നിലത്തെഴുത്തും എഞ്ചുവടിയും പഠിക്കുന്ന കാലത്ത് ജാത്യാഭിമാനിയായ നരിയിഞ്ചില്‍ ആശാ​​െൻറ കുടിപ്പള്ളിക്കൂടത്ത ിലായിരുന്നു ടി.കെ. മാധവൻ എന്ന വിപ്ലവജ്വാല കത്തിത്തുടങ്ങുന്നത്​. സവര്‍ണ കുട്ടികളെ വടികൊണ്ട് തൊട്ടടിക്കുന്ന ആശ ാന്‍ മറ്റു വിദ്യാർഥികളെ പ്രത്യേക രീതിയില്‍ വടിയെറിഞ്ഞാണ് അടിച്ചിരുന്നത്. അയല്‍വാസിയും സന്തതസഹചാരിയുമായ ഗോവ ിന്ദനെ തൊട്ടടിച്ച നരിയിഞ്ചില്‍ ആശാന്‍ തന്നെ എറിഞ്ഞടിച്ചപ്പോഴുണ്ടായ ധാർമികരോഷം മാധവനിലെ അവകാശസമത്വ തൃഷ്ണ ജ് വലിപ്പിച്ചു. ‘ആശാ​​െൻറ എഴുത്തങ്ങ് എടുത്തോ, എ​​െൻറ ഓലയിങ്ങ് തന്നേക്ക്’ എന്ന് ആശാനോട് ആക്രോശിച്ചു കളരിയോട് വിട പറഞ്ഞ് പിതൃതറവാടായ ആലുംമൂട്ടില്‍ കുടുംബക്കാരുടെ ഇംഗ്ലീഷ് സ്‌കൂളില്‍ തുടര്‍പഠനം നടത്തിയെങ്കിലും വിപ്ലവവീര് യം കനലായി മനസ്സില്‍ അണയാതെ കിടന്നു. കേരളത്തിലെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ തുടക്കമിട്ട പ്രാദേശിക സമരങ്ങളെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി​​െൻറ സഹായത്തോടെ ദേശീയ പ്രക്ഷോഭമാക്കി വളര്‍ത്തിയെടുത്തതും ആ മനസ്സില്‍ അണയാതെ കിടന്ന തീക്കനലുകളാണ്. ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ടി.കെ. മാധവനെന്ന വിപ്ലവനക്ഷത്രവും 1885ലാണ് ജനിച്ചതെന്നത്​ യാദൃച്ഛികതയാവാം. കോണ്‍ഗ്രസ് ഒരു ദേശീയപ്രസ്ഥാനമായിരുന്നെങ്കില്‍ ടി.കെ. ഒരു മഹാപ്രസ്ഥാനമായിരുന്നു.



ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളുടെ സന്ദേശവാഹകനും പ്രയോക്താവുമായിരുന്ന ടി.കെ. മാധവനെ ഈഴവര്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ അധഃസ്ഥിതവര്‍ഗക്കാരും എന്നും കൃതജ്ഞതയോടെ അനുസ്മരിക്കേണ്ടതുണ്ട്. സ്‌കൂള്‍പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം തുടങ്ങി ഈ നാട്ടിലെ പൗരാവകാശസമത്വസ്ഥാപന ചരിത്രത്തിലെ വീരേതിഹാസങ്ങളിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത് ടി.കെയുടെ കൈയൊപ്പുകളാണ്. എസ്​.എന്‍.ഡി.പി യോഗത്തിൽ ടി.കെ. മാധവ​​െൻറ കാലഘട്ടം യോഗത്തി​​െൻറ സംഘടനാകാലം എന്നാണറിയപ്പെടുന്നത്. ആരംഭകാലത്ത് ഒരു നിവേദക സംഘമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തെ ബഹുജന സമര സംഘടനയാക്കി രൂപാന്തരപ്പെടുത്തിയത് അദ്ദേഹമാണ്. 1927 ജനുവരി ഒന്നിന് യോഗത്തി​​െൻറ സംഘടന സെക്രട്ടറിയായി ചുമതലയേറ്റശേഷം നാലുമാസംകൊണ്ട് 50,684 പുതിയ അംഗങ്ങളെ ചേര്‍ത്ത് യോഗത്തി​​െൻറ ജനകീയാടിത്തറ വിപുലീകരിച്ചു. എസ്.എന്‍.ഡി.പി യോഗത്തിന്​ സുശക്തവും വികേന്ദ്രീകൃതവുമായ സംഘടന സംവിധാനമുണ്ടാകണമെന്ന് ടി.കെ. മാധവന് നിര്‍ബന്ധമുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗത്തി​​െൻറ അസ്​തിവാരം ഉറപ്പിച്ചത് കുമാരനാശാനാണെങ്കില്‍ അതിനെ കെട്ടുറപ്പുള്ള ബഹുജന പ്രസ്ഥാനമാക്കി വളർത്തിയത് ടി.കെ. മാധവനാണ്.

