തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയസാധ്യത മൂന്ന് മുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാക്കൾ വിലയിരുത്തുന്നു
വൻകിട പദ്ധതികൾ മുതൽ വ്യക്തിഗത പദ്ധതികൾ വരെ വിജയകരമായി നടപ്പാക്കുന്ന എൽ.ഡി.എഫ് സർക്കാറിനായിരിക്കും തൃക്കാക്കരയുടെ വോട്ട്. മാതൃകപരമായ കാഴ്ചപ്പാടോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഗെയിൽ പദ്ധതി യാഥാർഥ്യമായപ്പോൾ അതിന്‍റെ ആദ്യ ഗുണഭോക്താക്കളായത് തൃക്കാക്കരക്കാരാണ്. പാചകത്തിനുള്ള ഗാർഹിക കണക്ഷൻ ആദ്യം ലഭിച്ചത് തൃക്കാക്കരയിലാണ്. ജൂണിൽ 10,000ത്തിലേറെ പേർക്ക് കണക്ഷൻ നൽകുന്നുണ്ട്. പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത ആറ് വർഷമാണ് കടന്നുപോയത്. അടുത്തിടെ ഇന്ത്യ മുഴുവൻ ഇരുട്ടിലായപ്പോഴും കേരളം പ്രകാശിച്ചുനിന്നു. കെ-ഫോൺ വിതരണം ഉടൻ ആരംഭിക്കും. കെ-റെയിൽ വരുന്നതോടെ തൃക്കാക്കരക്കാർക്ക് രണ്ട് മണിക്കൂറിനകം എവിടെയും എത്തിച്ചേരാം. ഇതെല്ലാം മണ്ഡലത്തിൽ ചർച്ച വിഷയമാണ്. വികസനം തടസ്സപ്പെടാതിരിക്കാൻ ഭരണകക്ഷി എം.എൽ.എ മണ്ഡലത്തിൽ നിന്നുണ്ടാവണമെന്ന ചർച്ചയും സജീവമാണ്. പ്രതിപക്ഷത്തേക്ക് ആളെ തെരഞ്ഞെടുത്ത് നാലുവർഷം പാഴാക്കി കളയേണ്ടതില്ലെന്നാകും വോട്ടർമാർ തീരുമാനിക്കുക. സമഗ്ര സർവതല സ്പർശിയായ വികസനം യാഥാർഥ്യമാക്കിയ സർക്കാറാണിത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വികസനക്കാര്യത്തിൽ യോജിക്കണം എന്ന അഭിപ്രായമാണ് വോട്ടർമാർക്കിടയിലുള്ളത്.
ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. പ്രിയപ്പെട്ട ജനകീയ ഡോക്ടറായി അദ്ദേഹം മാറിക്കഴിഞ്ഞു. സ്ഥാനാർഥിത്വം വിജയ പ്രതീക്ഷകളെ കൂടുതൽ ഉറപ്പാക്കുന്നു. തൃക്കാക്കര നേരിടുന്ന പ്രശ്നങ്ങളായ കുടിവെള്ളം, മാലിന്യ സംസ്കരണം, വെള്ളക്കെട്ട് തുടങ്ങിയവ പരിഹരിക്കാൻ മുൻകൈയെടുക്കുന്ന സർക്കാറിനൊപ്പം പോകുന്ന ജനപ്രതിനിധിയെയാണ് ആവശ്യമെന്ന് വോട്ടർമാർ തിരിച്ചറിയുന്നു. പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ള സ്ഥാനാർഥിയാണദ്ദേഹം. മണ്ഡലത്തിലൂടെ യാത്ര ചെയ്യുന്ന ആർക്കും മനസ്സിലാവും സ്ഥാനാർഥിക്കും ഇടതുപക്ഷത്തിനും ലഭിക്കുന്ന സ്വീകാര്യത. വോട്ടർമാരുമായി സംസാരിക്കുമ്പോൾ മാറ്റം മനസ്സിലാവുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ യു.ഡി.