നടപടിക്രമങ്ങളെ തകിടം മറിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഹൃദയഭാഗത്തെ നിർമിതികളെ ചവിട്ടിമെതിക്കാൻ പ്രധാനമന്ത്രി ഒരുെമ്പട്ടിറങ്ങുേമ്പാൾ ഏവരും തികഞ്ഞ ഭയപ്പാടിലാണ്. സെൻട്രൽ വിസ്റ്റ എന്ന് പേരിട്ടുവിളിക്കുന്ന അതിവിനാശകരമായ നഗരപുനർനിർമാണ പദ്ധതി യാഥാർഥ്യമായാൽ ല്യൂട്ടൻസ് സോൺ എന്നറിയപ്പെടുന്ന മേഖല പരിപൂർണമായി ഇല്ലാതാവും. സുപ്രീംകോടതിയിൽ നിയമപരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കെ തന്നെ നേരായ ആസൂത്രണമില്ലാത്ത പദ്ധതിക്ക് അടിത്തറയും പാകിയിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പൊതുജനാഭിപ്രായത്തോട് പൂർണമായി പുറംതിരിഞ്ഞു നിൽക്കുന്ന, ഭരണഘടനാസ്ഥാപനങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന തെൻറ പതിവ് രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഡിസംബർ പത്തിന് പുതിയ പാർലമെൻറ് മന്ദിരത്തിെൻറ ശിലാപൂജയും നിർവഹിച്ചത്. സെൻട്രൽ വിസ്റ്റ പദ്ധതിയിലെ ആദ്യ നിർമിതിയായി 971കോടി ചെലവിട്ട് പണിയുന്ന പുതിയ പാർലമെൻറ് മന്ദിരം 2022ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മന്ദിരത്തിൽ എല്ലാ പാർലമെൻറ് അംഗങ്ങൾക്കും ഇരിപ്പിടമൊരുക്കും. ഇന്ത്യയുടെ ഭരണഘടനാ പൈതൃകം എടുത്തുകാട്ടുന്ന പടുകൂറ്റൻ കോൺസ്റ്റിറ്റ്യൂഷൻ ഹാളും ഇവിടെയുണ്ടാവും.
ഇതൊരു പരിധിവിട്ട പദ്ധതിയുടെ തുടക്കമാണ്. െറയിൽ ഭവൻ, കൃഷി ഭവൻ, ശാസ്ത്രി ഭവൻ, ഉദ്യോഗ് ഭവൻ, ശ്രംശക്തി ഭവൻ, സേനാഭവൻ, വായുഭവൻ, ജവഹർലാൽ നെഹ്റു ഭവൻ എന്നിങ്ങനെ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ അതിർത്തിയിലുള്ള സുപ്രധാന സർക്കാർ കെട്ടിടങ്ങളെല്ലാം ഇതോടെ നിലംപരിശാവും. പല കെട്ടിടങ്ങൾക്കും ഒരു പതിറ്റാണ്ടു പോലും പഴക്കമില്ലെന്നിരിക്കെയാണ് അവയെല്ലാം മുച്ചൂടും തകർത്ത് സമഗ്രമായ പുതിയൊരു സെക്രേട്ടറിയറ്റ് സമുച്ചയം പണിയാനൊരുങ്ങുന്നത്.
നാഷനൽ മ്യൂസിയം, ഇന്ദിരഗാന്ധി നാഷനൽ സെൻറർ ഫോർ ആർട്സ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളും പൊളിയുടെ വക്കിലാണ്. പ്രധാനമായും സർക്കാർ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റർ മേഖല പൂർണമായി മാറ്റിപ്പണിയുന്ന പദ്ധതിയിൽ പ്രധാനമന്ത്രിക്കും വൈസ് പ്രസിഡൻറിനും പുതിയ ഒൗദ്യോഗിക വസതികളും ഉയരും.
