ആരാധനാലയ സംരക്ഷണ നിയമം കാറ്റിൽപറത്തി സംഭൽ ശാഹി മസ്ജിദ് കൈയടക്കാനുള്ള ഹിന്ദുത്വ പദ്ധതിയുടെ തുടർച്ചയായ സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധിച്ച മുസ്ലിം യുവാക്കൾക്കു നേരെ യു.പി പൊലീസ് അഴിച്ചുവിട്ട ഭീകരതയുടെ വർത്തമാനങ്ങൾ അവസാനിച്ചിട്ടില്ല. ഭരണകൂടവും പൊലീസും ചേർന്ന് രാജ്യത്ത് തുടരുന്ന മുസ്ലിം വംശഹത്യയുടെ ഒടുവിലത്തെ (അവസാനത്തേതാകണമെന്നില്ല) ഉദാഹരണമാണ് സംഭലിൽ നടന്നത്. നാല് മുസ്ലിം യുവാക്കൾ വെടിവെപ്പിൽ കൊല്ലപ്പെട്ട...
ആരാധനാലയ സംരക്ഷണ നിയമം കാറ്റിൽപറത്തി സംഭൽ ശാഹി മസ്ജിദ് കൈയടക്കാനുള്ള ഹിന്ദുത്വ പദ്ധതിയുടെ തുടർച്ചയായ സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധിച്ച മുസ്ലിം യുവാക്കൾക്കു നേരെ യു.പി പൊലീസ് അഴിച്ചുവിട്ട ഭീകരതയുടെ വർത്തമാനങ്ങൾ അവസാനിച്ചിട്ടില്ല. ഭരണകൂടവും പൊലീസും ചേർന്ന് രാജ്യത്ത് തുടരുന്ന മുസ്ലിം വംശഹത്യയുടെ ഒടുവിലത്തെ (അവസാനത്തേതാകണമെന്നില്ല) ഉദാഹരണമാണ് സംഭലിൽ നടന്നത്.
നാല് മുസ്ലിം യുവാക്കൾ വെടിവെപ്പിൽ കൊല്ലപ്പെട്ട ശേഷം മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് പൊലീസുകാർക്ക് സ്വയംരക്ഷക്ക് എല്ലാവിധ അവകാശവുമുണ്ടെന്നും ഈ വിവരദോഷികളുടെ അക്രമത്തിനിരയായി വിദ്യാസമ്പന്നരായ പൊലീസുകാർ മരണപ്പെടുകയും അവരുടെ കുടുംബങ്ങൾ അനാഥമാവുകയും ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നുമാണ് സംഭൽ സർക്കിൾ ഓഫിസർ അനുജ് ചൗധരി നൽകിയ മറുപടി.
പൊലീസിന്റെ പരമാധികാരത്തെക്കുറിച്ച് ഇറ്റാലിയൻ തത്ത്വചിന്തകൻ ജോർജിയോ അഗമ്പൻ നടത്തിയ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്.‘‘ഹിംസക്കും അവകാശത്തിനും ഇടയിലുള്ള അവ്യക്തമായ ഭാഗം സന്ദർഭാധിഷ്ഠിതമായി പൊലീസ് നിർണയിക്കുന്നതിെൻറ അടിസ്ഥാനമായ ‘പൊതു സമാധാനം’, ‘സുരക്ഷ’ തുടങ്ങിയ യുക്തികൾ പരമാധികാരത്തിന്റേതിന് അനുരൂപമാണ്’’.
ശേഷം വാൾട്ടർ ബെഞ്ചമിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: "പൊലീസ് അതിക്രമങ്ങളുടെ ലക്ഷ്യങ്ങൾ എല്ലായിപ്പോഴും ഒരേപോലെയാണെന്നും അല്ലെങ്കിൽ പൊതുനിയമവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള അവകാശവാദങ്ങൾ പൂർണമായും കള്ളമാണ്. രാഷ്ട്രം ഏതു വിധേനയും എത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്ന അനുഭവാത്മക ലക്ഷ്യങ്ങളെ നിയമസംവിധാനം വഴി, ദൗർബല്യം മൂലമോ അല്ലെങ്കിൽ ഏതെങ്കിലും നിയമ സംവിധാനത്തിനകത്ത് അന്തർലീനമായ ബന്ധം മൂലമോ ഉറപ്പുനൽകാൻ കഴിയാത്ത ബിന്ദുവിനെയാണ് പൊലീസിന്റെ ‘നിയമം’ അടയാളപ്പെടുത്തുന്നത്.” കേവലം ഒരു ഭരണകൂടത്തിന് അതിന്റെ ഹിംസയുടെ നിർവഹണ ശേഷി പ്രകടിപ്പിക്കാനുള്ള പ്രധാന ഉപാധി എന്നനിലയിൽ മാത്രമായല്ല, മറിച്ച് സ്വയമൊരു പരമാധികാര രൂപമായിക്കൂടി പ്രവർത്തിക്കാൻ പൊലീസിന് കഴിയുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്.
