വാക്സിൻ വിതരണം നീതിപൂർവകമാവണം

കോവിഡ് മഹാമാരിയെ എത്രയും പെട്ടെന്ന് തുരത്തി കഴിയാവുന്നത്ര ജീവനുകൾ രക്ഷിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അക്കാരണത്താലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ വാക്സിനുകൾ നിർമിച്ചെടുക്കുന്നതിന്​ പരക്കം പായുന്നത്. ഗവേഷണവും വികസനവും പൂർത്തിയാകുന്നതിനുമുന്പേ പല രാജ്യങ്ങളും ഇതിനോടകം ഡോസുകൾ വാങ്ങാൻ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, കൂടുതൽ ഏകോപിതമായ സമീപനം കൈക്കൊള്ളേണ്ടതുണ്ട്​. അല്ലെങ്കിൽ പകർച്ചവ്യാധി ഇനിയുമേറെ കാലം നീണ്ടുനിൽക്കുകയും കൂടുതൽ മാരകമായി മാറുകയും ചെയ്യും.

നോർത്ത് ഈസ്​റ്റേൺ യൂനിവേഴ്സിറ്റിയുടെ മോബ്സ് ലാബിലെ മോഡലർമാരോട് രണ്ട് വ്യത്യസ്ത സാഹചര്യങ്ങൾ പരിഗണിക്കാനായി ഞങ്ങളുടെ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഉയർന്ന വരുമാനമുള്ള അന്പതോളം രാജ്യങ്ങൾ ആദ്യത്തെ രണ്ടു ബില്യൺ ഡോസ് വാക്സിൻ കുത്തകയാക്കുന്നതാണ് ആദ്യത്തേത്. രാജ്യങ്ങളുടെ സമ്പത്ത് കണക്കിലെടുക്കാതെ, അവയുടെ ജനസംഖ്യ അടിസ്ഥാനമാക്കി ആഗോളതലത്തിൽ ഡോസുകൾ വിതരണം ചെയ്യുന്നത് രണ്ടാമത്തേതും.

വർഷങ്ങളായി ആഗോള ഇൻഫ്ലുവൻസ സംപ്രേഷണത്തി​െൻറ മാതൃക തയാറാക്കുന്നവരാണ് മോബ്സ് ലാബ് ടീം, അതിനാൽ കോവിഡ്-19 പ്രവചനങ്ങൾ നടത്താൻ അവർക്ക്​ മികച്ച യോഗ്യതയുണ്ട്. മാർച്ച് പകുതിയോടെ ഒരു വാക്സിൻ ലഭ്യമായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് പരിശോധിക്കുന്നതിനായി വിപരീതഫല സാഹചര്യ പഠനരീതിയായിരുന്നു ടീം നടത്തിയത്. 



യഥാർഥത്തിൽ വാക്സിനില്ല എന്നതിനാൽ അവർക്ക് ചില അനുമാനങ്ങൾ നടത്തേണ്ടിവന്നു; പ്രത്യേകിച്ചും ഒരു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം അത് 80 ശതമാനം ഫലപ്രദമാകും എന്നതാണ് അതിലൊന്ന്. ഒരാഴ്ച നൽകുന്ന ഡോസി​െൻറ അളവ് 125 മില്ലി എന്നാണ് അവർ കണക്കാക്കിയത്. എന്നാൽ, ഇതിനോടകം നടന്ന കാര്യങ്ങളിൽ നിന്നുള്ള നിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവരുടെ ഭൂരിഭാഗം നിഗമനങ്ങളും.

പഠനവിധേയമാക്കിയവയിലുള്ള ഏറ്റവും മികച്ച സാഹചര്യമനുസരിച്ച്, സെപ്റ്റംബർ ഒന്നുവരെ നടന്ന 61 ശതമാനം മരണങ്ങൾ ഒഴിവാക്കാൻ വാക്സിന്​ സാധിക്കുമായിരുന്നു എന്നു കാണാം. സമ്പന്ന രാജ്യങ്ങൾ വാക്സിൻ സൂക്ഷിക്കുന്ന രീതിയിലുള്ള, അസമത്വ സാഹചര്യത്തിൽ ഇരട്ടി ആളുകൾ മരിക്കുന്നു, ലോകത്തി​െൻറ മുക്കാൽ ഭാഗത്തോളം വരുന്ന രാജ്യങ്ങളിൽ നാലുമാസത്തോളം പരിശോധനയില്ലാതെ പകർച്ചവ്യാധി തുടരുകയും ചെയ്യുന്നു.

നോർത്ത് ഈസ്​​േറ്റൺ യൂനിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷണമനുസരിച്ച്, മാർച്ച്​ പകുതിയോടെ ഒരു വാക്സിൻ ലഭ്യമായിരുന്നെങ്കിൽ, വരുമാനം കണക്കിലെടുക്കാതെ ജനസംഖ്യക്ക്​ ആനുപാതികമായി വിവിധ രാജ്യങ്ങളിൽ അത് വിതരണം ചെയ്യുന്നതിലൂടെ ഇരട്ടി ജീവൻ രക്ഷിക്കാമായിരുന്നു.

