മഹാത്മാ അയ്യൻകാളിയുടെ ചിത്രത്തിൽനിന്ന് തലവെട്ടിയെടുത്ത് പട്ടിയുടെ ചിത്രത്തിലൊട്ടിച്ച സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ട് ഒരുമാസത്തിലേറെയായി. നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താൻ ഒരു ശ്രമവും കേരളത്തിലെ പൊലീസ് സേന ഇനിയും തുടങ്ങിയിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ. മലയാളിയെ മനുഷ്യരാക്കാൻ ശ്രമിച്ച നായകരെ വെട്ടിമാറ്റാനും ഒതുക്കാനും പണ്ടുതൊട്ടേ തുടരുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ സമൂഹമാധ്യമ അധിക്ഷേപവും കുറ്റവാളികളെ കണ്ടെത്തുന്നതിൽ പൊലീസ് പുലർത്തുന്ന അലംഭാവവും. മഹാത്മാ അയ്യൻകാളിയെ പുലയരെന്ന ഒറ്റജാതിയുടെ നേതാവാക്കാനും ശ്രീനാരായണ ഗുരുവിനെ ഈഴവരുടെയും തീയരുടേയും ആത്മീയഗുരുവാക്കിച്ചുരുക്കാനും അയ്യാവൈകുണ്ഠരെ നാടാർ നേതാവാക്കിയൊതുക്കാനുമുള്ള കർസേവകൾ ഏറെക്കാലമായി ഇവിടെ നടമാടുന്നുണ്ട്, പകരം ജാതിഹിന്ദുനേതാക്കളെ നവോത്ഥാന നായകരായി പ്രതിഷ്ഠിക്കുന്നു. സത്യനീതിവിരുദ്ധമായി മാറുകയാണ് കേരളത്തിലെ അധീശ ജാതിഹിന്ദുവ്യവഹാരം.
1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സനാതനവൈദികവർണാശ്രമത്തെ തള്ളിക്കൊണ്ട് കേരളത്തെ ജാതിമതഭേദമില്ലാത്ത മാതൃകാസ്ഥാനമായി നൈതികഭാവന ചെയ്ത് അടിത്തറപാകി ലോകത്തിനു ജനായത്ത വിദ്യാഭ്യാസ സംഘടനാസന്ദേശം അരുളിയ ഗുരുവിൽനിന്നാണ് അയ്യൻകാളി പ്രചോദനം നേടിയത്. തന്റെ പള്ളിക്കൂട, വില്ലുവണ്ടി, സഞ്ചാരസ്വാതന്ത്ര്യ, കല്ലുമാല സമരപരമ്പരകളിൽ ഗുരുവിനെയും ആശാനേയും നേരിട്ടുകണ്ടു ചർച്ചകൾ നടത്തി. വർക്കലയിലെ പൊതുവിട പ്രവേശന, പ്രാതിനിധ്യ മഹായോഗത്തിൽ പങ്കെടുത്താണ് അയ്യൻ തിരുവിതാംകൂറിനെ മാനവികവും ആധുനികവുമാക്കിയത്. മൂലൂരിന്റെയും ആശാന്റെയും ആംഗലഡയറികളിൽ അയ്യൻകാളിയുമായുള്ള കൂടിക്കാഴ്ചകളും ഒന്നിച്ചുള്ള ദലിതരുടെ മഹായോഗങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഗുരു മുന്നോട്ടുവെച്ച വിദ്യാഭ്യാസ, സംഘടനാ നൈതിക സന്ദേശങ്ങളെ അടിസ്ഥാന ജനതയുടെ ജീവിതസമരമാക്കിയത് അയ്യനാണ്.
വൈക്കം പോരാട്ടഭൂമികയിൽ 1924ൽ മാനവികവും ജനായത്തപരവുമായ പ്രാതിനിധ്യവാദമുന്നയിച്ച ഗുരു, മനുഷ്യരെന്ന നിലയിൽ പ്രവേശനം നിഷേധിക്കുന്നിടത്തെല്ലാം കടന്നുകയറണമെന്നും ഏതുപന്തിയിലും കടന്നിരിക്കണമെന്നും പറഞ്ഞത് വാക്കിലും നോക്കിലും ജാതി കൊണ്ടുനടക്കുന്ന സകലരെയും പ്രകോപിപ്പിച്ചു. വൈക്കത്ത് 1920കളിൽ ഗുരുവിന്റെ റിക്ഷാവണ്ടിയും തടഞ്ഞു ഇണ്ടൻതുരുത്തി നമ്പ്യാതിരിയുടെ കാലാളുകൾ.
മൂലൂർ സാഹോദര്യം, ചിദംബരംപിള്ളക്കുള്ള മറുപടി എന്നിങ്ങനെ രണ്ടു കവിതകളിലൂടെ അതിനെ ചരിത്രവൽക്കരിച്ചു. “വേമ്പനാട്ടുകായലിൽ മുങ്ങിമരിക്കാനുമിണ്ടംതുരുത്തിതൻ ചീട്ടുകിട്ടണോ” എന്നും നിരത്താവേലിപ്പത്തലുകളെന്നും മൂലൂർ കവിതയിലെഴുതി. ഗുരുവിനും തീണ്ടലോ എന്നു ഗർജിച്ചുകൊണ്ടാണ് ടി.കെ. മാധവൻ തിരുനെൽവേലിയിലും കാക്കിനാഡയിലുമെല്ലാം പോയി വൈക്കം ജാതിവിരുദ്ധപോരാട്ടം ദേശീയസ്വാതന്ത്ര്യസമരത്തിൻഭാഗമാക്കിയത്. ഗാന്ധി ആദ്യം അനുമതി നിഷേധിച്ച ഈ സമരത്തിനായി ഗാന്ധിയെയും കോൺഗ്രസിനെയും പെരിയോരേയും വൈക്കത്തു കൊണ്ടുവന്നുതളച്ചു എന്നതാണ് ടി. കെ. മാധവന്റെ മികവ് എന്ന് സഹോദരൻ അയ്യപ്പൻ വിലയിരുത്തിയിട്ടുണ്ട്.
ബ്രാഹ്മണ്യത്തിൽനിന്നു കേരളത്തെ മോചിപ്പിച്ച് മതേതര മാനവികസന്ദേശം പ്രാവർത്തികമാക്കിയ ഗുരുവിനെ ഇകഴ്ത്താനും ഗുരുശില്പങ്ങൾ തകർക്കാനും നടത്തിയിരുന്ന കുത്സിത ശ്രമങ്ങളുടെ തുടർച്ചയാണ് അയ്യൻകാളിയെ അപമാനിക്കുന്നതിലൂടെ നടപ്പിലാക്കുന്നത്. സംശയാസ്പദമായ സൈബർ ആക്ടിവിറ്റികൾ കണ്ടെത്താനുള്ള നൂതന സാങ്കേതിക വിദ്യകളെല്ലാം സ്വായത്തമാക്കിയിട്ടുള്ള കേരളത്തിന്റെ പൊലീസ് സേനക്ക് ഈ പോസ്റ്റിനു പിന്നിൽ ആരാണെന്ന കാര്യം മാത്രം കണ്ടെത്താനാവുന്നില്ല എന്നത് കഴിവുകേടിലുപരി ജാതി കേരള മനഃസ്ഥിതിയുടെ പ്രതിഫലനം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.