ഭീമ-കൊറേഗാവ് -എൽഗാർ പരിഷത് കേസിൽ കുറ്റാരോപിതനായി ഒമ്പതു മാസമായി ജയിലിൽ കഴിയുകയാണ് ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകൻ പ്രഫ. ഹാനി ബാബു. നീതിനിർവഹണത്തിൽ വരുന്ന ഓരോ ദിവസത്തിലെ വൈകലും നീതി നിഷേധമാണെന്ന് ഓർമപ്പെടുത്തുകയാണ് അദ്ദേഹത്തിെന്റ കുടുംബം
ഏറ്റവും മോശപ്പെട്ട പിഴവ് പിഴവാണ് ശരിയെന്ന് ശഠിക്കലാണ്. ബികെ-16 കേസിൽ അതാണ് സംഭവിച്ചിരിക്കുന്നതും. ഇതിനകം 16 പേരെ അറസ്റ്റിലാക്കിയ ഭീമ-കൊറേഗാവ് -എൽഗാർ പരിഷത് കേസ് തുടങ്ങുന്നത് ഒരു കൊലപാതക ആരോപണ ഗൂഢാലോചനയെന്ന് പറഞ്ഞാണ്, പൊടുന്നനെയത് പേഴ്സനൽ കമ്പ്യൂട്ടറുകളിൽ മറ്റെവിടെ നിന്നോ തിരുകിക്കയറ്റിയ നേരെന്ന് ഉറപ്പിക്കാത്ത, സാക്ഷ്യപ്പെടുത്താത്ത കുറെ കത്തിടപാടുകളായി ചുരുങ്ങി. എന്നിട്ട് ഭരണകൂടം ഇപ്പോഴും നീതിയെ തടഞ്ഞു നിർത്തുകയാണ്.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 12ാമത്തെ വ്യക്തിയാണ് ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ എം.ടി. ഹാനി ബാബു. അറിയാത്തവർക്കായി പറയട്ടെ ഹൈദരബാദ് ഇഫ്ലുവിലും ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്ത്ര വിദഗ്ധനാണ്. സ്വയം സമർപ്പിതനായ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകൻ. അംബേദ്കറൈറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന അദ്ദേഹം ജീവിതവും പ്രവർത്തനങ്ങളും ചെലവിട്ടതു മുഴുവൻ ജാതിവിരുദ്ധപ്പോരാട്ടത്തിനും സാമൂഹിക നീതിക്കുമായാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം കാണാൻ എന്നും ഇറങ്ങി പുറപ്പെടാറുള്ള അദ്ദേഹത്തെ തികഞ്ഞ ജനാധിപത്യബോധവും പരിജ്ഞാനവുമുള്ള ധിഷണാശാലിയായ സുഹൃത്തായി വിദ്യാർഥികളും പണ്ഡിതരും ഒരുപോലെ സ്നേഹിക്കുന്നതിന് കാരണവും മറ്റൊന്നല്ല.
