വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞ് അമ്പത്തൊമ്പത് മിനിറ്റ്. രാജ്യതലസ്ഥാനത്തിന് അതിരിടുന്ന, ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുളയിൽ ആൾദൈവം ഗുർമീത് റാം റഹീമിെൻറ ‘ദേര സച്ചാ സൗദ’യുടെ അക്രമാസക്തരായ അനുയായികളിട്ട തീ പഞ്ചാബിലെ ഭട്ടിൻഡയിലേക്കും ഡൽഹിയിലെ ലോണിയിലേക്കും ആളിപ്പടർന്നുകൊണ്ടിരിക്കുന്ന നേരം. മോദിസർക്കാറിെൻറ വാർത്തവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി സുബിൻ ഇറാനിയുടെ ഭീഷണി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ അടിസ്ഥാന മാനദണ്ഡങ്ങളുടെ ചട്ടം ‘ബി’യിലേക്ക് ന്യൂസ് ചാനലുകളുടെ ശ്രദ്ധക്ഷണിക്കുകയാണെന്നും അനാവശ്യമായ ഭീതിയും പരിഭ്രാന്തിയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതിൽനിന്ന് ചാനലുകൾ വിട്ടുനിൽക്കണമെന്നതാണ് ഇൗ ചട്ടമെന്നും സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു. ഹരിയാനയിലെ മനോഹർ ലാൽ ഖട്ടറിെൻറയും കേന്ദ്രത്തിെല നരേന്ദ്ര മോദിയുടെയും ബി.ജെ.പി സർക്കാറുകളുടെ രാഷ്ട്രീയക്കളി തീക്കളിയായി മാറുകയും കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്തതോടെ അക്രമവും കൊലയും കൊള്ളിവെപ്പും അരങ്ങേറിയത് രാജ്യനിവാസികൾ അറിയുന്നതായിരുന്നു സ്മൃതി ഇറാനിയുടെ ആവലാതി. സർക്കാറിെൻറ പരാജയം കാണിക്കരുതെന്നല്ലേ മന്ത്രി പറയുന്നതെന്ന് തിരിച്ചുചോദിച്ച് സ്മൃതിയുടെ ട്വീറ്റിന് ട്വിറ്ററാറ്റികൾ പ്രതികരണവുമായി രംഗത്തുവന്നു. അതിൽ പിന്നീട് മന്ത്രിയുടെ ഭാഗത്തുനിന്ന് തുടർ ട്വീറ്റുകളുമൊന്നുമുണ്ടായില്ല.
സർക്കാർ തോൽക്കുന്നു,
കോടതി ജയിക്കുന്നു
ഹരിയാന സർക്കാറിെൻറ വീഴ്ച അറിയിച്ചതിന് മോദിസർക്കാർ ചട്ടം പറഞ്ഞു പേടിപ്പിച്ച് ചാനലുകൾക്കുേനരെ കണ്ണുരുട്ടിയെങ്കിലും അത് കണ്ടൊന്നും പേടിക്കാൻ ഹരിയാനയിലെ കോടതികൾ തയാറായിരുന്നില്ല. ബി.ജെ.പിയും കോൺഗ്രസും കൈയയച്ചു സഹായിക്കുന്ന ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന് വിധിക്കാനും ജയിലിലയക്കാനും പ്രത്യേക സി.ബി.െഎ കോടതിയിലെ ജഡ്ജി ധൈര്യം കാണിച്ചു. 15 വർഷമായി മാറിവന്ന സർക്കാറുകൾക്ക് സാധിക്കാത്തതാണ് കീഴ്കോടതിയിലെ ഒരു ജഡ്ജി സാധിപ്പിച്ചെടുത്തത്. തുടർന്ന് വിധിക്കുശേഷം അനുയായികൾ തെരുവിൽ താണ്ഡവമാടിയപ്പോൾ അത് സ്വാഭാവികമായ പ്രതികരണമെന്ന മട്ടിൽ കൈയുംകെട്ടി നോക്കിനിൽക്കുകയായിരുന്നു ബി.ജെ.പി സർക്കാർ. അക്രമം തടയാൻ ഒരു കരുതൽ നടപടിയും സ്വീകരിക്കാതിരുന്ന ആൾദൈവത്തിെൻറ അടുത്തയാളായ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ദേര സച്ചാ സൗദക്കാരല്ല കുഴപ്പമുണ്ടാക്കിയതെന്നും അവർക്കിടയിലേക്ക് നുഴഞ്ഞുകയറിയ ക്രിമിനലുകളാണ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്നും അവകാശപ്പെട്ടു. കാര്യങ്ങളെ കുറേക്കൂടി സത്യസന്ധമായി സമീപിച്ച ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജ് അക്രമവുമായി തെരുവിലിറങ്ങിയത് ഗുർമീതിെൻറ അനുയായികളാണെന്ന് തുറന്നു സമ്മതിച്ചു. അവർ അക്രമാസക്തരായതിനെയല്ല, ഒരു പെണ്ണിെൻറ പരാതി കേട്ട് കോടിക്കണക്കിന് അനുയായികളുള്ള ബാബ ഗുർമീതിനെ കുറ്റക്കാരനാക്കിയതിനെയാണ് വിമർശിക്കേണ്ടതെന്ന് മുമ്പ് കഴിഞ്ഞുപോയ കലാപങ്ങളെ അനുസ്മരിപ്പിക്കുമാറ് സാരോപദേശവും അവരുടെ സന്യാസിവര്യനായ സാക്ഷി മഹാരാജ് നൽകി.