അതിഗോപ്യമായാണ് കാര്യങ്ങളുടെ നീക്കമെന്നതിനാൽ പല സംഗതികളെക്കുറിച്ചും തികഞ്ഞ അവ്യക്തതയാണ്. ജനങ്ങൾക്ക് സ്വതന്ത്രമായി കയറിച്ചെന്ന് സമയം ചെലവിടാൻ കഴിയുമായിരുന്ന ഇന്ത്യഗേറ്റിലെ പുൽത്തകിടികൾക്കും സാംസ്കാരികകേന്ദ്രങ്ങളായ ദേശീയ മ്യൂസിയത്തിനും സെൻറർ ഫോർ ആർട്സിനും എന്തു സംഭവിക്കുമെന്ന കാര്യം പോലും ആർക്കുമറിയില്ല. ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമല്ലെങ്കിലും പൊതുഖജനാവിൽ കഷ്ടപ്പെട്ട് സ്വരൂപിച്ച 20,000 കോടി രൂപ ഇതിനായി ചെലവിടുമെന്നാണ് വിലയിരുത്തൽ. 2024ൽ അതായത് അടുത്ത പൊതുതെരഞ്ഞെടുപ്പ് വേളയിൽ പദ്ധതി പൂർത്തിയാകുമെന്നും.
ഇത്ര പ്രാധാന്യമുള്ള, അതി ബൃഹത്തായൊരു പദ്ധതി നടപ്പാക്കുംമുമ്പ് പൊതുജനാഭിപ്രായം തേടലോ സെമിനാറുകളോ പ്രദർശനങ്ങളോ വഴി നൽകേണ്ട പൊതു ബോധവത്കരണമോ ഒന്നുമില്ലാതെ വെപ്രാളപ്പെട്ട് കാര്യങ്ങൾ ചെയ്തുകൂട്ടുന്നത് അമ്പരപ്പുളവാക്കുന്നുണ്ട്. അതിനാൽ, പദ്ധതിയെക്കുറിച്ച കൃത്യമായ വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ല. സമൂഹമാധ്യമങ്ങളിൽ കുറെയേറെ എഴുതപ്പെടുന്നുണ്ട് പക്ഷേ, ഔദ്യോഗികമായി വെളിപ്പെടുത്തിയവയല്ല അതിലേറെയും. രഹസ്യനീക്കങ്ങൾ 2015ൽ തന്നെ തുടങ്ങിയെങ്കിലും 2019 സെപ്റ്റംബർ രണ്ടിന് പദ്ധതിച്ചെലവും രൂപകൽപനയും സംബന്ധിച്ച ലേലവിജ്ഞാപനം പുറത്തുവിട്ടതോടെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ആറ് വൻകിട ഏജൻസികൾക്ക് മാത്രം അവസരം ലഭിക്കും വിധമായിരുന്നു യോഗ്യത നിജപ്പെടുത്തിയിരുന്നത്. വെറും ആറാഴ്ച കൊണ്ട് കാര്യങ്ങൾ തീർപ്പാക്കി, 2019 ഒക്ടോബർ 18ന് അഹ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച്.സി.പി ഡിസൈൻ, പ്ലാനിങ് ആൻഡ് മാനേജ്മെൻറ് എന്ന സ്ഥാപനത്തിന് കരാറും നൽകി.
