ജയിലിലടക്കപ്പെട്ട മകൻ ഏതെങ്കിലുമൊരുനാൾ മടങ്ങിയെത്തുമെന്ന് സ്വപ്നം കണ്ട്, വിശന്നു കയറിവരുന്ന അവനുള്ള ചോറും നിറച്ചുവെച്ച് കാത്തിരുന്ന ഉമ്മ ഇന്ന് വെറുമൊരു ബഷീർ കഥാപാത്രമല്ല. കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ കുടുങ്ങി, നിയമവഴിയിലെ നൂലാമാലകളിൽ കുരുങ്ങി വീട്ടിലേക്കുള്ള വഴി മുടങ്ങിപ്പോയ നൂറുകണക്കിന് മക്കളും അവരെക്കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മമാരുമുണ്ട് നമുക്ക് ചുറ്റും. ജമീലയും ബിയ്യുമ്മയും അതിലെ രണ്ട് പേരുകൾ മാത്രം
മാർച്ച് 25ന് വിയ്യൂർ ജയിലിലെ ഇരുണ്ട ഇടത്തുവെച്ചാണ് മകനെ അവസാനമായി കണ്ടത്. കോവിഡ് വ്യാപിച്ചതോടെ പിന്നീട് കാണാൻ പോകാൻ കഴിഞ്ഞില്ല. ഇനി അറിയിപ്പുണ്ടാകുന്നവരെ അതിന് സാധ്യവുമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. രോഗം ഇങ്ങനെ ഭീതി പരത്തി പടർന്നാൽ അതിനി എന്ന് കഴിയുമെന്ന് ഉറപ്പുമില്ല. ഇടയ്ക്ക് ഫോൺ വിളിക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. ജയിലിൽ രണ്ടു പേർക്ക് കോവിഡ് ഉണ്ടെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാറ്റിനും നിയന്ത്രണം വന്നിരിക്കുകയാണ്. ക്വാറൻറീൻ പ്രശ്നങ്ങളുണ്ട്. ഫോൺ ചെയ്യാനായി ദീർഘനേരം വരിനിൽക്കേണ്ടി വരുന്നതിന് തടസ്സങ്ങളുണ്ട്. എങ്കിലും ഓർമയിൽ നിന്ന് ഇറങ്ങിപ്പോകാതെ മകനുണ്ട്.
ആ അസാന്നിധ്യം ഓർമകളെ ഉണർത്തുന്നുണ്ട്. നോമ്പു കാലമാണിത്. അടുത്ത ദിവസം പെരുന്നാൾ വരും. മക്കളാണ് എല്ലാറ്റിനും മുന്നിൽ നിന്നിരുന്നത്. അതിലൊരാളില്ലാത്തതിന്റെ ദുഃഖം മുഴുവൻ സമയവും അലട്ടുന്നു. നോമ്പ് തുറക്കുേമ്പാഴും അത്താഴസമയത്തും അത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു. മക്കെള പിടിച്ചു കൊണ്ടുപോയ വീട്ടിൽ പെരുന്നാൾ സന്തോഷങ്ങൾ എങ്ങനെയാണുണ്ടാകുക? ജോലി കഴിഞ്ഞാൽ കൂടുതൽ സമയവും അവൻ വീട്ടിൽ തന്നെയാണുണ്ടാകുക. പണിക്കുപോയാൽ വൈകുന്നേരത്തോടെ എത്തും. നോമ്പു കാലത്ത് ഉച്ചയോടെ വീട്ടിലെത്തും. എന്തു ജോലിക്കും സഹായിച്ചു തരും. ഇേപ്പാൾ അതെല്ലാം ഓർത്തിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ. പ്രാർഥനകളിൽ നിത്യവും അവനുണ്ട്. എന്നെപ്പോലെ നീറുന്ന ഉമ്മമാരുണ്ട്.
