ആ മനുഷ്യൻ അണിഞ്ഞിരുന്ന കുർത്ത ചോരയിൽ കുതിർന്നിരുന്നു. ഉടുപ്പിൽ കുത്തിവെച്ചിരുന്ന ശഹീദ് ഭഗത് സിങ്ങിെൻറ ചിത്രമുള്ള ബാഡ്ജിലേക്കും ചോര പടർന്നിരുന്നു. ഹരിയാന പൊലീസിെൻറ ലാത്തിയടികൾ തലയിൽ ആഞ്ഞുപതിച്ചിട്ടും അടിപതറാതെനിന്നു അദ്ദേഹം.സർവിസിൽ കയറി കഷ്ടി നാലുവർഷമാവുന്ന ഒരു ജൂനിയർ ഉദ്യോഗസ്ഥനാണ് കർണാലിൽ സമരംചെയ്യുന്ന കർഷകരുടെ തലയോട്ടിയടിച്ചുപൊട്ടിക്കണമെന്ന് പൊലീസുകാർക്ക് ഉത്തരവ് നൽകിയത്. അയാളുടെ അപ്പൂപ്പെൻറ പ്രായമുള്ളവരായിരുന്നു ആ കർഷകരിൽ പലരും.ഈ ദൃശ്യങ്ങൾ കുറഞ്ഞ കാലത്തേക്കെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെയും അലോസരപ്പെടുത്തും.
ആഗസ്റ്റ് 28ന് കർണാലിൽ ഇതെല്ലാം നടക്കുേമ്പാൾ പ്രധാനമന്ത്രി മോദി ജാലിയൻവാലാബാഗിൽ നവീകരിച്ച രക്തസാക്ഷിസ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊളോണിയൽ പൊലീസിെൻറ ക്രൂരതയിൽ ജീവൻ ഹോമിക്കേണ്ടിവന്ന രക്തസാക്ഷികൾക്ക് ആദരംപറയുന്ന അതേസമയം സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസുകാർ സമരക്കാരുടെ തല തല്ലിത്തകർത്തു. ഈ വിരോധാഭാസവും അത്ര എളുപ്പം മറക്കാനാവില്ല.
മോദി സർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരായ കർഷകപ്രക്ഷോഭം അത്ഭുതപ്പെടുത്തുന്നതാണ്. പഞ്ചാബിൽ തുടങ്ങിയ സമരം ഡൽഹിയുടെ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചിട്ട് ഒമ്പതു മാസമാവുന്നു. പൊലീസ് അതിക്രമങ്ങൾ, മഹാമാരി, കൊടുംതണുപ്പ്, കടുത്ത വേനൽ, നൂറുകണക്കിന് കർഷകരുടെ മരണം... ഇതെല്ലാം അതിജീവിച്ച് അവർ ഉറച്ചുനിന്ന് പൊരുതുന്നു. എന്താണ് ഉറച്ചുനിൽക്കാൻ അവർക്ക് ഇത്രമേൽ ശക്തി പകരുന്നത്? അതിെൻറ കാരണം കണ്ടെത്താൻ അത്ര ആലോചിക്കേണ്ട കാര്യമൊന്നുമില്ല.ഇത് അവരുടെ നിലനിൽപിെൻറ പ്രശ്നമാണ്. തങ്ങളുടെ ജീവിതമാർഗം സംരക്ഷിച്ചുനിർത്താനുള്ള അവസാന ഉപാധിയായാണ് കർഷകർ പോരാട്ടത്തെ കാണുന്നത്. കർഷകരെ പിന്തിരിപ്പിക്കാൻ മോദി സർക്കാർ അടവുകൾ പലതും പയറ്റിനോക്കിയിരുന്നു. പലവട്ട ചർച്ചകൾ, നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാമെന്ന വാഗ്ദാനം... പക്ഷേ, ഈ നിയമങ്ങൾ സമ്പൂർണമായി പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന് കർഷകർ തീർത്തുപറഞ്ഞു.
കർഷകർക്ക് വഴങ്ങാത്ത നിലപാടിൽ കടുകിട പിന്നാക്കം പോയില്ലെന്നത് വിജയമാണെന്ന് സർക്കാർ വിലാസം വിദഗ്ധരും അവകാശപ്പെടുന്നു. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും പിന്തുണക്കുന്നതിനു പുറമെ യു.കെ, യു.എസ്, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി പാർലമെൻറ് അംഗങ്ങളും അന്താരാഷ്ട്ര വ്യക്തിത്വങ്ങളായ റിഹാന, ഗ്രെറ്റ തുൻബെർഗ് തുടങ്ങിയവരുമെല്ലാം കർഷകരോട് ഐക്യദാർഢ്യപ്പെട്ടുവെന്നുമോർക്കണം.കർണാലിൽ സംഭവിച്ചത് പ്രക്ഷോഭത്തിെൻറ അടുത്ത ഘട്ടങ്ങൾക്കാണ് വഴിമരുന്നിടുന്നത്.
