പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ് ഗ്രാമങ്ങളിൽ എന്നും രാഷ്ട്രീയവൈരത്തിെൻറ വിത്ത് മുളക്കാറ്. തദ്ദേശസ്ഥാപന ഭരണം പ്രാദേശികവികസനത്തിനുള്ള രാഷ്ട്രീയേതര മുന്നേറ്റമാണെന്ന തത്ത്വമൊക്കെ വോട്ടുതിരക്കിൽ മറക്കുകയാണ് പതിവ്. ബൂത്തുപിടിത്തമെന്ന ആലങ്കാരികപ്രയോഗത്തിൽ ഇക്കുറി ക്വാറൻറീൻ പോസ്റ്റൽ വോട്ടുകൂടി കടന്നുവരുകയാണ്. തിരിച്ചറിയൽ കാർഡ് 100 ശതമാനം വോട്ടർമാർക്കും കൈയിലുണ്ടായിട്ടും ബി.എൽ.ഒ നൽകുന്ന സ്ലിപ്പ് വരെയുള്ളവ ഉപയോഗിക്കാൻ അനുവാദം നൽകുന്ന 1995ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 31(2) ഉം 1995ലെ കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 31(2) എന്നിവ നഗ്നമായി ലംഘിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടാറ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ തിരിച്ചറിയൽ കാർഡില്ലാത്ത വോട്ടർമാരുടെ എണ്ണം വളരെ പരിമിതമാണ്. കാർഡ് നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടാനുള്ള ഒാൺലൈൻ നടപടികൾ കമീഷൻ വളരെ സുതാര്യമാക്കിയിട്ടുമുണ്ട്. അപേക്ഷയുടെ നടപടികൾക്കോ, കാർഡ് ലഭിക്കുന്നതിനോ ഒരു ഓഫിസും സന്ദർശിക്കേണ്ടതില്ലാത്ത വിധം ഓൺലൈൻ നടപടി ക്ലേശരഹിതമാണ്.
ഈ സൗകര്യമുണ്ടായിരിക്കെത്തന്നെയാണ് ഫോട്ടോ പതിച്ച മറ്റു തിരിച്ചറിയൽ രേഖകളും പരിഗണിക്കുന്നത്. പാസ്പോർട്ട്, ൈഡ്രവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃതബാങ്കിൽനിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിനു മുമ്പുവരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ വോട്ടർ സ്ലിപ്പോ ഹാജരാക്കി വോട്ടുചെയ്യാം . ഇത്രയായിട്ടും കള്ളവോട്ട് പരാതി വ്യാപകമായി ഉയരാതെ ഒരു തെരഞ്ഞെടുപ്പും കടന്നുപോയിട്ടില്ല.
കോവിഡ് മാനദണ്ഡം പാലിക്കാനുള്ള അനുവാദത്തിൽ കോവിഡ് പോസിറ്റിവ് ആയ വോട്ടർമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ഒന്നാം ഘട്ട മാർഗനിർദേശങ്ങളിൽ കോവിഡ് 19 പോസിറ്റിവ് ആയവർക്കും ക്വാറൻറീനിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും എന്നും ഇവർക്ക് തപാൽ ബാലറ്റ് വിതരണം ചെയ്യുന്നതിന് പ്രത്യേകം സംവിധാനമുണ്ടാവുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിെൻറ പ്രായോഗിക നടപടികളുടെ വിശദാംശത്തിലാണ് പലരും ആശങ്ക പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് അനുവദിച്ച പതിവ് നടപടിയിൽ അതേ ഗണത്തിലും സേവനത്തിലും നിരതരായ മാധ്യമപ്രവർത്തകർക്കുപോലും പോസ്റ്റൽ വോട്ട് നൽകിയിരുന്നില്ല. ജില്ലകൾ മാറി ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരും ഫോേട്ടാഗ്രാഫർമാരും കാമറാമാന്മാരും സമ്മതിദാനാവകാശം ബലികഴിച്ചാണ് എന്നും ഡ്യൂട്ടി നിർവഹിക്കാറ്. എന്നാൽ, ഇത്തണ ക്വാറൻറീൻ വോട്ടർമാർക്ക് തപാൽ വോട്ട് നൽകാനുള്ള തീരുമാനം ആശ്വാസകരമാണ്. അതുകൊണ്ടുതന്നെ അത്യപൂർവമായി അനുവദിക്കപ്പെടുന്ന ഇത്തരമൊരു സംവിധാനത്തിെൻറ നിർവഹണം ജനാധിപത്യപരമാവണം.
