ഒരു ദശാബ്ദത്തോളം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് നേതൃത്വം നൽകിയ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ സഭാശുശ്രൂഷ പൂർത്തിയാക്കി പ്രവർത്തനവേദിയിൽനിന്ന് പിൻവാങ്ങുമ്പോൾ സഭയിലെ ഒരു ചരിത്രഘട്ടത്തിന് തിരശ്ശീല വീഴുകയാണ്.
മലങ്കര സഭാമക്കൾ തങ്ങളുടെ സഭാതലവന് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വ വശ്യത അദ്ദേഹത്തിനുണ്ടായിരുന്നു. പൗലോസ് ദ്വിതീയൻ ബാവയുടെ ശുശ്രൂഷാ കാലയളവ് ഹ്രസ്വമായിരുന്നെങ്കിലും അത് മലങ്കര സഭയുടെ സമീപകാല ചരിത്രത്തിലെ നിർണായക കാലയളവും വഴിത്തിരിവുമായിരുന്നു. ദീർഘകാലമായി നിലനിന്നിരുന്ന സഭാതർക്കങ്ങൾക്ക് 2017ലെ സുപ്രീംകോടതി വിധിയോടെ നിയമപരമായി പരിസമാപ്തി കൈവന്ന സമയമായിരുന്നു. സഭയിലെ തർക്കങ്ങൾ വിധിയുടെ അടിസ്ഥാനത്തിൽ പരിഹൃതമാകേണ്ട കാര്യം മാത്രമാണ് അവശേഷിച്ചത്.
പൗലോസ് ദ്വിതീയൻ ബാവയുടെ തിരഞ്ഞെടുപ്പും വാഴ്ചയും നിർണായകമായ സുപ്രീംകോടതി ഉത്തരവിനു മുമ്പായിരുന്നു. 1995ലെ സഭാ ഐക്യത്തിന് സഹായകമായ, കോടതിവിധിയുടെ ഉള്ളടക്കവും താൽപര്യവും തിരിച്ചറിയാതെ പോയതുകൊണ്ട് സഭയിൽ ഭാഗികമായ ഐക്യം മാത്രമാണ് നിലവിൽവന്നത്. പാത്രിയർക്കീസ് കക്ഷി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം കോടതി വിധി അവഗണിച്ച്, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഒരു സമാന്തര സഭാസംവിധാനം സൃഷ്ടിച്ചു.നിയമാനുസൃതം നിയോഗിക്കപ്പെട്ട വൈധികരെ ബലം പ്രയോഗിച്ച് പുറത്താക്കി. ദേവാലയങ്ങൾ പലതും അന്യാധീനപ്പെട്ടു. മാറി മാറി വന്നിരുന്ന സംസ്ഥാന ഭരണകൂടങ്ങൾ ഇതിന് തടയിടാനോ നിയമവാഴ്ച ഉറപ്പിക്കാനോ ശ്രമിച്ചില്ല. ഈ പ്രക്ഷുബ്ധാവസ്ഥയിൽ പുതുതായി സ്ഥാനമേറ്റ സഭാധ്യക്ഷൻ സ്വാഭാവികമായും അമ്പരന്നു. താരതമ്യേന ശാന്തമായിരുന്ന കുന്ദംകുളം ഭദ്രാസനത്തിലെ അവസ്ഥയായിരുന്നില്ല മറ്റു വടക്കൻ ഭദ്രാസനങ്ങളിലെ സാഹചര്യം.
കൂടാതെ, വേണ്ടത്ര രാഷ്ട്രീയ ബന്ധങ്ങളും ആ കാലത്ത് പിതാവിന് ഉണ്ടായിരുന്നില്ല. അതിനാൽ അക്രമങ്ങൾ പ്രതിരോധിക്കാനോ പള്ളികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാനോ ആ സാഹചര്യത്തിൽ സാധിക്കാതെ പോയി. ആ കാലങ്ങളിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന ആത്മസംഘർഷങ്ങൾ കടുത്തതായിരുന്നു. ഇതാവണം 2017ലെ വിധിക്കുശേഷം സഭാ ഐക്യശ്രമത്തിൽനിന്ന് പിതാവിനെ പിന്തിരിപ്പിക്കാൻ പ്രേരകമായ മുഖ്യഘടകം. അദ്ദേഹം അനുഭവിച്ച ആക്ഷേപവും വ്യക്തിഹത്യയും വൈകാരിക മുറിവുകളും വിസ്മരിക്കാനാവില്ല. 'ശാശ്വത സമാധാനം', 'വ്യവഹാരരഹിത സഭ' എന്നീ ആശയങ്ങൾ അവതരിപ്പിച്ച അദ്ദേഹം കോടതിവിധി ഇടവകകളിൽ അക്ഷരാർഥത്തിൽ നടപ്പാക്കുന്നതാണ് സമാധാനത്തിനുള്ള ഏക വഴിയെന്ന് വിശ്വസിച്ചു. തെൻറ ചിന്ത മറയില്ലാതെ കർക്കശ ഭാഷയിൽ പ്രകടിപ്പിക്കുകയും ചെയ്തു.