അപ്പോഴും അവസരത്തിനൊത്തുയർന്ന് രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ രാജ്യത്തെ ജനങ്ങൾക്കുള്ള അവസാന പ്രതീക്ഷയെ കോടതി വീണ്ടും അരക്കിട്ടുറപ്പിച്ചു. അനുയായികൾ അഴിച്ചുവിട്ട ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള ചെലവ് ഗുർമീത് റാം റഹീമിൽനിന്ന് ഇൗടാക്കണമെന്നും ഇതിനായി വസ്തുവകകൾ കണ്ടുകെട്ടണമെന്നും അക്രമം പൊട്ടിപ്പുറപ്പെട്ട് മണിക്കൂറുകൾക്കകം പഞ്ചാബ്-ഹരിയാന ഹൈകോടതി ഉത്തരവിട്ടു. മുഖ്യമന്ത്രീ, താങ്കളാണ് പഞ്ച്കുള കത്തിച്ചതെന്ന് മനോഹർ ലാൽ ഖട്ടറിെൻറ അഭിഭാഷകനെ നോക്കി തുറന്നടിച്ച ജഡ്ജിമാർ നടപടിയെടുത്തപ്പോൾ രാഷ്ട്രീയ ലാഭം നോക്കിയാണ് നിങ്ങൾ പ്രവർത്തിച്ചതെന്നും കുറ്റപ്പെടുത്തി. വിമർശം ഖട്ടറിലൊതുക്കാതെ മോദിക്കും കൊടുത്ത ഹൈകോടതി പ്രധാനമന്ത്രി ഇന്ത്യയുടേതാണെന്നും ബി.ജെ.പിയുടേതല്ലെന്നും ഒാർമിപ്പിച്ചു.
ജാട്ട് ഭരണങ്ങളിലെ ‘മദ്ഹബി’ സിഖുകാർ
സിഖ് മതത്തിെല വരേണ്യ ജാതികൾ നിയന്ത്രിക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ പ്രതിഫലനമാണ് ദേര സച്ചാ സൗദ. ഭരണത്തിലെത്തുന്നത് കോൺഗ്രസ് ആയാലും അകാലിദൾ ആയാലും ജാട്ട് സിഖുകൾ മുഖ്യമന്ത്രിമാരാകുന്ന പഞ്ചാബിെൻറ ചരിത്രമെടുത്താൽ ഇത് എളുപ്പത്തിൽ ബോധ്യമാകും. മദ്ഹബി സിഖുകാരെന്നു വിളിച്ച് മുഖ്യധാരയിൽനിന്ന് തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ദലിതുകളെല്ലാം സാമൂഹിക വ്യവസ്ഥിതിയുടെ പടിക്കു പുറത്താണ്. മദ്ഹബി സിഖുകാരെ കൂടാതെ വാല്മീകി സർദാറുമാരും റായ് സർദാറുമാരുമെന്ന രണ്ടു ദലിത് വിഭാഗങ്ങൾ കൂടിയുണ്ട്. ഇവരെയാണ് ദേര പ്രധാനമായും ഉന്നംവെച്ചത്.
ശാഹ് മസ്താന ബലൂചിസ്താനി എന്നൊരു സന്യാസി 1948ൽ തുടങ്ങിയ ‘സത്യസ്ഥാനം’ എന്നർഥം വരുന്ന ദേര സച്ചാ സൗദ എന്ന ആത്മീയ സംഘത്തിന് രാജ്യവ്യാപകമായുള്ള 50 ആശ്രമങ്ങളിലായി നാലു കോടി അനുയായികളുണ്ടെന്നാണ് കണക്ക്. ദലിത് സിഖുകാരാണ് ഭൂരിഭാഗം അനുയായികൾ.
