മാധ്യമങ്ങൾ ചെയ്യുന്ന അപരാധം ഒരു രാജ്യത്തിന്റെ താൽപര്യങ്ങളെത്തന്നെ നശിപ്പിച്ചേക്കും. രണ്ട് സമീപകാല സംഭവങ്ങൾ മതി അക്കാര്യം വ്യക്തമാക്കാൻ.
മുഹമ്മദ് നബിയെക്കുറിച്ച് ഭാരതീയ ജനത പാർട്ടി വക്താവ് നടത്തിയ പരാമർശത്തെത്തുടർന്ന് സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങളിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചർച്ചകൾ മുഴുവൻ തെറ്റായ പരാമർശം നടത്തിയ ആളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടു. ഒരു ടെലിവിഷൻ വാർത്ത പരിപാടിയെ തുടർന്നാണ് ദേശത്തുടനീളം പ്രശ്നങ്ങളുണ്ടായത്. ഒരൊറ്റ പരിപാടിയെ തുടർന്ന് എത്രമാത്രം ക്രമസമാധാന പ്രശ്നങ്ങളാണുണ്ടായത് എന്നതു സംബന്ധിച്ച് ഒരു കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. 15ലധികം രാജ്യങ്ങളിലുണ്ടായ നയതന്ത്ര പ്രത്യാഘാതങ്ങൾ വിട്ടേക്കുക; ഡൽഹി, ഉത്തർപ്രദേശ്, റാഞ്ചി, അഹ്മദാബാദ്, നവി മുംബൈ, ലുധിയാന, ഹൈദരാബാദ്, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ ഇത് വലിയ പ്രതിഷേധങ്ങൾ വരുത്തിവെച്ചു. 250ലധികം പേർ ഉത്തർപ്രദേശിലുടനീളം അറസ്റ്റിലാവുകയും ചെയ്തു.
സംഭവം പശ്ചിമ ബംഗാളിൽ നാശങ്ങൾ സൃഷ്ടിച്ചു, പ്രതിഷേധക്കാർ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് റാഞ്ചിയിൽ വെടിയേറ്റ് രണ്ടുപേർ മരിച്ചു. ഓരോ ദിവസം കഴിയുന്തോറും പ്രതിഷേധങ്ങൾ വർധിച്ചു, അതിന്റെ തുടർച്ചയായി പ്രയാഗ്‌രാജിലെ ഒരു സാമൂഹിക പ്രവർത്തകന്റെ വീട് ബുൾഡോസർവെച്ച് തകർക്കപ്പെട്ടു.
'ഗ്യാൻവാപി ഫയൽസ്' എന്ന അടിക്കുറിപ്പോടെ ആ ഷോ നടക്കവേ സ്‌ക്രീനിൽ വന്ന "സത്യം നിഷേധിക്കപ്പെട്ടു, തെളിവ് നശിപ്പിക്കുന്നുവോ?" അല്ലെങ്കിൽ 'ഹിന്ദുപക്ഷത്തിന്റെ വമ്പിച്ച അവകാശവാദം...' എന്നിങ്ങനെയുള്ള എഴുത്തുകൾ വിഷയത്തിൽ ചാനൽ എവിടെയാണ് നിൽക്കുന്നതെന്ന് നിങ്ങളോട് പറഞ്ഞു-ശിവലിംഗ ചിത്രങ്ങളും അളവും സ്ക്രീനിൽ നിരന്തരം മിന്നിത്തിളങ്ങി. ഉച്ചസ്ഥായിയിലെത്തിയ വിദ്വേഷ മുറവിളി പാരമ്യത്തിലെത്തിച്ചശേഷം അവതാരക ഉപസംഹരിച്ചു, ''ഈ രാജ്യം ഭരണഘടനയാൽ ഭരിക്കപ്പെടണമെങ്കിൽ... അതിനെ തിരിച്ചറിയുകയും ശിവലിംഗം എന്ന് വിളിക്കുകയും ചെയ്തില്ലെങ്കിൽ, അതിനെ ഫൗണ്ടൻ എന്നും വിളിക്കാനാവില്ല''. എന്തൊരു അനിഷേധ്യ യുക്തി.
