ആദ്യം ബാബരി മസ്ജിദ്, അതുകഴിഞ്ഞ് ഗ്യാൻ വാപി; ഇപ്പോഴിതാ സംഭലും അജ്മീറും കമാൽ മൗലയും. ഹിന്ദുത്വ ഭരണകൂടത്തിന്റെ തണലിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തുടർച്ചയായി കൈയേറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കൈയേറ്റങ്ങളിലെല്ലാം ഒരേ പാറ്റേൺ ദൃശ്യമാകുന്നുണ്ട്. അതിനെ എളുപ്പമാക്കിയതോ, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അന്യായമായ ഒരു ഇടപെടലും. 1991ലെ ആരാധനാലയ നിയമത്തിന്റെ അന്തഃസത്ത കാറ്റിൽപറത്തി ഗ്യാൻവാപി വിഷയത്തിൽ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളുടെയും സംഘർഷങ്ങളുടെയും കാരണമെന്ന് ഇതിനകംതന്നെ വിമർശനം ഉയർന്നിട്ടുണ്ട്. ആരാധനാലയ നിയമത്തിൽ മുൻ ചീഫ് ജസ്റ്റിസ് എങ്ങനെയൊക്കെയാണ് വെള്ളം ചേർത്തതെന്ന് പരിശോധിക്കുന്നു.
2022 മേയ്. നൂറ്റാണ്ടുകളായി മുസ്ലിംകൾ ആരാധന നടത്തിക്കൊണ്ടിരിക്കുന്ന വാരാണസി ഗ്യാൻവാപി പള്ളിയുടെ വുദൂഖാനക്ക് നടുവിലുള്ള ജലധാര ഹിന്ദുത്വ വാദികൾക്ക് ‘ശിവലിംഗ’മായി തോന്നിയതിനാൽ അതടച്ചുപൂട്ടി മുദ്രവെക്കണമെന്ന ഹരജി പരിഗണിക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ആവശ്യം അംഗീകരിച്ച്, നമസ്കാരത്തിനെത്തുന്നവർക്ക് അംഗശുദ്ധി വരുത്താനുള്ള പള്ളിയിലെ വുദൂഖാന അടച്ചുപൂട്ടാനാണ് നീക്കമെന്ന് തോന്നിച്ച ഘട്ടത്തിൽ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിഅഭിഭാഷകൻ ഹുസൈഫ അഹ്മദി നടത്തിയ വാദം ഒരു വിലാപകാവ്യംപോലെ ഇന്നും സുപ്രീംകോടതിയുടെ ഒന്നാം നമ്പർ മുറിയുടെ ചുമരുകളിൽനിന്ന് പ്രതിധ്വനിക്കുന്നുണ്ടാകും. വുദൂഖാനക്ക് പൂട്ടിടുന്നതിലൂടെ ബാബരി മസ്ജിദ് പോലെ ഗ്യാൻവാപിയും തർക്കമന്ദിരമായി മാറുമെന്നും, അതിന് കൂട്ടുനിൽക്കരുതെന്നും ഹുസൈഫ വാദിച്ചു.
പെക്ഷ, ജസ്റ്റിസിന്റെ ന്യായം വിചിത്രമായിരുന്നു: കേസിലെ രണ്ടു കക്ഷികളുടെയും താൽപര്യങ്ങൾ ബാലൻസ് ചെയ്യണമല്ലോ എന്ന്! വുദൂഖാനക്ക് പൂട്ടിടുന്നതിലൂടെ ആ ആരാധനാലയത്തിന്റെ സ്വഭാവം മാറ്റാനുള്ള ആദ്യപടിയാണിതെന്നും 1991ലെ ആരാധനാലയ നിയമമാണ് ഇതിലൂടെ ലംഘിക്കുന്നതെന്നും ഹുസൈഫ വെട്ടിത്തുറന്നു പറഞ്ഞു.