എഫ് കുത്തകയായിരുന്ന കോന്നി, ഇടതുമുന്നണി മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ്, എറണാകുളം എന്നിവിടങ്ങളിലെല്ലാം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ച ചരിത്രമുണ്ട്. ഓരോ തെരഞ്ഞെടുപ്പും പുതിയ തെരഞ്ഞെടുപ്പാണ്. മുമ്പ് ആര് ജയിച്ചു എന്നതിന് പ്രസക്തിയില്ല. വൻ കോട്ടകളൊക്കെ വീണ ചരിത്രമാണ് ഉപതെരഞ്ഞെടുപ്പുകളിൽ കേരളത്തിനുള്ളത്. ഇത്തവണ തൃക്കാക്കര ചരിത്രം തിരുത്തുമെന്ന് ഉറപ്പാണ്. അച്ചടക്കത്തോടെയും ആവേശത്തോടെയുമുള്ള പ്രചാരണ രീതിയും വിജയം സമ്മാനിക്കുന്നതിൽ പ്രധാന ഘടകമാണ്. നേതാക്കളുടെ സാന്നിധ്യവും കുടുംബയോഗങ്ങളും കൃത്യമായി നടക്കുന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വോട്ടുകൾ ഉണ്ടായിരുന്നുവെന്ന വിലയിരുത്തൽ തെറ്റാണ്. ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് 91ൽ നിന്ന് 99ലേക്ക് സീറ്റ് വർധിപ്പിച്ചുള്ള എൽ.ഡി.എഫ് വിജയം. അതിനാൽ, ഭരണവിരുദ്ധ വോട്ടുകൾ ട്വന്‍റി20ക്ക് ലഭിച്ചു. അത് ഇത്തവണ യു.ഡി.എഫിന് ലഭിക്കും എന്ന വിലയിരുത്തൽ ശരിയല്ല. ട്വന്‍റി20 വികസനത്തെക്കുറിച്ച് പറയുന്നവരാണെന്നാണ് അറിവ്. വികസനത്തെ എതിർക്കാൻ ആർക്കുമാവില്ല. അവർ പറയുന്നത് സത്യമാണെങ്കിൽ ഇത്തവണ എൽ.ഡി.എഫിനുതന്നെ വോട്ട് ചെയ്യും. അവർ സ്ഥാനാർഥിയെ നിർത്താത്തതും ഒരു മുന്നണിക്കും പിന്തുണ നൽകാത്തതും സ്വാഗതാർഹമാണ്. അഴിമതിരഹിത, വികസന മുദ്രാവാക്യങ്ങളുയർത്തുന്നവർക്ക് എൽ.ഡി.എഫിനേ വോട്ട് ചെയ്യാനാവൂ.
ഇടതു മുന്നണിയുടെ വിജയം യു.ഡി.എഫ് മുന്നിൽ കാണുന്നുവെന്നതിന് തെളിവാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്കും സർക്കാറിനുമെതിരായ കുപ്രചാരണങ്ങൾ. മന്ത്രിമാരും ജനപ്രതിനിധികളും പ്രത്യേക സമുദായാംഗങ്ങളുടെ വീട് കയറുന്നുവെന്നതാണ് ഒരു പ്രചാരണം. ഇത് ശുദ്ധ അസംബന്ധമാണ്. പരാജയ ഭീതികൊണ്ട് മാനോനില തെറ്റിയതിന്‍റെ ലക്ഷണമാണിത്. ജാതിമത ഭേദമെന്യേ മനുഷ്യർ ഇടകലർന്ന് ജീവിക്കുന്ന സ്ഥലമാണ് കേരളം. പ്രത്യേകിച്ച് തൃക്കാക്കര. പ്രത്യേക സമുദായ കോളനി എന്ന തരത്തിലൊന്നും ഇവിടെയില്ല. അതിനാൽ, സമുദായം നോക്കി വീടുകയറുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ല. അങ്ങനെ വേണമെന്ന് വെച്ചാൽ പോലും നടക്കില്ല. കാരണം, ഒരു സമുദായക്കാരന്‍റെ വീട്ടിൽ കയറിയാൽ തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സമുദായക്കാരന്‍റെ വീട് അവഗണിച്ച് വോട്ട് തേടാനാവില്ല. ഇത്തരം ആരോപണങ്ങൾക്ക് തെളിവുകളുമില്ല. ആരോപിച്ചവർതന്നെ ഇതിന് തെളിവു നൽകട്ടെ.
