കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയും കിഫ്ബിയെപറ്റിയും സി.പി.എമ്മും ധനമന്ത്രി തോമസ് െഎസക്കും ഉന്നയിക്കുന്ന അവകാശവാദങ്ങളെ പരിശോധിക്കുകയാണ് സാമ്പത്തിക വിദഗ്ധൻ കൂടിയായ ലേഖകൻ.
ആദ്യകാലത്ത് ഡോ. തോമസ് ഐസക് പറഞ്ഞത് കിഫ്ബി (Kerala Infrastructure Investment Fund Board) പ്രത്യേക സംവിധാനമെന്നും നോഡൽ ഏജൻസിയെന്നുമാണ്. കേരളത്തിെൻറ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും പണം ചെലവഴിക്കുന്നത്. ആൾട്ടർനേറ്റിവ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (എ.ഐ.എഫ്), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് (ഐ.എൻ.വി.ഐ.ടി) ഇൻഫ്രാസ്ട്രക്ചർ ഡെബ്റ്റ് ഫണ്ട് (ഐ.ഡി.എഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത്.
സുഗമമായ പ്രവർത്തനത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (എസ്.പി.വി) പിണറായി സർക്കാറിെൻറ കാലത്ത് കിഫ്ബിയെ പുനഃസംഘടിപ്പിച്ചു. ഗതാഗതം, ജലശുദ്ധീകരണം, ഉൗർജം, സാമൂഹികവും വാണിജ്യപരവുമായ അടിസ്ഥാന സൗകര്യ വികസനം, ഐ.ടി ആൻഡ് ടെലികമ്യൂണിക്കേഷൻ തുടങ്ങിയവയിലെ അടിസ്ഥാന സൗകര്യ വികസനമാണ് കിഫ്ബിയുടെ സ്ഥാപിത ലക്ഷ്യം. സർക്കാറിെൻറ വിവിധ സംവിധാനങ്ങൾക്ക് അടിസ്ഥാന സൗകര്യം വികസന പദ്ധതികൾ നടപ്പാക്കുന്നതിന് കിഫ്ബി സഹായകരമായി പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ വിവിധ േപ്രാജക്ടുകളെക്കുറിച്ച് വിശദമായി പഠനവിധേയമാക്കിയ ശേഷം അതിന് അനുമതി നൽകുന്നതും അവക്ക് ആവശ്യമുള്ള തുക വകയിരുത്തുന്നതും കിഫ്ബിയാണ്. അതായത് കേരളത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥാപിച്ചിരിക്കുന്ന നൂതന പ്രഫഷനൽ സമീപനമുള്ള നോഡൽ ഏജൻസിയാണ് കിഫ്ബി. പി.പി.പി ( പൊതു^ സ്വകാര്യ പങ്കാളിത്ത) മാതൃകയിൽ കേരളത്തിൽ നടക്കുന്ന പദ്ധതികൾക്കും കിഫ്ബി തന്നെയാണ് നോഡൽ ഏജൻസി.
