ഗ്രൂപ് മാനേജർമാരുടെ കൈക്കരുത്തിൽപെട്ട് വർഷങ്ങളായി ശ്വാസം മുട്ടുന്ന കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ ഒടുവിൽ രാഹുൽ ഗാന്ധിയുടെ മിന്നലാക്രമണം. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത് അങ്ങനെയാണ്. കുറെക്കാലമായി രാഹുൽ ഗാന്ധി തക്കം പാർത്തിരിക്കുകയായിരുന്നു എന്നു വേണം പറയാൻ. വൈകിയാണെങ്കിലും കിട്ടിയ അവസരത്തിൽ അതു നടപ്പാക്കി. ഗ്രൂപ് എന്നത് കേരളത്തിൽ പതിറ്റാണ്ടുകളായുള്ള യാഥാർഥ്യമാണ്. എന്നാൽ നിർണായക ഘട്ടങ്ങളിൽ ഗ്രൂപ് നേതാക്കൾ കൈകോർത്തു നിന്ന്, ഹൈകമാൻഡിനെയും സമ്മർദത്തിലാക്കി, പരോക്ഷമായി വെല്ലുവിളിച്ച്, സ്വന്തം താൽപര്യങ്ങൾ നടപ്പാക്കി എടുക്കുന്നതായിരുന്നു കുറെക്കാലമായുള്ള രീതി. ഈ ചക്രവ്യൂഹത്തിൽ നിന്ന് പാർട്ടി സംവിധാനം മാറ്റാനും പുതിയ ഊർജം കൊണ്ടുവരാനുമുള്ള 'തലമുറ മാറ്റ' ശ്രമങ്ങളിൽ ഒന്നാണ് ഇപ്പോൾ നടന്നിരിക്കുന്നത്. മറ്റുള്ളവ വഴിയേ നടക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം. സ്വന്തം കൈപ്പിടിയിൽ നിന്ന് കാര്യങ്ങൾ വഴുതിപ്പോകുന്നുവെന്ന് തിരിച്ചറിയുന്ന നേതാക്കളുടെ കരുനീക്കങ്ങൾ ഭാവിയിൽ വെല്ലുവിളി ഉയർത്താതിരിക്കില്ല. അത് പാർട്ടിയിലെ യുവനിര ഏറ്റെടുക്കേണ്ടിവരുന്ന പുതിയ വെല്ലുവിളി കൂടിയാണ്.
കെ. കരുണാകരനും എ.കെ. ആൻറണിയും നിരന്തരം പടവെട്ടിയ കാലത്തു നിന്ന് ഏറെ വ്യത്യസ്തമായിരുന്നു കുറെ വർഷങ്ങളായി കേരളത്തിലെ ഗ്രൂപ് രാഷ്ട്രീയം. ഗ്രൂപ്പുകളുടെ നിയന്ത്രണം ഉമ്മൻചാണ്ടിയിലേക്കും രമേശ് ചെന്നിത്തലയിേലക്കും വന്നപ്പോൾ, നിർണായക സന്ദർഭങ്ങളിൽ അവർ പരസ്പരം തോളിൽ കൈയിട്ടു. ഞങ്ങളെ വെല്ലുവിളിക്കാൻ ഇനിയാരുണ്ട് എന്ന മട്ടിലായിരുന്നു അവരുടെയും ഗ്രൂപ് മാനേജർമാരുടെയും നിൽപ്. പാർട്ടിയുടെ ഭാവിയേക്കാൾ പ്രധാനം ഗ്രൂപ്പിലുള്ളവരുടെ ഭാവിഭദ്രതയാണെന്ന് അവർ ചിന്തിച്ചു. ഗ്രൂപ്പിന് അതീതമായി നിൽക്കാൻ ആഗ്രഹിച്ചവരും യുവനേതാക്കളും ഹൈകമാൻഡും ഒരുപോലെ ഈ ചക്രവ്യൂഹത്തിൽ നട്ടംതിരിഞ്ഞു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളും പാർട്ടിയിലെ താക്കോൽസ്ഥാന പുനഃസംഘടനയുമൊക്കെ വരുേമ്പാൾ, പങ്കിട്ടെടുത്ത് ഇവർ സ്ഥാനാർഥികളെ നിശ്ചയിച്ചു. ഒരു ഗ്രൂപ്പിലും പെടാതെ കോൺഗ്രസിൽ ജീവിക്കാൻ വയ്യ എന്ന യാഥാർഥ്യവും പേറിയാണ് യുവനിരയിൽ നല്ലൊരു പങ്കും നിലകൊണ്ടത്.
