ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് 2017 മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പട്ടയഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതിനൽകാൻ 1964ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾ ഭേദഗതിചെയ്ത് ഉത്തരവിറക്കാൻ തീരുമാനിച്ചത്. യോഗത്തിൽ റവന്യൂമന്ത്രിയും മുൻ മന്ത്രി എം.എം. മണിയും പങ്കെടുത്തു. 1964ലെ ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ചത് എം.എം. മണിയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങളും എം.എൽ.എമാരും കർഷക പ്രതിനിധികളുമെല്ലാം പട്ടയഭൂമിയിലെ മരംമുറി ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ആ യോഗത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും പട്ടയഭൂമിയിലെ മരംമുറി അംഗീകരിച്ചു. അതിനനുസരിച്ച് ഭേദഗതി തയാറാക്കി നിയമവകുപ്പിൻെറ സൂക്ഷ്മ പരിശോധനക്കയച്ചു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത് (എസ്.ആർ.ഒ-621/2017).
ഇതിന് പുറമേ കൈവശഭൂമി ലഭിക്കുന്നതിന് ഒരു ലക്ഷം എന്ന വരുമാനപരിധി ഒഴിവാക്കാനും തീരുമാനിച്ചു. കൈവശമില്ലാത്ത ഭൂമി പതിച്ച് ലഭിക്കുന്നവർ വിൽപന നടത്തുന്നതിന് ഉണ്ടായിരുന്ന 24 വർഷം എന്ന പരിധി 12 വർഷമായി കുറവ് ചെയ്തു. പട്ടയം ലഭിക്കുന്ന ഭൂമി ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇൗടുവെച്ച് വായ്പ എടുക്കുന്നതിന് ഉൾപ്പെടെയുള്ള വ്യവസ്ഥകളിലും ഭേദഗതിവരുത്തി. പട്ടികപ്രകാരം ഭൂമി പതിച്ചുനൽകുന്ന സമയത്ത് ആ ഭൂമിയിൽ നിലവിലുള്ള തേക്ക്, ഈട്ടി, ചന്ദനം, എബനി (പനച്ചി) നാലു തരം മരങ്ങളെ ഉൾപ്പെടുത്തിയിരുന്നു. അത് നീക്കംചെയ്യുന്നതിനോടൊപ്പം അനുബന്ധം രണ്ടിലെ ഒന്നാം നിബന്ധനയായ ഷെഡ്യൂളിൽ ഉൾപ്പെട്ട മരങ്ങൾ സർക്കാറിലേക്ക് നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും മാറ്റി.
2005 സെപ്റ്റംബർ എട്ടാം തീയതി നിലവിൽവന്ന 2005ലെ പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയ ആക്ടിൻെറ മൂന്നാം വകുപ്പിൽ വനപ്രദേശമല്ലാത്ത ഭൂമിയിൽ ഭൂമിയുടെ ഉടമ വൃക്ഷങ്ങൾ െവച്ചുപിടിപ്പിക്കേണ്ടതാണെന്ന് വ്യവസ്ഥയുണ്ട്. ഈ നിയമത്തിെൻറ ആറാം വകുപ്പിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്ത വനഭൂമിയല്ലാത്ത ഭൂമിയുടെ ഉടമസ്ഥന് ആ ഭൂമിയിൽ െവച്ചുപിടിപ്പിക്കുന്ന മരങ്ങളിൽ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കുന്നതിനുള്ള അവകാശമുണ്ടെന്ന വ്യവസ്ഥചെയ്തു.
1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം സർക്കാറിെൻറ തരിശുഭൂമിയാണ് പതിച്ചുനൽകുന്നത്. സമതലപ്രദേശങ്ങളിൽ ഒരേക്കറും കുന്നിൻ പ്രദേശങ്ങളിൽ ജലസേചനസൗകര്യമുള്ളവ രണ്ട് ഏക്കറും ജലസേചനസൗകര്യം ഇല്ലാത്തവ മൂന്നേക്കറും പതിച്ചുനൽകാം. വിജ്ഞാപനം ചെയ്ത ഭൂമിയോ വനഭൂമിയോ അതിൽ ഉൾപ്പെടില്ല. അതിനാൽ 1964ലെ ചട്ടങ്ങൾ പതിച്ചുനൽകിയ ഭൂമിയിൽ (മുകളിൽ പറഞ്ഞ വ്യവസ്ഥകൾ പ്രകാരം) കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങളിൽ ഉടമകൾക്ക് അവകാശമുണ്ട്. എന്നാൽ, പാവപ്പെട്ട കർഷകർക്ക് അവർ െവച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിന് ചട്ടം ഭേദഗതി ചെയ്തിട്ടും ഉത്തരവിറക്കാത്തത് തടസ്സമായി. ഇടുക്കിയിൽനിന്നുള്ള എല്ലാ പാർട്ടികളുടെയും നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. അവർ ഒന്നടങ്കം പട്ടയംഭൂമിയിലെ മരംമുറിക്കണമെന്ന് വാദിച്ചു.
