യുദ്ധം, പോരാട്ടം, ധർമസമരം, ത്യാഗപരിശ്രമങ്ങൾ എന്നൊക്കെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാവുന്ന ജിഹാദ് എന്ന വാക്ക് വിശുദ്ധ ഖുർആനിൽ പലതവണ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഖുർആനിൽ ജിഹാദ് എന്നതിനേക്കാളെല്ലാം ആവർത്തിച്ച് ഉപയോഗിച്ചിട്ടുള്ള വാക്ക് സൂക്ഷ്മത (തഖ്വ) എന്നാണ്. അതിനാൽ വിശുദ്ധ ഖുർആന്റെ നിരന്തര പാരായണത്തിലൂടെ പകർന്നുകിട്ടിയ ജീവിതസന്ദേശമെന്തെന്ന് ഒറ്റവാക്കിൽ പറയാൻ എന്നോടാവശ്യപ്പെട്ടാൽ അതിനായി നിസ്സംശയം ഞാൻ തിരഞ്ഞെടുക്കുന്ന വാക്ക് സൂക്ഷ്മതയുള്ളവരാവുക എന്നതായിരിക്കും. മനസ്സിനെ സൂക്ഷിക്കുക, വിചാരങ്ങളെ സൂക്ഷിക്കുക, വാക്കിനെ സൂക്ഷിക്കുക, കരചരണങ്ങളെ സൂക്ഷിക്കുക –ഇതാണ് വിശുദ്ധ ഖുർആൻ മാനവികതക്ക് മുമ്പാകെ അവതരിപ്പിക്കുന്ന ജീവിത സന്ദേശത്തിന്റെ കാതൽ. അതിശയം എന്നുപറയട്ടെ, സർവോപനിഷദ്സാരമായ ശ്രീമദ്ഭഗവദ്ഗീതയുടെ സന്ദേശവും ഇതുതന്നെയാണ്. സൂക്ഷ്മത എന്ന വാക്കല്ല ഭഗവദ്ഗീത ഉപയോഗിക്കുന്നത്. മറിച്ച് ശ്രദ്ധ എന്ന വാക്കാണ്. ശ്രദ്ധാവാൻ ലഭതോനം എന്നേത്ര ഗീതയുടെ പ്രഖ്യാപനം. (ഒരു ഹിന്ദുസന്യാസി ഖുർആൻ വായിക്കുന്നു: സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി).
ഡോക്കിൻസിന്റെ ഒരു ട്വീറ്റ് നോക്കൂ. നമ്മുടെ മഹത്തായ മധ്യകാല കത്തീഡ്രലുകളിൽ ഒന്നായ വിൻചസ്റ്റിലെ മനോഹരമായ മണിനാദം കേട്ടുകൊണ്ടിരിക്കുകയാണ് ഞാൻ. അല്ലാഹു അക്ബർ എന്ന അക്രമാസക്തമായ ശബ്ദത്തേക്കാൾ എത്രയോ ഹൃദ്യം. അതോ എന്റെ സാംസ്കാരിക പരിസരം കാരണം അങ്ങനെ തോന്നുന്നതോ? (ഡോക്കിൻസിന്റെ ട്വീറ്റ്) ഇങ്ങനെ സ്വന്തം വളർത്തൽ ചുറ്റുപാടിൽനിന്ന് പുറത്തുകടക്കാനാവാത്ത, അധീശപ്രത്യയശാസ്ത്രത്തിനകത്തെ വിതയും കൊയ്ത്തുമാണ് നവനാസ്തികത. (‘നവനാസ്തികത നവഫാഷിസം’ എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തിൽ യുവസാംസ്കാരിക വിമർശകനായ ഗുലാബ്ജാൻ)
ലോകത്തെങ്ങുമുള്ള ഇസ്ലാം മതവിശ്വാസികളായ മുസ്ലിംകൾ പുണ്യഗ്രന്ഥമായി ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആൻ ഒന്നേയുള്ളൂ. ഒരു പാഠഭേദവുമില്ലാത്തവിധം അനനുകരണീയമായ ഒന്നേ ‘ഒന്ന്’. എന്നാൽ, ഖുർആൻ വായനകൾ പലതാണ്. ഇസ്ലാം മതത്തിനകത്തെ പണ്ഡിതരും പുറത്തെ പണ്ഡിതരും വ്യത്യസ്തവിധങ്ങളിൽ ‘ഖുർആൻ’ വായിച്ചതിൽ അത്ഭുതമില്ല. വിശ്വാസികളുടെ ഖുർആനല്ല യുക്തിചിന്തകരുടെ ഖുർആൻ. എങ്ങനെ തലകുത്തിനിന്നാലും രണ്ടിനും ഒന്നാവുക വയ്യ. വായനയിലെ ആ വിധമുണ്ടാവുന്ന വളവുതിരിവുകളെ ഇസ്തിരിക്കിട്ട് നേരെയാക്കാനുള്ള ശ്രമം പാഴ് വേല മാത്രമായി കലാശിക്കും. വ്യത്യസ്ത വായനകളെ ജനായത്തത്തിന്റെ വിജയമായി കാണാനുള്ള വിശാല മനസ്സാണ് ആ വായനകൾ എത്ര പ്രകോപനപരമായാൽ പോലും കാലം ആവശ്യപ്പെടുന്നത്. അതിനർഥം മഹത്ത്വത്തെ മലിനപ്പെടുത്താനുള്ള ഉദ്യമങ്ങളെ ഉൾക്കൊള്ളണമെന്നല്ല. ഇസ്ലാ മോഫോബിക് മാനസികാവസ്ഥകളോട് ഒത്തുതീർപ്പുകൾ പുലർത്തണമെന്നുമല്ല. അതിനുപകരം ഫ്രെഡറിക് ജെയിംസൺ വ്യക്തമാക്കിയപോലെ, എല്ലാതരം വായനയുടെയും വ്യാഖ്യാനങ്ങളുടെയും അന്തിമ ചക്രവാളം രാഷ്ട്രീയത്തിന്റേതാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സർഗാത്മക പ്രതികരണങ്ങൾ വികസിപ്പിക്കുകയാണ് അനിവാര്യമായിട്ടുള്ളത് എന്നുള്ളതാണ്. അതിന് ഇസ്ലാമോഫോബിക് വായനകളെ എതിരിട്ടുകൊണ്ട് തന്നെ ആരോഗ്യകരമായ സംവാദാത്മകവായനകൾക്ക് വഴിയൊരുക്കുന്നതിലൂടെ കഴിയും.
മാർക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഖുർആൻ അടക്കം എന്തും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ, മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചരിത്രമടക്കം എന്തും ദൈവികഇച്ഛക്ക് വിധേയമാണ്. എത്ര സ്നേഹസംവാദം നടത്തിയാലും അതുകൊണ്ടുതന്നെ ദാർശനിക ഭിന്നതകൾ തുടരും. അതേസമയം, സാമ്രാജ്യത്വ സയണിസ്റ്റ് നവ ഫാഷിസ്റ്റ് ആക്രമണോത്സുകതയെ ചെറുക്കുന്നതിന് ദാർശനിക ഭിന്നതകൾ തടസ്സമാവുകയില്ല, തടസ്സമാവരുത്.
‘‘എന്തുമാവാം’’ എന്ന നിലയിലുള്ള ‘‘Everything-goes-ism’’ എന്ന അധമമാനസികാവസ്ഥകളെ നേരിടാൻ അഗാധമാവുന്ന മതവിശ്വാസങ്ങൾക്ക് കഴിയും. സാംസ്കാരിക ഉദാരീകരണം ആഘോഷിക്കുന്ന അബോധവന്യതകളുടെ മൂല്യനിരാസത്തോട് ഏറ്റുമുട്ടാനും അതിന് കഴിയും. ചില വാക്കുകൾ സ്വയം പ്രവർത്തനമായി മാറുമെന്ന് പ്രശസ്ത തത്ത്വചിന്തകനായ സ്പിനോസ പറഞ്ഞത് എത്രയോ പ്രസക്തമാണ്. വായിക്കുക എന്നർഥമുള്ള ‘ഇഖ്റഅ്’ ആ അർഥത്തിൽ നോക്കിയാൽ ചരിത്രത്തിലെ ‘മാന്ത്രികശക്തി’യുള്ളൊരു വാക്കാണ്! ഒറ്റവാക്കിൽ ഒതുക്കി പറഞ്ഞാൽ വായനകളുടെയും വായനയാണ്. മറ്റെല്ലാ വായനകളെയും തന്നിലേക്ക് കണ്ണിചേർക്കുന്ന