ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാനിന്ന്. ആര്യാടൻ മുഹമ്മദുമായി എനിക്കുള്ളത് അരനൂറ്റാണ്ടിലധികം നീണ്ട സുദീർഘവും ഊഷ്മളവുമായ ഉറ്റബന്ധമാണ്. എത്രയോ പ്രതിസന്ധിഘട്ടങ്ങളെ ഞങ്ങൾ നേരിട്ടു. എത്രയോ പോരാട്ടങ്ങൾ നടത്തി. എത്രയോ തീരുമാനങ്ങളെടുത്തു. തന്ത്രങ്ങളൊരുക്കിയും മറുതന്ത്രങ്ങൾ മെനഞ്ഞും ഒരടി പിന്നോട്ടുവെച്ചും രണ്ടടി മുന്നോട്ടാഞ്ഞും നീങ്ങാൻ അദ്ദേഹം എന്നും കൂടെയുണ്ടായിരുന്നു. ഞാൻ കെ.എസ്.യു പ്രസിഡന്‍റായിരുന്ന കാലത്ത് സംഘടനയുടെ ദശവർഷാഘോഷം കോഴിക്കോട്ടു നടന്നു. ആര്യാടൻ കോഴിക്കോട് ഡി.ഡി.സി സെക്രട്ടറിയാണ്.
അന്ന് മലപ്പുറം, വയനാട് ജില്ലകളില്ല, അവിഭക്ത കോഴിക്കോട് ജില്ലയാണ്. സമ്മേളനം നടത്തി. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. ആകെ കടത്തിലാണ്. മുഖ്യാതിഥിയായി വന്നത് അഖിലേന്ത്യ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായിരുന്ന നാരായൺ ദത്ത് തിവാരിയാണ്. ഇദ്ദേഹം പിന്നീട് യു.പിയിലെയും ഛത്തിസ്ഗഢിലെയും മുഖ്യമന്ത്രിയായി. സമ്മേളനം കഴിഞ്ഞ് അദ്ദേഹത്തിന് മടങ്ങിപ്പോവാറായി. ഞങ്ങളാരുടെയും കൈയിൽ പൈസയില്ല. ബാംഗ്ലൂരിലേക്കാണ് അദ്ദേഹത്തിന് പോകേണ്ടത്. എന്തായാലും ആര്യാടനെ കണ്ടു പറയാൻ തീരുമാനിച്ചു.
എനിക്ക് ആര്യാടനെ തനിച്ചുപോയി കാണാൻ ധൈര്യമല്ല. ഒപ്പം തിവാരിയെയും കൂട്ടി. കോഴിക്കോട്ട് ഡി.സി.സി ഓഫിസിൽ കയറിച്ചെന്നപ്പോൾ അദ്ദേഹം വിശ്രമത്തിലാണ്. കാര്യം പറഞ്ഞു. തിവാരി കൂട്ടത്തിലുള്ളതുകൊണ്ട് പുള്ളിക്കൊന്നും പറയാനും വയ്യ. എന്തായാലും 25 രൂപ തന്നു. കോഴിക്കോട്ടുനിന്നു ബാംഗ്ലൂരിലേക്ക് ബസിന് 22 രൂപയാണ് ചാർജ്. മൂന്നു രൂപ ഭക്ഷണം കഴിക്കാനും. 25 രൂപയുമായി തിവാരിയെ പറഞ്ഞുവിട്ടു. പിന്നീട് തിവാരി കേന്ദ്ര തൊഴിൽ മന്ത്രിയായി- 1980ൽ. അന്ന് ആര്യാടൻ കേരളത്തിൽ തൊഴിൽ മന്ത്രിയാണ്. മന്ത്രിമാരുടെ കോൺഫറൻസിന് ഡൽഹിയിൽ പോയപ്പോൾ തിവാരിയെ കണ്ടു. അപ്പോൾ ആര്യാടൻ ഇക്കാര്യം ഓർമിപ്പിച്ചു. 25 രൂപയുമായി പോന്നത് തനിക്ക് നല്ല ഓർമയുണ്ടെന്നും പറഞ്ഞു തിവാരി.
