representative image

ജലം, പകരംവെക്കാനില്ലാത്ത വിഭവം

വീട്ടുമുറ്റത്തെ കിണർ വറ്റുന്നതുവരെ വെള്ളത്തിന്റെ വില പലർക്കും മനസ്സിലാകാറില്ല. നൂറു കൊല്ലം മുമ്പ് ഉപയോഗിച്ചതിന്റെ ആറിരട്ടി വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. നയാഗ്രയേക്കാൾ ഇരട്ടി ഉയരമുള്ള, ആഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേപ്ടൗൺ മുതൽ ബംഗ്ലൂർ വരെയുള്ള നഗരങ്ങൾ ദാഹിച്ചുവലയുന്നു. ലോകത്ത് പത്തിൽ എട്ടു പേർക്കും ജലം ആവശ്യാനുസരണം ലഭിക്കുന്നില്ല. ശുദ്ധജലക്ഷാമം അതിരൂക്ഷമായ 10 രാജ്യങ്ങളും ഏഷ്യയിലാണ്.

2030ൽ നേടിയെടുക്കുവാൻ ഐക്യരാഷ്ട്ര സഭ ലക്ഷ്യമിട്ട പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് 'ഏവർക്കും ശുദ്ധജലം, ശുചിത്വ പൂർണമായ ജീവിതം' എന്നത്. ഭൂമിയിലാകെയുള്ള 1.386 ബില്യൺ ക്യൂബിക് കിലോമീറ്റർ വ്യാപരിച്ചുകിടക്കുന്ന ജലത്തിൽ 97 ശതമാനവും സമുദ്രത്തിലാണല്ലോ. ബാക്കി വരുന്നതിൽ മഞ്ഞുമലകളും കഴിഞ്ഞ് ശേഷിക്കുന്ന ശുദ്ധജലത്തിൽ 30.1 ശതമാനം ഭൂഗർഭ അറകളിലാണുള്ളത്. ഒരു 'ജലയുദ്ധം' ആസന്നമായ ലോകത്തിന് പ്രതീക്ഷ ബാക്കിയുള്ളത് ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ഭൂഗർഭജലത്തിലാണ്. വരുംതലമുറക്ക് വെള്ളം കുടിക്കണമെങ്കിൽ ഭൂഗർഭജലം കൈയൊതുക്കത്തോടെ സംരക്ഷിച്ചേ മതിയാവൂ.

കണ്ടെത്താം, കാണാമറയത്തുനിന്ന്

'കാണാമറയത്തെ ഭൂഗർഭജലത്തെ ദൃശ്യമാക്കുക' എന്നതാണ് ഈ വർഷത്തെ ജലദിന സന്ദേശം. 1992 ബ്രസീലിലെ റിയോ ഡെ ജനീറോയിൽ നടന്ന ആഗോള പരിസ്ഥിതി സമ്മേളനത്തിലാണ് ജലദിനം ആഘോഷിക്കാനുള്ള ചർച്ച ആദ്യമായി തുടങ്ങിയത്. 1993ൽ ഐക്യരാഷ്ട്രസഭ ഇത് അംഗീകരിച്ച് മാർച്ച് 22 ലോക ജലദിനമായി നിശ്ചയിച്ചു.

മനുഷ്യനും കാലാവസ്ഥ വ്യതിയാനവും വൻ സമ്മർദമാണ് ഭൂഗർഭ ജലസ്രോതസ്സുകളിൽ വരുത്തുന്നത്. വെള്ളത്തിന്റെ ആവശ്യം 50% വർധിക്കുമ്പോൾ ഭൂഗർഭജലം 30% കുറഞ്ഞുവരുന്നു. നിലവിൽ ഉപയോഗം 19% വർധിച്ചിരിക്കുകയാണ്.