മഹാവായന. ‘ഖുർആൻ’ തന്നെയും അവസാനങ്ങളില്ലാത്ത ആരംഭങ്ങൾമാത്രമുള്ള മുമ്പേ വ്യക്തമാക്കിയ ‘മഹാവായന’യുടെ ആഘോഷമാണ്. യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ജീവിതത്തിനാവശ്യമായ പലതും അതിൽനിന്നും കണ്ടെത്തുവാനും കണ്ടെടുക്കുവാനും കഴിയുംവിധം ആശയങ്ങളുടെ സങ്കീർണസ്രോതസ്സാണ്. മഹത്ത്വപൂർണമായതെന്തും ബാഹ്യപ്രകാശ സാന്നിധ്യമില്ലാതെതന്നെ സ്വയം തിളങ്ങിക്കൊണ്ടിരിക്കും. ‘‘ഭക്തകവിത ആസ്വദിക്കാൻ ഭക്തനാവേണ്ടതില്ല, ഭക്തിയെ സൗന്ദര്യാനുഭവമായി ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മതി’’ എന്ന് എലിയറ്റ്. മതഗ്രന്ഥങ്ങളിലെ കവിതകളിൽ അനുഭൂതിപ്പെടാൻ അതിൽ വിശ്വസിക്കൽ അനിവാര്യമല്ല. വിശ്വാസികളിൽ ചിലർക്ക് ‘അക്ഷരഭക്തി’ കാരണം അതിന് കഴിയാതിരിക്കുമ്പോൾ, വിശ്വാസികളല്ലാത്തവർക്ക് അതിന് കഴിയുന്നത്, അവർ ‘വിശ്വാസവിമർശകരാവുമ്പോഴും’ അവർക്ക് കാവ്യാത്മകതയുടെ ഭാഗമാവാൻ കഴിയുന്നതുകൊണ്ടാണ്.
ദൈവം ആകാശങ്ങളുടെയും ഭൂമിയുടെയും വെളിച്ചമാണ്. ആ വെളിച്ചത്തിന്റെ ഉപമ: പ്രകാശഗോപുരം പോലെ; അതിൽ ഒരു വിളക്കുണ്ട്. ആ വിളക്ക് ഒരു പളുങ്കുപാത്രത്തിലാണ്. പളുങ്കുപാത്രമാവട്ടെ നക്ഷത്രംപോലെ തിളങ്ങുന്നു. പാശ്ചാത്യവും പൗരസ്ത്യവുമല്ലാത്ത അനുഗൃഹീതമായ ഒലീവ് മരത്തിൽനിന്നാണ് അത് ഇന്ധനം സ്വീകരിക്കുന്നത്. അതിന്റെ എണ്ണ അഗ്നിസ്പർശമില്ലാതെ പ്രകാശിക്കും. വെളിച്ചത്തിനു മേൽ വെളിച്ചം. ദൈവം ദിവ്യപ്രഭയിലേക്ക് അവനിച്ഛിക്കുന്നവരെ നയിക്കുന്നു. ‘‘ദൈവം ജനതതിക്ക് ഉപമകൾ വരച്ചിടുന്നു. അവൻ എന്തിനെക്കുറിച്ചും ജ്ഞാനമുള്ളവനല്ലേ’’ (സൂറത്തു നൂർ) കേവലജ്ഞാനം സ്വപ്നമാണെന്നറിയുമ്പോഴും, ‘സൂറത്തു നൂർ’ ആവിഷ്കരിക്കുന്ന പ്രകാശസ്തുതി സൗന്ദര്യാത്മക മാനസികാവസ്ഥയുള്ളവർക്കൊക്കെയും ഉൾക്കൊള്ളാനായേക്കും. ‘‘ഉണ്മയുടെ പ്രകാശവുമായ് സാദൃശ്യപ്പെടുത്തുമ്പോൾ സൂര്യൻ എത്ര നിസ്സാരനാണെന്ന് ജമാലുദ്ദീൻ റൂമിയും, അറിവുമറിഞ്ഞിടുമർഥവും പൂമാൻ തന്നറിവുമൊരാദി മഹസ്സു മാത്രമാകും...’’ എന്ന് ശ്രീനാരായണ ഗുരുവും എഴുതിയതും ഓർമിക്കാവുന്നതാണ്. ഇരുട്ട് നാനാപ്രകാരത്തിൽ ഇരട്ടിക്കുന്ന കാലത്ത് ‘വെളിച്ചസ്തുതി’ ഒരുക്കുന്നതൊരു വിസ്മയലോകമാണ്. വിശ്വാസം അവിശ്വാസം എന്നിങ്ങനെയുള്ള വിഭജനം പോലും അതിനുമുന്നിൽ അപ്രസക്തമാവും.