ഭീമ-കൊറേഗാവ് -എൽഗാർ പരിഷത് കേസിനെ ചൂഴ്ന്ന് നിൽക്കുന്ന കൊടിയ അനീതിയും ഹാനി ബാബുവിനെ അതിലൊരു കുറ്റാരോപിതനായി ചേർത്ത രീതിയുമെല്ലാം അത്യന്തം അലോസരപ്പെടുത്തുന്നവയാണ്. അഞ്ചു ദിവസം നീണ്ട ഒരു കഴമ്പുമില്ലാത്ത ചോദ്യം ചെയ്യലിനൊടുവിൽ 28 ജൂലൈ 2020നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഇതിനു മുന്നോടിയായി വിരട്ടാനുദ്ദേശിച്ച് രണ്ട് തവണ വീട്ടിൽ റെയ്ഡ് നടത്തി. യു.എ.പി.എ അനുസരിച്ചാവണം, തെളിവുശേഖരണത്തിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളുെമാന്നും പാലിക്കാതെ, ശരിയായ ഒരു സെർച് വാറൻറ് പോലുമില്ലാതെ 2019 സെപ്റ്റംബറിലും 2020 ആഗസ്റ്റിലും നടന്ന സുദീർഘ റെയ്ഡുകളിൽ പുസ്തകങ്ങൾ, രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം എടുത്തുകൊണ്ടുപോയി. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിലെ രേഖകൾ സംബന്ധിച്ച പട്ടികയൊന്നും നൽകാഞ്ഞതിനാൽ അതിൽ കൃത്രിമം കാണിക്കാൻ ആവത് അവസരവും അവർക്ക് കൈവന്നു. നിയമങ്ങൾ കാറ്റിൽപറത്തി നടത്തിയ തിരച്ചിൽ-പിടിച്ചെടുക്കൽ പ്രക്രിയയും പകർച്ചരോഗം പടരുന്ന ഘട്ടത്തിലെ സമൻസും അറസ്റ്റുമെല്ലാം എക്കാലത്തും ജനാധിപത്യ മാർഗങ്ങളിൽ അടിയുറച്ചു നിന്ന, നിയമവാഴ്ചയിൽ ഉറച്ചു വിശ്വസിച്ച ഹാനി ബാബുവിനെപ്പോലൊരാളോട് കാണിച്ച കടുത്ത അനീതിയാണ്.
തന്നെപ്പോലുള്ള വിചാരണത്തടവുകാരാൽ തിങ്ങിനിറഞ്ഞ മുംബൈയിലെ ജയിലിൽ നിരപരാധിയായ ആ മനുഷ്യൻ ഇതിനകം ഒമ്പതു മാസം ചെലവിട്ടുകഴിഞ്ഞു. അറസ്റ്റിനു മുമ്പ് നടന്ന ചോദ്യം ചെയ്യലിനിടെ തന്നോട് കേസിൽ സാക്ഷിയാവാനും അതിനകം അറസ്റ്റിലായിരുന്ന ആർക്കോ എതിരെ മൊഴി നൽകാനും എൻ.ഐ.എ ഒാഫിസർമാർ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നു. മറ്റുള്ളവരെ കുടുക്കാൻ കൂട്ടുനിൽക്കാഞ്ഞത് ഉദ്യോഗസ്ഥർക്ക് അത്ര പിടിച്ചിട്ടില്ലെന്ന കാര്യം അറസ്റ്റിന് മുമ്പ് സ്വന്തം െമാബൈൽ ഫോണിൽ നിന്ന് അവസാനമായി വിളിച്ചപ്പോൾ സൂചിപ്പിച്ചിരുന്നു. ശ്ലാഘ്യമായ സത്യസന്ധത പുലർത്തുന്ന അദ്ദേഹത്തെ ഒരു പാഠംപഠിപ്പിച്ചു കളയാമെന്ന് എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ടാവും. കുറ്റാരോപണം മാത്രം മതി അദ്ദേഹത്തെ ഒരു 'മാവോയിസ്റ്റ്' ആയി മുദ്രകുത്തി അനിശ്ചിതകാലത്ത് തടവറയിലിടാൻ പോന്ന 'തെളിവ്' എന്ന മട്ടിലാണിപ്പോൾ കാര്യങ്ങൾ. പുതുതായി പിടിയിലായവരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ പരിശോധിക്കണമെന്നും ന്യായം പറഞ്ഞ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിക്കാൻ തുണയാവുന്ന പ്രത്യേകമൊരു മാതൃകയിലാണ് കേസിലെ 16 അറസ്റ്റുകളും ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ പലകോണുകളിലുള്ള, പരസ്പരം എന്തെങ്കിലും അടുപ്പങ്ങളില്ലാത്ത, ഒരുപോലെ നിരപരാധികളായ 16 പേരെ തടവിൽ വെച്ചിരിക്കുന്ന ഈ കേസ് ഒരു പിഴവല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും എൻ.ഐ.എ.