വിഷയം വിവാദമായപ്പോഴാണ് ബോഡി കോർപറേറ്റ് ആണെന്ന് ഐസക് വിശദീകരിച്ചത്. കിഫ്ബിയുടെ കടമെടുപ്പിനെ ചൊല്ലിയുള്ള സി.എ.ജിയുടെ വിമർശനത്തിനും അതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനും മറുപടിയായി ധനമന്ത്രി പറഞ്ഞത് ബോഡി കോർപറേറ്റ് എന്നനിലയിൽ കിഫ്ബിക്ക് മസാലബോണ്ട് ഇറക്കി ആഗോള മൂലധനവിപണിയിൽനിന്ന് കടമെടുക്കാൻ നിയമപരമായ അർഹതയുണ്ടെന്നും റിസർവ്ബാങ്കിെൻറ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമാണ്. റിസർവ്ബാങ്കിെൻറ വ്യവസ്ഥകൾ പ്രകാരം മൂന്നുതരം സ്ഥാപനങ്ങൾക്ക് മസാലബോണ്ട് ഇറക്കാൻ അർഹതയുണ്ട്. ഒന്ന്, 1956ലെ കമ്പനിനിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ (കോർപറേറ്റ് ബോഡി). രണ്ട്, പാർലമെൻറ് പാസാക്കിയ പ്രത്യേകനിയമത്തിലൂടെ നിലവിൽവന്ന സ്ഥാപനങ്ങൾ (ബോഡി കോർപറേറ്റ്). മൂന്ന്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2014ൽ ഏർപ്പെടുത്തിയ വ്യവസ്ഥകൾക്കു വിധേയമായി രൂപവത്കരിച്ച നിക്ഷേപക ട്രസ്റ്റുകൾ. ഇപ്പറഞ്ഞവയിൽ ഒന്നിലും ഉൾപ്പെടുന്ന സ്ഥാപനമല്ല കിഫ്ബി. ബോഡി കോർപറേറ്റ് എന്ന് കിഫ്ബി സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നിയമപരമായി സ്വന്തം അസ്തിത്വമുള്ള സ്ഥാപനമെന്ന സാമാന്യമായ അർഥമേ അതിനുള്ളൂ.
1956ലെ കമ്പനിനിയമം ബോഡി കോർപറേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്ത വിദേശകമ്പനികളെയാണ്. 2013ലെ കമ്പനിനിയമ ഭേദഗതി, കേന്ദ്രസർക്കാർ പ്രത്യേക അറിയിപ്പിലൂടെ ബോഡി കോർപറേറ്റ് എന്നു പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളെയും നിർവചനത്തിൽ ഉൾപ്പെടുത്തി. പാർലമെൻറ് പാസാക്കിയ പ്രത്യേകനിയമത്തിലൂടെ നിലവിൽവന്ന സ്ഥാപനങ്ങളെയാണ് ബോഡി കോർപറേറ്റുകളായി റിസർവ്ബാങ്ക് മസാലബോണ്ട് വ്യവസ്ഥകളിൽ അംഗീകരിക്കുന്നത്. ഉദാഹരണമായി ഇന്ത്യൻ പാർലമെൻറിെൻറ തീരുമാനപ്രകാരം രൂപവത്കരിച്ച എൽ.ഐ.സി, ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി തുടങ്ങിയ സ്ഥാപനങ്ങൾ ഇതിൽവരും. നിർവചനത്തിൽ അതെല്ലാം വ്യക്തമായി പറയുന്നുണ്ട്. കിഫ്ബി സ്ഥാപിക്കപ്പെട്ടതാകട്ടെ സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരമായിരുന്നു. മസാല ബോണ്ട് ഇറക്കാനുള്ള അധികാരം കിഫ്ബിക്കുണ്ടോയെന്ന് ചോദിച്ചാൽ ഇക്കാര്യം തീർത്തുപറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല. മാത്രമല്ല, നിയമത്തിൽ വ്യാഖ്യാനത്തിനുകൂടി ഇടമുണ്ടല്ലോ. അതുകൊണ്ട് മസാല ബോണ്ട് ഇറക്കാനുള്ള അർഹതയെ റിസർവ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടുള്ളത് എങ്ങനെയെന്ന് മാത്രം പറയാം.