എല്ലാ ഭാഷകളിലും ലോകബോധം കടന്നുവന്നതിന്റെ സ്മൃതികൾ നിമജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഗ്രാംഷി. അറബി ഭാഷയും ആ ഭാഷയിൽ എഴുതപ്പെട്ട ഖുർആനും ഇതിൽനിന്നും മുക്തമല്ല. ചരിത്രം ഖുർആനിലും ഖുർആൻ ചരിത്രത്തിലും പ്രവർത്തിക്കും വിധം എപ്രകാരമാണ് എന്ന് കണ്ടെത്തുക എന്നുള്ളത് പ്രധാനമാണ്. അതിനു വേണമെങ്കിൽ അക്ഷരകേന്ദ്രിത വായനയിൽനിന്നും ‘പൊരുൾകേന്ദ്രിത’ വായനയിലേക്ക് പ്രവേശിക്കണം. ആചാരകേന്ദ്രിത അപഗ്രഥനങ്ങളിൽനിന്നും ഊന്നൽ, ദാർശനികകേന്ദ്രിത അന്വേഷണങ്ങളിലേക്ക് വികസിപ്പിക്കണം.
ഒരു ‘സന്മാർഗദർശന ഗ്രന്ഥ’മെന്ന നിലയിലാണ് ഖുർആൻ മനസ്സിലാക്കപ്പെടേണ്ടതെന്നും, അതിനനുസരിച്ചുള്ള ക്രമം വായനയിൽ കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള സമീപനമാണ് ഷാജിമോൻ മുന്നോട്ടുവെക്കുന്നത്. സൂക്ഷ്മപഠനത്തിന്റെയും മനനത്തിന്റെയും പശ്ചാത്തലത്തിൽ, അഗാധമായ വിശ്വാസം സ്വാംശീകരിച്ച്, അദ്ദേഹം നിർവഹിച്ചിരിക്കുന്ന നവോത്ഥാന-വിമോചന ദൈവശാസ്ത്ര കാഴ്ചപ്പാടുകളോട് ഖുർആനെ കണ്ണിചേർത്തുകൊണ്ടുള്ള സമഗ്രവായന ഇസ്ലാം മതവിശ്വാസികൾക്കും, അല്ലാത്തവർക്കും എളുപ്പത്തിൽ ഖുർആന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയുംവിധം ലളിതവും മനോഹരവുമാണ്. മത -മതരഹിതർക്കിടയിലെ തത്ത്വശാസ്ത്ര ഭിന്നതകൾ തുടർന്നും നിലനിൽക്കുമെങ്കിലും, മതത്തിന്റെ മറവിൽ വെറുപ്പും വിഭജനവും വിദ്വേഷവും പടർത്താനുള്ള ശ്രമങ്ങളെ ഷാജിമോന്റെ ‘ഖുർആൻ വായന’ പ്രതിരോധിക്കും. 2022 മാർച്ച് 15 ‘ഇസ്ലാമോഫോബിയാവിരുദ്ധദിന’മായി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിക്കേണ്ടിവന്ന പ്രത്യേക രാഷ്ട്രീയസന്ദർഭത്തിൽ ‘സൗഹൃദവും സ്നേഹവും’ ഉയർത്തിപ്പിടിക്കുന്ന ഇതുപോലുള്ള ഖുർആൻ വായനകൾക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അഹന്തയുടെ അവസാനത്തെ അവശിഷ്ടങ്ങളെയും തുരത്താൻ ആഹ്വാനം ചെയ്യുന്ന, ‘നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലുക’ എന്ന ഖുർആൻ വാക്യം ചൊരിയുന്ന വെളിച്ചത്തിനൊപ്പം ‘‘ഉണ്ടാവട്ടെ നിങ്ങൾക്കെല്ലാം ഉണ്ടാവരുതൊരു നിങ്ങൾ മാത്രം’’ എന്ന വൈലോപ്പിള്ളിയുടെ ഈരടിയും ഓർമിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.