സ്റ്റാൻഡ് അപ്​ കൊമേഡിയൻ വീർദാസ്​ അവതരിപ്പിച്ച 'ടു ഇന്ത്യാസ്' പരിപാടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നല്ലോ. യൂട്യൂബിൽ മാത്രം 56 ലക്ഷം പേർ കണ്ട ആ കലാരൂപത്തിലെ ചിന്തനീയമായ പരാമർശങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ച കാര്യങ്ങളിൽ ഒന്ന്, ​30 വയസ്സിൽ കുറഞ്ഞ പ്രായമുള്ള തൊഴിൽ സേന ലോകത്ത്​ ഏറ്റവുമധികമുള്ള ഇന്ത്യയിൽ ഇപ്പോഴും 75 വയസ്സുകഴിഞ്ഞ വയോധികരുടെ 150 വർഷം പഴക്കമുള്ള ആശയങ്ങളാണ് ഭരിക്കുന്നത് എന്ന ഭാഗമാണ്. അതിൽ ഗൗരവതരമായ ഒരു വിമർശനം കാണാൻ കഴിഞ്ഞു.

ഓർമശക്തിയും ചലനശേഷിയും കുറഞ്ഞ വേളയിലും അധികാരത്തി​െൻറ ശീതളച്ഛായയിൽ സുഖലോലുപരായി കഴിയുന്ന പ്രായംചെന്ന ഒരു രാഷ്ട്രീയ വർഗം ലോകത്തിലെ ഏറ്റവും വലിയ യുവതയെ ഭരിക്കുന്ന കാഴ്ച ഇന്ത്യയിലുണ്ടെന്നാണ് വീർദാസ് പറഞ്ഞതിന്റെ വിശാലമായ അർഥം.

പുതുതലമുറയുടെ നാഡിമിടിപ്പ് മനസ്സിലാക്കാനോ അവരുടെ ഭാഗധേയത്വം നിർണയിക്കാനുള്ള അവസരം അധികാര മേഖലയിൽ ഉറപ്പുവരുത്താനോ തയാറാവാത്ത രാഷ്ട്രീയത്തെ വിമർശന മനസ്സോടെ സമീപിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കൂടുതൽ വ്യക്​തമാക്കിപ്പറഞ്ഞാൽ രാഷ്ട്രീയത്തിൽ മാത്രം വിരമിക്കലില്ലാതെപോകുന്ന സാഹചര്യം അപഹാസ്യമാണെന്നു തന്നെ.

പ്രായം മുതിർന്ന, പരിചയസമ്പത്തുള്ള രാഷ്ട്രീയ നേതാക്കൾ ഈ നാടിന് അനവധി സേവനങ്ങൾ ആരോഗ്യമോ വ്യക്തിജീവിതമോ പരിഗണിക്കാതെ നിർവഹിച്ചിട്ടുണ്ട്. അതേസമയം, അവർ കാരണം പുതിയ തലമുറക്ക് അവസരങ്ങൾ ഇല്ലാതെ പോകുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ ജീവനക്കാർക്ക് വിരമിക്കൽ പ്രായമുണ്ട്. കായികതാരങ്ങൾ വിരമിക്കുന്നുണ്ട്. സചിൻ പാഡഴിച്ചത് ക്രിക്കറ്റ് ദൈവമെന്ന വാഴ്ത്തുപാട്ട് മുറുകുന്ന കാലത്താണ്. ഭൂമിയിലെ ഏറ്റവും വേഗതകൂടിയ മനുഷ്യൻ എന്ന ഖ്യാതിയുടെ തിളക്കത്തിൽ നിൽക്കവെ തന്നെയാണ് ഉസൈൻ ബോൾട്ട് ​ട്രാക്ക്​ വിട്ടുപോയത്​. എന്നാൽ, വിരമിക്കൽ എന്ന സംഗതിയെപറ്റി തെല്ലുമാലോചിക്കാത്ത ഒരു വിഭാഗമാണ് നമ്മുടെ രാഷ്ട്രീയക്കാർ. സ്‌കൂൾ പഠനകാലം മുതലേ രാഷ്ട്രീയ പ്രവർത്തനം നടത്തിവരുന്ന ഒരാളെന്ന നിലക്ക് ഈ മേഖലയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമെന്ന നിലക്കുതന്നെയാണ് ഞാൻ ഉത്തമബോധ്യത്തോടെ രാഷ്ട്രീയക്കാരുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയം മനസ്സിലുണ്ട്. അടുപ്പക്കാരിൽ ചിലരോടെങ്കിലും പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു പ്രായമെത്തുമ്പോൾ രാഷ്ട്രീയ നേതൃത്വങ്ങളിൽനിന്ന് വിരമിക്കാൻ നമ്മൾ ശീലിക്കണം. എന്തിനും മിടുക്കരായ പുതിയ തലമുറ നേതൃത്വങ്ങളിലും അധികാരങ്ങളിലും വരട്ടെ. തലമുറ മാറ്റം സമൂഹത്തിന്റെ പുരോഗതിയെ വളരെ വേഗത്തിലാക്കും എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ലല്ലോ.

