പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയാണ് വഴി

വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും തുറന്നുകാണിച്ചാണ് കോവിഡ് മഹാമാരി നമുക്കിടയിൽ നിറഞ്ഞാടിയത്. കൂടുതൽ വലുതായി വരുന്ന അസമത്വങ്ങൾ നികത്താനാവാത്ത വിടവ് വിദ്യാഭ്യാസ രംഗത്ത് തീർത്തിട്ടുണ്ട്.

ഇന്ത്യയിൽ, സർക്കാർ തലത്തിൽ പഠന വിഭവങ്ങളും സ്ഥാപനങ്ങളും ഏകോപിപ്പിക്കാനായിട്ടില്ലെങ്കിൽ ഈ വിടവ് ഇനിയും വർധിക്കുമെന്നും വിദ്യാർഥികൾ ക്രമേണ ഈ ഗർത്തത്തിൽ വീണുപോകുമെന്നും നാം സമ്മതിച്ചേ പറ്റൂ. കേന്ദ്ര-സംസ്ഥാന ഭേദമെന്യേ ഭരണകൂടങ്ങൾ അധ്യയന സംവിധാനങ്ങളിൽ നിക്ഷേപം കൂട്ടണം. അങ്ങനെ മാത്രമെ പട്ടിണി അകറ്റാനും ലിംഗ സമത്വം കൊണ്ടുവരാനുമാകൂ.

നമ്മുടെ സാമൂഹിക സംവിധാനങ്ങളിൽ പലതും തൽകാലം നിർത്തിവെച്ച ഈ കാലത്ത് എങ്ങനെയാകും പഠനപ്രക്രിയ പുനരാരംഭിക്കുക?

സമീപകാലത്ത് നാം വായിച്ച തലക്കെട്ടുകളിൽ പലതും പറഞ്ഞുതരുന്നുണ്ട്, ദുരന്ത സമാനമായ തകർച്ചയുടെ കയത്തിലാണ് വിദ്യാഭ്യാസരംഗം പതിച്ചു കിടക്കുന്നതെന്ന്. എങ്ങനെ ഇതിന് പരിഹാരം കാണാനാകും? തകർച്ചയും പ്രതിസന്ധിയും പറഞ്ഞുള്ള കണ്ണീരിന് ഇനി പ്രസക്തിയില്ല. എല്ലാ പഠിതാക്കളെയും- സാമ്പത്തികശേഷിയുള്ളവർ, പാവങ്ങൾ, മധ്യവർഗങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെല്ലാം- സജ്ജരാക്കാനാകുന്ന വൈവിധ്യമാർന്ന സംവിധാനങ്ങളാണ് ആവശ്യം. പ്രതിവിധികളുടെ പുസ്തകത്തിൽ ഒന്നാം പരിഗണന കുട്ടിക്കാകണം. അതിൽ പുനരാലോചന അരുത്.

ആദ്യമായി, പരീക്ഷകളല്ല വെല്ലുവിളി. കാരണം, അവ ഭീഷണിയായിട്ടില്ല. മൂല്യനിർണയം ഓൺലൈനായും ഓഫ്ലൈനായും നടന്ന കഴിഞ്ഞ മൂന്നു വർഷങ്ങളിൽ അവയത്രയും വിദ്യാർഥി കേന്ദ്രീകൃതമായിരുന്നുവെന്നത് തെളിയിക്കപ്പെട്ടതാണ്. പലപ്പോഴും അയഥാർഥമാകുന്നിടത്തോളം അവ മാറി. വിദ്യാലയങ്ങളിലേക്ക് മടക്കമാണ് പ്രശ്നം. കുട്ടികൾക്ക് പൂർണമായി വാക്സിൻ നൽകുന്നതിലെ പരാജയം, കൈകാര്യം ചെയ്യാൻ പ്രയാസമുള്ള സുരക്ഷ ക്രമീകരണങ്ങൾ, രാജ്യം മുഴുക്കെ നിലനിൽക്കുന്ന ഭീതിയുടെ അന്തരീക്ഷം തുടങ്ങിയ വിഷയങ്ങളേറെ.