സ്റ്റുഡിയോയിൽ ഇത്തരം ചൂടും പുകയും സൃഷ്ടിക്കുന്നതിന് പിന്നിലുള്ളത് വാണിജ്യ താൽപര്യമാണ്. പക്ഷേ, അവ വരുത്തിവെക്കുന്ന കേടുപാടുകൾ യാഥാർഥ്യമാണ്. ടി.വി വാർത്താ ചർച്ചകൾ മതത്തിൽ കേന്ദ്രീകരിച്ച് പ്രകോപിതമാക്കുന്ന പ്രക്രിയ നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആരംഭിച്ചിരുന്നു. ഭരണകക്ഷിയുടെ മുൻഗണനകളും അവിടെ വ്യക്തമായി. 'ഫ്രിഞ്ച് എലമെന്റ് നമ്മുടെ സ്വീകരണമുറിയിലാണ്' എന്ന തലക്കെട്ടിൽ, ഹിന്ദു-മുസ്‌ലിം വൈരങ്ങളെ ടി.വി ചാനലുകൾ ഉണർത്തിവിടുന്നതെങ്ങനെയെന്ന് 2015 അവസാനത്തിൽ 'ദി ഹൂട്ട്' വെബ്‌സൈറ്റ് രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ രൂപവത്കരണം സൃഷ്ടിക്കുന്നതരം ചോദ്യങ്ങൾ ചർച്ചയിൽ ഉന്നയിക്കുന്ന സ്വഭാവം അവതാരകർ സ്വായത്തമാക്കി. പരസ്പര സംഘർഷം വർധിപ്പിക്കാനുതകുന്ന ഉള്ളടക്കങ്ങളിൽ ചാനലുകൾ ഊന്നിയത് ഇസ്‍ലാമിനോടുള്ള വിദ്വേഷം കൂടുതൽ മുഖ്യധാരയിലേക്കെത്തിക്കുന്നതിന് വഴിയൊരുങ്ങി.
ഈ രാജ്യത്ത് ഒരു ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റി (NBSA) ഉണ്ട്; ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുണ്ട്, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുമുണ്ട്. എന്നാൽ കാര്യക്ഷമമല്ലാത്ത നിയന്ത്രണാധികാരികൾ, കുറ്റകരമായ രീതിക്ക് കൂട്ടുനിൽക്കുന്ന മാധ്യമ ഉടമകൾ, അജണ്ട നയിക്കുന്ന മാധ്യമങ്ങൾ, അജണ്ട നിർണയിക്കുന്ന സർക്കാർ എന്നിവക്കിടയിൽ സ്വതന്ത്ര ഇന്ത്യയുടെ പൊതുമണ്ഡലം വെറുമൊരു കെട്ടുകാഴ്ചയായി മാറിയിരിക്കുന്നു. ഭരണകക്ഷിയുടെ ലക്ഷ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന വഴിവിട്ട പ്രവണതയെ നിയന്ത്രിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തൽപരരല്ല. വിദ്വേഷ പ്രസംഗത്തിന് ആരോപണ വിധേയനായ ഒരു മന്ത്രിക്കാണ് ഇപ്പോൾ അതിന്റെ നായകത്വം.
തെറ്റായ പ്രവണതക്ക് കൂട്ടുനിൽക്കുന്നതിനാൽ രാജ്യത്തെ മുൻനിര മാധ്യമ ഉടമകൾ തങ്ങളുടെ റിപ്പോർട്ടർമാരെ നിർഭയം ചെയ്യാനോ സർക്കാറിൽനിന്നും ഭരണകക്ഷിയിൽനിന്നുമുള്ള സമ്മർദങ്ങൾ പരസ്യമാക്കാനോ അനുവദിക്കില്ല. വിദ്വേഷം സംബന്ധിച്ച വാർത്തകൾ രേഖപ്പെടുത്തുന്നത് തടയിടാനുള്ള സർക്കാർ സമ്മർദത്തിന് ഇക്കഴിഞ്ഞ വർഷങ്ങളിൽ അച്ചടി, ഡിജിറ്റൽ മാധ്യമങ്ങൾ വഴങ്ങിക്കൊടുത്തു. സർക്കാറിൽനിന്നുള്ള പരസ്യ വരുമാനത്തിനും അവരുടെ പരിപാടികളിൽ മന്ത്രിമാർ പങ്കെടുക്കുന്നതിനും പകരമായി 2017ൽ ഒരു മുഖ്യധാര പത്രം അതിന്റെ എഡിറ്ററെത്തന്നെ ഒഴിവാക്കി. പ്രസക്തമായ വിഷയങ്ങളിൽനിന്ന് ടി.വി ചാനലുകൾ പിന്മാറിയെങ്കിൽ, അച്ചടി മാധ്യമങ്ങൾ അതിജാഗ്രതയാണ് പുലർത്തുന്നത്.