ഈ വിഷയം ഒരു ചർച്ചയായി വരേണ്ടത് അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സമ്പ്രദായം വെച്ച് മിക്ക നേതാക്കളും വിദ്യാർഥി കാലം മുതലേ പ്രവർത്തിച്ചുവരുന്നവരാണ്. കൗമാര കാലം മുതലേ രാഷ്ട്രീയം ഏറ്റവും പ്രധാനപ്പെട്ട പരിഗണനയിൽ കണ്ടവർ. അതിനിടയിൽ കുടുംബം ഉണ്ടായി, കുട്ടികളുണ്ടായി, കൂട്ടുകാരുണ്ടായി. പക്ഷേ, അവർക്കൊക്കെ അർഹിച്ച ശ്രദ്ധയും പരിഗണനയും നൽകാൻ കഴിയാതെപോകുന്ന ഹതഭാഗ്യരാണ് പലപ്പോഴും ഭൂരിപക്ഷം രാഷ്ട്രീയക്കാര​ും.

നാടും നാട്ടുകാരും പ്രസ്ഥാനവും മറ്റെന്തിനേക്കാളും വലുതെന്ന് ചിന്തിച്ചുനടക്കുന്നവരാണ് പലപ്പോഴും നമ്മുടെ നല്ലൊരു വിഭാഗം രാഷ്ട്രീയ നേതാക്കൾ.

സ്വന്തം കുട്ടികളുടെ സ്‌കൂളിലെ പി ടി എ മീറ്റിങ്ങുകൾക്ക് പോകാൻ സാധിക്കാത്തവർ. പ്രിയതമ കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അടുത്തുണ്ടാകാൻ കഴിയാത്തവർ. ഉറ്റവർ മരണവെപ്രാളത്തിൽ ചോദിക്കുമ്പോൾ വിളികേൾക്കാൻ പറ്റാത്തവിധം അകലെയും ആൾക്കൂട്ടത്തിലും ആയിപ്പോകുന്നവർ. ഇങ്ങനെ പോരാ, നമ്മുടെ രാഷ്ട്രീയം. ഓരോ വ്യക്തിയുടെയും ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന മണ്ഡലം സമൂഹത്തോടൊപ്പം സ്വന്തം വീടും, കുടുംബവും അയൽപക്കവും ഉണ്ടാവണം. ഈ അനുഭവം കൂടിയാണ് ജീവിതം. അല്ലെങ്കിൽ കുറെ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ നിരാശയും സങ്കടങ്ങളും കൂടെയുണ്ടാവും തീർച്ച.

മരിക്കുന്നതുവരെ, പാർട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാരത്തിൻെറ ഉച്ചിയിലുള്ള മാളികകളിലും കഴിയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന്, പിന്മുറക്കാർക്ക് അവസരങ്ങൾ ഉറപ്പിച്ചു കൊണ്ട് വിശ്രമ ജീവിതത്തിലേക്ക് മടങ്ങാൻ തയാറാവുന്ന ഒരു സംസ്കാരം നമ്മളുണ്ടാക്കണം. പാർട്ടിയുടെ ഉപദേശക സമിതികളിലോ സ്വന്തം നാട്ടിലെ അടിസ്ഥാന ഘടകങ്ങളിലോ ഒക്കെ തുടർന്നും സേവന മനസ്സോടെ തന്നെ പ്രവർത്തിക്കാം. അതേസമയം, ഇതൊക്കെ മറ്റൊരു അധികാര ഘടനയായി മാറാതിരിക്കാനും ജാഗ്രത വേണം.