ബാങ്കുകൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കുമാണ് മസാലബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുള്ളത്. റിസർവ് ബാങ്കിെൻറ അനുമതിയോടെയാണ് കിഫ്ബി മസാലബോണ്ട് ഇറക്കിയതെന്നു സംസ്ഥാന സർക്കാർ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരവും പൊതുസമൂഹത്തിൽ ലഭ്യമാക്കിയിട്ടില്ല. അനുമതിയെ സംബന്ധിക്കുന്ന ഒരു രേഖ മാത്രമേ ധനമന്ത്രി നിയമസഭയിൽപോലും വെച്ചിട്ടുള്ളൂ. മറ്റ് രേഖകളൊന്നും സർക്കാർ നിയമസഭയിൽ ഹാജരാക്കിയിട്ടില്ല. കിഫ്ബിയുടെ മസാലബോണ്ടിെൻറ കൈകാര്യക്കാരായ ആക്സിസ് ബാങ്ക് 2018 മേയ് അഞ്ചിന് അയച്ച കത്തിന് ജൂൺ ഒന്നിന് റിസർവ്ബാങ്ക് നൽകിയ മറുപടിയാണ് ആ രേഖ. ഈ കത്തിൽനിന്ന് വ്യക്തമാക്കുന്നത് വിദേശനാണയനിർവഹണ നിയമത്തിെൻറ വകുപ്പുകൾ മാത്രം കണക്കിലെടുത്താണ് റിസർവ്ബാങ്കിെൻറ തീരുമാനമെന്നാണ്. കിഫ്ബി മസാലബോണ്ട് ഇറക്കുന്നതിൽ ഈ നിയമപ്രകാരം തങ്ങൾക്കു എതിർപ്പില്ലെന്ന് റിസർവ്ബാങ്ക് വ്യക്തമാക്കി. എന്നാൽ, കേന്ദ്രസർക്കാറിെൻറയോ മറ്റേതെങ്കിലും അധികാരസ്ഥാപനത്തിെൻറയോ പ്രസക്തമായ നിയമങ്ങളോ വ്യവസ്ഥകളോ പ്രകാരമുള്ള അംഗീകാരമായി തങ്ങളുടെ കത്തിനെ വ്യാഖ്യാനിക്കാൻ പാടില്ലെന്നും കത്തിൽ കുറിച്ചിട്ടുണ്ട്.
കത്തിൽ പറയുന്നത് ^ ''ഇന്ത്യൻ രൂപ കടപ്പത്ര പദ്ധതിയിൽ 2672.80 കോടി രൂപ (ഏകദേശം 40 കോടി അമേരിക്കൻ ഡോളർ) വിലവരുന്ന കടപ്പത്രം കിഫ്ബി ഇറക്കുന്നതിനോട് 1999ലെ വിദേശ നാണയവിനിമയ നിർവഹണ നിയമപ്രകാരം ഞങ്ങൾക്ക് എതിർപ്പില്ല. വായ്പ രേഖപ്പെടുത്താനായി യഥാവിധി പൂരിപ്പിച്ച ഫോറം 83 ഞങ്ങൾക്കു സമർപ്പിക്കുക. വിദേശ നാണയവിനിമയ നിർവഹണ നിയമത്തിലെ വകുപ്പുകൾ അനുശാസിക്കുന്ന വിദേശനാണയ വിനിമയത്തിെൻറ കാഴ്ചപ്പാടിൽനിന്നാണ് ഈ കത്ത് നൽകുന്നത്. സർക്കാറിെൻറയോ ചട്ടപ്രകാരമുള്ള മറ്റേതെങ്കിലും അധികാര സ്ഥാപനത്തിെൻറയോ മറ്റേതെങ്കിലും നിയമങ്ങളോ വ്യവസ്ഥകളോ പ്രകാരമുള്ള അംഗീകാരമായി ഇതിനെ വ്യാഖ്യാനിക്കാൻ പാടില്ല. ഈ അംഗീകാരപ്രകാരമുള്ള ഒന്നുംതന്നെ വായ്പയെടുക്കുന്നതിെൻറയോ സാമ്പത്തികമോ അല്ലാതെയോ ഉള്ള മറ്റു വശങ്ങളുടെയോ അംഗീകാരമായി വ്യാഖ്യാനിച്ചുകൂടാ. ഇവിടെ പരാമർശിക്കുന്ന ഇടപാട് നടത്തുന്നതിനു മുമ്പായി, പ്രസക്തമായ നിയമങ്ങളോ വ്യവസ്ഥകളോ പ്രകാരം