ബാബരി ഭൂമി രാമക്ഷേത്രം പണിയാനായി വിട്ടുകൊടുത്ത് ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായത്തിൽ ആരാധനാലയ നിയമത്തിന്റെ സാധുത എടുത്തുപറഞ്ഞ വരികൾ ഹുസൈഫ ഓർമിപ്പിച്ചു. അതോടെയാണ്, വിചിത്രമായ അടുത്ത ന്യായവാദം മുൻ ചീഫ് ജസ്റ്റിസ് പുറത്തെടുത്തത്: ഒരു ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിനെ മാത്രമേ ആ നിയമം തടയുന്നുള്ളൂ എന്നും അതിന്റെ മുൻ സ്വഭാവം പരിശോധിക്കുന്നതിൽനിന്ന് അതാരെയും തടയുന്നില്ലല്ലോ എന്നുമായിരുന്നു ചന്ദ്രചൂഡിന്റെ ന്യായം.
ഇതിനു ശേഷം പൂട്ടിട്ട വുദൂഖാന തുറന്നുതരണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി ഇതേ ബെഞ്ചിന്റെ വാതിലിൽ വീണ്ടും മുട്ടി. റമദാനിൽ വുദൂഖാന അടച്ചിടുന്നതുമൂലം നമസ്കരിക്കാൻ കഴിയുന്നില്ലെന്ന് ബോധിപ്പിച്ചപ്പോൾ വീപ്പയിൽ വെള്ളം നിറച്ചുവെക്കാനായിരുന്നു നിർദേശം. രണ്ടുവർഷം കഴിഞ്ഞ്, വുദൂഖാനയിലെ വെള്ളം പഴകി മത്സ്യങ്ങൾ ചത്തുപൊന്തി ദുർഗന്ധം വമിച്ചപ്പോൾ, വൃത്തിയാക്കാൻ മാത്രമാണ് ഇത്രയും നാളുകൾക്കിടയിൽ അതൊന്നു തുറന്നുകൊടുത്തത്. 2023 ആഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിധിയിലൂടെ പുരാവസ്തു വകുപ്പിന് സർവേ നടത്താൻ അനുമതി കൊടുത്ത് ബാബരി പോലെ ‘തർക്കമന്ദിര’മാക്കുന്നതിനുള്ള അടുത്ത നടപടിയിലേക്കും കടന്നു.
ഒരു ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിനെ തടയുന്ന 1991ലെ ആരാധനാലയ നിയമം അതിന്റെ മുൻ സ്വഭാവം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നത് തടയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം: ‘‘നിങ്ങൾക്ക് ബാലിശമായി തോന്നുന്നത് മറുഭാഗത്തിന്റെ വിശ്വാസമാണ്’’.
ആരാധനാലയ നിയമത്തിന്റെ ലക്ഷ്യവും കാരണവും വ്യക്തമാക്കുന്ന ആമുഖത്തിലെ ഒന്നാമത്തെ വാചകം ഇങ്ങനെ വായിക്കാം: ‘‘ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച് ഉയർന്നുവരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അത്തരത്തിൽ സ്വഭാവം മാറ്റുന്നത് നിരോധിക്കണം.’’ നീതിന്യായ കോടതികൾ ഒരു നിയമം വ്യാഖ്യാനിക്കുമ്പോൾ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്തൊക്കെയാണെന്ന് നോക്കുന്നത് പതിവുള്ളതാണ്. ആരാധനാലയ നിയമത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി പറഞ്ഞത് അവഗണിച്ചാണ് പുതിയ വിവാദങ്ങൾക്ക് ഗ്യാൻവാപി വിധിയിലൂടെ മുൻ ചീഫ് ജസ്റ്റിസ് തിരികൊളുത്തിയത്.
ഇതാദ്യമായല്ല അദ്ദേഹം ഇത്തരം വിചിത്ര വാദങ്ങൾ നിരത്തുന്നത്. 40 ദിവസം നീണ്ട വാദം കേൾക്കലിനു ശേഷം കോടതിമുറിയിൽ ഒരിക്കൽപോലും കേൾക്കാത്ത ന്യായവാദവുമായി അദ്ദേഹം എഴുതിയ അയോധ്യ വിധി നിയമത്തിന്റെയും ന്യായത്തിന്റെയും തുലാസിൽ ബാലൻസ് ചെയ്യുന്നതായിരുന്നില്ല. ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ സ്യൂട്ടിൽ പ്രമാണങ്ങളും രേഖകളുമായി ഒരു ഭാഗവും, ഒരു തുണ്ട് തെളിവുപോലുമില്ലാതെ മറുവിഭാഗവും നടത്തിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പള്ളിയുടെ ആ ഭൂമി, കേസിൽ കക്ഷിയായ രാമവിഗ്രഹത്തിന് (രാം ലല്ല) കൊടുത്തേക്കൂ എന്ന് എഴുതിവെച്ചത്. തന്റെ ആരാധനാമൂർത്തിക്ക് മുന്നിൽ നിന്നപ്പോഴാണ് അയോധ്യ വിധിക്ക് വഴി തുറന്നുകിട്ടിയതെന്ന് അദ്ദേഹംതന്നെ പറയുകയും ചെയ്തു.
