11 കൊല്ലമായി മാധ്യമപ്രവർത്തകനായി ഡൽഹിയിലാണ് മലപ്പുറം വേങ്ങര പൂച്ചോലമാട് സ്വദേശി സിദ്ദീഖ് കാപ്പൻ. എല്ലാ പെരുന്നാളിനും മുടങ്ങാതെ വീട്ടിലെത്തും. പെരുന്നാൾ തലേന്നോ പെരുന്നാളിൻറന്നോ വരുന്ന വരവിന് പൊലിവേറെ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്താൻ ചുരുങ്ങിയത് മൂന്ന് ദിവസം പിടിക്കും. അവിടന്ന് ട്രെയിൻ കയറി എന്ന് വിളിച്ചു പറയുന്ന നിമിഷം മുതൽ മക്കളുടെയും പ്രായമായ ഉമ്മയുടെയും മനസ്സിൽ പെരുന്നാൾ പിറതെളിയും. പൊന്നുമോെൻറ വരവും കാത്ത് ഉമ്മറത്ത് ഉമ്മ നിലയുറപ്പിച്ചിട്ടുണ്ടാവും. കുഞ്ഞുമോൾ മെഹനാസ് ഉപ്പ കൊണ്ടു വരാനിരിക്കുന്ന കല്ല് വെച്ച, തിളങ്ങുന്ന വള, മാല, ചെരിപ്പ്, മിഠായി എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി വട്ടം കൂടി നിൽക്കും. മൂത്ത രണ്ട് ആൺകുട്ടികൾ മസമ്മിലും സിദാനും ഉപ്പാക്കൊപ്പം പെരുന്നാൾ നമസ്കാരത്തിന് പോകാനുള്ള വണ്ടി കഴുകലും അനുബന്ധ കലാപരിപാടിയുമായി വീടിനു പുറത്ത്.
ഇക്ക ട്രെയിൻ കയറി എന്നറിയുന്ന നിമിഷം മുതൽ റൈഹാനത്തും ഒരുക്കങ്ങൾ തുടങ്ങും. പെരുന്നാളിൻറന്ന് ഉടുക്കാനുള്ള പുത്തൻ എടുത്ത് ഒരുക്കി വെക്കുന്നത് മുതൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗോതമ്പ് കറിക്കും ബിരിയാണിക്കും ആവശ്യമായ സാധനങ്ങൾ വാങ്ങലും അത് നേരാക്കലും, അരക്കൽ, പൊടിക്കൽ തുടങ്ങി അനുബന്ധ ജോലികളുമായി അടുക്കളയിൽ സജീവമാകും. നാട്ടിലെത്തിയാൽ പിന്നെ ബന്ധു വീടുകളിലേക്ക് പോകലും അവരിങ്ങോട്ട് വരലും. അഞ്ച് പെങ്ങന്മാരും ഒരു ജ്യേഷ്ഠനും അവരുടെ കുടുംബവുമൊക്കെയായി വീട് ആകെ ബഹളമയമാകും. വീട്ടിലെ ചെറിയ മോനായത് കൊണ്ടു തന്നെ എല്ലാവർക്കും പ്രിയപ്പെട്ടവനാണ് സിദ്ദീഖ്.
ഉപ്പ നാട്ടിൽ വരുന്ന ഒരു മാസമോ രണ്ടാഴ്ച്ചക്കാലമോ ആണ് ശരിക്കും മക്കൾക്ക് പെരുന്നാൾ. പക്ഷെ, ഇത്തവണത്തെ നോമ്പിനും പെരുന്നാളിനും മുൻവർഷത്തെ പെരുന്നാളിെൻറ പൊലിവില്ല. കുടുംബക്കാരെ കൊണ്ട് നിറഞ്ഞിരുന്ന വീട്ടിലിന്ന് രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരാലും മാധ്യമ പ്രവർത്തകരും വന്നുപോവുന്നു. ഭരണകൂടത്താൽ വേട്ടയാടപ്പെടുന്ന ഒരു മനുഷ്യാവകാശ പോരാളിയുടെ വീടാണിന്നത്.