കോൺഗ്രസ് തോറ്റ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈ നിയമസഭ തെരഞ്ഞെടുപ്പിലും ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കൂട്ടുകൃഷിയും മസിൽ പിടിത്തവുമാണ് സ്ഥാനാർഥി നിർണയം വൈകിച്ചതെന്ന് കോൺഗ്രസിലെ ഏതൊരാൾക്കും അറിയാം. ഒറ്റ ദിവസം കൊണ്ട് സ്ഥാനാർഥി പട്ടികയുമായി തിരിച്ചെത്തുമെന്നു പ്രഖ്യാപിച്ച് നേതാക്കളും അവരുടെ മാനേജർമാരും ഡൽഹിക്ക് വണ്ടി കയറും. അവിടെയെത്തുേമ്പാൾ ഒത്തുകളിച്ച് ഇഷ്ടക്കാരായ സ്ഥാനാർഥികൾക്ക് ബലം പിടിക്കും. നേതൃത്വത്തിന് വഴങ്ങുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തന്നെ വെല്ലുവിളിച്ചാണ് മന്ത്രിമാർ അടക്കം, വേണ്ടപ്പെട്ട ഏതാനും മന്ത്രിമാർക്ക് ഉമ്മൻചാണ്ടി സീറ്റ് ഉറപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിലും അതുതന്നെ നടന്നു. ഗ്രൂപ് നേതാക്കളുടെ ഒത്തുകളിക്കിടയിലും, യുവനിരയിൽ നിന്ന് കൂടുതൽ പേർക്ക് രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ പ്രാതിനിധ്യം കിട്ടി. യുവാക്കൾ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
എന്നിട്ടും പിറന്നത് 21 കോൺഗ്രസ് എം.എൽ.എമാർ മാത്രം. താഴെത്തട്ടിൽ പ്രവർത്തനത്തിന് സജ്ജീകരണവും സംവിധാനവുമുള്ള, ഭരണത്തിെൻറ പിൻബലമുള്ള സി.പി.എമ്മിനോട് കോൺഗ്രസ് പിടിച്ചു നിന്നില്ല. രമേശ് ചെന്നിത്തല പിണറായി സർക്കാറിനെതിരെ അടിക്കടി ഉയർത്തിയ വിഷയങ്ങളോ, രാഹുൽ പ്രിയങ്കമാരുടെ സാന്നിധ്യമോ, കോൺഗ്രസിെൻറ വാഗ്ദാനങ്ങളോ ഏശിയില്ല. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ജനകീയത പോലും ഇടിഞ്ഞ തോൽവിക്ക് വേറെയുമുണ്ട് കാരണങ്ങൾ. ഒറ്റവാക്കിൽ, എല്ലാവരും ചേർന്ന് കോൺഗ്രസിനെ തോൽപിച്ചെടുത്തു.
തോൽവിക്ക് ചെന്നിത്തല മാത്രമല്ല ഉത്തരവാദി. കൂട്ടുപ്രതികളും സാഹചര്യങ്ങളും നിരവധിയാണ്. യഥാർഥത്തിൽ, മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പ് കഴിയും വരെ ചെന്നിത്തല നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രതിഛായ നഷ്ടം ഏറ്റുവാങ്ങുകയാണ് ചെയ്തത്. ഹൈകമാൻഡ് തീരുമാനം വൈകിയത് ചെന്നിത്തലയുടെ പ്രതിഛായ പിന്നെയും തകർത്തു. വിവരം മുൻകൂട്ടി അറിയിച്ച്, പിന്മാറാൻ അവസരം നൽകി മുഖം രക്ഷിക്കാൻ അവസരം നൽകിയതുമില്ല. അപമാനിതനായി, മുറിവേറ്റ മനസ്സുമായാണ് അദ്ദേഹം സതീശന് വഴിമാറുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മത്സരം ഉണ്ടായപ്പോൾ സ്വയം രാജിവെച്ച് പുതുതലമുറക്ക് വഴിമാറാമായിരുന്നു എന്ന് കാണുന്നവർ ഏറെ. ഇടിച്ചു നിന്നില്ലെങ്കിൽ ഇനിയൊരിക്കലും മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുക പോലും വേണ്ട എന്ന യാഥാർഥ്യമാകാം ചെന്നിത്തലയെ ഭരിച്ചത്.