സർക്കാറിെൻറയോ ചട്ടപ്രകാരമുള്ള മറ്റേതെങ്കിലും അധികാര സ്ഥാപനത്തിെൻറയോ അംഗീകാരമോ അനുമതിയോ ആവശ്യമുള്ള പക്ഷം പ്രസ്തുത കാര്യസ്ഥകേന്ദ്രത്തിെൻറ അനുമതി നേടിയിരിക്കണം. കൂടാതെ, ഏതെങ്കിലും നിയമങ്ങളുടെയോ വ്യവസ്ഥകളുടെയോ വകുപ്പുകളുമായി ബന്ധമുണ്ടായേക്കാവുന്ന എന്തെങ്കിലും ക്രമക്കേടുകളോ ലംഘനമോ മറ്റു വീഴ്ചകളോ ക്രമപ്പെടുത്തുന്നതോ ശരിവെക്കുന്നതോ ആയി ഇപ്പോൾ തരുന്ന അംഗീകാരത്തെ വ്യാഖ്യാനിക്കാൻ പാടില്ല.'' അത്തരം അനുമതി ആവശ്യമെങ്കിൽ ബോണ്ട് ഇറക്കുന്നതിനു മുമ്പായി അത് നേടിയിരിക്കണമെന്ന് അനുശാസിക്കുന്നു. ഇതനുസരിച്ചു വിദഗ്ധനിയമോപദേശം തേടിയിരുന്നുവോ എന്ന കാര്യം സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
കത്തിൽ സോപാധികമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. റിസർവ്ബാങ്കിെൻറ വ്യവസ്ഥകൾ പ്രകാരം തന്നെ മസാലബോണ്ട് ഇറക്കാൻ നിയമപരമായ അർഹത കിഫ്ബിക്കില്ല. അങ്ങനെയിരിക്കെ റിസർവ്ബാങ്ക് സോപാധികമായി അനുമതി നൽകിയത് ഏതു സാഹചര്യത്തിലാണെന്ന കാര്യം വ്യക്തമല്ല. ആക്സിസ് ബാങ്കിനു നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് കിഫ്ബിയെ കമ്പനിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെട്ട സ്ഥാപനമാണ് കിഫ്ബി എന്ന് തെറ്റിദ്ധരിച്ചാണോ റിസർവ്ബാങ്ക് അനുമതി നൽകിയതെന്നും അന്വേഷിക്കേണ്ടതാണ്. അതോ റിസർവ്ബാങ്ക് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവോ? ബന്ധപ്പെട്ട മൂന്നു സ്ഥാപനങ്ങളുടെയും രേഖകൾ പുറത്തുവിട്ടാൽ മാത്രമേ ഇതിന് ഉത്തരം പറയാൻ കഴിയൂ. സി.എ.ജി റിസർവ് ബാങ്കിനെയും വിമർശിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന് അതിന് എന്തു മറുപടിയാണ് പറയാനുള്ളത്? അത് ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. വ്യക്തിപരമായി മനസ്സിലാക്കിയ വിവരങ്ങൾ പ്രകാരം കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനുള്ള അധികാരമില്ല. ഇവർ എലിജിബിൾ ബോറോവർ ആണോ എന്ന് നോക്കണം. കിഫ്ബി കമ്പനിയല്ല. ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് അല്ല. ബോണ്ട് ഇറക്കാൻ കിഫ്ബിക്കുള്ള അർഹതയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിൽനിന്ന് അറിയുക പ്രയാസമാണ്.
