ഗ്രാമീണ ഇന്ത്യയോടുള്ള ക്രൂരതയാണിത്​, സ്​ത്രീകളോടും

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതുമുതൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇത്തവണത്തെ ബജറ്റിൽ പദ്ധതിയുടെ നീക്കിയിരിപ്പിൽനിന്ന് 29,400 കോടി രൂപ വെട്ടിക്കുറവ് വരുത്തി കേന്ദ്ര സർക്കാർ. പദ്ധതിയെക്കുറിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും കേന്ദ്ര ധനമന്ത്രി നടത്തിയിരുന്നു

ലോകമൊട്ടുക്ക്​ നിരവധിയായ സാമ്പത്തിക തകർച്ചകൾ നടമാടിയ വർഷങ്ങളാണ്​ കഴിഞ്ഞുപോയത്​. മഹാമാരിയും ​പ്രകൃതിദുരന്തങ്ങളും ഏൽപിച്ച ആഘാതങ്ങൾ അതിനു പുറമെ. സകലമാന വസ്​തുക്കൾക്കും കൊടിയ വിലക്കയറ്റവുമുണ്ടായി.​ ഇക്കാരണങ്ങളെല്ലാം കൊണ്ട്​ ദാരിദ്ര്യത്തിൽ നീറു​മ്പോഴും ഇന്ത്യയിലെ ഗ്രാമീണ സമൂഹം വീഴാതെ പിടിച്ചുനിന്നത്​ തികഞ്ഞ പ്രതിബദ്ധതയോടെയും ദീർഘവീക്ഷണത്തോടെയും രാജ്യത്ത്​ നടപ്പാക്കപ്പെട്ടിരുന്ന ഒരു പദ്ധതിയുടെ കരുത്തിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷ പൊതുമരാമത്ത് പരിപാടി എന്ന് വിദേശ മാധ്യമങ്ങളും ഗ്രാമവികസനത്തിന്റെ മികച്ച ഉദാഹരണമെന്ന്​ 2014 ലെ വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ടിൽ ലോകബാങ്കും വിശേഷിപ്പിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികവിൽ.

ആ മഹാപദ്ധതിയുടെ കടക്കൽ കത്തിവെക്കുന്ന വിധത്തിലാണ്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ്​. പ്രായപൂർത്തിയായ അംഗങ്ങൾ അവിദഗ്‌ധ ജോലികൾ ചെയ്യാൻ സന്നദ്ധരായ ഓരോ വീട്ടിലെയും ഒരു അംഗത്തിനെങ്കിലും സാമ്പത്തിക വർഷം കുറഞ്ഞത് നൂറു ദിവസത്തെ വേതന തൊഴിൽ നൽകിക്കൊണ്ടാണ്​ ഗ്രാമീണ മേഖലകളിൽ ഉപജീവന സുരക്ഷ വർധിപ്പിക്കാൻ ഈ പദ്ധതി ആരംഭിച്ചത്​.

ഗ്രാമീണ ജനതക്കിടയിൽ പ്രവർത്തിച്ച, അവരുടെ വേദനകളും സ്​പന്ദനങ്ങളുമറിയുന്ന സാമൂഹിക പ്രവർത്തകരുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചാണ്​ ഒന്നാം യു.പി.എ സർക്കാറി​ന്റെ കാലത്ത്​​ ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്​. ഇന്ത്യയിലെ 625 ജില്ലകളിൽ നടപ്പാക്കിയ ഈ പദ്ധതി പ്രകാരമുണ്ടായ ജോലികളിൽ മൂന്നിലൊന്ന്​ സ്​ത്രീകൾക്കായി നീക്കിവെക്കപ്പെട്ടു.

വിശാലമായ റോഡുകൾ, കനാലുകൾ, കുളങ്ങൾ, കിണറുകൾ മുതലായവ സൃഷ്ടിക്കുന്നതിൽ ഗ്രാമീണ ജനതയുടെ കൈയൊപ്പ്​ പതിഞ്ഞു. അപേക്ഷകരുടെ താമസസ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്ററിനുള്ളിൽ മിനിമം വേതനം ഉറപ്പാക്കി തൊഴിൽ നൽകി. അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭിച്ചില്ലെങ്കിൽ അവരെ തൊഴിലില്ലായ്മ അലവൻസിന് അർഹരാക്കി.

അങ്ങനെ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനും, പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും, സാമൂഹിക സമത്വം വളർത്തുന്നതിനുമെല്ലാം എം.ജി.എൻ.ആർ.ഇ.ജി.എ ചെറുതല്ലാത്ത പങ്കുവഹിച്ചു പദ്ധതി.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരമേറ്റ കാലം മുതൽ തൊഴിലുറപ്പ് പദ്ധതിയോട് ഒരുതരം പകപോക്കൽ നയം ആരംഭിച്ചിരുന്നെന്ന്​ കാണാതിരുന്നു കൂടാ. കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരിക്കെ നിതിൻ ഗഡ്കരി എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതികൾ ആദിവാസി, ദരിദ്ര മേഖലകളിൽ പരിമിതപ്പെടുത്താനും ലേബർ: മെറ്റീരിയൽ അനുപാതം 60:40 ൽ നിന്ന് 51:49 ആയി മാറ്റാനും നിർദേശിച്ചിരുന്നു.