മഹാരാഷ്ട്രയിലെ ജയിലുകളിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് കണ്ട് ബോംബേ ഹൈകോടതി സ്വമേധയാ പൊതുതാൽപര്യ വ്യവഹാരം ആരംഭിച്ച ഒരു ഘട്ടത്തിലാണ് ഹാനിയുടെ കുടുംബാംഗങ്ങളായ ഞങ്ങൾ ഞങ്ങളുടെ വേദനയും ആകുലതകളും ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നത്.
പട്ടികജാതി-വർഗ സമൂഹത്തിനെതിരെ ഡൽഹി സർവകലാശാലയിൽ നിലനിന്നിരുന്ന വിവേചനത്തിന് അന്ത്യം കുറിക്കാനും ഒ.ബി.സി സംവരണം ഉറപ്പാക്കാനും അവിശ്രാന്തം പരിശ്രമിച്ച തുടക്കക്കാരിൽ ഒരാളായ ഹാനി ചെയ്ത ഏക 'അപരാധം' സാമൂഹിക നീതിയും ജാതിവിരുദ്ധപോരാട്ടങ്ങളും സംബന്ധിച്ച അംബേദ്കർ തത്വങ്ങളോട് പുലർത്തിയ കണിശമായ പ്രതിബദ്ധതയാണ് എന്ന് സംശയലേശമന്യേ പറയാനാവും. സഹപാഠിയായും പിന്നീട് സഹപ്രവർത്തകനായും പരിചിതനായിരുന്ന ജി.എൻ. സായിബാബയുടെ ജയിൽ മോചനത്തിന് വേണ്ടിയുള്ള കമ്മിറ്റിയിൽ അദ്ദേഹം സജീവമായിരുന്നു. (90 ശതമാനം ശാരീരിക വ്യതിയാനങ്ങളുള്ള സായിബാബ ഇപ്പോഴും ജയിലിൽ ദുരിതപ്പെടുകയാണ്). സംവരണം ഉറപ്പാക്കാനോ അതുമല്ലെങ്കിൽ നീതിപൂർണമായ വിചാരണ ലഭിക്കാനുള്ള ഒരു പൗരന്റെ അവകാശങ്ങൾക്ക് വേണ്ടിയോ തികച്ചും നിയമാനുസൃതമായി നടത്തുന്ന പ്രയത്നങ്ങളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും മാവോവാദിബന്ധത്തിനുമുള്ള തെളിവായി വ്യാഖ്യാനിക്കുന്നത് നടുക്കുന്നതും ഞെട്ടിക്കുന്നതുമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നാണ് നീതി നേടിയെടുക്കുന്നതിന് വേണ്ട വളഞ്ഞുപുളഞ്ഞ, ദുര്‍ഭരമായ അവസ്ഥ അദ്ദേഹത്തിന് ബോധ്യമാവുന്നതും 2015ൽ നിയമബിരുദമെടുക്കുവാനും തുല്യനീതിക്കുവേണ്ടി നിയമമാർഗങ്ങളിലൂടെ പൊരുതുവാനും പ്രേരിപ്പിച്ചത്. മാവോയിസ്റ്റ് സഹയാത്രികൻ എന്ന വ്യാജയുക്തിയെത്തന്നെ ഇത് റദ്ദ് ചെയ്യുന്നു.
അപരന്റെ പ്രയാസങ്ങൾക്ക് പരിഹാരം തേടുവാനുള്ള സമർപ്പണ മനസ്സ് തടവറക്കുള്ളിലും അദ്ദേഹം തുടരുന്നു. മറ്റുള്ളവർക്ക് ഭാഷാ പരിജ്ഞാനം പകർന്നും, സഹതടവുകാരിൽ നിന്ന് ഭാഷകൾ പഠിച്ചും അവർക്ക് നിയമഉപദേശങ്ങൾ നൽകിയുമാണ് അവിടെ ഹാനി കഴിയുന്നത്.