ഉത്തർപ്രദേശിലെ ഹഥറാസ് പീഡനക്കൊല റിപ്പോർട്ട് ചെയ്യാനായി പോകവേയാണ് സിദ്ദീഖിനെ യോഗി ആദിത്യനാഥിെൻറ ഭരണകൂടം വേട്ടയാടി ജയിലിലടച്ചത്. രോഗിയാണെന്ന പരിഗണന പോലുമില്ലാതെ സിദ്ദീഖിനെ ജയിലിൽ ഉപദ്രവിച്ചു. ശരിയായ ഭക്ഷണവും വെള്ളവുമില്ലാതെ അദ്ദേഹം തളർന്നു. ജയിൽ കാൻറീനിൽ നിന്ന് കാശ് കൊടുത്ത് വാങ്ങിയ തൈരും കക്കരിക്കയും കഴിച്ചാണ് നോമ്പ് നോറ്റതും തുറന്നതും. ക്ഷീണിച്ചവശനായിരുന്നപ്പോഴും രാത്രി നമസ്കാരങ്ങൾ സിദ്ദീഖ് ഒഴിവാക്കിയിരുന്നില്ല.
ഒരു രാത്രിയിൽ വുളു എടുക്കാൻ ശുചിമുറിക്കടുത്തേക്ക് വേച്ചു വേച്ചു നടന്നു. അകത്ത് ആളുണ്ടായിരുന്നതിനാൽ പുറത്ത് കാത്തുനിൽക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ച്ചയിൽ താടിയെല്ലിന് പരിക്കേറ്റ സിദ്ദീഖിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് വ്യക്തമായി. പിന്നീടങ്ങോട്ടുള്ള അഞ്ച് ദിവസം കടുത്ത പീഡനമാണ് നേരിട്ടത്. ഒരു മൃഗത്തെ പോലെ തന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്നും പ്രാഥമിക കൃത്യങ്ങൾക്കുപോലും അനുവദിക്കുന്നില്ലെന്നും അങ്ങേയറ്റം അവശനായി കൊണ്ട് അടുത്തുണ്ടായിരുന്ന ഒരാളുടെ ഫോണെടുത്ത് വിളിച്ച് റൈഹാനത്തിനോട് പറഞ്ഞു: "റയേ... എനിക്ക് തീരെ വയ്യ.. എന്നെ ഇവിടുന്ന് മാറ്റാൻ വേണ്ട കാര്യങ്ങൾ വക്കീലിനോട് ചെയ്യാൻ പറയണം..."
സ്വയം നിയന്ത്രിക്കാനായില്ലെന്ന് ഭാര്യ റൈഹാന പറയുന്നു. മക്കളുടെ മുഖവും ഉമ്മാനെയും കുറിച്ചാലോചിച്ചപ്പോൾ പൊരുതാനുള്ള ഊർജം ലഭിച്ചു. എണ്ണമറ്റ ആളുകളുടെ പ്രയത്നം കൊണ്ടും, അതിലേറെ പേരുടെ പ്രാർഥന കൊണ്ടുമാണ് എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനെ തുടർന്ന് മൂത്ത മകനോടൊപ്പം റൈഹാന ഡൽഹിയിലെത്തിയെങ്കിലും പോലീസ് അനുവദിക്കാത്തിതിനാൽ സങ്കടത്തോടെ മടങ്ങേണ്ടി വന്നു. എയിംസിൽ വിദഗ്ധ ചികിത്സ ആരംഭിക്കും മുൻപ് കോടതിയെ കബളിപ്പിച്ച് സിദ്ദീഖിനെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുകയും ചെയ്തു അധികാരികൾ.
പൊന്നുമോൻ എന്ന് വരുമെന്ന പ്രതീക്ഷയിൽ ഉരുകിയൊലിച്ച ഉള്ളും നേരിയ ശ്വാസവുമായി തൊണ്ണൂറ് കടന്ന സിദ്ദീഖിെൻറ വൃദ്ധ മാതാവ് വാട്ടർ ബെഡിൽ കിടക്കുകയാണ്.
എട്ട് മാസം മുമ്പ് വന്ന് പോകുമ്പോൾ മെഹനാസ് ഉപ്പാനോട് ഇനി വരുമ്പോൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട നിറച്ചായങ്ങളെയും കളർ പെൻസിലുകളെയും കാത്ത്, ഇതുവരെ ചിത്രങ്ങളൊന്നും വരക്കാത്ത ആ മോള് താൻ വരച്ച ഉപ്പയുടെ ചിത്രവും പിടിച്ച് വീടിന്റെ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്. വലത്തെ ൈകയിൽ വലിയൊരു ബാഗും തോളിൽ മറ്റൊരു ബാഗും തൂക്കി വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നിറഞ്ഞ പുഞ്ചിരിയുമായി ഉപ്പ വീട്ടിലേക്ക് കയറി വരുന്നതും കാത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.