ശാഖയോഗങ്ങള്‍ സ്ഥാപിച്ച് സമുദായശക്തി ഏകീകരിക്കാതെ സമുദായപരിഷ്‌കരണമോ സമുദായത്തി​​െൻറ അവകാശസമ്പാദന​േമാ സാധ്യമാകില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അവിടെനിന്നാണ് ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം അംഗങ്ങളെന്ന പദ്ധതിയുമായി ടി.കെ. മാധവന്‍ യോഗനേതാക്കളെ സമീപിക്കുന്നത്. അത്​ ലക്ഷ്യത്തിനപ്പുറം വിജയിച്ചു. അന്ന്​ തുടങ്ങി​െവച്ച സംഘടനാവിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും അനുസ്യൂതം തുടരുന്നതും എസ്.എന്‍.ഡി.പി യോഗം ലോകമാകെ പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്നതും ആ മഹാത്മാവിനോട് സമുദായ നേതൃത്വം കാട്ടുന്ന ആദരവുകൂടിയാണ്.

ആ കർമകാണ്ഡത്തിലെ തിളക്കമാര്‍ന്ന മറ്റൊരധ്യായം വൈക്കം സത്യഗ്രഹമാണ്. മഹാത്മഗാന്ധിയുമായി അടുത്തബന്ധം സ്ഥാപിച്ചതും വൈക്കം സത്യഗ്രഹത്തിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി​​െൻറയും സവര്‍ണസമുദായങ്ങളുടെയും പിന്തുണ നേടാനായതും മാധവവിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു രാഷ്​​ട്രീയമുന്നേറ്റത്തെക്കാൾ ഹൈന്ദവ സമൂഹത്തെ മാലിന്യങ്ങളില്‍നിന്ന് മോചിപ്പിക്കാനുള്ള സംരംഭമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കത്തുള്ള ആശ്രമം സത്യഗ്രഹികളുടെ ആവശ്യത്തിനായി ശ്രീനാരായണ ഗുരു വിട്ടുകൊടുക്കുകയും ശിവഗിരിയില്‍ ഒരു സത്യഗ്രഹനിധി ആരംഭിച്ച് 1000 രൂപ സംഭാവന ചെയ്യുകയും ചെയ്തു. ഒടുവില്‍ വൈക്കം സത്യഗ്രഹം വിജയിച്ചെന്നു മാത്രമല്ല, മഹാത്മഗാന്ധി ശിവഗിരിയില്‍ എത്തി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിക്കുകയും അവര്‍ തമ്മിലുള്ള സംഭാഷണം പിന്നീട്​ ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസി​​െൻറ നയപരിപാടികളിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും ചെയ്​തു. ഇതൊക്കെയും ടി.കെ. മാധവന് അവകാശപ്പെട്ട നേട്ടങ്ങളാണ്. എന്നാല്‍, വൈക്കം സത്യഗ്രഹചരിത്രകാരന്മാര്‍ ഇൗ പങ്ക്​ ബോധപൂര്‍വം വിസ്മരിച്ചതായാണ് കാണുന്നത്.
ടി.കെ. മാധവന്‍ രൂപംകൊടുത്ത്​ നയിച്ച ജനകീയപ്രക്ഷോഭങ്ങളുടെയും എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തനത്തി​​െൻറയും കരുത്തുറ്റ പ്രചാരണോപാധിയായിരുന്നു ടി.കെയുടെയും കോമലേഴത്ത് മാധവ​​െൻറയും ഉടമസ്ഥതയില്‍ 1915 എപ്രില്‍ 15ന് കൊല്ലത്തുനിന്ന്​ പ്രസിദ്ധീകരണം ആരംഭിച്ച ‘ദേശാഭിമാനി’ പത്രം. അധഃസ്ഥിത സമുദായങ്ങളുടെ നന്മക്കായി വീറോടെ വാദിച്ചപ്പോഴും സര്‍വസമുദായങ്ങളുടെയും പുരോഗതിയും ഐക്യവും എന്ന വിശാലമായ പത്രധർമമാണ് ‘ദേശാഭിമാനി’ പുലര്‍ത്തിയിരുന്നത്.

സ്വന്തം സമുദായത്തിനൊപ്പം സഹോദരസമുദായങ്ങളും നന്നാകാന്‍ പ്രവര്‍ത്തിക്കണമെന്നതായിരുന്നു ടി.കെ. മാധവ​​െൻറ ജീവിത സന്ദേശം. ‘എ​​െൻറ മതം ഇന്ത്യന്‍ രാഷ്​ട്രീയമതമാകുന്നു. ഇന്ത്യയുടെ ഉയര്‍ച്ചക്കും ഉണര്‍വിനും വേണ്ടിയുള്ള പ്രവൃത്തികളാണ് താന്‍ ചെയ്യാനാഗ്രഹിക്കുന്നതെന്നും ശ്രീനാരായണഗുരു സ്വാമികളുടെ ഉപദേശം ഈ വിഷയത്തില്‍ എന്നെ വളരെ സഹായിച്ചിട്ടു​െണ്ടന്നും അദ്ദേഹം ‘ദേശാഭിമാനി’യിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. ജന്മനാ അനാരോഗ്യവാനായിരുന്ന മാധവന്‍ അവിരാമമായ സമുദായ സേവനപ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും കഠിനാധ്വാനംകൊണ്ടും ശയ്യാവലംബിയായി 45ാം വയസ്സില്‍ 1930 ഏപ്രില്‍ 27ന് പുലര്‍ച്ചക്ക്​ രക്തം ഛർദിച്ച് മരണത്തിന് കീഴടങ്ങി. ആ ധീരദേശാഭിമാനിയുടെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Tags:    
News Summary - tk madhavan-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.