ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനം

സമയമുണ്ട്​, ലോക്​സഭാ ഫലം തീരുമാനിക്കാനായിട്ടില്ല

കേന്ദ്ര സർക്കാറിന് വോട്ടർമാർ നൽകിയ സാക്ഷ്യമാണ് 3-1 മാർജിനിൽ ബി.ജെ.പി വിജയമെന്ന് നാം തീർപ്പിലെത്തുംമുമ്പ് ഈ സംസ്ഥാനങ്ങളിൽ മുൻനിര കക്ഷികളുടെ വോട്ടുനില ഒന്നു കൂട്ടിനോക്കാം. മൊത്തം പോൾ ചെയ്ത 12.29 ​കോടി വോട്ടുകളിൽ ബി.ജെ.പിക്ക് ലഭിച്ചത് 4.82 കോടിയാണ്. കോൺഗ്രസിന് 4.92 കോടിയും (ഇൻഡ്യ മുന്നണിയിലെ കക്ഷികളെ എല്ലാവരെയും ചേർത്താൽ 5.06 കോടി). മധ്യപ്രദേശിലൊഴികെ ബി.ജെ.പിയുടെ വോട്ടുശതമാനത്തിലെ അന്തരം ഏറെ ചെറുതാണ്

2004 ലോക്സഭ തെരഞ്ഞെടുപ്പ് തലേന്ന് ‘ദ ഹിന്ദു’വിൽ ഞാൻ ഒരു ലേഖനം എഴുതിയിരുന്നു, ‘‘തെരഞ്ഞെടുപ്പ് വിദഗ്​ധരെ വിട്ടേക്കൂ, മത്സരം ഇപ്പോഴും ബാക്കിനിൽക്കുകയാണ്’ എന്നായിരുന്നു തലക്കെട്ട്. എന്റെ നിരീക്ഷണം ഇതായിരുന്നു: ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണ ഭ്രാന്തിനപ്പുറം തെരഞ്ഞെടുപ്പ് കണക്കുകൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ ബി.ജെ.പിയുടെ തോൽവി ഒരു സാധ്യതയായി നിലനിൽക്കുന്നു.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കുറിച്ച ഹാട്രിക് വിജയാഘോഷങ്ങളുടെ പശ്ചാത്തലത്തിലും ഇതുതന്നെയാണ് പറയാനുള്ളത്- കൊട്ടാരം മാധ്യമങ്ങളെ വി​ട്ടേക്കൂ, മത്സരം ഇപ്പോഴും ബാക്കിനിൽക്കുകയാണ്.

ആദ്യം ഞാൻ എന്തുപറയാൻ പോകുന്നില്ലെന്നത് വിശദീകരിക്കാം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് ഫലങ്ങൾ കോൺഗ്രസിനു മാത്രമല്ല, 2024ൽ ജനാധിപത്യത്തിന്റെ തിരിച്ചുവരവ് സ്വപ്നം കാണുന്ന ഏവർക്കും തിരി​ച്ചടിയാണെന്നതിൽ സംശയമില്ല. മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബി.ജെ.പി പിടിച്ചത് തീർച്ചയായും തെലങ്കാനയിലെ കോൺഗ്രസ് തിരിച്ചുവരവ് നിഷ്പ്രഭമാക്കാൻ പോന്നതാണ്.

തെലങ്കാനയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ബി.ജെ.പിക്ക് അത് നൽകുന്ന ​മേൽക്കൈ ചെറുതല്ല. എന്നുവെച്ച്, ഇത് ഒരിക്കലും മാറ്റം അരുതാത്ത കണക്കുകളൊന്നുമല്ല. എന്നല്ല, തെരഞ്ഞെടുപ്പിന് മുമ്പത്തെ കണക്കുകൂട്ടലുകളെ ഏറെയൊന്നും നാല് സംസ്ഥാനങ്ങളിലെ ഫലങ്ങൾ തെറ്റിച്ചിട്ടുമില്ല. എന്നുവെച്ചാൽ, ഈ തിരിച്ചടികൾ 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ അധ്യായം അടച്ചുകളയുന്നുവെന്ന് ഞാൻ കാണുന്നില്ല.

നമുക്ക്​ വോട്ടെണ്ണിത്തുടങ്ങാം. കേന്ദ്ര സർക്കാറിന് വോട്ടർമാർ നൽകിയ സാക്ഷ്യമാണ് 3-1 മാർജിനിൽ ബി.ജെ.പി വിജയമെന്ന് നാം തീർപ്പിലെത്തുംമുമ്പ് ഈ സംസ്ഥാനങ്ങളിൽ മുൻനിര കക്ഷികളുടെ വോട്ടുനില ഒന്നു കൂട്ടിനോക്കാം. മൊത്തം പോൾ ചെയ്ത 12.29 ​കോടി വോട്ടുകളിൽ ബി.ജെ.പിക്ക് ലഭിച്ചത് 4.82 കോടിയാണ്.