സമ്പന്ന രാജ്യങ്ങളിൽ ആദ്യം തുറന്നത് വിദ്യാലയങ്ങളാണ്. അവസാനമായി അടച്ചതും. പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണം പൗരന്മാർ അനുഭവിക്കുന്നുമുണ്ട്.

രാജ്യത്ത് പക്ഷേ, തൊഴിലില്ലായ്മയും സാമ്പത്തിക വിഭവങ്ങളുടെ ദൗർലഭ്യവും ജനങ്ങളിൽ കടുത്ത നിരാശ പടർത്തിയിട്ടുണ്ട്. മഹാമാരി കാലത്ത് ഇത് തീവ്രമാകുകയും ചെയ്തു. വീട്ടിലിരുന്ന മക്കളെ വിദ്യാലയങ്ങളിലയക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയാണ്. സ്വകാര്യ വിദ്യാലയങ്ങളിലാകുമ്പോൾ വിശേഷിച്ചും. സ്വകാര്യ സ്കൂളുകളിൽ യൂനിഫോം, പുസ്തകം, ഷൂസ്, ഭക്ഷണം, ഗതാഗതം, മറ്റു അവശ്യ വസ്തുക്കൾ എന്നിങ്ങനെ ചെലവുകൾ നാനാതരം.

പലയിടത്തും, ഫണ്ട് കണ്ടെത്താനാവാത്ത രക്ഷിതാക്കൾ മക്കളെ സ്കൂളിലയക്കുന്നത് നിർത്തിയിട്ടുണ്ട്. രുചിക ധിംഗ്ര എന്ന രക്ഷിതാവിന്റെ വാക്കുകളിങ്ങനെ: ''എന്റെ കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. അവളെ ഏതെങ്കിലും പ്രീ സ്കൂളിൽ അയക്കുന്നെങ്കിൽ പ്രതിവർഷം 1,80,000 രൂപ നൽകണം. സ്കൂളിൽ അയക്കാൻ ചിലപ്പോൾ കോവിഡ് കാരണം സാധിച്ചേക്കില്ല. എന്നാലും, പണം അടക്കാതിരിക്കാനാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി വില്ലനാണ്''. സമാനമാണ് പല രക്ഷിതാക്കളുടെയും പരാതികൾ.

രാജ്യത്തുടനീളം സർക്കാർ സ്കൂളുകളിൽ രക്ഷിതാക്കളുടെ വിശ്വാസക്കുറവും പ്രകടം. നിലവാരമില്ലാത്ത സ്വകാര്യ സ്കൂളിലയച്ചാലും സർക്കാർ വിദ്യാലയം അവരുടെ ഇഷ്ടത്തിൽപെടാതെ പോകുന്നു.

കോവിഡാനന്തരം, അവസരങ്ങളിലെ വിടവ് കൂടുതൽ രൂക്ഷമായിട്ടുണ്ട്. സ്വന്തം മക്കളുടെ വിദ്യാഭ്യാസ ചെലവ് പല കുടുംബങ്ങൾക്കും താങ്ങാവുന്നതിലുമപ്പുറത്താണ്. ചിലർക്ക് വിദ്യാഭ്യാസത്തെക്കാൾ ആരോഗ്യം പ്രധാനമാണെന്ന് വന്നു. മക്കളുടെ ഭാവി അവരറിയാതെ അപകടപ്പെടുന്നതിൽ കാര്യങ്ങളെത്തി.

ഒരു രാജ്യമെന്ന നിലക്ക് വിദ്യാഭ്യാസത്തെ സർക്കാർ സ്കൂൾ കണ്ണടയിലൂടെ തന്നെ കാണാനാവുന്നതിലാണ് വിജയം. അതു സാധ്യമാകാൻ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകാൻ സംസ്ഥാനങ്ങൾ മുന്നിൽ നിൽക്കണം.

