മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകിയ മഹായുതി മുന്നണി വിജയിച്ചതിൽ എനിക്ക് ആശ്ചര്യം തോന്നിയില്ല. അനായാസം വിജയിക്കാമായിരുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാവികാസ് അഘാഡി (എം.വി.എ) നേരിട്ട പരാജയവും എന്നെ ആശ്ചര്യപ്പെടുത്തിയില്ല. പക്ഷേ, സൂനാമിപോലുള്ള ഈ വിജയത്തിന്റെ വ്യാപ്തി ഉൾക്കൊള്ളാനാവുന്നില്ല. രാഷ്ട്രീയമായ സാമാന്യബോധം വെച്ചോ സാങ്കേതിക രാഷ്ട്രീയ ശാസ്ത്രം വെച്ചോ ഈ മത്സരത്തിന്റെ അന്തിമഫലം മനസ്സിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ചോദിച്ചുപോവുകയാണ്: വിജയികൾ വല്ല ഉത്തേജക മരുന്നും കഴിച്ചിരുന്നോ?
നാലുതരം അത്ഭുതങ്ങളാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നമുക്ക് സമ്മാനിക്കുന്നത്. ഒന്നാമതായി, വായ് പിളർന്ന് പോകുന്ന മഹായുതിയുടെ ഭൂരിപക്ഷം. നാലിൽ മൂന്ന് സീറ്റുകളും വോട്ട് വിഹിതത്തിൽ 14 ശതമാനത്തിന്റെ മേൽക്കൈയും. അത്തരം വിജയങ്ങൾ അസാധ്യമോ മുമ്പ് സംഭവിച്ചിട്ടില്ലാത്തതതോ അല്ല, പക്ഷേ അപൂർവമാണ്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ പരിചിതമായ എല്ലാ പാറ്റേണുകളും കടപുഴകിയതാണ് ആശ്ചര്യത്തെ ഇരട്ടിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ എക്കാലവും നിലനിന്നിരുന്ന പ്രാദേശികവും നഗര/ഗ്രാമീണവുമായ, അല്ലെങ്കിൽ സഖ്യത്തിനകത്തെ പാർട്ടി തിരിച്ചുള്ള അന്തരങ്ങൾ ഏതോ അദൃശ്യകരങ്ങളാൽ തകർത്തെറിയപ്പെട്ടതുപോലുണ്ട്.
ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ നാടകീയസ്വഭാവമാണ് ആശ്ചര്യത്തിന്റെ മൂന്നാം ഘടകം : അഞ്ച് മാസംമുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എം.വി.എ 30 സീറ്റും മഹായുതി 17സീറ്റുമാണ് നേടിയത്.എന്നിട്ടിപ്പോൾ നിയമസഭയിൽ മഹായുതിക്ക് 235സീറ്റും എം.വി.എക്ക് 50 സീറ്റും എന്ന നിലവന്നിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ട് കമ്മി നേരിട്ട മഹായുതി ഇപ്പോൾ 14 ശതമാനം വോട്ട് അധികമായി നേടിയിരിക്കുന്നു. ഇതും ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തികച്ചും അത്യപൂർവമായ ഒന്നല്ല.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻവിജയം നേടിയതിനു തൊട്ടടുത്ത വർഷം നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി വിജയിച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഝാർഖണ്ഡിൽ ജെ.എം.എം നേതൃത്വത്തിലെ സഖ്യം ഇക്കുറി വിജയം നേടിയിട്ടുണ്ട്. എന്നാൽ, ഒരു ദേശീയ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുത്തിയതിന് കാര്യമായ മുൻകാല മാതൃകകളില്ല. മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ്പ് ചരിത്രം വെച്ച് നോക്കിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മോശം പ്രകടനമാണ് പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പന്ത് വേഗത്തിലും കുത്തനെയും തെറ്റായ ദിശയിലും കറങ്ങി. തീർച്ചയായും ഒരു ഇലക്ഷൻ ഗൂഗ്ലിതന്നെ.
എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് നമുക്കു മുന്നിൽ തൃപ്തികരമായ വിശദീകരണം വല്ലതുമുണ്ടോ? അലംഭാവം, ഹ്രസ്വദൃഷ്ടി, ഒഴിവാക്കാമായിരുന്ന കലഹങ്ങൾ എന്നിവ മൂലം എം.വി.എ നേതാക്കൾ ഒരു മികച്ച അവസരം പാഴാക്കിയെന്നതാണ് ഇതുവരെ ലഭിച്ചതിൽ നിലവാരമുള്ള ഒരു വിശദീകരണം.അതു വലിയൊരളവിൽ ശരിയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എം.വി.എക്ക് നിയമസഭയിലേക്കുള്ള പ്രചാരണത്തിന് തുടക്കം കുറിക്കാനുതകുന്ന മികച്ച ഒരു സാഹചര്യമാണ് ഒരുക്കി നൽകിയിരുന്നത്. പ്രചാരണ വിഷയങ്ങൾക്കാവട്ടെ ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. ബി.ജെ.പിയും ഷിൻഡെയുടെയും അജിത് പവാറിന്റെയും സംഘങ്ങളും ചേർന്നുള്ള മഹായുതി സഖ്യത്തിന്റെ പിറവിതന്നെ പാപകരവും ശിവസേനയെയും എൻ.സി.പിയെയും പിളർത്താനുള്ള തന്ത്രങ്ങൾ അറപ്പുളവാക്കുന്നതുമായിയിരുന്നു.
പക്വതയുള്ള രാഷ്ട്രീയക്കാരനെന്നനിലയിലും മഹാവ്യാധിക്കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച മുഖ്യമന്ത്രിയെന്നനിലയിലും വളരെ നല്ല പ്രതിച്ഛായയുടെ ഉടമയായിരുന്നു ഉദ്ധവ് താക്കറെ. എന്നിട്ടും സീറ്റ് പങ്കുവെപ്പ് വേഗത്തിൽ നടത്തിയും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടിയും ആകർഷകമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും ബി.ജെ.പിയുടെ നീക്കങ്ങളെ പ്രതിരോധിച്ച് വിജയം സ്വന്തമാക്കുന്നതിനായി കഴിഞ്ഞ അഞ്ചുമാസത്തിനിടെ വളരെ പരിമിതമായ പ്രവർത്തനങ്ങൾ മാത്രമേ എം.വി.എ നേതാക്കൾ നടത്തിയുള്ളൂ.
ബി.ജെ.പിയുടെ നേതൃത്വത്തിലെ മഹായുതിയാവട്ടെ, ലോക് സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽനിന്ന് പാഠങ്ങൾ പഠിച്ചു, അവർക്ക് നന്നായി ആസൂത്രണം ചെയ്ത ഒരു തെരഞ്ഞെടുപ്പ് തന്ത്രമുണ്ടായിരുന്നു. സർക്കാറിനുണ്ടായിരുന്ന നിർഗുണ പ്രതിച്ഛായ നിർവീര്യമാക്കുന്നതിനായി ഖജനാവ് ഉദാരമായി തുറന്നിടുകയും ലഡ്കി ബഹിൻയോജ്ന ഉൾപ്പടെ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നാക്ക, ദലിത് വിഭാഗങ്ങളെ അണിനിരത്തുകയും സംഘ്പരിവാറിന്റെ മുഴുവൻ ഊർജവും പ്രയോജനപ്പെടുത്തുകയും ചെയ്തു.സഖ്യത്തിന് എതിരായി വരുമായിരുന്ന വോട്ടുകൾ ഭിന്നിപ്പിക്കാനായി ഡമ്മി സ്ഥാനാർഥികളെയും പാർട്ടികളെയും ഇറക്കി. ബി.ജെ.പിയുടെ ഭീമമായ സാമ്പത്തിക-മാധ്യമശക്തിയും ഇതോടൊപ്പം ചേർത്താൽ, മഹായുതി എം.വി.എയെ മറികടന്നത് എങ്ങനെയെല്ലാമാണെന്ന് നമുക്ക് മനസ്സിലാവും. തെരഞ്ഞെടുപ്പിനെ നേരിട്ട രീതിയിലെ പ്രകടമായ അന്തരത്തിൽനിന്ന് മഹായുതിക്ക് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന ചെറിയ വോട്ട് കമ്മിയെ ഇല്ലാതാക്കാൻ സാധിച്ചത് വ്യക്തമാകുമെങ്കിലും 14 ശതമാനം അധികവോട്ട് നേടാൻ തക്ക ന്യായം ഇതിലുണ്ടോ, ഇല്ലേയില്ല.