കർണാലിലെ പൊലീസ് നടപടിക്കു പിന്നാലെ അറസ്റ്റിലായ സഖാക്കളുടെ മോചനം ആവശ്യപ്പെട്ട് കർഷകർ രംഗത്തുവന്നു. അക്രമത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥൻ ആയുഷ് സിൻഹക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. അറസ്റ്റിലായ കർഷകരെ വിട്ടയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥെൻറ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഖട്ടർ പറയുന്നു. പക്ഷേ, സംസ്ഥാന സർക്കാറിെൻറ പിന്തുണയില്ലാതെ ഒരു ഉദ്യോഗസ്ഥൻ ഇതുപോലൊരു ഉത്തരവ് നൽകാൻ ഒരു വഴിയുമില്ലെന്ന് കർഷകരിൽ പലരും ചൂണ്ടിക്കാട്ടുന്നു. വരുംനാളുകളിൽ സർക്കാറും കർഷകരും തമ്മിലെ ഏറ്റുമുട്ടലിെൻറ കളം യു.പിയാവും. സെപ്റ്റംബർ അഞ്ചിന് മുസഫർനഗറിൽ പടുകൂറ്റൻ കർഷക മഹാപഞ്ചായത്ത് നടത്താനുള്ള ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. ഭാരതീയ കിസാൻ യൂനിയനും ബലിയാൻ ഖാപ്പും നിയന്ത്രിക്കുന്ന നരേഷ്, രാകേഷ് ടിക്കായത്തുമാരുടെ കൈയിലാണ് ഇവിടത്തെ കടിഞ്ഞാൺ. ഹരിയാനയിൽനിന്നുള്ള കർഷകർ മുസഫർനഗർ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നതിന് തടയിടാനാണ് പൊലീസ് പരാക്രമം കാണിച്ചതെന്ന് രാകേഷ് ടിക്കായത്ത് ആരോപണം ഉന്നയിച്ചുകഴിഞ്ഞു. ഇതിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ 'തലമണ്ടയടിച്ചു പൊട്ടിച്ചേക്കണം' എന്ന ഉത്തരവ് അധികാരമത്തനായ ഒരു ഉദ്യോഗസ്ഥെൻറ മൂളയിലുദിച്ച തീരുമാനമായിരിക്കില്ലെന്നുറപ്പ്.
മഹാപഞ്ചായത്ത് പൊളിയണമെന്ന് ബി.ജെ.പിക്ക് മോഹമുണ്ട്, വരാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ജാട്ടുകൾ തങ്ങൾക്കെതിരെ ഒന്നിക്കരുതെന്നും. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പശ്ചിമ യു.പിയിലെ ജാട്ട് സമുദായത്തെ ഒപ്പം നിർത്താൻ വർഷങ്ങളായി നടത്തിവരുന്ന പണികളെല്ലാം വെള്ളത്തിലാവും. ഒരു വശത്ത് യതി നരസിംഹാനന്ദ സരസ്വതിയെപ്പോലുള്ള കക്ഷികൾ പശ്ചിമ യു.പിയെ വീണ്ടും വർഗീയവത്കരിക്കാനുള്ള ഉദ്യമങ്ങളുമായി സജീവമായുണ്ട്. ഹിന്ദുസ്ത്രീകൾക്ക് മുസ്ലിംകൾ മൈലാഞ്ചിയിടുന്നത് തടയാൻ ഏതാനും ആഴ്ച മുമ്പ് ഹിന്ദുത്വ സംഘടനകൾ പ്രത്യേക പ്രചാരണ പരിപാടിതന്നെ നടത്തിയിരുന്നു. മേഖലയിൽ വർഗീയത ചൂടുപിടിപ്പിക്കാൻ വേറെ ഒരുപാട് വേലകളും അരങ്ങേറുന്നുണ്ട്.
ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യാനുള്ള തീരുമാനത്തിൽ ജാട്ടുകൾ മാറ്റംവരുത്തുമെന്ന് നിലവിലെ സാഹചര്യത്തിൽ കരുതാൻ വയ്യ. അങ്ങനെ വന്നാൽ അതുകൊണ്ട് നേട്ടമുണ്ടാക്കുക രാഷ്ട്രീയ ലോക്ദൾ ആയിരിക്കും. ഏറെ പരിശ്രമിച്ചിട്ടും വേരുപിടിക്കാഞ്ഞ അവരുടെ കാർഷിക രാഷ്ട്രീയം ഒരുപക്ഷേ ഫലംകണ്ടേക്കും. കർണാൽ അതിക്രമത്തിെൻറ പ്രധാന പരിണതി സമരത്തിന് പ്രതിപക്ഷനേതാക്കളുടെ ഉള്ളുതുറന്ന പിന്തുണ ഉറപ്പാക്കാൻ അത് കാരണമാവും എന്നതാണ്. ശരദ് പവാർ ഉൾപ്പെടെ മുൻനിര നേതാക്കളെല്ലാം പൊലീസ് നടപടിയെ അപലപിച്ചിട്ടുണ്ട്. വരുംദിനങ്ങളിൽ കർഷകർക്കുള്ള പിന്തുണ ഏറിയേറി വരുകതന്നെ ചെയ്യും.
(വാർത്ത വെബ്സൈറ്റായ ദ ക്വിൻറ് ഡോട്ട്കോമിൽ മാധ്യമപ്രവർത്തകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.