1960 ഏപ്രിൽ 18ന് മസ്താന മരിച്ചതോടെ സത്നാം പിൻഗാമിയായി വന്ന് അനുയായികളെ നയിച്ചു. സിർസയിൽ വലിയ ആസ്ഥാനവും അദ്ദേഹം സ്ഥാപിച്ചു. മാറിവന്ന സർക്കാറുകൾ തിരിഞ്ഞുനോക്കാതിരുന്ന സിഖ്, ഹിന്ദു വിഭാഗങ്ങളിലെ ദലിതുകളെ ദേര സച്ചാ സൗദയുടെ വിവിധ സാമൂഹിക േക്ഷമപദ്ധതികളുടെ ഗുണഭോക്താക്കളാക്കി. ആർഭാടമില്ലാതെ സംഘടിപ്പിച്ച ലളിതമായ സമൂഹ വിവാഹങ്ങളിലൂടെയാണ് സമൂഹത്തിലെ താഴേതട്ടിലുള്ളവരെ സിർസയിലെ മജ്ലിസിലേക്ക് േദര സച്ചാ സൗദ ആകർഷിച്ചു തുടങ്ങിയത്. 1963 മുതൽ 1990 വരെ ദേരയെ നയിച്ച സത്നാം സിങ് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 2250 ഗ്രാമങ്ങളിൽ നടത്തിയ മജ്ലിസുകളിലൂടെ ഇൗ ആത്മീയ സംഘത്തിന് 11 ലക്ഷത്തിൽപരം അനുയായിവൃന്ദത്തെ ഉണ്ടാക്കിയെടുത്തു. തുടർന്ന് നേതൃത്വമൊഴിഞ്ഞ സത്നാം സിങ് 1990 സെപ്റ്റംബർ 23ന് ഗുർമീത് റാം റഹീമിനെ പിൻഗാമിയായി പ്രഖ്യാപിച്ചു.
ഗുർമീതിെൻറ തിണ്ണബലം
ദേര സ്വന്തമാക്കിയ ദലിത് വോട്ടുബാങ്ക് ഒന്നായി മറിക്കാൻ കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഗുർമീതിനെ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. ഇവരോട് വിലപേശാനായി ഗുർമീത് ദേരക്ക് പ്രത്യേക രാഷ്ട്രീയ വിഭാഗമുണ്ടാക്കി.
കേന്ദ്രത്തിൽ യു.പി.എ സർക്കാർ ആയിരുന്നപ്പോൾ 2007ൽ പഞ്ചാബ് നിയമസഭ തെരെഞ്ഞടുപ്പിൽ കോൺഗ്രസിനെയാണ് ഗുർമീത് പിന്തുണച്ചത്. വിവാഹിതനായി കുടുംബജീവിതം നയിക്കുന്ന ഇൗ 50കാരെൻറ മകൻ വിവാഹം ചെയ്തത് പഞ്ചാബിലെ കോൺഗ്രസ് നേതാവിെൻറ മകൾ ഹർമീന്ദർ സിങ് ജസ്സിയെയാണ്. കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചിരുന്നു. 2014ൽ കാറ്റ് മാറിവീശുന്നുവെന്ന് മനസ്സിലാക്കിയ ഗുർമീത് ലോക്സഭ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണച്ചു. മൂന്നു വർഷം കഴിഞ്ഞ് 2017െൻറ തുടക്കത്തിൽ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ വീണ്ടും കരണംമറിഞ്ഞ് കോൺഗ്രസിനായി ഗുർമീതിെൻറ പിന്തുണ. പഞ്ചാബിൽ ഒരു കാരണവശാലും ആം ആദ്മി പാർട്ടി സർക്കാർ വരാതിരിക്കാൻ ആർ.എസ്.എസ് പോലും കോൺഗ്രസിനെ ജയിപ്പിക്കാൻ പണിയെടുത്ത തെരെഞ്ഞടുപ്പായിരുന്നു അത്.
കലാപങ്ങളിൽനിന്ന് പഠിക്കാത്തവർ
2002ൽ കോടതി നിർദേശപ്രകാരം തനിക്കെതിരായ മാനഭംഗക്കുറ്റവും കൊലപാതകക്കുറ്റവും സി.ബി.െഎ അേന്വഷിച്ചുതുടങ്ങുേമ്പാഴേക്കും ജനകീയ ക്ഷേമ പ്രവർത്തനങ്ങളുമായി ഇറങ്ങി മദ്ഹബി സിഖുകാരുടെ കണ്ണിലുണ്ണിയാകാൻ ഗുർമീതിന് കഴിഞ്ഞിരുന്നു. ഹതഭാഗ്യരായ സ്ത്രീഭക്തരെ ഇരകളാക്കുന്ന കാമാർത്തനെന്ന പ്രതിച്ഛായ മാറ്റാൻ നടത്തിയ പ്രവർത്തനങ്ങളിലൂടെ പഞ്ചാബിലെയും ഹരിയാനയിലെയും ദലിതുകളെയും പാർശ്വവത്കൃതരെയും അനുയായികളാക്കാനും അവരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കാനും ഗുർമീതിന് കഴിഞ്ഞു. ജീവിതത്തിൽ തങ്ങൾക്കിതുവരെ ലഭിക്കാത്ത സ്വാതന്ത്ര്യവും പരിഗണനയും ആൾദൈവങ്ങൾക്കിടയിൽനിന്ന് അനുഭവിക്കുന്നതായി ഇവർക്ക് തോന്നിത്തുടങ്ങി.