എം. സ്വരാജ് (സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം)
തൃക്കാക്കര മണ്ഡലത്തിന്‍റെ ഘടനതന്നെ യു.ഡി.എഫിന് അനുകൂലമാണ്. കോൺഗ്രസിനടക്കം യു.ഡി.എഫ് ഘടക കക്ഷികൾക്ക് ആഴത്തിലുള്ള വേരുള്ള സ്ഥലം. മണ്ഡലം രൂപവത്കരിച്ചത് മുതൽ നല്ല ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. സമൂഹത്തിൽ മികച്ച സ്വീകാര്യതയുള്ള സ്ഥാനാർഥിയും വിജയം ഉറപ്പിക്കുന്ന ഘടകമാണ്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾതന്നെ ഇത് പ്രതിഫലിച്ചു. ഇതുവരെ ഇല്ലാത്ത ഭൂരിപക്ഷത്തിൽ ജയിക്കും. സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ച രീതിപോലും പരാജയം ഉറപ്പാക്കുന്ന രീതിയിലായിരുന്നു. പാർട്ടി സ്ഥാനാർഥിയെ മാറ്റി നൂലിൽ കെട്ടിയറിക്കിയ സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. വായ് തുറന്നാൽ വർഗീയ വിഷം ചീറ്റുന്ന പി.സി. ജോർജിന്‍റെ അനുഗ്രഹം തേടി മത്സര രംഗത്തിറങ്ങിയ ഇടത് സ്ഥാനാർഥിയെ തൃക്കാക്കരയിലെ വോട്ടർമാർ അംഗീകരിക്കില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നേതൃത്വം കൂടിയാലോചിച്ച് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുതന്നെ വിജയം ഉറപ്പിക്കുന്ന ചരിത്ര സംഭവമായി. അതുകൊണ്ട് പ്രവർത്തനങ്ങളും പര്യടനവും നേരത്തേ തുടങ്ങാനായതും ഗുണകരമായി. പ്രവർത്തകർക്കിടയിൽ വലിയ ആവേശം നിലനിൽക്കുന്നു. ഒരേ മനസ്സോടെ നേതാക്കൾ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചു വരുന്നത്. ജനങ്ങൾക്ക് സ്വീകാര്യമായ വിഷയങ്ങൾ അവതരിപ്പിച്ചാണ് സ്ഥാനാർഥിയും നേതാക്കളും പ്രവർത്തകരും വോട്ട് തേടുന്നത്.
അവർ വികസനം പറഞ്ഞത് യു.ഡി.എഫിന് നേട്ടമായി
വികസനമാണ് പ്രചാരണ വിഷയമെന്ന് പറഞ്ഞ് എൽ.ഡി.എഫ് രംഗത്തെത്തിയത് യു.ഡി.എഫിന് ഗുണമായി. തൃക്കാക്കര മണ്ഡലത്തിലും കൊച്ചിയിലും ജില്ലയിലുമടക്കം യു.ഡി.എഫ് സർക്കാറുകൾ നടപ്പാക്കിയ വിമാനത്താവളം, അന്താരാഷ്ട്ര സ്റ്റേഡിയം, ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, ഗെയിൽ പദ്ധതി, ഗോശ്രീ, മെട്രോ റെയിൽ തുടങ്ങി പല പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനായി. ഈ പദ്ധതികളെയെല്ലാം എതിർത്തിരുന്നവരാണ് എൽ.ഡി.എഫുകാർ. യു.ഡി.എഫ് നടത്തിയ വികസന പട്ടിക നിരത്തിയപ്പോൾ ഒന്നുപോലും മറുവശത്തുനിന്ന് കാണിക്കാൻ ഉണ്ടായില്ല. ഇത്തരക്കാരെ തൃക്കാക്കരയിലെ വോട്ടർമാർ വിശ്വസിക്കില്ലെന്ന് ഉറപ്പുണ്ട്. എൽ.ഡി.എഫിന് വികസനമായി ആകെ പറയാനുള്ള കെ-റെയിൽ മാത്രമാണ്. എന്നാൽ, 50 കൊല്ലം മുമ്പുള്ള വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതിയെന്ന നിലയിലാണ് കെ-റെയിലിനെ എതിർക്കുന്നത്. ഒരുരാത്രി നിർത്താതെ മഴ പെയ്താൽ പ്രളയമുണ്ടാകുന്ന കേരളത്തിന്‍റെ പരിസ്ഥിതിക്ക് ചേർന്നതല്ല ഇതെന്ന് ബോധ്യപ്പെടുത്താൻ യു.ഡി.എഫിന് കഴിയുന്നുണ്ട്. കാലാവസ്ഥ ദുരന്തത്തിനാകും കെ-റെയിൽ കാരണമാവുക. പുതിയ കാലത്ത് മാറിയ വികസന കാഴ്ചപ്പാടിനൊപ്പമാണ് യു.ഡി.എഫ്.
പാർട്ടി കോൺഗ്രസിൽ പോലും ബി.ജെ.പിയെയും മോദിയെയും വിമർശിക്കാതിരിക്കാൻ സി.പി.എം ശ്രദ്ധിച്ചിട്ടുണ്ട്. അതേ നിലപാടുതന്നെ തൃക്കാക്കരയിലും കാണുന്നു. ബി.ജെ.പിക്കെതിരെ മയമുള്ള നിലപാടാണ് സി.പി.എം മണ്ഡലത്തിൽ സ്വീകരിച്ചിരിക്കുന്നത്. ജയിക്കാൻ വേണ്ടി പണവും ജാതിയും സംഘർഷവും അഴിച്ചുവിട്ട് ബി.ജെ.പിക്ക് സമാനമായ രീതിയിൽ എന്തും ചെയ്യാൻ സി.പി.എമ്മിന് മടിയില്ല. കസ്റ്റംസ്, സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര എജൻസികൾ സംസ്ഥാനത്തുനിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് സംഘ്പരിവാറും കേന്ദ്ര സർക്കാറുമായും ഉള്ള രഹസ്യധാരണ വ്യക്തമാക്കുന്നതാണ്. ഒരുവശത്ത് ആർ.എസ്.എസിനെയും മറുവശത്ത് എസ്.ഡി.പി.ഐയും പോലുള്ള സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് അവർ നടത്തുന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും കുടപിടിക്കുകയാണ്.
ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാറാണ് ഇപ്പോഴുള്ളത്. ഗുണ്ട അതിക്രമങ്ങളുടെയും മയക്കുമരുന്നു കേസുകളുടെയും തലസ്ഥാനമായി കേരളം മാറി. ട്വന്‍റി20 സ്ഥാനാർഥി മത്സരരംഗത്തില്ലാത്തതും യു.ഡി.എഫിന് ഗുണം ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകളിൽ ഒരുഭാഗം ട്വന്‍റി20 സ്ഥാനാർഥിക്കും പോയിട്ടുണ്ട്. ബി.ജെ.പി അപ്രസക്തമായതിനാൽ ഈ വോട്ടുകൾ ഇത്തവണ യു.ഡി.എഫിന്‍റെ പെട്ടിയിൽ വീഴും. ട്വന്‍റി20യുമായി വോട്ട് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. എന്നാൽ, അവർ സ്ഥാനാർഥിയെ നിർത്താത്തതിനെയും ഏതെങ്കിലും മുന്നണിക്ക് പിന്തുണ നൽകാത്തതിനെയും സ്വാഗതം ചെയ്യുന്നു.
വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)
സ്ഥാനാർഥിയുടെ മികവ് തന്നെയാണ് വിജയ പ്രതീക്ഷയിൽ ഒന്നാമത്. മറ്റ് രണ്ട് മുന്നണി സ്ഥാനാർഥികളെ പോലെ നൂലിൽ കെട്ടിയിറക്കിയതല്ല എൻ.ഡി.എ സ്ഥാനാർഥിയെ. 40 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നയാളാണദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രവർത്തന പാരമ്പര്യം ഗുണകരമാകുമെന്ന് തൃക്കാക്കരയിലെ വോട്ടർമാർ വിശ്വസിക്കുന്നു. പ്രചാരണരംഗത്ത് ഇത് ബോധ്യമാകുന്നുണ്ട്. മറ്റ് സ്ഥാനാർഥികൾ ഏതെങ്കിലും ജാതിയുടെയോ മതത്തിന്‍റെയോ പ്രതിനിധിയാണെന്ന തരത്തിൽ അവതരിപ്പിച്ചാണ് മത്സര രംഗത്തുള്ളത്. വലിയ രാഷ്ട്രീയ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ഇടത്- വലതു മുന്നണികൾ രാഷ്ട്രീയമോ വികസനമോ മണ്ഡലത്തിൽ പറയുന്നില്ല. മറ്റ് പല കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് വോട്ട് തട്ടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സങ്കൽപങ്ങളും പ്രവർത്തനങ്ങളും വോട്ടർമാരിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിനും കൊച്ചിക്കും സമ്മാനിച്ച വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കെ-റെയിലിന് പകരം മോദി സർക്കാറിന്‍റെ അതിവേഗ കണക്ടിവിറ്റി റെയിൽ പാതയെക്കുറിച്ചാണ് എൻ.ഡി.എ പറയുന്നത്. ആരുടെയും വീടും സ്ഥലവും പോകാത്ത ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തും മുമ്പ് കൊണ്ടുവന്ന ഈ പദ്ധതി തകർക്കാനാണ് കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഐ.ടി നഗരമായ തൃക്കാക്കരയുടെയും ഇൻഫോ പാർക്കിന്‍റെയും വികസനം കേന്ദ്ര സഹായത്തോടെ സാധ്യമാക്കുമെന്നും ഗതാഗത തടസ്സം ഒഴിവാക്കാനുള്ള സംവിധാനമൊരുക്കുമെന്നും കനാലുകൾ ശുചീകരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും എല്ലാവർക്കും വൈദ്യുതി, കുടിവെള്ളം പദ്ധതികൾ നടപ്പാക്കുമെന്നുമുള്ള എൻ.ഡി.എ വാഗ്ദാനം വോട്ടർമാർ ഉൾക്കൊണ്ടിട്ടുണ്ട്. എൻ.ഡി.എയിൽ അവർക്ക് വിശ്വാസമുണ്ട്. അതിനാൽ, വിജയം സുനിശ്ചിതമാണ്.
ജോർജ് കുര്യൻ (ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.