മന്ത്രിസഭയിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഏതു പ്രതിസന്ധികളെയും മറികടക്കാൻ അദ്ദേഹത്തിന്‍റെ ഉപദേശത്തിനു കഴിഞ്ഞിരുന്നു. ഞാൻ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി മെട്രോക്ക് കേന്ദ്ര അനുമതി വാങ്ങിയെടുക്കാൻ റെയിൽവേ ചുമതലയുള്ള മന്ത്രിയായിരുന്ന ആര്യാടന്‍റെ ഫലപ്രദമായ ഇടപെടലുണ്ടായി. ഒത്തിരി തടസ്സങ്ങളുണ്ടായിരുന്നു. അതു മാറ്റിയെടുക്കാനും സമയത്ത് പൂർത്തിയാക്കാനും സഹായിച്ചത് ആര്യാടന്‍റെ ഇടപെടലാണ്. അദ്ദേഹം തൊഴിൽ മന്ത്രിയായിരുന്ന കാലത്ത് ഒത്തിരി തൊഴിൽ തർക്കങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം തൊഴിലാളിയെയും തൊഴിലുടമയെയും ക്ഷമയോടെ കേൾക്കാനും പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞു. പ്രതിസന്ധികളില്‍ നിലമ്പൂര്‍ തേക്കിന്‍റെ കരുത്താണ് ആര്യാടന്.
നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും കുന്തമുനയായിരുന്നു അദ്ദേഹം. നിയമസഭയിലെ ചട്ടങ്ങളും വകുപ്പുകളും കീഴ്‌വഴക്കങ്ങളുമെല്ലാം ഹൃദിസ്ഥം. തരാതരം പോലെ അവയെ ഓര്‍മയില്‍നിന്ന് പെറുക്കിയെടുത്ത് അസ്ത്രംപോലെ തൊടുത്തുവിടുന്നതും അതില്‍ എതിരാളികള്‍ കിടന്നു പിടയുന്നതും നിയമസഭയിലെ വിസ്മയക്കാഴ്ചയായിരുന്നു. അദ്ദേഹത്തിന്‍റെ വാദങ്ങളില്‍ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ പേജ് നമ്പര്‍ സഹിതമായിരിക്കും മറുപടി.
എം.എൽ.എ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും അദ്ദേഹത്തിന് ഒരു ലൈബ്രറിതന്നെ ഉണ്ടായിരുന്നു. പത്രങ്ങളില്‍ വരുന്ന പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തീയതിയും വിഷയവും ഇട്ട് ഫയല്‍ ചെയ്തുവെച്ചു. നിയമസഭയിലും പ്രസംഗങ്ങളിലുമൊക്കെ അവ തരാതരംപോലെ ഉപയോഗിച്ചു. പരന്ന വായനയിലൂടെ അദ്ദേഹം വിജ്ഞാനത്തിന്‍റെ വിഹായസ്സുകളിലൂടെ സഞ്ചരിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയ സ്വയാര്‍ജിത അറിവായിരുന്നു അദ്ദേഹത്തിന്‍റെ ശക്തി. ഇത്തരം പ്രതിഭാസങ്ങള്‍ ഇനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. നിലമ്പൂരില്‍നിന്ന് എട്ടുതവണ ജയിച്ചുകയറിയത് ജനങ്ങളുമായി അടുത്തബന്ധം നിലനിര്‍ത്തിയാണ്.
മന്ത്രിസഭ ആടിയുലഞ്ഞപ്പോഴും കോണ്‍ഗ്രസും യു.ഡി.എഫും കലങ്ങിമറിഞ്ഞപ്പോഴുമൊക്കെ ആര്യാടന്‍ എത്രയോ തവണ മറുമരുന്ന് കണ്ടെത്തി. മലയിളകി വന്നാലും ആര്യാടന്‍ ഇളകില്ല. അതായിരുന്നു ഈ നിലമ്പൂരുകാരന്‍. 2014ല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം സെക്രട്ടേറിയറ്റ് വളഞ്ഞപ്പോള്‍ ആ സമരം പൊളിച്ചടുക്കാന്‍ ആര്യാടന്‍ കൃത്യമായ തന്ത്രങ്ങള്‍ നിര്‍ദേശിച്ചത് ഓര്‍ക്കുന്നു. ലക്ഷണമൊത്ത ഒരു ചാണക്യനായിരുന്നു ആര്യാടന്‍! കേരളത്തിന്‍റെ മതേതര മുഖമായിരുന്നു ആര്യാടന്‍.
അതിലൊരിക്കലും മായം കലര്‍ത്തിയില്ല. കോണ്‍ഗ്രസിന്‍റെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളെ അദ്ദേഹം എവിടെയും ഉയര്‍ത്തിപ്പിടിച്ചു. അതിനുവേണ്ടി ശക്തിയുക്തം പോരാടി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം കോണ്‍ഗ്രസിന് ആര്‍ജിച്ചെടുക്കാന്‍ ആര്യാടന്‍റെ പോരാട്ടം വലിയ പങ്കുവഹിച്ചു. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.