സംഭൽ ജമാ മസ്ജിദിനുവേണ്ടിയുള്ള നിയമപോരാട്ടം നയിക്കുന്ന സമാജ്വാദി പാർട്ടി എം.പിയായ സിയാഉർറഹ്മാൻ ബർഖിനെ അഞ്ച് മുസ്ലിം യുവാക്കൾ വെടിവെപ്പിൽ കൊല്ലപ്പെട്ട വർഗീയ സംഘർഷത്തിൽ പൊലീസ് പ്രതിചേർത്തിരിക്കുന്നു. പാർലമെന്റ് സമ്മേളനത്തിനിടെ അദ്ദേഹം ‘മാധ്യമ’ത്തിന് അുനവദിച്ച അഭിമുഖം.
സംഭൽ ജമാ മസ്ജിദിലെ സർവേയുടെ തുടർനടപടികൾക്ക് സുപ്രീംകോടതി താൽക്കാലികമായി തടയിട്ടിരിക്കുന്നു. ഈവിധിയെ എങ്ങനെ കാണുന്നു?
● നീതി ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു. അടുത്ത വാദംകേൾക്കൽ വരെ എല്ലാത്തരം നടപടികളും സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. വിവാദ സർവേ റിപ്പോർട്ട് മുദ്രവെച്ച കവറിൽ വെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരികൾ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കോടതിയോട് നന്ദിയുണ്ട്.
അധികാരികൾ നിഷ്പക്ഷമായിരിക്കണമെന്ന കോടതി വിധി യു.പി അധികാരികൾ പാലിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
● സുപ്രീംകോടതി നിർദേശം അവർ പാലിക്കേണ്ടി വരും. പാലിച്ചില്ലെങ്കിൽ അവരെയും സുപ്രീംകോടതിയുടെ മുമ്പാകെ ഞങ്ങൾ എത്തിക്കും. അവർ നിഷ്പക്ഷമായി പ്രവർത്തിച്ചില്ലെങ്കിൽ അവരെയും കക്ഷി ചേർക്കും.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം സംഭൽ ജമാ മസ്ജിദിൽ പതിറ്റാണ്ടുകൾ നമസ്കാരം നടന്നില്ലെന്ന് ഹിന്ദുത്വ ശക്തികൾ അവകാശപ്പെടുന്നുണ്ടല്ലോ?
● കളവാണത്. അവിടെ നമസ്കാരം നിന്നുപോയിട്ടേയില്ല. നമസ്കാരം നിർത്തേണ്ട സാഹചര്യമുണ്ടായിട്ടുമില്ല.
എന്തുകൊണ്ടാണ് നേരെ സുപ്രീംകോടതിയിലേക്ക് പോയത്?
● ഭരണഘടനയുടെ ലംഘനമാണ് നടത്തുന്നത്. സംഭൽ വർഗീയ സംഘർഷത്തിൽ നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നതാണ് സംഭലിലെ സംഭവ വികാസങ്ങൾ. ഒരു മനുഷ്യന്റെ ജീവൻ ഹനിക്കുകയെന്നത് മനുഷ്യത്വവിരുദ്ധമാണ്. അഞ്ചു ചെറുപ്പക്കരുടെ ജീവിതമാണ് സംഭൽ സംഘർഷത്തിൽ ഹോമിക്കപ്പെട്ടത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് സംഭലിലേത് എന്ന് പൊലീസ് അധികാരികളുടെ ഭാഗത്തുനിന്നുള്ള സമീപനത്തിൽനിന്നും വ്യക്തമാണ്. ഒരു പ്രാവശ്യം സർവേ നടത്തിയ ശേഷം മറ്റൊരു സർവേ നടത്തേണ്ട ആവശ്യമില്ലായിരുന്നു. വലിയ അതിക്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനു ശേഷം വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തു കൊണ്ടിരിക്കുകയാണ്.
പാർലമെന്റ് സംഭൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?
● ചർച്ച നടന്നെങ്കിൽ മാത്രമേ സംഭലിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ജനങ്ങൾക്കറിയാൻ കഴിയുകയുള്ളൂ. ഏതു തരത്തിലാണ് പൊലീസ് അധികാരികൾ ജനങ്ങൾക്കു മേൽ അതിക്രമം നടത്തിയതെന്ന് രാജ്യം അറിയുകയുള്ളൂ. ആരാണ് കുറ്റക്കാർ എന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി അവർക്ക് കടുത്ത ശിക്ഷ നൽകി ജയിലിലടക്കണം.