തെരഞ്ഞെടുപ്പിലെ തരംഗങ്ങൾ എല്ലാരെയും ഞെട്ടിക്കുന്നു; നേതാക്കളെയും മാധ്യമപ്രവർത്തകരെയും നിരീക്ഷകരെയും ഫല പ്രവചനക്കാരെയുമെല്ലാം.1977ൽ വടക്കേ ഇന്ത്യയിലുണ്ടായ ജനതാ പാർട്ടി തരംഗം,1985ലെ രാജീവ് ഗാന്ധി തരംഗം, 2019ലെ മോദി തരംഗം എന്നിങ്ങനെ പലതിനും ഞാനും സാക്ഷിയാണ്. പക്ഷേ, അന്നൊക്കെയും ഈ തരംഗങ്ങളുടെ സൂചന കാറ്റിൽനിന്ന് വ്യക്തമായിരുന്നു. ആരാവും വിജയിക്കുകയെന്ന് സകലർക്കും മുൻകൂട്ടി പറയാൻ സാധിക്കുമായിരുന്നു. മാധ്യമപ്രവർത്തകരും ഫലപ്രവചനം നടത്തുന്നവരും വിജയം ആർക്കാവുമെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒരു ചിത്രം പകർന്നു നൽകുമായിരുന്നു. പക്ഷേ, അത്തരത്തിലുള്ള യാതൊന്നും ഇക്കുറി മഹാരാഷ് ട്രയിൽനിന്നുണ്ടായിരുന്നില്ല.
ഇക്കാര്യങ്ങളെല്ലാം വെച്ച് നോക്കുമ്പോൾ, മഹാരാഷ്ട്ര ഫലത്തിൽ നമുക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു എക്സ് ഫാക്ടർ ഉണ്ട്. ഇ.വി.എമ്മിനെ കുറ്റപ്പെടുത്താൻ നമുക്ക് എളുപ്പമാണ്, ഒരു ദശാബ്ദത്തോളമായി ഞാൻ ഇ.വി.എം ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വിമർശകനായിരുന്നു. പോളിങ് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകളും അന്തിമ കണക്കുകളും തമ്മിലുള്ള അന്തരം അവശ്യമായി കൃത്രിമത്വം സൂചിപ്പിക്കുന്നെന്ന് എനിക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല.
അതുപോലെ, ഇ.വി.എം വഴി പോൾ ചെയ്ത വോട്ടുകളും ഇ.വി.എം വഴി എണ്ണിയ വോട്ടുകളും തമ്മിലെ പൊരുത്തക്കേട്, കിംവദന്തികൾക്ക് കാരണമാകുമെങ്കിലും തട്ടിപ്പിന്റെ വ്യക്തമായ തെളിവായിരിക്കണമെന്നില്ല. എന്നാൽ, മഹാരാഷ്ട്രയിലെ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ തീർച്ചയായും നമ്മുടെ കണ്ണിൽ കാണുന്നതിനേക്കാൾ അപ്പുറമായ പല സംഗതികളുമുണ്ട്. രാജ്യത്തെ ജനാധിപത്യ ഭാഗധേയത്തിൽ അതി നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ വഞ്ചിക്കപ്പെട്ടതായി തോന്നിയതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാവില്ല.
മധ്യപ്രദേശ്, ഹരിയാന എന്നിവക്ക് ശേഷം അടുത്തിടെ നടന്നതിൽ ഉത്തരം കിട്ടാത്ത വലിയ ചോദ്യങ്ങളുയർത്തുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. സങ്കടകരമെന്ന് പറയട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പ് ഡേറ്റയിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾക്കു പോലും തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല. ഇത്തവണ യു.പി ഉപതെരഞ്ഞെടുപ്പിൽ അരങ്ങേറിയതാകട്ടെ തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ വ്യക്തമായ കാഴ്ചകളാണ്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ സ്ഥാനമേറ്റ ശേഷം നടന്നതാണ് ഈ തെരഞ്ഞെടുപ്പുകളെല്ലാം.
തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം തെരഞ്ഞെടുപ്പിനേക്കാളധികം കലഹങ്ങൾക്ക് വഴിവെക്കുന്ന നമ്മുടെ അയൽരാജ്യത്തെപ്പോലെ ആകാതിരിക്കണമെങ്കിൽ നമ്മൾ ഇപ്പോൾതന്നെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.