്ചേവ് കസേരയിലേക്ക് മലര്‍ന്നു. മുറിയില്‍ ശ്മശാന മൂകത. ഏതാനും നിമിഷങ്ങളെടുത്തു മുറിയില്‍ അനക്കം വെക്കാന്‍. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ മേശപ്പുറത്തെ പേനയും ഗോര്‍ബച്ചേവ് കൂടെയെടുത്തു. കോട്ടിനുള്ളിലേക്ക് തിരുകി. ജോണ്‍സണ്‍ അതിവേഗം ചിന്തിച്ചു. ചരിത്രമാണ് കൈവിട്ടുപോകുന്നത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്തെ ഇല്ലാതാക്കിയ ആ പേന നഷ്ടപ്പെടുത്താന്‍ വയ്യ. ഇടനാഴിയില്‍ വെച്ച് ഗോര്‍ബച്ചേവിനെ പിടിച്ചു. 'സര്‍, എന്‍റെ പേന.' 'ഓ. യെസ്' ഒരു ചിരിയോടെ ആ പേന ഗോര്‍ബച്ചേവ് കൈമാറി.

ഗോര്‍ബച്ചേവിന്‍റെ പ്രസംഗം കഴിഞ്ഞ് 20 മിനിറ്റായി കാണും. സെനറ്റ് കെട്ടിടത്തിന്‍റെ ഗോപുരത്തിലേക്കുള്ള ഇരുമ്പ് ഏണിപ്പടികള്‍ രണ്ട് ജോലിക്കാര്‍ കയറുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന ആറുമീറ്റര്‍ നീളവും മൂന്നുമീറ്റര്‍ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക അവര്‍ അഴിച്ചിറക്കി. പകരം റഷ്യന്‍ പതാക പാറി. അഴിച്ചിറക്കിയ സോവിയറ്റ് പതാക ഹോട്ടല്‍ വെയ്റ്റര്‍ ടേബിള്‍ ക്ലോത്ത് മടക്കികൊണ്ടു പോകുന്നതുപോലെ അവര്‍ ക്രെംലിന്‍റെ നിലവറയിലേക്ക് കൊണ്ടുപോയി. സമയം 7.32. 

Tags:    
News Summary - The Last Day of the Soviet Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.