കോൺഗ്രസിന് 4.92 കോടിയും (ഇൻഡ്യ മുന്നണിയിലെ കക്ഷികളെ എല്ലാവരെയും ചേർത്താൽ 5.06 കോടി). മധ്യപ്രദേശിലൊഴികെ ബി.ജെ.പിയുടെ വോട്ടുശതമാനത്തിലെ അന്തരം ഏറെ ചെറുതാണ്. തെലങ്കാനയിലാകട്ടെ, മറ്റെല്ലായിടത്തെയും കുറവ് തീർക്കാൻ പോന്നതാണ് കോൺഗ്രസിന്റെ ലീഡ്. എന്നുവെച്ചാൽ, സമ്പൂർണ ജനകീയ അംഗീകാരം നൽകുന്നതായിട്ടില്ല, അവസാന തെരഞ്ഞെടുപ്പ്.

ഇനി ഈ വോട്ടുകൾ പാർലമെന്റ് സീറ്റുകളിലേക്ക് ഒന്നു പരിവർത്തിപ്പിച്ച് നോക്കാം. അവിടെയും ഒരു അത്ഭുതം നമ്മെ കാത്തിരിപ്പുണ്ട്. ഈ സംസ്ഥാനങ്ങളിൽ മൊത്തം ഉള്ളത് 83 സീറ്റുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇതിൽ ബി.ജെ.പിക്കുണ്ടായിരുന്നത് 65. കോൺഗ്രസിന് വെറും ആറും. അടുത്ത പൊതു തെരഞ്ഞെടുപ്പിലും നിയമസഭയിലേതു പോലെയാകും വോട്ടർമാരുടെ പ്രകടനമെന്നു വെച്ചാൽ അവിടെ നേട്ടമുണ്ടാക്കുക കോൺഗ്രസാകും.

ഈ ഹാട്രിക് നിറവിലും 2019ൽ പുൽവാമക്കുപിറകെയുണ്ടായിരുന്ന പിന്തുണക്ക് ബഹുദൂരം പിറകിലാണ് ബി.ജെ.പിയെന്ന് വ്യക്തം. ഓരോ പാർലമെന്റ് സീറ്റിലെയും നിയമസഭ മണ്ഡലങ്ങൾ വെച്ചുനോക്കിയാൽ മധ്യപ്രദേശിൽ ബി.ജെ.പിക്ക് 24ഉം കോൺഗ്രസിന് അഞ്ചും മാത്രം (2019 ഇത് 28-1 ആണ്). ഛത്തിസ്ഗഢിൽ ബി.ജെ.പിക്ക് എട്ടും കോൺഗ്രസിന് മൂന്നും ആയിരിക്കും (2019ൽ 9-2).

രാജസ്ഥാനിൽ ബി.ജെ.പി 14ഉം കോൺഗ്രസ് 11ഉം (2019ൽ 24-0). തെലങ്കാനയിൽ പക്ഷേ, ബി.ജെ.പിക്ക് പൂജ്യവും കോൺഗ്രസിന് ഒമ്പതുമാകും (2019ൽ 4-3). എന്നുവെച്ചാൽ, ബി.ജെ.പിക്ക് 46 സീറ്റും (നഷ്ടം 19) കോൺഗ്രസിന് 28ഉം (22 കൂടുതൽ) ആയിരിക്കും. ‘ഇൻഡ്യ’ സഖ്യകക്ഷികളെ കൂടി ചേർത്താൽ ബി.ജെ.പിക്ക് 38ഉം കോൺഗ്രസിന് 36ഉം ഉണ്ടാകും. ഇതുതന്നെയാണ് വരാൻ പോകുന്ന ഫലമെന്ന് പറയുകയല്ല. പകരം, ബി.ജെ.പി വിജയം ഉറപ്പിച്ചുവെന്ന ദേശീയ കണക്കെടുപ്പുകളിൽ കാര്യമില്ലെന്നുമാത്രം ഓർമപ്പെടുത്തുകയാണ്​.

ഇനി ലോക്സഭ ​ഫലവും നിയമസഭ ഫലവും ഒരുപോലെയാകില്ലെന്ന വാദം പരിശോധിക്കാം. അതും ശരിയാണ്. 2019ൽ ബി.ജെ.പിക്ക് അനുകൂലമായതും 2004ൽ കോൺഗ്രസിനെ തുണച്ചതും നാം കണ്ടതാണ്. എന്നുവെച്ചാൽ, ഇരുവശത്തേക്കും കാര്യങ്ങൾ മറിയാമെന്നു ചുരുക്കം. വരുംമാസങ്ങളിൽ ബി.ജെ.പി തങ്ങളുടെ ജനകീയത ഇനിയും മെച്ചപ്പെടുത്തുമെന്നാണെങ്കിൽ കോൺഗ്രസിനും അത് സംഭവിക്കാം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മാത്രം എല്ലാറ്റിനുമുള്ള അടിത്തറയല്ലെന്നു മാത്രം.