പൗലോസ് ദ്വിതിയൻ ബാവ അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമീണനായിരുന്നു. വലിയ ക്രാന്തദർശിയോ ഭരണ തന്ത്രജ്ഞനോ ആയിരുന്നില്ല താനും. ഒരു സാധാരണക്കാരൻ എന്നതായിരുന്നു തന്നെ പറ്റിയുള്ള ആ പിതാവിെൻ സ്വയം വിലയിരുത്തൽ. അതിെൻറ പരിമിതികളും അദ്ദേഹത്തിനുണ്ടായിരുന്നു.
ബാവയുടെ സഭാസ്നേഹം ഋജുവും കടുത്തതും സത്യസന്ധവുമായിരുന്നു. എന്നാൽ, ആ സഭാസ്നേഹമാകട്ടെ സഭയുടെ ഘടനാപരമായ ഐക്യത്തെ പ്രതിരോധിക്കുന്നതിന് അദ്ദേഹത്തിന് പ്രേരണ നൽകി. കോടതിവിധി കർശനമായി പ്രയോഗത്തിൽ വരുത്തുന്നതാണ് സഭാസ്നേഹമെന്നും അത് നടപ്പാക്കുന്നതു വഴിയാണ് ശാശ്വത സമാധാനം ഉറപ്പുവരുത്താനാവുന്നതെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. അങ്ങനെ മാത്രമേ മലങ്കര സഭക്ക് അതിെൻറ സ്വാതന്ത്ര്യം നിലനിർത്താനും ശാശ്വത സമാധാനം ഉറപ്പുവരുത്താനും സാധിക്കൂ എന്നായിരുന്നു പിതാവിെൻറ നിലപാട്. ഇതിെൻറ പേരിലുണ്ടാകുന്ന വിമർശനങ്ങളെ അദ്ദേഹം ഭയന്നില്ല.
സഭാപ്രശ്നങ്ങൾക്കിടയിലും നിലച്ചുപോയിരുന്ന സഭാന്തര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹം ഉത്സാഹിച്ചു. ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ പല സഭാതലവന്മാരുമായി കൂടിക്കാഴ്ച നടത്തി സഭയുടെ എക്യുമെനിക്കൽ സംരംഭങ്ങളെ സജീവമാക്കുന്നതിൽ പിതാവിനുണ്ടായിരുന്ന താൽപര്യം വലുതായിരുന്നു. സംഘർഷഭരിതമായ സമകാലീന അനുഭവങ്ങൾക്കിടയിൽ മാനസിക സ്വസ്ഥതയും ഏകാന്തതയും തേടി തുടർച്ചയായി ഞാലിയാംകുഴി ദയറായിലെത്തി മൗനവ്രതവും ധ്യാനവും ശീലിക്കുന്നതിൽ ബാവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തനിക്ക് അനുഭവിക്കേണ്ടിവന്ന തീക്ഷ്ണ പരീക്ഷകൾക്കിടയിൽ അത് അദ്ദേഹത്തിന് സമാധാനവും സ്വസ്ഥതയും നൽകി.
ബാവയുടെ മുഖം അദ്ദേഹത്തിെൻറ മനസ്സിെൻറ കണ്ണാടിയായിരുന്നു. മുഖാവരണം പിതാവിന് അന്യമായിരുന്നു. സ്നേഹവും കോപവും അക്ഷമയും സഹാനുഭൂതിയുമെല്ലാം അവിടെ മാറി മാറി തെളിഞ്ഞു. മനസ്സിലുള്ളത് തുറന്നടിച്ചു പറയുകയും ചെയ്തു. നാഗരികതയുടെയും കാപട്യത്തിെൻറയും പൊയ്മുഖം ധരിക്കാൻ കഴിയാത്ത ഒരു ശുദ്ധമനസ്സ് പലർക്കും ദുർഗ്രഹമായതിൽ അത്ഭുതമില്ല. അത് മനസ്സിലാക്കാൻ സാധിച്ചവർേക്ക ആ വ്യക്തിത്വത്തെ തിരിച്ചറിയാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.