കിഫ്ബിയുടെ മിനുട്സ് പുറത്തുവിടാൻ ധനമന്ത്രി ഭയപ്പെടുന്നതിൻെറ കാരണം എന്താണ്? കിഫ്ബിയെക്കുറിച്ചുള്ള ഒരു പ്രധാന വിമർശനം അതിെൻറ പ്രവർത്തനം സുതാര്യമല്ല, ജനപ്രതിനിധികൾക്കുപോലും പദ്ധതികളെക്കുറിച്ചു അറിയാൻ കഴിയുന്നില്ല എന്നതാണ്.1999ലെ കിഫ്ബി നിയമത്തിെൻറ ഏഴാം വകുപ്പു പ്രകാരം കിഫ്ബിയുടെ എല്ലാ പദ്ധതികൾക്കും നിയമസഭയുടെ അംഗീകാരം നിർബന്ധമാണ്. ഓരോ പദ്ധതിയും ആവിഷ്കരിക്കുന്ന മുറക്ക് നിയമസഭയിൽ അവതരിപ്പിക്കണമെന്നും സാമാജികരുടെ നിർദേശങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി സഭയുടെ അനുമതി നേടണമെന്നും വകുപ്പിൽ വ്യക്തമാക്കിയിരുന്നു.
2016ലെ കിഫ്ബി ഭേദഗതി നിയമം ഈ വകുപ്പ് പൂർണമായി നീക്കം ചെയ്തു. പുതിയ വ്യവസ്ഥകൾ പ്രകാരം കിഫ്ബിയുടെ നിർവഹണ സമിതി മുന്നോട്ടു വെക്കുന്ന പദ്ധതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാവും. കിഫ്ബി നിർവഹണസമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ധനമന്ത്രിയുമാണെന്നിരിക്കെ നിർവഹണസമിതിയുടെ തീരുമാനം ഫലത്തിൽ അന്തിമ തീരുമാനമാണ്.
സുതാര്യതയുടെ അഭാവംതന്നെയാണ് പ്രാഥമികപ്രശ്നം. കിഫ്ബിയുടെ വരവ്ചെലവ് ബജറ്റിെൻറ ഭാഗമല്ല. ബജറ്റിനൊപ്പം നിയമസഭയിൽ വെക്കുന്നത് പോയവർഷത്തെ കണക്കാണ്. അതിനാൽ നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ചു അറിയാനോ അഭിപ്രായം പറയാനോ സാമാജികർക്ക് അവസരം ലഭിക്കുന്നില്ല. ചുരുക്കം പദ്ധതികൾ മാത്രമേ മന്ത്രിസഭയുടെ പരിഗണനയിൽപോലും വരുന്നുള്ളൂ. എല്ലാ അധികാരവും കിഫ്ബിയുടെ ഭരണസമിതിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ സമിതിയിലെ ശേഷം അംഗങ്ങൾ വകുപ്പ് തലവന്മാരും വിഷയനിപുണന്മാരുമാണ്. പൊതുമരാമത്തുമന്ത്രിപോലും ഭരണസമിതിയിൽ അംഗമല്ല.
ഇന്ന് സംസ്ഥാന വരുമാനത്തിെൻറ വലിയൊരു ഭാഗം കിഫ്ബിക്കായി മാറ്റിവെച്ചിരിക്കുന്നു. തങ്ങളുടെ നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് അവരോടു പറയാൻ സർക്കാറിന് ബാധ്യതയുമുണ്ട്. കിഫ്ബി ഭരണസമിതിയുടെ യോഗങ്ങളുടെ മിനുട്സ് സ്ഥാപനത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഒരു നിയമസഭാംഗം ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യാമെന്ന് ധനമന്ത്രി സമ്മതിച്ചതുമാണ് (പതിനാലാം കേരള നിയമസഭ, പതിനാറാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2313, 05.11.2019). ഇതുകഴിഞ്ഞു ഒരു വർഷത്തിലേറെയായിട്ടും ഒരൊറ്റ യോഗത്തിെൻറ മിനുട്സും കിഫ്ബി വെബ്സൈറ്റിൽ ഇന്നും ലഭ്യമല്ല.കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൂർണമായ വ്യക്തത കൈവരിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുസമൂഹത്തിനോ നിയമസഭാ സാമാജികർക്കു തന്നെയോ ലഭ്യമല്ലെന്ന് ചുരുക്കം. കിഫ്ബി ഭേദഗതിനിയമം നിലവിൽവന്ന 2016നു ശേഷം ചേർന്ന ഭരണസമിതിയുടെയും നിർവഹണസമിതിയുടെയും എല്ലാ യോഗങ്ങളുടെയും മിനുട്സ് കിഫ്ബി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറുണ്ടോ? ചുരുങ്ങിയപക്ഷം ഈ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും മുമ്പെങ്കിലും? ധനമന്ത്രി ഇതിന് മറുപടി പറയണം.