ക്വാറൻറീൻ തപാൽവോട്ട് അവരിൽനിന്ന് ശേഖരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എത്തിക്കാനുള്ള ചുമതല ക്വാറൻറീൻ കാര്യങ്ങളുടെ മേൽനോട്ടം ഏൽപിക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഗ്രൂപ്പുകളെത്തന്നെ ഏൽപിക്കുമോ? കോവിഡ് സേവന വളണ്ടിയർമാരുടെ തെരഞ്ഞെടുപ്പിൽതന്നെ രാഷ്ട്രീയ വിവേചനത്തെ ചൊല്ലി പരാതിയുയർന്നതാണ്. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കു പുറമെ രാഷ്ട്രീയപാർട്ടിയുടെ കീഴിലുള്ള സേവനഗ്രൂപ്പുകളിലെ വളണ്ടിയർമാരും ഹെൽത്ത് സൂപ്പർവൈസർമാരായി കോവിഡ് ഡ്യൂട്ടി മേഖലയിലുണ്ട്. ഇവരെയാണ് ചുമതല ഏൽപിക്കുന്നതെങ്കിൽ അത് പ്രശ്നങ്ങൾക്കിടയാക്കാം. പോസ്റ്റൽ ബാലറ്റ് വിതരണത്തിന് നിലവിൽ ഒരു പ്രോട്ടോകോൾ ഉണ്ട്.
സാധാരണ തപാൽ ഉരുപ്പടി കൈകാര്യം ചെയ്യുന്ന നടപടിക്രമം ഇതിന് മതിയാവില്ല. കാരണം കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തതയുള്ളവരുടെ ഉരുപ്പടികൾ വേറെതന്നെ സംവിധാനത്തിൽ ശേഖരിക്കണമെന്ന് തപാൽവകുപ്പും നിർദേശിച്ചിട്ടുണ്ട്. അങ്ങനെയാവുേമ്പാൾ കോവിഡ് വളണ്ടിയർമാർക്കാണ് ചുമതല വരുക. ക്വാറൻറീനിൽ ഏറെ പേരും വീടുകളിലാണ്. വീടുകളിൽനിന്ന് പോസ്റ്റൽ വോട്ട് ശേഖരിക്കേണ്ടത് കോവിഡ് വളണ്ടിയർമാരാണെന്നു വന്നാൽ, അവർക്ക് താൽപര്യമുള്ള തപാൽ വോട്ടുകളേ കൈകാര്യം ചെയ്യപ്പെടുകയുള്ളൂ. പാർട്ടി പ്രവർത്തകർക്ക് നേരിട്ട് ഇക്കാര്യം നിർവഹിക്കാനുമാവില്ല. ഈ നിലയിൽ സർക്കാർ എന്താണ് സംവിധാനം ഉണ്ടാക്കുന്നതെന്നത് വ്യക്തതയോടെ വെളിപ്പേടുത്തേണ്ടതുണ്ട്.
കോവിഡ് പോസിറ്റിവ് ആയ എല്ലാവർക്കുമാണോ, അതല്ല, ക്വാറൻറീൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ട്രീറ്റ്മെൻറ് സെൻററുകളിലുള്ളവർക്കും കൂടി ഒരുമിച്ചാണോ പോസ്റ്റൽ വോട്ട് സൗകര്യം? ട്രീറ്റ്മെൻറ് സെൻററുകളിലുള്ളവർക്ക് മാത്രമാണെങ്കിൽ മറ്റു രോഗങ്ങളിൽപെട്ട് ചികിത്സയിൽ കഴിയുന്നവർ തങ്ങളുടെയും പൗരാവകാശം ചൂണ്ടിക്കാട്ടി കോടതിയിൽ ചോദ്യം ചെയ്യുമോ? ഇക്കാര്യത്തിൽ നിയമോപദേശം തേടേണ്ടി വരും. പോസ്റ്റൽ വോട്ടില്ലാതെതന്നെ കോവിഡ് പോസിറ്റിവുകാരുടെ വോട്ട് പോൾചെയ്യുന്നതിന് പ്രത്യേകസമയം അനുവദിക്കാമോ എന്ന കാര്യവും പരിശോധനയിലാണെന്നറിയുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അതിനെ ചോദ്യം ചെയ്യുന്നുണ്ട്.