പാശ്ചാത്യ രാജ്യങ്ങളിൽ 90 ശതമാനം വിദ്യാഭ്യാസവും സർക്കാർ നിയന്ത്രണത്തിലാണ്. വിദ്യാലയങ്ങളാകട്ടെ, ഏറ്റവും മികച്ച നിലവാരമുള്ളതും. ചൂടുള്ള ഭക്ഷണം, യൂനിഫോം, പുസ്തകം, മറ്റു പഠന സാമഗ്രികൾ, ആതുര സേവനം... എല്ലാം വിദ്യാർഥികൾക്ക് ലഭിക്കും.

ഏറ്റവും ഉയർന്ന സാമ്പത്തിക ശേഷിയുള്ള ചില കുടുംബങ്ങളൊഴികെ മിക്ക കുട്ടികളും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ. അവർക്ക് നിലവാരമുള്ള വിദ്യാഭ്യാസത്തിനു പുറമെ വിശപ്പുമാറ്റലും പോഷണവും പിന്നെ ലിംഗ സമത്വവും സാമ്പത്തിക സുരക്ഷയും വരെ ഉറപ്പാകുന്നു.

സർക്കാർ സ്കൂളുകളുടെ പുനഃസംരചന വഴി സമത്വം സാധ്യമാക്കാൻ മൗലികമായ പരിഷ്കാരങ്ങൾ നടപ്പാക്കപ്പെടണം. നമ്മുടെ രാജ്യത്തുടനീളം വൈദ്യുതി, ഗ്യാസ്, ജലം, പാർപ്പിടം, ഭക്ഷണ വിതരണം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കെല്ലാം സബ്സിഡി നൽകുന്നുണ്ട്. ഇതോടൊപ്പം, മികച്ച സൗകര്യങ്ങളോടെ പ്രാഥമിക, മധ്യ, ഹൈസ്കൂളുകൾ സർക്കാർ തലത്തിൽ നിർമിക്കപ്പെടണം.

ടെക്നോളജി കൂടുതൽ കരുത്തുറപ്പിച്ചുവെന്ന മിത്ത് നമ്മെയും കീഴടക്കിയിട്ടുണ്ട്. ഓൺലൈൻ പഠനം അസമത്വം കൂട്ടുമെന്നാണ് ആശങ്ക. ഓൺലൈൻ പഠനമല്ല മുന്നോട്ടുള്ള വഴി.

എല്ലാ വിഭാഗങ്ങളെയും പിന്തുണക്കാനാകും വിധം സർക്കാർ സ്കൂളുകളെ സജ്ജമാക്കി വിദ്യാഭ്യാസത്തെ നമുക്ക് സംരക്ഷിക്കാനാകണം. പൊതുവിദ്യാഭ്യാസം എല്ലാത്തരം സമൂഹങ്ങൾക്കും സമുദായങ്ങൾക്കും വ്യക്തിജീവിതത്തിനും വരെ പരമപ്രധാനമാണ്. അതുമാത്രമാണ് നമുക്ക് മാന്യതയും ലക്ഷ്യബോധവും നൽകുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുനർനിർവചിക്കേണ്ട മുഹൂർത്തത്തിലാണ് നാം എത്തിനിൽക്കുന്നത്. ഇതുവരെയും പുലർന്നുപോന്ന ലോകത്തിന്റെ തുടർച്ചയല്ല, എങ്ങനെയാകണമെന്നതാകണം നമ്മെ ആവേശം കൊള്ളിക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഒരു ലോകം.

(വിദ്യാഭ്യാസ വിചക്ഷണയും ഡി.എൽ.എഫ് ഫൗണ്ടേഷൻ വിദ്യാഭ്യാസ വിഭാഗം എക്സി.ഡയറക്ടറുമാണ് ലേഖിക)

Tags:    
News Summary - The way is to strengthen public education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.