60 ശതമാനം പൊതു ആവശ്യങ്ങൾക്കും 40 ശതമാനം പൊതു-സർക്കാർ ആവശ്യങ്ങൾക്കുമെന്ന ഭൂവിനിയോഗ അനുപാതം അഞ്ചു ശതമാനം െപാതു ആവശ്യങ്ങൾക്കും 95 ശതമാനം സർക്കാർ ആവശ്യങ്ങൾക്കുമായി ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) പുനർനിശ്ചയിച്ചതോടെയാണ് അപായമണി മുഴങ്ങിയത്. പൊതുപാർക്കുകൾ, കുട്ടികളുടെ കളിയിടങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പൊതുസ്ഥലങ്ങൾപോലും സർക്കാർ ആവശ്യങ്ങൾക്കായി തരംമാറ്റപ്പെടുമെന്ന അറിയിപ്പും പുറത്തുവന്നു. അങ്ങനെയാണ് പദ്ധതിക്കെതിരായ ആദ്യ പൊതുതാൽപര്യ ഹരജി കോടതിയിലെത്തുന്നത്. സ്വതന്ത്രമായ പൊതു ഇടങ്ങൾ എന്ന 21ാം വകുപ്പ് പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി രാജീവ് സൂരിയാണ് പരാതി നൽകിയത്. ഇതുപോലൊരു പദ്ധതി നടപ്പാക്കും മുമ്പ് വേണ്ട നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാരോപിച്ച് 'ലോക്പഥ്' എന്ന പൗരസംഘടനയും ഹരജി നൽകി. മേഖലയുടെ പൈതൃകസംരക്ഷണത്തെ തകിടംമറിക്കുന്നതിനെതിരെ പ്രമുഖ വാസ്തുശിൽപി എ.ജി.കെ. മേനോനും സംഘവും കോടതിയെ സമീപിച്ചു.
വിഷയം സുപ്രീംകോടതിയിൽ നിൽക്കെ, അതിലേറെ രാജ്യം മുഴുവൻ കോവിഡ് സൃഷ്ടിച്ച അങ്കലാപ്പിലും ലോക്ഡൗണിലുംപെട്ട് നട്ടംതിരിയവെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതിപത്രം പുറപ്പെടുവിച്ചു. 1200ലേറെ എതിർപ്പുകൾ നിലനിൽക്കെ പരിസ്ഥിതി ആഘാതപഠനമോ പൊതു അഭിപ്രായസമന്വയമോ ഒന്നുമില്ലാതെ തികച്ചും തന്നിഷ്ടപ്രകാരം ഒരു ക്ലിയറൻസ്. സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടെ സെപ്റ്റംബർ 2020ൽ പുതിയ പാർലമെൻറ് മന്ദിരം നിർമാണത്തിനുള്ള കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റിഡിനു നൽകി. 2020 നവംബർ അഞ്ചിന് കോടതി വിധി പറയാൻ മാറ്റി.
സുപ്രീംകോടതി തീരുമാനത്തിനുപോലും കാത്തുനിൽക്കാതെ പുതിയ പാർലമെൻറ് കെട്ടിടത്തിെൻറ തറക്കല്ലിടൽ ഡിസംബർ 10ന് നടക്കുമെന്നും പ്രധാനമന്ത്രി ഭൂമിപൂജ നിർവഹിക്കുമെന്നും അഞ്ചു ദിവസം മുമ്പ് സ്പീക്കർ ഓം ബിർല പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിൽ അരിശംപൂണ്ട സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടു. ജസ്റ്റിസ് എ.എം. ഖൻവിൽകറുടെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ച് നിർമാണമോ കെട്ടിടംപൊളിയോ മരംമുറിയോ നടത്തരുതെന്ന് സർക്കാറിനോട് നിർദേശിച്ചു. എന്നാൽ, പദ്ധതിക്കാവശ്യമായ കടലാസ് ജോലികൾ നടത്താനും ശിലാസ്ഥാപനം നിർവഹിക്കാനും ഡിസംബർ ഏഴിന് കോടതി അനുമതിയും നൽകി. പ്രധാനമന്ത്രിതന്നെ ആചാരങ്ങളും ഭൂമി പൂജയുമെല്ലാം നിർവഹിച്ച സ്ഥിതിക്ക് ഇത് സുപ്രീംകോടതി വിധിയിൽ സ്വാധീനമുണ്ടാക്കില്ലേ എന്നാണ് ചോദ്യമുയരുന്നത്.
പുതിയ പാർലമെൻറ് മന്ദിരം പുതിയ ഇന്ത്യയുടെ സ്വപ്നങ്ങളുടെ പ്രതിഫലനമാകുമെന്നാണ് ഭൂമിപൂജക്കു ശേഷം നടത്തിയ നെടുങ്കൻപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, കാപട്യം മുറ്റിയതാണ് ആ വാക്കുകളെന്നും ജനാധിപത്യവിരുദ്ധവും സ്വേച്ഛാപരവുമായി പ്രവർത്തിച്ച പാരമ്പര്യം മാത്രമാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷം മറുപടി നൽകി.