അതിെൻറ അടിസ്ഥാനത്തിലാണ് 1964ലെ ചട്ടങ്ങൾപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ െവച്ചുപിടിപ്പിച്ചതും പട്ടയം ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കർഷകർക്ക് മാത്രമാണെന്നും അങ്ങനെയുള്ള മരങ്ങൾ മുറിക്കാവുന്നതാണെന്നും വ്യക്തമാക്കി 2020 ഒക്ടോബർ 24ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിട്ടത്. അതൊരു രാഷ്ട്രീയതീരുമാനമായിരുന്നുവെന്ന് റവന്യൂമന്ത്രി അംഗീകരിക്കുന്നു. എന്നാൽ, കർഷകർക്ക് ഭൂമി പതിച്ചുലഭിക്കുന്ന സമയത്ത് ഭൂമിയിൽ നിലവിലുണ്ടായിരുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരങ്ങളുംകൂടി ഈ ഉത്തരവിെൻറ മറവിൽ മുറിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതോടെ റവന്യൂവകപ്പ് 2020 ഒക്ടോബർ 24ലെ ഉത്തരവ് റദ്ദുചെയ്ത് 2021 ഫെബ്രുവരി രണ്ടിന് പുതിയ ഉത്തരവ് ഇറക്കിയെന്നാണ് സർക്കാറിെൻറ വാദം.
പാവപ്പെട്ട കർഷകർക്ക് സ്വന്തം ആവശ്യത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും ഉപകാരപ്രദമാകുംവിധം പതിച്ചുകിട്ടിയ ഭൂമിയിൽ അവർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുമതിനൽകുക എന്ന സദുദ്ദേശ്യത്താലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാറിന് വാദിക്കാം. അത് തെറ്റായി ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ റദ്ദാക്കുകയും ചെയ്തു. പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാറിൻെറ നയപരമായ തീരുമാനമായിരുന്നു. മാഫിയക്കുവേണ്ടി ആയിരുന്നില്ലെന്ന് ഉറപ്പിച്ചുപറയുമ്പോഴും പ്രയോഗത്തിൽ അത് അവർക്കുവേണ്ടി മാത്രമായിരുന്നു.
നിയമവും ചട്ടവുമെല്ലാം ലംഘിച്ച് മരക്കച്ചവടം നടത്തിയത് ഭൂമിക്ക് പട്ടയം ലഭിച്ചവരാണെന്ന് (ആദിവാസികളും കർഷകരും) രാഷ്ട്രീയനേതൃത്വം അഭിപ്രായപ്പെടും. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുക പട്ടയ ഉടമകളായിരിക്കും. മുട്ടിൽ കേസിൽ പട്ടയം ഉടമകളായ 48 പേരെ കണ്ടെത്തി. അതിൽ 15 പേർ ആദിവാസികളാണ്. പട്ടയ ഉടമകൾ മരം വിൽക്കാൻ തീരുമാനിച്ചതിനാലാണ് കച്ചവടക്കാർ മരം വാങ്ങിയത്. വിൽക്കാൻ അവകാശമില്ലാത്ത മരം വിറ്റവരാണ് കുറ്റവാളികൾ. അങ്ങനെ വരുമ്പോൾ നിയമലംഘനം നടത്തിയത് മരം വാങ്ങിയ മാഫിയാസംഘമാവില്ല.
വയനാട്ടിലെ മുട്ടിൽ അടക്കം നടന്ന മരംമുറിയിൽ ഒടുവിൽ പ്രതിക്കൂട്ടിലാവുന്നത് ആദിവാസികളും പട്ടികജാതിക്കാരും കർഷകരും അടക്കം പട്ടയം ഉടമകളാവും. അതേസമയം, മരംമുറി അരങ്ങേറിയ 2020 നവംബർ മുതൽ 2021 ജനുവരിവരെ മൂന്നു മാസം സർക്കാർ സംവിധാനെത്ത ഉറക്കിക്കിടത്തിയത് ആരാണ്? സർക്കാറിൻെറ രാഷ്ട്രീയ തീരുമാനം നടപ്പാക്കിയത് മാഫിയാസംഘമല്ലേ ? മരങ്ങൾ മുറിച്ചുകടത്താൻ റവന്യൂ-വനം ഉദ്യോഗസ്ഥർക്കുമേൽ ബാഹ്യസമ്മർദം ഉണ്ടായെന്ന് ഡി.എഫ്.ഒ ധനേഷ്കുമാറിൻെറ റിപ്പോർട്ടിൽ അടിവരയിടുന്നു.
അത് രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുണ്ടായ സമ്മർദമാണോ? മരം മുറിക്കുന്നവർക്ക് കാവൽനിൽക്കാൻ ഉദ്യോഗസ്ഥർക്ക് മേലുണ്ടായ ബാഹ്യസമ്മർദത്തിൻെറ ഉറവിടം ആരാണ്? നമ്മൾ പരസ്പരം ചോദിക്കാമെന്നല്ലാതെ ഇതൊന്നും സർക്കാർ അന്വേഷണ ഏജൻസികളുടെ അന്വേഷണപരിധിക്കുള്ളിൽ ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.