വരും മാസങ്ങളിൽ ബി.ജെ.പി ഏറെ മുന്നോട്ടുപോകുമെന്നും കഴിഞ്ഞ തവണത്തേതുപോലെ ലോക്സഭയിൽ ഈ മൂന്ന് ഹിന്ദി സ്റ്റേറ്റുകളും തൂത്തുവാരുമെന്നും വെക്കുക. ഗുജറാത്ത്, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലും ഇത് തുടരുമെന്നും കരുതുക. അതോടെ, ദേശീയ തെരഞ്ഞെടുപ്പ് പൂർണമായോ? തീർച്ചയായും ഇല്ല.

യഥാർഥത്തിൽ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പി എത്താവുന്നതിന്റെ പരമാവധി പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്. ഇവിടെ സമ്പൂർണ തൂത്തുവാരൽ ബി.ജെ.പിക്ക് അനിവാര്യമാകാം, പക്ഷേ, അതുകൊണ്ടും മതിയാകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പദ്ധതികൾ ഈ സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല.

വിശാല ചിത്രം ഒന്ന് കണ്ണോടിക്കാം. 2019ൽ ബി.ജെ.പി ജയിച്ചത് 303 സീറ്റുകളിൽ. കേവല ഭൂരിപക്ഷത്തിന് 30 സീറ്റ് കൂടുതൽ. ഇതേ ചോർച്ച ബംഗാളിലുമുണ്ടാകുമെന്നുറപ്പ് (അവിടെ വലിയ തകർച്ചക്ക് സാധ്യത കൂടുതൽ), കർണാടക (കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വെച്ചുനോക്കിയാൽ ബി.ജെ.പി- ജെ.ഡി.എസ് സഖ്യത്തേക്കാൾ കോൺഗ്രസ് 10 സീറ്റ് അധികം നേടും), മഹാരാഷ്ട്ര (മഹാ വികാസ് അഘാഡിയാണ് അവിടെ മുഖാമുഖം), ബിഹാർ (പുതിയ മഹാഘഢ് ബന്ധൻ ആണ് എതിരെ), ഉത്തർ പ്രദേശ് (2022 നിയമസഭ തെരഞ്ഞെടുപ്പ് ആവർത്തിച്ചാൽപോലും 10 സീറ്റ് നഷ്ടമാകും). ഹിമാചൽ പ്രദേശ്, ഹരിയാന, തെലങ്കാന, അസം എന്നിവിടങ്ങളിൽ തീർച്ചയായും സംഭവിക്കുന്ന ചെറിയ നഷ്ടങ്ങൾ കൂടി ചേർത്തുവായിക്കുക.

ഇവ ചേർത്തുപറഞ്ഞാൽ സീറ്റ് നഷ്ടം 30ലധികമാകുമെന്നുറപ്പ്. അപ്പോൾ പിന്നെ വലിയ ചോദ്യം ഇതാണ്: 2019ലെ കണക്കുകളിലെത്താൻ ഈ നഷ്ടം എവിടെയൊക്കെയാകും ബി.ജെ.പി നികത്തുക?

നഷ്ടങ്ങൾ ഇല്ലാതാക്കാൻ ബി.ജെ.പിക്ക് വഴികളില്ലെന്നോ അത് പരിഹരിക്കില്ലെന്നോ തീർത്ത് പറയുകയല്ല. പകരം, ചുവരെഴുത്ത് വായിക്കുക മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അക്കങ്ങൾ മാത്രം വെച്ചുനോക്കിയാൽ 2024 എന്നത് എല്ലാം തീരുമാനമായ ഒന്നല്ല. ഇതുവരെ ആയിട്ടില്ല. മാനസിക യുദ്ധം പ്രതിപക്ഷം നേര​ത്തെ തോറ്റുകൊടുക്കുകയും എതിരാളികൾക്ക് ​വാക്കോവർ നൽകുകയും ചെയ്യരുതെന്ന് മാത്രം.

(തെരഞ്ഞെടുപ്പ്​ വിശകലന വിദഗ്​ധനും സ്വരാജ്​ അഭിയാൻ നേതാവുമായ ലേഖകൻ ഇന്ത്യൻ എക്​സ്​പ്രസിൽ എഴുതിയ കുറിപ്പി​ന്റെ സംഗ്രഹം)

Tags:    
News Summary - Time is lot of time and the Lok Sabha result is yet to be decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.