256 ജില്ലകൾ കടുത്ത ശുദ്ധജലക്ഷാമത്തിൽ

ഭൂമിയിലെ ശുദ്ധജലത്തിന്റെ നാലു ശതമാനം മാത്രമുള്ള ഇന്ത്യയിൽ ഇത് ഉപയോഗിക്കാനുള്ളത്, ലോകജനസംഖ്യയുടെ 18 ശതമാനം വരുന്ന മനുഷ്യരും 15 ശതമാനം വരുന്ന കന്നുകാലികളുമാണ്. 1999 ബില്യൺ ക്യുബിക്ക് മീറ്റർ വെള്ളമാണ് രാജ്യത്ത് വർഷത്തിൽ ലഭിക്കുന്നത്. 10360 നദികളുള്ള രാജ്യത്തെ 256 ജില്ലകൾ കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കുന്നു. ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 82 ശതമാനം ഗ്രാമീണർക്കും കുടിവെള്ളത്തിന് പൈപ്പ് കണക്ഷനില്ല.

70% ഉപരിതല വെള്ളവും മലിനമാണ്. 1951ൽ ഇന്ത്യയിൽ വ്യക്തികൾക്ക് 5177 ക്യുബിക്ക് മീറ്റർ ശുദ്ധജലം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ 1545 ക്യുബിക്ക് മീറ്ററാണ്. 2050ൽ ഇത് 1140 ക്യുബിക്ക് മീറ്ററായും കുറയും. ജല ഗുണനിലവാര സൂചികയിൽ 122 രാജ്യങ്ങളിൽ 120ാം സ്ഥാനമാണ് ഇന്ത്യക്ക്. ജലലഭ്യത സൂചികയിൽ 188 രാജ്യങ്ങളിൽ 133ാം സ്ഥാനവും. രാജ്യത്ത് പത്ത് ദുരന്തങ്ങളിൽ ഒൻപതും വെള്ളവുമായി ബന്ധപ്പെട്ടതാണ്. 7500 കിലോമീറ്റർ കടൽത്തീരത്ത് രണ്ടു മുതൽ മൂന്നു മില്ലിമീറ്റർ വരെ കടൽ കയറുന്നു. 2012ലെ ദേശീയ ജലനയ പ്രഖ്യാപനവും 2019ൽ ആരംഭിച്ച ജലശക്തി അഭിയാൻ പദ്ധതിയും ജൽ ജീവൻ മിഷനുമാണ് പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ.

കേരളത്തിൽ ഭൂഗർഭജല ചൂഷണം പാരമ്യത്തിൽ

നഗരവത്കരണം യാഥാർഥ്യമായ കേരളത്തിൽ ശുദ്ധജല ക്ഷാമത്തിന് കാരണമാകുന്ന എല്ലാ ഘടകങ്ങളും പ്രകടമാണ്. ശുദ്ധജലത്തിന് വേണ്ടി കേഴുന്ന പ്രദേശങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നു. എൺപത് ശതമാനം രോഗങ്ങളും ജലജന്യരോഗങ്ങളാണ് എന്ന വസ്തുത കണക്കിലെടുത്ത് മുഴുവൻ ശുദ്ധജലസ്രോതസ്സുകളും മാപ്പോത്തോൺ ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷിക്കേണ്ടതുണ്ട്. കിണറുകൾ ആവുന്നത്ര താഴ്ത്തിയും കുഴൽ കിണറുകൾ കുഴിച്ചു ഭൂഗർഭജലം ചൂഷണം ചെയ്യുന്നതിലൂടെ ജലക്ഷാമം ഏറ്റവും കൂടുതൽ നേരിടുന്ന സംസ്ഥാനമാണ് കേരളം.