നിർഭാഗ്യവശാൽ പല സമ്പന്ന രാജ്യങ്ങളുടെയും പെരുമാറ്റമനുസരിച്ച് ഒരു പൂഴ്ത്തിവെപ്പ്​ സാഹചര്യമുണ്ടാകാനാണ് കൂടുതൽ സാധ്യത. വാക്സിൻ സംഭരണത്തിനായി ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള ഇടപാടുകൾ വെട്ടിക്കുറക്കുന്നതിനായുള്ള ഉൾ​േപ്രരണ ഞങ്ങൾ മനസ്സിലാക്കുന്നു. സ്വന്തം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറുകൾക്കുണ്ട്, മാത്രമല്ല അവരുടെ നിക്ഷേപങ്ങൾക്ക് ഗവേഷണ-വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനും ഉൽപാദന സൗകര്യങ്ങൾക്കായി പണം നൽകാനും കഴിയും.

പകർച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും ആഗോളമാണ് എന്നതിനാൽ അതിനായുള്ള ദേശീയ പരിഹാരങ്ങൾ അപര്യാപ്തമാണ്. രോഗത്തിന്​ അതിർത്തികൾ എന്നത് അർഥരഹിതമാണ്.

ഞങ്ങളിരുവരും ആരോഗ്യ സമത്വത്തിന് വാദിക്കുന്നവരാണ്. സമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലില്ലാത്ത രാഷ്​ട്രങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളോടാണ് ഞങ്ങളുടെ ഫൗണ്ടേഷ​െൻറ പോരാട്ടം. കോവിഡ്-19​െൻറ കാര്യം വരുമ്പോൾ അതിദരിദ്രരായവർ നേരെ വിപരീത പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്; സമ്പന്ന രാജ്യങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ദരിദ്രർ ഈ വരിയുടെ ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെട്ടേക്കാം. 



കോവിഡ്-19 വാക്സിനുകളുടെ ആഗോള വിതരണം ലോകത്തെല്ലായിടത്തും ഒരുപോലെ ഈ മഹാമാരി വേഗത്തിൽ അവസാനിപ്പിക്കാൻ സഹായകമാകും. അങ്ങനെ രോഗം നിലക്കുന്ന ഓരോ മാസവും ലോകമാകമാനം ഏകദേശം 500 ബില്യൺ ഡോളർ ലാഭിക്കാമെന്ന് ഐ.എം.എഫ് പറയുന്നു. ചില രാജ്യങ്ങളിൽ പൂർണമായും പ്രതിരോധ കുത്തിവെപ്പ്​ എടുക്കുകയാണെങ്കിൽ അവരുടെ സമ്പദ്​വ്യവസ്ഥ കുറച്ചുകൂടി മെച്ചപ്പെടും.

ഡയഗ്​നോസ്​റ്റിക് പരിശോധനകൾ, ചികിത്സകൾ, വാക്സിനുകൾ എന്നിവ ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി തെളിയിക്കപ്പെട്ട ആഗോള ആരോഗ്യ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സംരംഭത്തെ ഞങ്ങളുടെ ഫൗണ്ടേഷൻ പിന്തുണക്കുന്നു. കോവാക്സ് എന്നറിയപ്പെടുന്ന ഈ വാക്സിനായി സംഭാവന ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും അവയുടെ അപകടഭീഷണി നേരിടുന്ന ജനസംഖ്യക്ക്​ ആനുപാതികമായി, വിജയകരമായി പരീക്ഷിക്കപ്പെട്ട ഇത്തരം വാക്സിനുകളുടെ ലഭ്യത ഉറപ്പുവരുത്തും.

യൂറോപ്യൻ കമീഷൻ, ദക്ഷിണ കൊറിയ, ജപ്പാൻ, നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവ കോവാക്സിന് പിന്തുണ പ്രകടിപ്പിക്കുന്നത് പ്രോത്സാഹനജനകമാണ്. അവസാനം, ബഹുമുഖമായ ഒരു പരിഹാരമാർഗം സമാരംഭിക്കുകയാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിൽ ചേരേണ്ടതുണ്ട്​. കോവാക്സിനിൽ സഹകരിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്ന രാജ്യങ്ങൾ ഈ ആഗോള പ്രതികരണത്തെ മറ്റു രീതികളിൽ പിന്തുണക്കേണ്ടതുണ്ട്. എച്ച്1 എൻ1 പകർച്ചവ്യാധി സമയത്ത് ചെയ്തതുപോലെ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി അവരുടെ കരുതൽ ഡോസ് വാക്സിൻ നീക്കി​വെക്കാം. വരുംകാലത്ത് ആഗോള സഹകരണമാണ് ഏറ്റവും മികച്ച വഴിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മറ്റൊരാൾ തോറ്റാൽ മാത്രം വിജയിക്കുന്ന ഒരു മത്സരമല്ല തങ്ങളുടെ ഭാവി എന്ന് ബിസിനസുകാരും സർക്കാറുകളും മനസ്സിലാക്കണം. നാമെല്ലാവരും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിനായുള്ള ഒരു സഹകരണ ശ്രമമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.