ജസ്റ്റിസ് ചന്ദ്രചൂഡ് തുറക്കുന്നത് ‘പണ്ടോറയുടെ പെട്ടി’യാണെന്ന് രണ്ടു വർഷം മുമ്പ് ഹുസൈഫ അഹ്മദി നെഞ്ചുപൊട്ടി പറഞ്ഞത് സത്യമാണെന്ന് കാലം തെളിയിച്ചു. ആരാധനാലയ നിയമത്തിന് വിരുദ്ധമായി ഗ്യാൻവാപി പള്ളി പണിതത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭൂമിയിലാണോ എന്ന് പരിശോധന ഇപ്പോൾ കുടുതൽ പള്ളികളിലെത്തി നിൽക്കുന്നു.
ഉത്തർപ്രദേശിലെ സംഭൽ ശാഹി ജമാ മസ്ജിദ് ഹരിഹർ ക്ഷേത്രം നിന്നിടത്താണോ എന്ന് നോക്കാൻ നവംബർ 19ന് സംഭൽ ജില്ല സിവിൽ ജഡ്ജി ആദിത്യ സിങ്ങും രാജസ്ഥാനിലെ ഖാജാ മുഈനുദ്ദീൻ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന അജ്മീർ ദർഗ ശിവ ക്ഷേത്രമായിരുന്നോ എന്ന് നോക്കാൻ നവംബർ 27ന് അജ്മീർ സിവിൽകോടതി ജഡ്ജി മൻമോഹൻ ചന്ദേലും വിധിച്ചു. മധ്യപ്രദേശിലെ കമാൽ മൗല പള്ളി ഭോജ്ശാലയാണോ എന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നു.
അയോധ്യയിലെ അനുഭവം മുന്നിൽക്കണ്ട് അപകടകരമായ അത്തരം അവകാശവാദങ്ങളൊന്നും ഭാവിയിൽ ഉണ്ടാകാതിരിക്കാൻ എല്ലാ വിവാദങ്ങളെയും പിടിച്ച് ഒരു കുടത്തിലാക്കി 1991ൽ പാർലമെന്റ് അടച്ചുവെച്ചതാണ് മുൻ ചീഫ് ജസ്റ്റിസ് തുറന്നുവിട്ടിരിക്കുന്നതെന്നാണ്, സംഭൽ വർഗീയ സംഘർഷത്തിൽ രാജ്യസഭയിൽ അടിയന്തര ചർച്ചക്ക് നോട്ടീസ് കൊടുത്ത എം.പിമാരിലൊരാൾ പറഞ്ഞത്.
ആ മൂടി അഴിച്ചതോടെ കുടത്തിലെ ഭൂതം കണക്കെ രാജ്യമൊട്ടുക്കും അസ്വാരസ്യങ്ങൾ വ്യാപിക്കുകയാണ്. ഈ ഭൂതത്തെ പിടിച്ച് തിരികെ കുടത്തിലിടാൻ ഗ്യാൻവാപി വിധിയിലെ മുൻ ചീഫ് ജസ്റ്റിസിന്റെ ന്യായവാദം തിരുത്തി പരമോന്നത കോടതി പുതിയൊരു വിധി പുറപ്പെടുവിക്കണം. അതിനുള്ള അവസരമായിരുന്നു സംഭൽ കേസിലൂടെ നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് കൈവന്നിരുന്നത്.
