അഴീക്കോട് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈകോടതി വിധി പല കാരണങ്ങളാലും ശ്രദ്ധേയമാണ്. ഒന്നാമതായി മതത്തിെൻറ പേരിൽ രാഷ്ട്രീയത്തെ താൽകാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി കൈകാര്യം ചെയ്യുന്ന സമ്പ്രദായം വലിയ ഭവിഷ്യത്തുകൾക്ക് ഇടവരുത്തിയേക്കാം എന്ന സന്ദേശം ഇൗ വിധി എല്ലാ വിഭാഗങ്ങളിലുംപെട്ട രാഷ്ട്രീയക്കാർക്കും നൽകുന്നുണ്ട്. പലപ്പോഴും എളുപ്പം വോട്ട് ശേഖരിക്കാനുള്ള ഉപാധിയെന്ന നിലയിൽ സാധാരണ വോട്ടർമാരുടെ വൈകാരികതലങ്ങളെ സ്പർശിക്കുന്ന രീതിയിൽ ഒരു മതേതര രാജ്യത്തിെൻറ അടിസ്ഥാനമെന്തെന്നുപോലും വിസ്മരിച്ചുകൊണ്ട് വർഗീയതയെ ഒരു തെരഞ്ഞെടുപ്പ് ആയുധമാക്കുന്ന രീതി പലപ്പോഴും നമ്മുടെ നാട്ടിൽ കണ്ടുവരാറുണ്ട്. പലപ്പോഴും ഗോപ്യമായ വിധത്തിൽ തെളിയിക്കാൻ കഴിയാത്ത വിധത്തിലാണ് വർഗീയത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറാറുള്ളത്. പരസ്യമായ വർഗീയ പ്രവർത്തനങ്ങൾക്കു പോലും പക്ഷേ, തെളിയിക്കുക എളുപ്പമല്ല. വർഗീയത തുളുമ്പുന്ന പോസ്റ്റുകളുടെയും സർക്കുലറുകളുടെയും സമൂഹമാധ്യമ സന്ദേശങ്ങളുടെ പോലും സ്രോതസ്സിനെ ഏതെങ്കിലും ഒരു സ്ഥാനാർഥിയുമായി ബന്ധപ്പെടുത്തി കോടതി മുമ്പാകെ ഉന്നയിച്ച ആേരാപണങ്ങൾ തെളിയിക്കുക എളുപ്പമല്ല. എന്നാൽ, സാഹചര്യങ്ങളുടെയും മറ്റു തെളിവുകളുടെയും ബലത്തിൽ വിജയിച്ച സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാൻമാത്രം തെളിവുകൾ ഇൗ കേസിൽ ഉണ്ടായിരുന്നുവെന്നാണ് ഹൈകോടതി പറഞ്ഞത്.
വോട്ടുകളുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് ഹരജികളിൽ ഒരു സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ കോടതിക്ക് കഴിഞ്ഞേക്കാം. എന്നാൽ, തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട മതത്തിെൻറ ദുരുപയോഗത്തിെൻറ കാര്യത്തിൽ കൃത്യമായും ക്ലിപ്തമായും ഒരാൾക്ക് ഇത്ര വോട്ട് കിട്ടുമായിരുന്നുവെന്നോ ഇല്ലെന്നോ പറയുക എളുപ്പമല്ല. അതിനാലാണ് ഒരു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുേമ്പാഴും മറ്റേയാളിനെ വിജയിയായി പ്രഖ്യാപിക്കാൻ കോടതിക്ക് കഴിയാതെ പോകുന്നത്. അഴീേക്കാട് വിധിയുടെയും പ്രശ്നം ഇതുതന്നെയാണ്.
ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) വകുപ്പുകൾ പ്രകാരം മതത്തിെൻറ പേരിൽ വോട്ട് ചോദിക്കുന്നതും വോട്ട് കൊടുക്കാതിരിക്കണമെന്നു പറയുന്നതും
ഗൗരവെപ്പട്ട തെരഞ്ഞെടുപ്പ് അഴിമതിയാണ്. ഒരു സ്ഥാനാർഥിയുടെ വ്യക്തിത്വത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ വ്യാജ പ്രചാരണം നടത്തി വോട്ടർമാർക്കിടയിൽ അദ്ദേഹത്തെപ്പറ്റി അവമതിപ്പുണ്ടാക്കുന്നതും തെരെഞ്ഞടുപ്പ് അഴിമതിയാണെന്ന് നിയമവ്യവസ്ഥകൾ പറയുന്നു. ഇക്കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിെൻറ പേരിൽ ജനപ്രാതിനിധ്യ നിയമത്തിലെ 100 (ഡി) (െഎ.െഎ) വകുപ്പിെൻറ അടിസ്ഥാനത്തിലാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഇതെല്ലാമാണെങ്കിലും ഇപ്പോൾ ഹൈകോടതി ഉത്തരവിട്ട രണ്ടാഴ്ചത്തെ സ്റ്റേക്ക് അപ്പുറം അപ്പീലിൽ സുപ്രീംകോടതി ഇപ്പോഴത്തെ വിധി സ്റ്റേ ചെയ്യുകയും ഉടനടി അപ്പീലിൽ തീരുമാനമെടുക്കാതെ വരുകയും ചെയ്താൽ ഇപ്പോഴത്തെ വിധിക്ക് പ്രഭാവമേയില്ല എന്ന അവസ്ഥ വരും. ഒേട്ടറെ തെരഞ്ഞെടുപ്പ് ഹരജികളുടെമേൽ ഹൈകോടതി വിധികൾ സുപ്രീംകോടതിയാൽ സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത. ഇത്തരത്തിലുള്ള സ്റ്റേ നിലവിലുള്ള കേസുകളിൽപോലും സുപ്രീംകോടതി അടിയന്തര പ്രാധാന്യത്തോടെ വാദം നടക്കാറില്ല എന്നതും മറ്റൊരു നിർഭാഗ്യകരമായ വസ്തുതയാണ്. അഴീക്കോട് കേസിൽ എന്തു സംഭവിക്കുമെന്നത് കാത്തിരുന്നു കാണണം.
മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്ന് സുപ്രീംകോടതി പറഞ്ഞത് എസ്.ആർ. ബൊമ്മെ കേസിൽ (1994) ആയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും അധികാരത്തിൽ വന്നതിനു ശേഷവും ഇൗ ഭരണഘടനമൂല്യം പിന്തുടരാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ബാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന ‘കരസേവ’കൂടിയായിരുന്നു എസ്.ആർ. ബൊമ്മെ കേസിലെ വിധിയിലേക്ക് നയിച്ചതെന്ന കാര്യം മറക്കാതിരിക്കുക. ഇപ്പോൾ പ്രതിമ നിർമാണവും അമ്പല നിർമാണവും സ്ഥലനാമ മാറ്റവും തകൃതിയായി നടക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നിയമവും ഭരണഘടന വ്യവസ്ഥകളും കൂടുതൽ ആധുനികവും മതേതരവും ആയ വായന അർഹിക്കുന്നുണ്ട്. നികേഷ്കുമാർ കേരളത്തിൽ നേടിയ ധാർമികവും നൈയാമികവും രാഷ്ട്രീയവുമായ വിജയത്തിന് ഇൗ അർഥത്തിൽ ദേശീയമാനവും ഉണ്ട്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള
ഹൈകോടതിയിലും അഭിഭാഷകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.