വിയോജിപ്പുകളുടെയും വിമർശനങ്ങളുടെയും ഹൃദയമാണ് ജനാധിപത്യത്തിന്റെ സർഗാത്മകതയെന്നത്. ഇവ രണ്ടും ഇല്ലാതാകുമ്പോൾ ജനാധിപത്യത്തിനു പകരം ഏകാധിപത്യമായിരിക്കും ജനാധിപത്യമെന്ന പേരിൽ പ്രവർത്തിക്കുക. സമാനമായ രീതിയാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യപരിസരം രൂപപ്പെടുത്താൻ തയാറെടുക്കുമ്പോൾ അതിനു നേതൃത്വം നൽകിയവർ ചിന്തിച്ചിരുന്നത് വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കുമുള്ള സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിച്ചിടാം എന്നതായിരുന്നു.
ആ സംരക്ഷണത്തിന് കൂടുതൽ ഊന്നലും കരുത്തും പകരുന്ന ഒന്നായിരുന്നു നമ്മുടെ ഭരണഘടന. അതിനാലാണ് ഇത്രയും ബഹുസ്വരമായ സമൂഹത്തിലെ പൗരാവകാശത്തെ നിർണയിക്കുന്ന ഭരണഘടന ലോകത്തിനു നടുവിൽ അഭിമാനമായി നിലകൊണ്ടത്. പോരായ്മകളും പരിമിതികളും താണ്ടിയാണ് നമ്മുടെ ജനാധിപത്യം ഇതുവരെയും സഞ്ചരിച്ചെത്തിയത്. അടിയന്തരാവസ്ഥ അടക്കമുള്ള ജനാധിപത്യവിരുദ്ധ ഇടപെടലുകളെ അതിജീവിച്ചുതന്നെയാണ് അത് അതിന്റെ ജീവിതം ജീവിച്ചുകൊണ്ടിരുന്നത്. എന്നാൽ, ഇന്ന് ആ ജീവിതം ഒരു ചരിത്രമായി മാറുകയാണോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പുതിയൊരു ചരിത്രനിർമിതിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുവരുന്നു.
എല്ലാ അവകാശങ്ങളെയും നിരോധിക്കുക എന്നത് അവകാശമായി കാണുന്ന ഭരണകൂടനിർമിതിയാണത്. ജനാധിപത്യം എന്ന വാക്കും ഇതിന്റെ രൂപങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പുതിയ ചരിത്രനിർമിതിക്ക് ഭരണകൂടം വേഗം വർധിപ്പിക്കുന്നത്. ഏകാധിപത്യത്തിനു മാത്രം സഞ്ചരിക്കാനും ജീവിക്കാനും പാകത്തിലുള്ള ഒന്നായി ജനാധിപത്യത്തെ മാറ്റിത്തീർക്കുക എന്നതാണ് ദേശീയ അധികാരം കൈയാളുന്ന സംഘ്പരിവാര ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ അവ കൈകാര്യംചെയ്യുന്ന രീതികൾ നോക്കിയാൽ വർത്തമാനത്തിലെ ജനാധിപത്യം എങ്ങനെയാണ് ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോധ്യമാകും. ഭാവി ഇന്ത്യ എങ്ങനെയായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനകൾ രണ്ടാം മോദി സർക്കാർ രാജ്യത്തിന് നിരന്തരം പ്രവർത്തിച്ചുകാണിച്ചുതരുകയാണ്. ഇവിടെയുള്ളൊരു സംഗതി, ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിയാണ് ഇവർ അധികാരത്തിൽ എത്തിയതെന്നതാണ്.
ഒരുപാട് ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തുടർ അധികാരം നേടിയെടുത്തതും ജനാധിപത്യസംവിധാനത്തിൽ നിന്നുകൊണ്ടാണ്. ലോകചരിത്രം പരിശോധിച്ചാൽ എല്ലാ ഫാഷിസ്റ്റുകളും ഇങ്ങനെതന്നെയാണ് ഭരണകൂട അധികാരത്തിൽ എത്തിപ്പെട്ടിട്ടുള്ളതെന്ന് ബോധ്യമാകും. അതാണ് ഫാഷിസത്തിന്റെ ഏറ്റവും വലിയ വിജയവും. നമ്മൾ അറിയാതെതന്നെ നമ്മളിലേക്ക് ഏകാധിപത്യസ്വഭാവങ്ങളെ എത്തിക്കുക എന്നതാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. സമൂഹമൊന്നാകെ ഈ ഏകാധിപത്യ സ്വഭാവത്തിലേക്ക് എത്തിപ്പെടുമ്പോൾ സ്വാഭാവികമായും ജനാധിപത്യം മരിക്കുകയും ഫാഷിസ്റ്റ് ഭരണകൂടം ദീർഘകാലം നിലനിൽക്കുകയും ചെയ്യും. ജർമനിയിലെയും ഇറ്റലിയിലെയും ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ഇതിന്റെ വ്യക്തമായ ചരിത്രത്തെളിവുകളാണ്.