സംഭലിൽ അഞ്ച് യുവാക്കളുടെ മരണത്തിൽ കലാശിച്ച വെടിവെപ്പിനു ശേഷം ജമാ മസ്ജിദിലെ സർവേ തടയണമെന്ന ആവശ്യവുമായി വന്ന ഹുസൈഫ മുൻ ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ തെറ്റായ കീഴ്വഴക്കത്തിലേക്ക് വിരൽ ചൂണ്ടുകയും ഇതൊരു തന്ത്രമായി മാറുകയാണെന്നും 10 കേസുകളെങ്കിലും ഈ തരത്തിലുണ്ടായെന്നും പറയുകയും ചെയ്തു. എന്നാൽ, അതിന് മുതിരാതെ അലഹബാദ് ഹൈകോടതി വഴി വരാനാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം.
1991ലെ ആരാധനാലയ നിയമപ്രകാരം രാജ്യത്തെ മുഴുവൻ ആരാധനാലയങ്ങളുടെയും ഉടമസ്ഥാവകാശ തർക്കത്തിൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്തണം. എന്നാൽ, 1947 ആഗസ്റ്റ് 15നും ഈ നിയമം പ്രാബല്യത്തിലായ 1991 ജൂലൈ 11നുമിടയിൽ വിവിധ ആരാധനാലയ തർക്കങ്ങളിൽ കൈക്കൊണ്ട തീർപ്പുകൾക്ക് നിയമം ബാധകമല്ല.
കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഈ പള്ളി മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ക്ഷേത്രം തകർത്തുണ്ടാക്കിയതാണെന്ന് ഹിന്ദുത്വ വാദികൾ. വുദൂഖാന അടച്ചുപൂട്ടി മുദ്രവെക്കാനും പുരാവസ്തു വകുപ്പ് സർവേ നടത്താനും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി.
മുഗൾ ചക്രവർത്തി ബാബർ പണിത 16ാം നൂറ്റാണ്ടിലെ പള്ളി. പണ്ട് ഹരിഹർ മന്ദിർ നിന്ന സ്ഥാനത്താണ് ഈ പള്ളി നിർമിച്ചതെന്ന് ഹിന്ദുത്വ വാദികൾ. അഡ്വക്കറ്റ് കമീഷണർ സർവേ നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് 2024 നവംബർ 19ന് സംഭൽ ജില്ല സിവിൽ കോടതി ജഡ്ജി ആദിത്യ സിങ്.
ഈ ദർഗ മുമ്പ് ശിവ ക്ഷേത്രമായിരുന്നെന്ന് ഹിന്ദുത്വ വാദികൾ. നവംബർ 27ന് ഹരജി സ്വീകരിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും പുരാവസ്തു വകുപ്പിനും അജ്മീർ സിവിൽകോടതി ജഡ്ജി മൻമോഹൻ ചന്ദേലിന്റെ നോട്ടീസ്.
ശാഹി ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നത് മഥുരയിൽ ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്ന് ഹിന്ദുത്വ വാദികൾ. പുരാവസ്തു വകുപ്പ് പരിശോധിക്കണമെന്ന് ആഗസ്റ്റ് ഒന്നിന് അലഹാബാദ് ഹൈകോടതി.
പള്ളി നിന്നിരുന്ന സ്ഥലം പണ്ട് വാഗ്ദേവി (സരസ്വതി) ക്ഷേത്രമായിരുന്ന ഭോജ്ശാലയാണെന്ന് ഹിന്ദുത്വ വാദികൾ. 2024 ജൂലൈയിൽ പുരാവസ്തു വകുപ്പിനെക്കൊണ്ട് സർവേ നടത്തിച്ച് മധ്യപ്രദേശ് ഹൈകോടതി 2000 പേജുള്ള റിപ്പോർട്ട് വാങ്ങി.
മുഗൾ ചക്രവർത്തി ഔറംഗസീബ് ലഖ്നോ ഠീലേ വാലി മസ്ജിദ് പണിതത് ലക്ഷ്മൺ തില കൈയേറിയാണെന്ന് ഹിന്ദുത്വ വാദികൾ. അവകാശവാദം പരിശോധിക്കണമെന്ന് 2024 ഫെബ്രുവരി 19ന ലഖ്നോ അഡീഷനൽ ഡിസ്ട്രിക്റ്റ് ജഡ്ജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.