പാർലമെൻറ് മന്ദിരമെന്നത് കുറെ കല്ലുകളും സിമൻറ് കൂട്ടുമല്ലെന്നും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും രാഷ്ട്രീയ സാമൂഹികസമത്വവും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് അതെന്നും ചൂണ്ടിക്കാട്ടിയ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല, രാജ്യത്തെ 130 കോടി ജനങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന സാഹോദര്യവും സഹാനുഭൂതിയും ഉൾപ്പെടെയുള്ള മൂല്യങ്ങളുടെ അവശിഷ്ടങ്ങൾക്കുമേൽ പണിയുന്ന കെട്ടിടം എന്തിെൻറ പ്രതീകമാണെന്നും തുറന്നുചോദിച്ചു. ഉദാരജനാധിപത്യ മൂല്യങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾക്കു മീതെയാണ് പുതിയ പാർലമെൻറ് കെട്ടിടം പണിതുയർത്തുന്നതെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ആരോപിച്ചു. പാവങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങൾ പിടിച്ചുപറിക്കുന്ന മോദി സർക്കാർ മാനവികതക്കെതിരായ കുറ്റകൃത്യമാണ് ചെയ്തു കൂട്ടുന്നത് എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആക്ഷേപം. യുവജനങ്ങൾക്ക് ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുപോലും തടസ്സം നിൽക്കുന്ന മോദി ജനാധിപത്യ മൂല്യങ്ങളെയും സംസ്കാരത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും ജനാധിപത്യത്തെയും എതിർശബ്ദങ്ങളെയും ഞെരിച്ചില്ലാതാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദ്യം ചെയ്തു.
ഈ ലേഖികയുമായി സംസാരിച്ച നിരവധി വാസ്തുശിൽപ- നഗരനിർമാണവിദഗ്ധരും ദുരൂഹമാംവിധം അടിച്ചേൽപിക്കുന്ന ഈ പദ്ധതിക്കെതിരെ വിരൽചൂണ്ടി. വിനാശകരമായൊരു കുംഭകോണമാണ് നടപ്പാക്കാനൊരുങ്ങുന്നതെന്ന് ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ 14ാം നൂറ്റാണ്ടിൽ ഡൽഹിയിൽനിന്ന് ദൗലത്താബാദിലേക്ക് തലസ്ഥാനം പറിച്ചുനടാൻ നോക്കിയ മുഹമ്മദ് ബിൻ തുഗ്ലകിേൻറതിനു സമാനമായ കിറുക്കൻ ആശയമാണിതെന്ന് മറ്റു ചിലർ വിശേഷിപ്പിക്കുന്നു. മോദിയും തുഗ്ലകും നടപ്പാക്കിയ മറ്റൊരു പരിഷ്കരണത്തിനും വലിയൊരു സദൃശ്യതയുണ്ട്. പൊടുന്നനെയൊരുനാൾ ആയിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകൾ അസാധുവാക്കിയ മോദിയുടെ നോട്ടുനിരോധംപോലെ ഒരിക്കൽ നിലവിലുണ്ടായിരുന്ന സ്വർണം, വെള്ളി നാണയങ്ങൾക്ക് പകരമായി തികച്ചും അശാസ്ത്രീയമായി ചെമ്പു കൊണ്ടുള്ള ടാങ്ക എന്ന നാണയം നടപ്പാക്കിയിരുന്നു തുഗ്ലക്. അതിവിനാശകരമായി മാറിയ പദ്ധതി കേവലം എട്ടുനാൾ കൊണ്ട് പിൻവലിച്ചെങ്കിലും അത് അദ്ദേഹത്തിെൻറ സാമ്രാജ്യത്തെ തന്നെ കുളംതോണ്ടി എന്നതാണ് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.