ഇതു ഭരണകൂടത്തിന് സാധ്യത നൽകുന്നതിനൊപ്പംതന്നെ അതിെൻറ സാധുതയെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. അഥവാ ഭരണകൂടത്തിന്റെ താൽപര്യങ്ങൾ പ്രകടമായും വേഗത്തിലും നടപ്പാക്കുന്നെന്ന് മാത്രമല്ല, അതു ചിലപ്പോൾ ഭരണകൂടത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുന്നതുമാവും. അതുകൊണ്ടാണ് പൊലീസ് നിയമനങ്ങൾ, വിശിഷ്യാ ഉന്നത പൊലീസ് മേധാവികളുടേത് പൊളിറ്റിക്കലായ നിയമനങ്ങൾ കൂടിയാവുന്നത്. ഭരണകൂടത്തിൽനിന്നോ ഭരണകൂട താൽപര്യങ്ങളിൽനിന്നോ വിഭിന്നമായ രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ളവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായി മാറുന്നത് സ്വാഭാവികമെന്ന് സാരം.
അവിടെയാണ് കേരളത്തിലെ പൊലീസ് മേധാവികളുടെ പൊളിറ്റിക്കൽ അഫിലിയേഷനുമായി ബന്ധപ്പെട്ട് സമീപകാലത്ത് പ്രശ്നവത്കരിക്കപ്പെട്ട സംഭവങ്ങൾ പ്രധാനമാവുന്നത്. മുസ്ലിംകളുടെ ജയിലുകളിലെ അമിത പ്രാതിനിധ്യം മാത്രമല്ല മുസ്ലിം, കീഴാള ശരീരങ്ങളെ എങ്ങനെയാണ് പൊലീസ് കാണുന്നത് എന്നതും ഇവിടെ ചിന്തിക്കേണ്ടതുണ്ട്. 2019 ലെ പൊലീസിങ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം അമ്പത് ശതമാനത്തോളം പൊലീസുകാരും മുസ്ലിംകളെക്കുറിച്ച് പുലർത്തുന്ന മുൻധാരണ അവർ പ്രകൃത്യാതന്നെ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളവരാണ് എന്നാണ്. അഥവാ സവിശേഷ സന്ദർഭങ്ങളിൽ നിയമം വ്യാഖ്യാനിക്കാനുള്ള പൊലീസിന്റെ അധികാരവും മുസ്ലിംകളെ എളുപ്പത്തിൽ കുറ്റവാളികളാക്കി ചിത്രീകരിക്കാനുള്ള പൊതുബോധവും ഇവിടെ ചേർന്നു നിൽക്കുന്നു.
കേരളത്തിന്റെ പശ്ചാത്തലത്തിൽ അഗമ്പന്റെ തുടർനിരീക്ഷണങ്ങളും പ്രധാനമാണ്.‘‘ശത്രുവിനെ കുറ്റവാളിയാക്കി മാറ്റാൻ തിടുക്കം കാട്ടുന്ന രാഷ്ട്ര ത്തലവന്മാർ ഇപ്പോഴും തിരിച്ചറിയാത്ത ഒരു കാര്യം ഇതേ മുദ്രകുത്തൽ ഏതു നിമിഷവും തങ്ങൾക്കു നേരെയും തിരിഞ്ഞേക്കാം എന്ന വസ്തുതയാണ്. ഈ അർഥത്തിൽ നോക്കുമ്പോൾ, ഫലത്തിലെങ്കിലും കുറ്റവാളിയല്ലാത്ത ഒരു രാഷ്ട്ര തലവൻ പോലും ഭൂമിയിലില്ല. തങ്ങളുടെ സഹകാരികൾതന്നെ ഒരു ദിവസം തങ്ങളെയും ക്രിമിനലുകളായി കണ്ടുതുടങ്ങുമെന്ന് ഇന്ന് പരമാധികാരത്തിന്റെ വേഷമണിഞ്ഞിരിക്കുന്നവർക്ക് അറിയാം.
തീർച്ചയായും അവരോട് സഹതാപം തോന്നുന്നവർ നാമായിരിക്കില്ല. യഥാർഥത്തിൽ പൊലീസുകാരും ആരാച്ചാർമാരുമായി സ്വയം അവതരിപ്പിക്കപ്പെടാൻ സന്നദ്ധരായ പരമാധികാരികൾ ഒടുവിൽ കുറ്റവാളികളുമായുള്ള അവരുടെ സാമീപ്യത്തെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്. ‘താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾ, അഴിമതി, നെപ്പോട്ടിസം എന്നിവ മറച്ചുവെക്കാനുള്ള പൊളിറ്റിക്കൽ ഡീലുകൾക്കും മറ്റുമായി പൊലീസ് സംവിധാനങ്ങളെയും ജുഡീഷ്യറിയെയും ബ്യൂറോക്രസിയെയും തന്നെ സംഘ്പരിവാറിന് തീറെഴുതുമ്പോൾ ഇടതുപക്ഷ സർക്കാർ അവരുടെ അധികാര വിനിയോഗശേഷിയെതന്നെയാണ് പകുത്തുനൽകുന്നത്. അതു തങ്ങളെതന്നെ റദ്ദ് ചെയ്യലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.