കിഫ്ബി പുതിയൊരു അധികാര കേന്ദ്രമാണ്. ബോണ്ട് എടുക്കുന്ന ആളും വാങ്ങുന്ന ആളും തമ്മിൽ വലിയ വിലപേശൽ നടക്കാറുണ്ട്. അങ്ങനെയാണ് പലിശനിരക്ക് തീരുമാനിക്കുന്നത്. കിഫ്ബിയുടെ കാര്യത്തിൽ കെ.എം. എബ്രഹാമാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നത്. അദ്ദേഹം ഈ രംഗത്തെ വിദഗ്ധനാണ്. ഒരു യോഗത്തിൽ എബ്രഹാം വെളിപ്പെടുത്തിയത് ഒരു കമ്പനിയെ കണ്ടെത്തിയിട്ടുണ്ട്, അവരാണ് ബോണ്ടുകൾ വാങ്ങുന്നത് എന്നാണ്. ആ കമ്പനിയുടെ പേരും മറ്റു വിവരങ്ങളും നിയമപരമായി പറയാൻ നിർവാഹമില്ല. വേറൊരു യോഗത്തിൽ എബ്രഹാം വിശദീകരിച്ചത് 9.73 പലിശയാണെങ്കിൽ അവർ മുതൽമുടക്കും എന്നാണ്. ടോം ജോസായിരുന്നു അന്ന് ചീഫ് സെക്രട്ടറി. അദ്ദേഹവും മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഇതിനോട് വിയോജിച്ചു. മറ്റെല്ലാവരും നിശ്ശബ്ദത പാലിച്ചു. ചോദ്യത്തിന് പറഞ്ഞ മറുപടി ഈ പലിശ കൊടുത്താലേ അവർ മുതൽമുടക്കാൻ തയാറുള്ളൂവെന്നാണ്.
കിഫ്ബി മസാല ബോണ്ടിെൻറ പലിശ നിശ്ചയിക്കുന്നതിൽ വേണ്ടത്ര വിലപേശൽ നടന്നിട്ടില്ല. അവർ പറഞ്ഞത് അതേപടി സമ്മതിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഇതിനേക്കാൾ കൂടുതൽ പലിശ കൊടുക്കാൻ പറ്റില്ല. നിയമമനുസരിച്ച് പരമാവധി പലിശയാണ് നിശ്ചയിച്ചത്. കേരളസർക്കാർ ഗാരൻറിയും കൊടുത്തു. മറ്റ് വിലപേശൽ നടന്നിട്ടില്ല. എബ്രഹാമിെൻറ താൽപര്യമാണ് ഇവിടെ നടപ്പാക്കിയത്. കാപിറ്റൽ മാർക്കറ്റുമായുള്ള അദ്ദേഹത്തിെൻറ പരിചയം സഹായകമായി. എ.ഡി.ബി വായ്പ കാലത്തും അദ്ദേഹം ധനകാര്യ സെക്രട്ടറി ആയിരുന്നു. ഇടത് സർക്കാറിനും ആഗോള വികസന സങ്കൽപങ്ങൾക്ക് കിട്ടിയ സൗകര്യമാണ് എബ്രഹാം. കിഫ്ബിയുടെ ഗവേണിങ് ബോഡിയിൽ ഏഴ് പേർ വിദഗ്ധരാണ്. 100 കോടി വരെയുള്ള പദ്ധതികൾ എബ്രഹാമിന് തീരുമാനമെടുക്കാം. അധികാര കേന്ദ്രീകരണം ആണിത്. കോർപറേറ്റ് സ്ഥാപനത്തിന് സമാനമാണ് കിഫ്ബി.