ഇന്ത്യയിലേത് അയഞ്ഞ ജനാധിപത്യരീതികളായിരുന്നു. ദീർഘകാലം ദേശീയ അധികാരം കൈയാളിയത് അയഞ്ഞ ജനാധിപത്യരാഷ്ട്രീയം കൊണ്ടുനടന്ന കോൺഗ്രസായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയത്തിനപ്പുറം രാജ്യത്തു വളർന്നുവരുന്ന പ്രതിലോമശക്തികളെ തിരിച്ചറിയുന്നതിന് കോൺഗ്രസ് തോറ്റുപോയതാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം ഇത്തരത്തിലാകാൻ പ്രധാന കാരണം. സംഘ്പരിവാർ രാഷ്ട്രീയവും അതിന്റെ രാഷ്ട്രീയ സംഘാടനവും അയഞ്ഞൊരു സഞ്ചിയല്ല. മാത്രവുമല്ല, അവർ ജനാധിപത്യമെന്നത് വൈദേശിക ഭരണകൂടമെന്ന ചിന്തയിൽ അഭിരമിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ അനുവദിക്കപ്പെടുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അവർ വകവെച്ചുതരുകയില്ല.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെ അവർ വകവെക്കുന്നതേയില്ല. പ്രധാനപ്പെട്ട രണ്ടു സംഗതികളാണ് ഇതിന്റെ പേരിൽ അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒന്ന്, ബി.ജെ.പി ഇതര സ്റ്റേറ്റുകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കുക എന്നതാണ്. മറ്റൊന്ന്, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ കൈയാമം വെക്കൽ. എൻ.ഡി.ടി.വിക്കെതിരായ നടപടിയും മീഡിയവൺ ചാനലിന്റെ നിരോധനവും രാജ്യത്തെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ്. ഇതിലെല്ലാം ജനാധിപത്യവാദികൾക്ക് ആശങ്കകളുണ്ടെങ്കിലും അവരാരും ഇതിൽ അത്ഭുതപ്പെടുന്നില്ല. അത്ഭുത പ്പെടാത്തതിനു കാരണം ഫാഷിസ്റ്റ് ഭരണകൂടങ്ങളിൽനിന്ന് ഇത്തരം സമീപനമായിരിക്കും ഉണ്ടാവുക എന്ന തിരിച്ചറിവുകൊണ്ടാണ്.
മീഡിയവണിനെ കേന്ദ്ര സർക്കാർ വിലക്കിയതിന്റെ കാരണം ഇതുവരെയും ബന്ധപ്പെട്ട അധികൃതരോട് പറയുകയുണ്ടായിട്ടില്ല. നിരോധനത്തിനെതിരെ കേരള ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ചിനെ ചാനൽ അധികൃതർ സമീപിച്ചു. കോടതി കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയപ്പോൾ മുദ്രവെച്ച കവറിൽ വിവരങ്ങൾ കോടതിക്ക് കൈമാറുകയായിരുന്നു. ആ വിവരങ്ങൾ എന്താണെന്ന് കുറ്റാരോപിതർക്ക് അറിയാനുള്ള അവകാശംപോലും നൽകാതിരിക്കുമ്പോൾ ഒന്നുറപ്പിക്കാം മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല, പൂർണമായ ജനാധിപത്യ വീണ്ടെടുപ്പിനായുള്ള അതിശക്തമായ പോരാട്ടങ്ങൾ രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ട്. ഇത് മാധ്യമ ങ്ങളുടെ മാത്രം പ്രശ്നമായോ ഒരു മീഡിയവണിന്റെ മാത്രം കാര്യമായോ ചിന്തിക്കേണ്ടതില്ല.
മീഡിയവണിനോടു വിയോജിപ്പുകളുണ്ടാകാം. ആ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ ഇത്തരം നിരോധനത്തിനെതിരായ ഭരണഘടന സംരക്ഷണത്തിനുവേണ്ടി രാജ്യത്തെ മതേതര ജനാധിപത്യചേരികൾ ഒന്നിക്കേണ്ടതുണ്ട്. ഭാവിയിൽ ഇടതുപക്ഷസ്വഭാവമുള്ള-ഫാഷിസത്തിനെതിരായ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനകൾക്ക് ആശയലോകത്ത് ഇടപെടാൻ തടസ്സം നിൽക്കാൻ കേന്ദ്ര സർക്കാർ തയാറായേക്കും. ഏതൊരു മാധ്യമസ്ഥാപനവും ഇത്തരം നടപടികളുടെ പേരിൽ അടച്ചിടേണ്ടിവന്നാൽ ആ ജീവനക്കാർക്ക് ചുരുങ്ങിയ കാലയളവു മാത്രമേ പ്രതിഷേധിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ അവരുടെ പ്രതിഷേധം രാഷ്ട്രീയബഹുജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ മാത്രമേ നിരോധനശക്തികൾക്ക് ഭയപ്പാട് ഉണ്ടാവുകയുള്ളൂ.
കർഷകസമരം നമുക്കൊരു മാതൃകയാണ്. ജനാധിപത്യാവകാശങ്ങൾ ഹനിക്കപ്പെടുന്നതിന്റെ പേരിൽ രാജ്യത്ത് ഒരാളുപോലും ഒറ്റപ്പെട്ടുപോകാൻ പാടില്ല; അത് വ്യക്തിയായാലും സംഘടനയായാലും മാധ്യമസ്ഥാപനങ്ങളായാലും. ഇതൊരു പുതിയ കാലഘട്ടമാണ്. സൂക്ഷ്മതയോടെ നിലയുറപ്പിക്കേണ്ട കാലഘട്ടം. ഈ കാലഘട്ടത്തെ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോയില്ലെങ്കിൽ ജനാധിപത്യമെന്നത് പഴകിപ്പോയ ചരിത്രത്തിലെ ഒരധ്യായത്തിന്റെ പേരു മാത്രമായിരിക്കും.
(മുൻ മന്ത്രിയും മുതിർന്ന സി.പി.ഐ നേതാവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.