എന്തുകൊണ്ടാണ് ഇത്രയേറെ സുപ്രധാന വിഷയങ്ങളിൽ ഈ സർക്കാറിന് ഒരു ചോദ്യത്തെയും നേരിടാതെ കടന്നുപോകാൻ കഴിയുന്നത്? 2014 മുതൽ പുലർത്തിപ്പോരുന്ന സെൽഫ് സെൻസർഷിപ് മാധ്യമങ്ങളുടെ സഹജസ്വഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുമൊരു മാധ്യമ കുറ്റകൃത്യം തന്നെയാണ്.
ഈ മാസം ആദ്യം, ഗൗതം അദാനി എന്ന വ്യവസായിക്ക് ഒരു പദ്ധതി ലഭിച്ചതുമായി ബന്ധപ്പെട്ട് ചങ്ങാത്ത മുതലാളിത്ത ആരോപണം ശ്രീലങ്കയിൽ വൻ പ്രതിഷേധം ഇളക്കിവിട്ടെങ്കിലും നിങ്ങളത് കാര്യമായി ശ്രദ്ധിച്ചിട്ടുണ്ടാവണമെന്നില്ല. അത്രമാത്രം ശുഷ്കമായാണ് ഇക്കാര്യം ഇവിടെ വാർത്തയായത്. ജൂൺ ഒമ്പതിന് ശ്രീലങ്കൻ പാർലമെന്റിൽ വൈദ്യുതി ഭേദഗതി ബിൽ പാസാക്കിയതായി 'ന്യൂസ് ലോൺട്രി'യും 'എൻ.ഡി.ടി.വി'യും റിപ്പോർട്ട് ചെയ്തു. ബില്ലിലെ പാർലമെന്ററി ചർച്ചക്കിടെ, കാറ്റിൽനിന്നുള്ള വൈദ്യുതിക്കായി ഇന്ത്യയിലെ അദാനി ഗ്രൂപ്പുമായി പുതുക്കാവുന്ന കരാർ പരാമർശിക്കപ്പെട്ടു. അദാനി ഗ്രൂപ്പിന് ഈ വൈദ്യുതി പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലങ്കൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തിയതായി പിറ്റേ ദിവസം സിലോൺ വൈദ്യുതി ബോർഡ് ചെയർമാൻ ഒരു പാർലമെന്ററി സമിതി മുമ്പാകെ വ്യക്തമാക്കി. ഈ പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്നാവശ്യപ്പെട്ട് മോദി തന്റെമേൽ സമ്മർദം ചെലുത്തുന്നുവെന്ന് പ്രസിഡന്റ് ഗോതബായ രജപക്സ 2021 നവംബറിൽ തന്നോട് പറഞ്ഞുവെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. പ്രസിഡന്റ് ഇക്കാര്യം നിഷേധിച്ചതിനെ തുടർന്ന് വൈദ്യുതി ബോർഡ് ചെയർമാൻ രാജിവെച്ചു. എന്നാൽ, ശ്രീലങ്കയിലെ മന്നാർ ജില്ലയിൽ 500 മെഗാവാട്ട് ഊർജപദ്ധതിക്ക് അതിവേഗ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം ധനമന്ത്രാലയത്തിന് നേരത്തേ അയച്ച കത്തുകളിലൊന്ന് എൻ.ഡി.ടി.വി കണ്ടെത്തി. അദാനിയുടെ താൽപര്യപത്രം ഇന്ത്യൻ സർക്കാറിൽനിന്ന് ശ്രീലങ്കൻ സർക്കാറിലേക്കുള്ള ഒന്നായി കണക്കാക്കാൻ 'ലങ്കൻ പ്രധാനമന്ത്രിയിൽനിന്നുള്ള നിർദേശാനുസരണം' എന്നാണ് കത്തിലുള്ളത്.