ഉമ്മൻചാണ്ടിയും ഒപ്പമുള്ളപ്പോൾ അറച്ചു നിൽക്കേണ്ട കാര്യമേയില്ല എന്നു ചിന്തിച്ചിരിക്കാം. അതിനെല്ലാമിടയിൽ പാർട്ടിയുടെ പൊതുവികാരം, സംസ്ഥാന രാഷ്ട്രീയത്തിലെ സാഹചര്യങ്ങൾ എന്നിവ മുതിർന്ന നേതാക്കളെന്ന് പറയുന്ന ഗ്രൂപ് മാനേജർമാർ അവഗണിക്കാൻ ശ്രമിച്ചു എന്നതാണ് യാഥാർഥ്യം. ഈ പതിവിനു നേരെയായിരുന്നു രാഹുലിെൻറ മിന്നലാക്രമണം. ഇങ്ങനത്തെ കുറിക്കു കൊള്ളുന്ന തീരുമാനങ്ങൾ എന്തുകൊണ്ട് ദേശീയ തലത്തിൽ ഉണ്ടാവുന്നില്ല? ആ ചോദ്യം ഇതിനിടയിൽ 'വിശദീകരിക്കാനാവാത്ത സംഭവ'മാണ്.
രാഷ്ട്രീയ വനവാസത്തിലേക്കല്ലെങ്കിലും, മുഖ്യമന്ത്രി മോഹം എന്നെന്നേക്കുമായി ചെന്നിത്തലക്ക് കുഴിച്ചുമൂടേണ്ടി വന്നേക്കാം. ചെന്നിത്തലക്ക് എന്ന പോലെ അനാരോഗ്യം നേരിടുന്ന ഉമ്മൻചാണ്ടിക്കും സംസ്ഥാന കോൺഗ്രസിലെ പിടി അയയുകയാണ്. ഹൈകമാൻഡ് ഇടപെടലിൽ കേരളത്തിലെ കോൺഗ്രസ് രാഷ്്ട്രീയം മാറുകയാണ്. പാർട്ടി ഹൈജാക്ക് ചെയ്തിരുന്ന നേതാക്കളെ തള്ളിമാറ്റി പുതിയ ഊർജം സമാഹരിക്കാൻ ശ്രമിക്കുകയുമാണ്. അത് നിലവിലെ ഗ്രൂപ്പുകളെയും സമവാക്യങ്ങളെയും മാറ്റിമറിക്കും.
യുവനിര കൂടുതൽ കരുത്തരാകും. അതല്ലാതെ കോൺഗ്രസിൽ ഗ്രൂപ്പുകളി ഇല്ലാതാകുമോ? പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയില്ല. മുറിവേറ്റ മാനേജർമാരുടെ സഹകരണം പുതിയ നേതാക്കൾക്ക് വേണ്ടത്ര കിട്ടിയെന്നും വരില്ല. അതിനെല്ലാമിടയിൽ എതിരാളികളെ നേരിടാൻ, പാർട്ടി സംവിധാനം കെട്ടിപ്പടുക്കാൻ, കണിശമായ കാര്യപരിപാടികളോടെ കോൺഗ്രസ് എത്ര സജ്ജമാവും എന്നതാണ് പ്രധാനം. തലമാറ്റത്തിനപ്പുറം, ആ വീണ്ടെടുപ്പിലേക്ക് കോൺഗ്രസ് ഏേറദൂരം നടക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.