സമ്പത്ത് മുഴുവൻ നാട്ടുകാരുടേതാണെന്ന് ഓർക്കുക. കടഭാരമൊക്കെ വരാൻ പോകുന്നതേയുള്ളൂ. കിഫ്ബിയുടെ ആദ്യ രൂപരേഖയിൽ എല്ലാ റോഡുകൾക്കും ബി.ഒ.ടി മാതൃകയിൽ ടോൾ പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ മൂന്നാലു മാസത്തിനു മുമ്പ് ഐസക് പറഞ്ഞത് ടോൾ പിരിക്കില്ലെന്നാണ്. ടോൾ പിരിക്കുമെന്ന് പറഞ്ഞാൽ സർക്കാറിന് ഇന്നത്തെ അവസ്ഥയിൽ വലിയ വില കൊടുക്കേണ്ടി വരും. ആദ്യം ആലോചിച്ച സ്കീമിൽനിന്ന് പിന്നീട് പിന്മാറി. ഒരു കോഒാഡിനേഷൻ ഇല്ലാതെയാണ് പ്രോജക്ട് തയാറാക്കിയിരിക്കുന്നത്.
പശ്ചാത്തല വികസനമില്ലാത്തതാണ് വികസന പ്രതിസന്ധിക്ക് കാരണമെന്ന നിഗമനം ശരിവെക്കുന്ന ഒരു ഗവേഷണപഠനവും ഇന്നോളം പുറത്തുവന്നിട്ടില്ല. മറിച്ചുള്ള ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടുതാനും. മാത്രമല്ല, ആദ്യം പശ്ചാത്തല സൗകര്യം, പിറകെ വികസനം എന്നല്ല, രണ്ടും ഏറക്കുറെ ഒപ്പത്തിനൊപ്പം എന്നതാണ് രാഷ്ട്രങ്ങളുടെ വികസനചരിത്രത്തിൽ പൊതുവെ കണ്ടുവരുന്നത്. സമ്പദ് വികസനത്തിൽ പശ്ചാത്തല സൗകര്യങ്ങൾക്ക് പങ്കുണ്ട്. എന്നാൽ പശ്ചാത്തല സൗകര്യം ഉള്ളതുകൊണ്ടുമാത്രം വികസനം വന്നുകൊള്ളണമെന്നില്ല. ധനമന്ത്രിയുടെ വാദം നോക്കൂ: ''പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായ മേഖലകളിൽ മൂലധനനിക്ഷേപം വർധിക്കും. തൊഴിലവസരങ്ങൾ കൂടും. സാമ്പത്തിക വളർച്ച അതിവേഗത്തിലാവും.'' (മാതൃഭൂമി ദിനപത്രം, 22 നവംബർ 2020.) ഈ ലളിത സമവാക്യം വികസന സമ്പദ്ശാസ്ത്രത്തിെൻറ സങ്കീർണതക്കു നിരക്കുന്നതല്ല. ഈ വിധമൊരു ധാരണപ്പിശക് കിഫ്ബിയുടെ മൂലസങ്കൽപനത്തിൽ ഉണ്ടായിരുന്നില്ല. സർക്കാറിെൻറ നയരൂപവത്കരണ ഉദ്യോഗസ്ഥരെ അന്താരാഷ്ട്ര ഏജൻസികൾ സ്വാധീനിക്കുന്നതിനെക്കുറിച്ച് 'കാരവൻ' മാസിക വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കൂടി കിഫ്ബിയുടെ കാര്യത്തിൽ ചേർത്ത് വായിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.