പല പുരോഗമന രാജ്യങ്ങളിലും ഒരു പ്രായം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ സ്വയമേ വിരമിക്കുന്ന സംസ്കാരം കാണുന്നുണ്ട്. കുറേകാലം രാഷ്ട്രീയത്തിൽ തങ്ങി, ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോൽസ്ഥാനങ്ങളിൽ തിരുകി രാഷ്ട്രീയം ഒരു കൂട്ടു കച്ചവടമാക്കുന്ന, നിക്ഷിപ്ത താല്പര്യങ്ങൾ വാഴുന്ന രാഷ്ട്രീയം മാറി രാഷ്ട്രസേവനം എന്ന മൂല്യത്തിലേക്ക് കണിശമായി നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. സർക്കാർ ജീവനക്കാരൻ 55-60 വയസ്സിൽ വിരമിക്കുന്നുണ്ടെങ്കിൽ, രാഷ്ട്രീയക്കാരൻ 70ലെങ്കിലും വിരമിക്കാൻ തയാറാകണം.

70 വയസ്സ് കഴിഞ്ഞ ഒരാൾ പിന്നെ മത്സര രംഗത്തുണ്ടാകരുത്. പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലും നിൽക്കരുത്. പകരം ഏറെക്കാലത്തെ പരിചയസമ്പത്ത് ജനങ്ങൾക്ക് ഉപകാരപ്പെടുംവിധം ഗുണകാംക്ഷയോടെ വിനിയോഗിക്കണം. എന്റെ രാഷ്ട്രീയ ജീവിതത്തിന് അങ്ങനെയൊരു വിരമിക്കൽ നിശ്ചയിച്ചിട്ടുണ്ട്. ഉറപ്പായും എഴുപതു കഴിഞ്ഞാൽ അധികാര രാഷ്ട്രീയത്തോട് വിടപറയും. സാമൂഹിക പ്രവർത്തനങ്ങളിൽ ഉണ്ടാവും. നല്ല രാഷ്ട്രീയം പറയും, അനീതിക്കെതിരെ നിലകൊള്ളും, ലഭിച്ച അനുഭവങ്ങളോടൊപ്പം പുതിയ തലമുറയുടെ തിരിച്ചറിവിൽനിന്ന് പാഠം ഉൾക്കൊള്ളും. മണ്ണ്- പ്രകൃതി - സൗഹൃദം- ഇവയുടെ ഗുണഫലങ്ങൾ ആവോളം ആവാഹിക്കും. അങ്ങനെ ശിഷ്ടകാലം; കഴിഞ്ഞതിനേക്കാൾ ഫലപ്രദമാക്കും. അതിന് അധികാരം വേണ്ട. പകരം ഇതെല്ലാം തിരിച്ചറിയുന്നവരെ കൂടുതൽ ഹൃദയത്തോട് ചേർത്തുവെച്ചാൽ മതിയാവും.

ചിലർ വിരമിക്കാൻ തയാറാവും. അവർക്ക് കണിശമായും ശിപാർശകളുണ്ടാവും. മക്കൾ, ബന്ധുക്കൾ, സിൽബന്തികൾ ഇവരെ അധികാരത്തിലും താക്കോൽ സ്ഥാനങ്ങളിലും നിശ്ചയിക്കണം. ഈ വാശിയുടെ ഫലമോ കാലങ്ങളോളം സമർപ്പണം നടത്തിയ നല്ല ഗുണഫലമുള്ള പുതിയ നേതൃത്വം പുറന്തള്ളപ്പെടും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് ദൃശ്യമാണ്. ഏതു പ്രസ്ഥാനമാണെങ്കിലുമതെ. ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നു മാത്രം.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറ്റത്തിന് തയാറായേ മതിയാവൂ. വർത്തമാനത്തിൽ മാത്രമല്ല, പ്രവൃത്തിയിലും. കാലം അതാണ് ആഗ്രഹിക്കുന്നത്, കാത്തിരിക്കുന്നതും.

Tags:    
News Summary - The pension age should also be in politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.