കൃത്യമായ ഒരു തെളിവുകളും എൻ.ഐ.എ ഇതുവരെ പങ്കുവെച്ചിട്ടില്ല. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പകർപ്പുകൾ നൽകണമെന്ന ഹാനിയുടെ അപേക്ഷ പരിഗണിക്കുന്നത് അനിശ്ചിതമായി വൈകിക്കുക വഴി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുവാനുള്ള അവസരത്തെ തളർത്താൻ ശ്രമിക്കുകയാണ്. അറസ്റ്റിലായ 16 പേരിലൊരാളായ റോണ വിൽസന്റെ കമ്പ്യൂട്ടറിൽ ഹാക്കറെ ഉപയോഗിച്ച് ഫയലുകൾ തിരുകിക്കയറ്റി സുഹൃത്തിന്റെ ലാപ്ടോപ്പിലേക്ക് കടത്തിവിട്ടുവെന്ന മസാച്യുസെറ്റ്സിലെ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആർസെനൽ കൺസൾട്ടിങ് കണ്ടെത്തിയ സാഹചര്യത്തിലാണ് നിഷേധത്തിന് തുല്യമായ ഈ വൈകിക്കൽ എന്നത് ശ്രദ്ധേയമാണ്. ആ കണ്ടെത്തലോടെ കേസിന്റെ പരമമായ തെളിവായി എൻ.ഐ.എ ഉയർത്തിക്കാട്ടുന്ന മാവോയിസ്റ്റ് കത്തിടപാടുകളുടെ സാധുത തന്നെ സംശയാസ്പദമായിട്ടുണ്ട്.
ഇത്തരം നിരവധി കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടും കേസിൽ 'തെളിവ്' ആയി സമർപ്പിക്കപ്പെട്ട രേഖകൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും ഫോറൻസിക് വിശകലനം നടത്താനും കോടതി സ്വമേധയാ നടപടികൾ സ്വീകരിക്കാത്തത് അമ്പരപ്പുളവാക്കുന്നു. ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഉടൻ സാധ്യമാവുന്ന ഇത്തരമൊരു നടപടിയെ വൈകിപ്പിക്കൽ തന്ത്രം വഴി മറികടക്കുന്നത് നീതിക്ക് മേൽ പ്രഹരമേൽപിക്കാൻ മാത്രമെ സഹായിക്കൂ.
പകർച്ചവ്യാധി പ്രതിസന്ധിയുടെ വെളിച്ചത്തിൽ നിരവധി രാജ്യങ്ങൾ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനിടയിലും ആരോഗ്യ പ്രശ്നങ്ങളും പ്രായവും പോലും കണക്കിലെടുക്കാതെ അറസ്റ്റിലായ 16 പേരുടെയും ജാമ്യാപേക്ഷകൾ തുടരെത്തുടരെ നിഷേധിക്കപ്പെടുകയാണിവിടെ. ഓരോ ജയിലുകളിലും നാൾക്ക് നാൾ വർധിച്ചു വരുന്ന കോവിഡ് കേസുകളും മരണക്കണക്കുകളും ഞങ്ങളെ ഏറെ ആകുലപ്പെടുത്തുന്നുണ്ട്.
പകർച്ചവ്യാധിയുടെ കാരണം പറഞ്ഞ് തുടക്കം മുതലേ ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കുന്നതിന് അനുമതി നിഷേധിച്ചുവരികയാണ്. പുസ്തകങ്ങളുൾപ്പെടെയുള്ള പാർസലുകളും കത്തുകൾ അയക്കാനും സ്വീകരിക്കാനുമുള്ള അനുമതി പോലും പല ഘട്ടത്തിലും നിഷേധിക്കപ്പെടുന്നു. ഫോൺവിളികളാവട്ടെ ബന്ധപ്പെട്ട അധികാരികളുടെ ആജ്ഞാനുസരണം നിയന്ത്രിക്കപ്പെടുന്നുമുണ്ട്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കൊടിയ ലംഘനം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല.