അതിൻ പ്രകാരം 2,500 പിന്നാക്ക ബ്ലോക്കുകളിൽ മാത്രമായി പദ്ധതി പരിമിതപ്പെടുമെന്ന അവസ്ഥ വന്നു. ഇതിനെ സാമൂഹിക ശാസ്​ത്രജ്​ഞരും ജനകീയ കാഴ്​ചപ്പാടുള്ള സാമ്പത്തിക വിദഗ്​ധരും പ്രതിപക്ഷവും ചോദ്യംചെയ്​തിരുന്നു.

ഗഡ്​കരിക്ക്​ പിന്നാലെ ഗ്രാമവികസന മന്ത്രിയായി വന്ന ബീരേന്ദർ സിങ് എല്ലാ ജില്ലകളിലും എൻ.ആർ.ഇ.ജി.എ തുടരുമെന്ന്​ ഉറപ്പ്​ പറഞ്ഞിരുന്നുവെങ്കിലും ബജറ്റിൽ കുത്തനെ വെട്ടിക്കുറക്കപ്പെട്ടു, പ്രത്യേക ശ്രദ്ധ നൽകാൻ എന്ന പേരിൽ ചില ബ്ലോക്കുകളിൽ പദ്ധതി പരിമിതപ്പെടുത്തുകയും ചെയ്​തു.

തൊഴിലുറപ്പ്​ പദ്ധതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി രംഗത്തിറങ്ങാൻ വിവിധ തൊഴിലാളി സംഘടനകൾ നിർബന്ധിതരായി.

പദ്ധതിക്കുള്ള കേന്ദ്ര വിഹിതം, തൊഴിൽ ദിനങ്ങൾ, വേതനം എന്നിവ വർധിപ്പിക്കുക, ജോലി ആവശ്യപ്പെടുന്ന എല്ലാവർക്കും ജോബ് കാർഡ് നൽകുക, കൂലി നൽകാനുള്ള കാലതാമസം പരിഹരിക്കുക, പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക, നടത്തിപ്പ് നിരീക്ഷിക്കുന്നതിനും അഴിമതി തടയുന്നതിനും ഗ്രാമസഭകൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അന്ന് തൊഴിലാളി സംഘടനകളും അന്നത്തെ പ്രതിപക്ഷവും സഭക്കകത്തും പുറത്തും ഉന്നയിച്ചു.

സമാശ്വാസമെ​ന്നോണം എം.ജി.എൻ.ആർ.ഇ.ജി.എക്ക് 48,000 കോടി നീക്കിവെക്കുമെന്ന്​ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി 2017ൽ പ്രഖ്യാപിച്ചെങ്കിലും പാലിക്കപ്പെട്ടില്ല. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തിക വർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ കണക്കുകൾ പ്രകാരം അത് 89,400 കോടി രൂപയാണ്.

എന്നാൽ ഏറ്റവും പുതിയ ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തേക്കായി പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപ മാത്രമാണ്. സാധാരണക്കാരായ ജനവിഭാഗത്തെ ഏറ്റവും സ്പർശിക്കേണ്ടുന്ന ഒരു പദ്ധതിയുടെ നീക്കിയിരിപ്പിലാണ് 29,400 കോടി രൂപയുടെ കുറവ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയെ ഒന്നാകെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന്​ പറയാതിരിക്കാനാവില്ല. പദ്ധതിയെക്കുറിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതി മുഖേന തൊഴിൽ തേടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നാണ്​ ശൈത്യകാല സമ്മേളനത്തിൽ മന്ത്രി ലോക്സഭയെ അറിയിച്ചത്.

എന്നാൽ, ഈ വർഷം ജനുവരി 24 വരെയുള്ള കണക്കു​പ്രകാരം 6.49 കോടി പേരാണ് തൊഴിൽ ആവശ്യപ്പെട്ടുകഴിഞ്ഞത്. തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ആവശ്യപ്പെടുന്നവരുടെ എണ്ണം എഴുവർഷത്തിനുള്ളിൽ ഇരട്ടിയായെന്നാണ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്.

കോർപറേറ്റുകൾക്ക്​ വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്ന രാജ്യത്ത്​ ഗ്രാമീണ ജനതയുടെ വിശിഷ്യാ, സ്​ത്രീജനങ്ങളുടെ അന്തസ്സിനെയും കർമശേഷിയെയും ഞങ്ങൾ വിലകൽപിക്കുന്നതേയില്ല എന്ന്​ സർക്കാർ വിളംബരം ചെയ്യുകയാണ്​ ഈ വെട്ടിക്കുറക്കലിലൂടെ.

ദരിദ്ര ജനതയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന ഈ ക്രൂരമായ നീക്കം അനുവദിക്കാനാവില്ലെന്ന്​ വിളിച്ചുപറയാൻ ഓരോ ഇന്ത്യക്കാർക്കുമുണ്ട്​ ബാധ്യത.

Tags:    
News Summary - this is the cruelty to rural India and women too -employment guarantee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.