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിപക്ഷത്തിൽനിന്നും ട്രേഡ് യൂനിയനിൽനിന്നും കരാറിനെതിരെ കടുത്ത എതിർപ്പുയർന്നിരുന്നു. വൈദ്യുതി ബോർഡ് ചെയർമാന്റേതുമുതൽ പാർലമെന്ററി കമ്മിറ്റിയുടെ വരെയുള്ള തെളിവുകൾ റിപ്പോർട്ട് ചെയ്തതോടെ കൊളംബോയിൽ പൗര പ്രതിഷേധം ആരംഭിച്ചു. മത്സരാധിഷ്ഠിത ലേലം പോലുമില്ലാതെ ഇടപാട് സുഗമമാക്കാനാണ് ശ്രീലങ്കൻ പാർലമെന്റ് ഭേദഗതി പാസാക്കിയതെന്നാണ് ആരോപണം.
പ്രതിഷേധം ശക്തിയാർജിക്കുന്നതിനെക്കുറിച്ച് ബംഗളൂരുവിൽനിന്ന് എൻ.ഡി.ടി.വി വാർത്ത നൽകി. ഇന്ത്യയിലെ ധനകാര്യ മാധ്യമങ്ങൾ ഈ വിഷയം എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്ന് പരിശോധിച്ചു 'ന്യൂസ് ലോൺട്രി'. മിക്കവരും ഒരു പി.ടി.ഐ റിപ്പോർട്ടിലൊതുക്കി. ഈ വാർത്ത വിപുലമായി റിപ്പോർട്ട് ചെയ്യപ്പെടാൻ യോഗ്യമാണെന്ന് പൊതുപത്രങ്ങളോ ബിസിനസ് പത്രങ്ങളോ കണക്കാക്കിയിട്ടില്ല. ശ്രീലങ്കൻ മാധ്യമങ്ങളാണ് അതു ചെയ്തത്. മുൻ ഫ്രഞ്ച് പ്രസിഡന്റുമായുള്ള റഫാൽ ഇടപാടിൽ അനിൽ അംബാനിയെ പങ്കാളിയാക്കാൻ പ്രധാനമന്ത്രി പ്രേരിപ്പിച്ചുവെന്ന പഴയ വാർത്തയുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുന്നതിലും ഇവിടെയാരും സാംഗത്യം കണ്ടില്ല. ആ വാർത്ത 2018ൽ ഫ്രഞ്ച് മാധ്യമ പ്രവർത്തകർ രേഖപ്പെടുത്തിവെച്ചിരുന്നു. എന്നാൽ, ആരോപണ വിധേയമായ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചെഴുതുന്നത് ഇന്ത്യൻ പത്രങ്ങൾക്ക് അത്രകണ്ട് ആവേശം നൽകുന്ന കാര്യമല്ല.
രാജ്യത്തിന്റെ ഘടനയെ തകർക്കാനുള്ള വാർത്താ മാധ്യമങ്ങളുടെ ശക്തി, ഗവൺമെന്റിനെ ഉത്തരവാദിയാക്കാനുള്ള അതിന്റെ ശക്തിയേക്കാൾ വലുതാണെന്ന് തെളിയിക്കപ്പെടുകയാണിവിടെ.
(മാധ്യമപ്രവർത്തകയും ഇന്ത്യയിലെ നിലച്ചു പോയ ആദ്യ മാധ്യമ നിരീക്ഷക വെബ്സൈറ്റായ ദ ഹൂട്ട് സ്ഥാപകയുമായ ലേഖിക ദ ടെലഗ്രാഫിൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.