പുരുഷൻ പർദ ധരിച്ചും സ്ത്രീ ഒരേസമയം സാരിയും ചുരിദാറും മാറ്റിയുടുത്തും ആൾമാറാട്ടം നടത്തുന്ന പതിവുള്ളിടത്ത് മാസ്ക് ഇത്തവണ എത്രത്തോളം വില്ലനാവും എന്നതാണ് ഉദ്യോഗസ്ഥരുടെ പുതിയ ആശങ്ക. ബൂത്തിനകത്തും വോട്ടർ മാസ്ക് ധരിക്കണം എന്നാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്ന ഒരാളെക്കുറിച്ച് സംശയം ഉയർന്നാൽ മാസ്ക് അഴിച്ച് മാറ്റാൻ ആവശ്യപ്പെടാം എന്നും വിജ്ഞാപനത്തിലുണ്ട്. ഇതെല്ലാം ബൂത്തിൽ തർക്കം വർധിക്കാനിടയാക്കും എന്ന് ഉദ്യോഗസ്ഥർ ആശങ്കിക്കുന്നു. ടെണ്ടേഡ് വോട്ട് രേഖപ്പെടുത്താനുള്ള നിർദിഷ്ട ഫോറം തികയാതെ വെള്ളക്കടലാസിൽ രേഖപ്പെടുത്തി കെട്ടുകളാക്കേണ്ടി വരുന്ന പ്രിസൈഡിങ് ഓഫിസർമാർക്ക് ക്വാറൻറീൻ പോസ്റ്റൽവോട്ടുകൾ കൂടുതൽ തലവേദനയാകും.
ക്വാറൻറീനിൽ കഴിയുന്നവരുടെ സത്യവാങ്മൂലം സഹിതം മറ്റൊരു പ്രതിനിധിക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്ന നിർദേശമാണ് ചിലർ മുന്നോട്ടുവെക്കുന്നത്. ഇത് ദുരുപയോഗപ്പെടുത്തപ്പെടില്ല എന്നതിനുമില്ല ഒരു ഉറപ്പും.
ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് ശക്തമായ കോവിഡ് ജാഗ്രതയാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിലെ സീറ്റുകൾക്ക് രണ്ടു മീറ്റർ അകലം നിർബന്ധമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ശേഷം കോവിഡ് പോസിറ്റിവായി, ക്വാറൻറീനിലായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവർക്ക് പ്രത്യേകകേന്ദ്രത്തിൽ പരിശീലനം നൽകണമെന്നാണ് നിർദേശം. ഇ.വി.എം പരിശോധനക്ക് കേരളത്തിന് പുറത്തുനിന്നെത്തുന്ന എൻജിനീയർമാരെ ആരോഗ്യവകുപ്പിെൻറ ക്വാറൻറീനിൽ പ്രവേശിപ്പിച്ച് കോവിഡ് 19 പരിശോധന നിർബന്ധമാക്കണമെന്ന് വെച്ചിട്ടുണ്ട്. പക്ഷേ, അതിനനുസരിച്ച് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ദിവസം നീട്ടിക്കൊടുക്കേണ്ടിവരും.
സ്ഥാനാർഥികളുടെ ഭവനസന്ദർശനത്തിന് കൂടെയുള്ളവരുടെ എണ്ണം അഞ്ചായി നിശ്ചയിച്ചെങ്കിലും സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റിവാണെന്നു വന്നാൽ ക്വാറൻറീനിൽ പോകണമെന്നുതന്നെയാണ് വിജ്ഞാപനത്തിലുള്ളത്. പക്ഷേ, ഇത് സ്ഥാനാർഥിയുടെ പരിശോധന റിപ്പോർട്ട് വന്നാൽമാത്രം നടപ്പാവുന്ന വിഷയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.