ഡിമ്പിൾ യാദവും ധർമേന്ദ്ര യാദവും ലോക്സഭയിൽ ചർച്ച ആവശ്യപ്പെട്ടു. പ്രഫസർ രാംഗോപാൽയാദവ് രാജ്യസഭയിലും വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, ചർച്ച നടത്താൻ സർക്കാർ തയാറാകുന്നില്ല.
താങ്കൾക്കെതിരെ കലാപത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു?
● ഇതാണ് സംഭലിലെ അവസ്ഥ. സംഘർഷം നടന്ന ദിവസം ഞാൻ സംഭലിൽതന്നെ ഇല്ലാതെ എങ്ങനെയാണ് എനിക്കെതിരെ കലാപക്കേസ് എടുക്കുക.
താങ്കൾ ആദ്യ സർവേയുടെ ദിവസം പള്ളിയിൽ പോയിരുന്നു എന്നാണല്ലോ പൊലീസ് പറയുന്നത് ?
● ആദ്യ സർവേ നടന്ന ദിവസം ഞാൻ പോയതാണ് പ്രശ്നമെങ്കിൽ അന്നാണല്ലോ കലാപമുണ്ടാകേണ്ടത്. അന്ന് കലാപമുണ്ടായിട്ടില്ലെങ്കിൽ പിന്നെ ഞാനെങ്ങനെയാണ് കുറ്റകൃത്യത്തിൽ പങ്കാളിയാകുക? പലതും ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് അതിനർഥം.
ഞങ്ങൾ വെടിവെച്ചിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പൊലീസ് എങ്ങനെയാണ് വെടിവെച്ചതെന്ന് പിന്നീട് വൈറലായ വിഡിയോയിൽനിന്ന് വ്യക്തമായി. അതിന് പൊലീസിന് ഉത്തരമുണ്ടോ? ഇത്രയും പെരുങ്കള്ളം പറയാൻ പൊലീസിന് എങ്ങനെ കഴിയും. എന്തിനാണ് അവർ വെടിവെച്ചതെന്ന് ഉത്തരം പറയണം. അവർ കോടതിയിലും ജനങ്ങൾക്ക് മുന്നിലും ഉത്തരം പറഞ്ഞേ മതിയാകൂ.
കലാപകാരികളിൽനിന്ന് നാശനഷ്ടത്തിന്റെ നയാപൈസ വിടാതെ വസൂലാക്കുമെന്നാണല്ലോ യോഗി സർക്കാർ പറയുന്നത്?
● തീർച്ചയായും അങ്ങനെ ചെയ്യണം. സ്ഥിതിഗതികൾ വഷളാക്കിയ പൊലീസുകാരായ കലാപകാരികളിൽനിന്ന് നാശനഷ്ടത്തിന്റെ തുക ഈടാക്കണം. പൊലീസിലെ കലാപകാരികളിൽനിന്ന് എന്തെല്ലാം നാശനഷ്ടം സർക്കാർ സ്വത്തുക്കൾക്കും സ്വകാര്യ സ്വത്തുക്കൾക്കുമുണ്ടായിട്ടുണ്ടെങ്കിൽ അതേ പൊലീസുകാരിൽനിന്ന് അതു വസൂലാക്കണം.
അജ്മീർ ദർഗക്ക് മേലും ഹിന്ദുത്വ ശക്തികൾ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഇതെവിടെ അവസാനിക്കും?
● മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് ഇതിനെല്ലാം തുടക്കമിട്ടത്. അന്ന് ഗ്യാൻവാപി പള്ളിയിൽ സർവേക്ക് ഉത്തരവിട്ട ശേഷം ആരാധനാലയ നിയമത്തിന്റെ ലംഘനമാണ് രാജ്യത്ത് തുടർച്ചയായി അരങ്ങേറുന്നത്. പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കർ ഓം ബിർലയെ ഞങ്ങൾ കണ്ടു.
പാർലമെന്റുണ്ടാക്കിയ നിയമം പാലിക്കപ്പെടാത്തതും ആ നിയമലംഘനത്തിന് കോടതികൾ നിരന്തരം കുട്ടുനിൽക്കുന്നതും ചർച്ച ചെയ്യണം. രാജ്യത്തിന്റെ സമാധാനം തകർക്കുന്ന ഈ സ്ഥിതിക്ക് അന്ത്യം കുറിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.