നിലവിലെ പകർച്ചവ്യാധി പ്രതിസന്ധി ബാധിക്കാത്ത ഏതെങ്കിലുമൊരു വ്യക്തിയോ സ്ഥാപനമോ (കോടതികൾ ഉൾപ്പെടെ) ഉണ്ടാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾ നെഞ്ചിൽ സൂക്ഷിച്ചതിന്റെ പേരിൽ അറ്റമില്ലാത്ത ക്ലേശങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഹാനി ബാബുവിന്റെ ഉൾപ്പെടെ വിചാരണത്തടവുകാർ ഈ ഘട്ടത്തിൽ അനുഭവിക്കുന്ന വേദന വാക്കുകൾക്കതീതമാണ്. ആശയവിനിമയത്തിനു പോലും മാർഗങ്ങൾ ഞെരുക്കപ്പെട്ട അവസ്ഥയിൽ അതിന്റെ വേദന പതിന്മടങ്ങാവുന്നു. വിരളമായി എത്തുന്ന കത്തുകളിലൊന്നിൽ ഹാനി കുറിച്ചിട്ടത് പുറത്ത് നമ്മൾ വലിയ പ്രാധാന്യമൊന്നും കൽപിക്കാത്ത പല കാര്യങ്ങളും ജയിലിനുള്ളിൽ അമൂല്യമാണെന്നാണ്.സ്റ്റാമ്പ്, പേപ്പർ, പേന എന്നിവയെല്ലാം ഏറെ വിലപിടിപ്പുള്ളതായി മാറുന്നു. തന്റെ ജീവിതം തിരിച്ചു നൽകാൻ കെൽപ്പുള്ള നീതിന്യായ സംവിധാനത്തോടുള്ള പ്രതീക്ഷയും വീഴ്ചയില്ലാത്ത വിശ്വാസവും അദ്ദേഹത്തിന്റെ ഓരോ കത്തുകളിലും ഇപ്പോഴും വായിക്കാം.
യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരാണെങ്കിൽപോലും വേഗത്തിലുള്ള വിചാരണ അവരുടെ അവകാശമാണെന്ന് ഈയിടെ സുപ്രീംകോടതി തന്നെ അർഥശങ്കക്കിടയില്ലാത്ത വിധം നിരീക്ഷിച്ചതാണ്.
ആകയാൽ, ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങൾക്ക് ബോധിപ്പിക്കാനുള്ളത് ഇക്കാര്യങ്ങളാണ്: 1. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്ലോൺ പകർപ്പുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ആരോപിതന് അടിയന്തരമായി ലഭ്യമാക്കുക- എതിർവാദങ്ങൾക്കും, സ്വതന്ത്ര അന്വേഷണത്തിനും വേഗത്തിൽ വിചാരണ ആരംഭിക്കുന്നതിനും ഇതാവശ്യമാണ്.
2. നിലവിലെ നിയമങ്ങളുടെ വെളിച്ചത്തിൽ വിചാരണ ആരംഭിക്കും വരെ എല്ലാ ആരോപിതർക്കും ഉടൻ ജാമ്യം അനുവദിക്കുക. അല്ലാത്ത പക്ഷം വക്രവും അധാർമികവുമായ ഒരു ദൂഷിതവലയത്തെ പരിപോഷിപ്പിക്കുന്നതിൽ നീതിന്യായ വ്യവസ്ഥ തന്നെ ഹേതുവായി മാറിയേക്കും
എന്ന്
ഭാര്യ: ജെനി
മകൾ: ഫർസാന
മാതാവ്: ഫാത്തിമ
സഹോദരങ്ങൾ: എം.ടി ഹരീഷ്, എം.ടി. അൻസാരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.