44 നദികൾ ഉണ്ടായിട്ടും വളർച്ച ബാധിത പ്രദേശമാണിവിടം. 135 ലിറ്റർ എന്ന പ്രതിദിന ഉപയോഗ മാനദണ്ഡത്തിനുമപ്പുറം, 550 ലിറ്ററിലധികമാണ് ഇവിടത്തെ ഉപയോഗം. 33 ശതമാനം കേരളീയർക്ക് മാത്രമേ ജല അതോറിറ്റി മുഖേന പൈപ്പിലൂടെ കുടിവെള്ളം എത്തുന്നുള്ളൂ. 3000 മി. മി മഴ ലഭിക്കുന്ന കേരളത്തിൽ മണ്ണിന്റെ ഭൗതിക രാസഘടന, ഉപരിതല പ്ലവനത, ഭൂമിയുടെ ഭൗതിക സ്വഭാവം എന്നിവ അനുകൂലമായിട്ടും കേരളത്തിൽ ഭൂഗർഭജലവിതാനം ഉയർത്തുവാൻ കഴിയുന്നില്ല. ജലഗോപുരമായ പശ്ചിമഘട്ടം ഉണ്ടായിട്ടും കേരളത്തിൽ വരൾച്ച എന്തുകൊണ്ട് സംഭവിക്കുന്നു? രണ്ടു ദശകങ്ങൾക്കുമുമ്പ് പശ്ചിമഘട്ടത്തിൽ പെയ്ത മഴയുടെ മൂന്നിൽ രണ്ടു ഭാഗവും ഭൂഗർഭ അറയിലേക്കായിരുന്നു എത്തിയത് എങ്കിൽ ഇന്ന് അത് അറബിക്കടലിലാണ് പതിക്കുന്നത്. സംസ്ഥാനത്തെ 36 ശതമാനം ജലസ്രോതസ്സുകളും മലിനമാണ്. പ്രളയത്തിനുശേഷം ഉപരിതല മണ്ണ് വ്യാപകമായി ഒലിച്ചു പോയതിനാൽ ജലം ഭൂമിയിലേക്ക് താഴുന്നില്ല.

ഇനിയെന്ത് ?

മൈക്രോ ഇറിഗേഷൻ, ഡ്രിപ്പ് ഇറിഗേഷൻ എന്നിവയിലൂടെ സംസ്ഥാനത്ത് ശുദ്ധജലത്തിന്റെ കാർഷിക മേഖലയിലെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. 'മുകളിൽനിന്ന് താഴേക്ക്' എന്ന സമീപനത്തിലൂടെ വെള്ളം ശേഖരിച്ച് നീർത്തട വികസനം യാഥാർഥ്യമാക്കണം. ഗോവൻ മാതൃകയായ ബന്ധാർ സ്കീം നടപ്പിലാക്കണം. ജല ബജറ്റ്, ജല ഓഡിറ്റ് എന്നിവ ഏറ്റെടുത്ത് നടത്തണം. ഭൂമിയുടെ അടിയിൽ തടയണയുണ്ടാക്കിയും കോണ്ടൂർ ബണ്ട് പ്രാവർത്തികമാക്കിയും ഭൂമിയിലെ ന്യൂറോ ബ്ലോക്കുകൾ ശാസ്ത്രീയമായി ഇല്ലാതാക്കിയാൽ വെള്ളം ഒരളവുവരെ സംരക്ഷിക്കാനാകും.

ആയിരം ചതുരശ്ര അടി മേൽക്കൂരയിൽ ഒരിഞ്ച് മഴയിൽനിന്ന് 2358 ലിറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കും. ഓരോ പ്രദേശത്തെയും വെള്ളത്തിന്റെ ഡേറ്റ ശേഖരിച്ച് പ്രസിദ്ധീകരിക്കണം. ഇപ്പോൾ 39% ശുദ്ധജലം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു ഉപയോഗിക്കുന്നത് കാലക്രമേണ കുറച്ചുകൊണ്ടു വരണം. ലോകത്ത് ഒഴുകുന്ന വെള്ളത്തിന്റെ 14% മാത്രമേ തടഞ്ഞുവെക്കുന്നുള്ളു. പുതിയ ഡാമുകൾ വികസിത രാജ്യങ്ങളിൽ മാത്രമേ നിർമിക്കുന്നുള്ളൂ. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും കുടിവെള്ള ക്ഷാമം 40 % വർധിക്കും. ഇത് നേരിടാൻ ഓരോ മനുഷ്യനും ജലം ഫലപ്രദമായി ഉപയോഗിക്കുകയും ഭൂമിയിൽ പതിക്കുന്ന ഓരോ തുള്ളി ജലവും സംഭരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂ എന്നാണ് ജലദിനം നൽകുന്ന സന്ദേശം.

Tags:    
News Summary - Water, an irreplaceable resource

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.