വരേണ്യ സിഖുകാരുടെ കീഴിൽനിന്ന് ദലിത് സിഖുകളെ അടർത്തി സ്വന്തം കാൽക്കീഴിൽ കൊണ്ടുവന്നതിനിടയിലാണ് സിഖ് സമുദായത്തിെല ഭൂരിപക്ഷത്തിെൻറ മതവികാരം വ്രണപ്പെടുത്തി 2007ഏപ്രിലിൽ സംഘടിപ്പിച്ച ചടങ്ങിൽ 10ാം സിഖ് ഗുരു ഗോബിന്ദ് സിങ്ങിെൻറ പുനരവതാരമായി പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിലും ഹരിയാനയിലും ജമ്മുവിലും വൻ കലാപത്തിന് ഇൗ വേഷംകെട്ടൽ വഴിവെച്ചു.
ഗുർമീതിെൻറ നേതൃത്വത്തിൽ വേശ്യാവൃത്തി വിരുദ്ധ കാമ്പയിൻ നടത്തിയ ദേര സച്ചാ സൗദ അതിലൂടെ 1500 സ്ത്രീകളെ മോചിപ്പിച്ച് പുനരധിവസിപ്പിച്ചു. ഇത്തരത്തിൽ പുനരധിവസിപ്പിച്ച സ്ത്രീകളുടെ സമൂഹ വിവാഹം സിർസയിെല ആസ്ഥാനത്ത് സംഘടിപ്പിച്ച് അനുയായിവൃന്ദത്തിനിടയിൽ തെന്നക്കുറിച്ചുള്ള വിശ്വാസവും ആദരവും ഗുർമീത് അരക്കിട്ടുറപ്പിച്ചു. ഭിന്നലിംഗക്കാരും സ്വവർഗരതിക്കാരും ഗുർമീതിെൻറ അനുയായികളായി സിർസയിലെത്തിക്കൊണ്ടിരുന്നു. വലിയ പ്രചാരണങ്ങളോടെ വൻ പരിപാടികൾ സംഘടിപ്പിച്ച് വില്ലൻ വേഷത്തിൽനിന്നും ഗുർമീത് തെൻറ വീരപരിവേഷം വീണ്ടെടുത്തു. 2014ൽ പ്രതിച്ഛായ വർധിപ്പിക്കാനായി ബാബ ഗുർമീത് ദൈവത്തിനോട് െഎക്യപ്പെടാമെന്നു പറഞ്ഞ് 400 അനുയായികളെ വന്ധ്യംകരണം നടത്തി.
എല്ലാതരം കൾട്ടുകളെയും വോട്ടുബാങ്കുകളായി മാത്രം കണക്കാക്കുന്ന രാഷ്ട്രീയ പാർട്ടികൾ അഞ്ചു വർഷത്തിലൊരിക്കൽ നൽകുന്ന വോട്ടുകളുടെ വിലയായി ആൾദൈവങ്ങളൊരുക്കുന്ന ആശ്രമങ്ങളുടെ വന്മതിലുകൾക്കകത്തുള്ള കാഴ്ചകൾക്കുനേരെ കണ്ണടച്ചുകൊടുക്കുന്നതിന് രാജ്യം കൊടുത്ത വിലയാണ് ഹരിയാനയിൽ കണ്ടത്. തിരിച്ച് ഇൗ രാഷ്ട്രീയ സ്വാധീനങ്ങൾ ഇരകളെ പേടിപ്പിച്ച് വരുതിയിൽ നിർത്താനും ഗുർമീത് ഉപയോഗിച്ചു. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരും നിരവധി കേന്ദ്ര മന്ത്രിമാരും തെൻറ കാൽ തൊടുന്നവരാണെന്നു പറഞ്ഞ് റിവോൾവർ ചൂണ്ടി പേടിപ്പിച്ചായിരുന്നു തെന്ന മാനഭംഗപ്പെടുത്തിയതെന്ന് ഗുർമീതിനെതിരെയുള്ള പരാതിക്കാരിയായ സന്യാസിനി അയച്ച കത്തിൽ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.