മകനെക്കുറിച്ച് കേസിൽ പറയുന്നതെല്ലാം കളവാണെന്ന് ഒരു സംശയവുമില്ല. അറസ്റ്റ് നടന്ന് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് സെപ്റ്റംബറിൽ ജാമ്യം ലഭിച്ചത്. വലിയ സന്തോഷമായിരുന്നു അന്ന്. മൂന്ന് മാസത്തിന് ശേഷം ജാമ്യം റദ്ദാക്കി. ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്ന കോടതി ഉത്തരവിലാണ് ഇപ്പോൾ പ്രതീക്ഷ. സുപ്രീം കോടതിയിലും എൻ.ഐ.എ കോടതിയിലും ജാമ്യവുമായി ബന്ധപ്പെട്ട് അപേക്ഷ കൊടുത്തിട്ടുണ്ട്. കോവിഡ് പ്രശ്നം മൂലം സുപ്രീം കോടതി നടപടികൾ നീളുകയാണ്. എൻ.ഐ.എ കോടതി വിഡിയോ കോൺഫറൻസ് വഴി കേസ് പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോടതികളിലാണ് എല്ലാ പ്രതീക്ഷകളും.
12 വർഷം കടന്നു പോയിരിക്കുന്നു, ഇനിയുമെത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല. കാത്തിരിക്കുക തന്നെ അല്ലാതെന്ത് ചെയ്യാൻ. കുറെ നാളായി ഒരു വിവരവുമില്ല. ഫോൺ വിളിച്ചിട്ടു പോലും ഒരുപാടായി. അവൻ സുഖമായിരിക്കുന്നു എന്ന വിശ്വാസം മാത്രം. അവസാനമായി കണ്ടത് ഞാൻ സുഖമില്ലാതെ കിടക്കുമ്പോഴാണ് അതും കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു. ഇനിയെന്നാണ് ? പ്രായം ഒരുപാടായി. പഴയ പോലെയല്ല, വയ്യാതായിരിക്കുന്നു. തളർവാതം വന്നതോടെ വല്ലാത്ത അവശയാണ്. ഇപ്പഴും പൂർണമായി സുഖപ്പെട്ടിട്ടില്ല. ചിലപ്പോൾ വല്ലാത്ത വേദന വരും. ആ നേരം ഞാൻ സക്കരിയയെ ഓർക്കും.
ഒന്നുപോയി കാണാൻ പോലും പറ്റാത്ത ദൂരത്തിലായില്ലേ. ആരോഗ്യം അനുവദിച്ചിട്ടല്ല, എങ്കിലും വെറുതെ. ഇതിനകം എത്രയെത്ര ദിനങ്ങൾ വന്നു പോയി. ആഘോഷങ്ങൾ കടന്നുപോയി. അവനില്ലാത്ത എനിക്ക് എല്ലാ ദിവസങ്ങളും ഒരുപോലെയാണ്. നേരം വെളുക്കുന്നു, രാത്രിയാകുന്നു. പത്തൊമ്പതാം വയസ്സിൽ പോയതാണെന്റെ കുട്ടി. ഏഴു വർഷത്തിന് ശേഷം മൂന്ന് ദിവസത്തിനാണ് ആദ്യമായി ജാമ്യം കിട്ടി വീട്ടിലെത്തിയത്. സക്കരിയ തെറ്റു ചെയ്തിട്ടില്ലെന്നും അവസാനം വെറുതെ വിടുമെന്നും ഉറപ്പാണ്. പക്ഷേ, എത്ര നാൾ കഴിയണം എന്നതാണ് ചോദ്യം.
കോടതി നടപടികൾ പതുക്കെയാണ് നീങ്ങുന്നത്. ഉടൻ തീരുമെന്ന് ഇടക്കു കേൾക്കുമ്പോൾ ആശ്വാസമാണ്. തീരുന്നില്ലെന്ന് മാത്രം. ഇതിനകം പലതും അനുഭവിച്ചു. ചുറ്റുപാടും നിന്നുള്ള പല ചോദ്യങ്ങളും കേട്ടു. എല്ലാം ക്ഷമയോടെ നേരിട്ടു. ഇനിയും എത്ര നാൾ ഇതിങ്ങനെ തുടരണം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.