അമൃത്സറിലെ ഖൈറുദ്ദീൻ മസ്ജിദ് -നരീന്ദൻ നാനു-എ.എഫ്.പി

'നമ്മുടെ' ഇടങ്ങൾ 'ഞങ്ങളുടേ'തായി ചുരുങ്ങുമ്പോൾ

വിഖ്യാത ചലച്ചിത്ര അഭിനേതാവും സംവിധായകനും നിർമാതാവുമായിരുന്ന അശോക് കുമാർ 1947ൽ ഇന്ത്യ വിഭജനത്തിന് തൊട്ടുപിന്നാലെ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു- 'മജ്ബൂർ' എന്ന പേരിൽ. അഭിനേതാക്കളും അണിയറക്കാരുമായി നജ്മീർ അജ്മീരി, കമാൽ അംറോഹി, മുനവ്വർ സുൽത്താന, സാദത്ത് ഹസ്സൻ മന്റോ, ഇസ്മത് ചുഗ്തായി, അവരുടെ ഭർത്താവ് ശാഷിദ് ലത്തീഫ്, ഗുലാം ഹൈദർ എന്നിവരൊക്കെയുണ്ടായിരുന്നു. വിഭജനവേളയിൽത്തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിനെ ധീരതയായി പലരും വാഴ്ത്തി, ബുദ്ധിശൂന്യമായ സാഹസികതയെന്ന് പറഞ്ഞവരുമുണ്ട്.

ഓൾ ഇന്ത്യ റേഡിയോയുടെ ഭാഷ കടമെടുത്താൽ 'സംഘർഷഭരിതമെങ്കിലും നിയന്ത്രണവിധേയം' ആയിരുന്നു അക്കാലത്ത് ഇന്ത്യയുടെ അവസ്ഥ. ചില ജീവനക്കാർ അശോക് കുമാറിന്റെ ഈ തീരുമാനത്തിൽ അലോസരപ്പെട്ടു. ഏവരും ദാദാമണിയെന്ന് സ്നേഹപൂർവം വിളിച്ചു ബഹുമാനിച്ചിരുന്ന അശോക് കുമാർ അത്തരം എതിർപ്പിനെ അവഗണിച്ചു. വർഗീയതയുടെ വെറിക്കൂത്തുകളെല്ലാം കെട്ടടങ്ങുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

ഒരു രാത്രി വൈകി അവസാനിച്ച അത്താഴവിരുന്ന് കഴിഞ്ഞ് മന്റോയെ ബോംബെയിലെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ പുറപ്പെട്ടു അദ്ദേഹം. മുസ്‍ലിം ഭൂരിപക്ഷമേഖലയിലേക്കാണ് പോകേണ്ടത്. പ്രിയ സുഹൃത്തിെൻറ സുരക്ഷയിൽ മന്റോക്ക് ആശങ്കയുണ്ടായിരുന്നു. അവർ അവിടെയെത്തുമ്പോൾ അതിലൂടൊരു കല്യാണ ഘോഷയാത്ര പോകുന്നു. മന്റോയുടെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചപോലെയായി; അരുതാത്തത് സംഭവിച്ചേക്കുമെന്ന ഭയത്താൽ.

ജനം പൊടുന്നനെ അശോക് കുമാറിനെ തിരിച്ചറിഞ്ഞു. മന്റോയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആളുകൾ അശോക് കുമാർ, അശോക് കുമാർ എന്ന് ആർപ്പുവിളി മുഴക്കി. ആ ഘോഷയാത്രാസംഘം മുഴുവൻ അദ്ദേഹത്തിന്റെ ആരാധകരാണെന്നു തോന്നിച്ചു. വർഗീയ വിഭജനത്തിന്റെയും വ്യാപക കൊലകളുടെയും പാരമ്യത്തിൽ നിൽക്കുന്ന കാലത്തു പോലും ആരും ഒരു കലാകാരനെ അയാളുടെ മതത്തിന്റെ പേരിൽ അടയാളപ്പെടുത്തിയിരുന്നില്ല.

അമൃത്സറിന്റെ അനുഭവം

വിഭജനകാലത്ത് അനേകം കൂട്ടക്കുരുതികൾക്ക് സാക്ഷ്യം വഹിച്ച അമൃത്സറിലുമുണ്ടായിരുന്നു സമാനമായ ചില സംഭവങ്ങൾ. ആ നഗരത്തിലന്നേരം പേരിനുപോലും മുസ്‍ലിംകൾ അവശേഷിച്ചിരുന്നില്ല; ഗാംഭീര്യമാർന്ന ഖൈറുദ്ദീൻ മസ്ജിദ് മാത്രം തലയെടുപ്പോടെ നിലകൊണ്ടു-ഹിന്ദു ഭൂരിപക്ഷ മേഖലയിൽ, ഒട്ടനവധി സിഖ് കുടുംബങ്ങളുടെ ചാരത്തായിരുന്നു ആ പള്ളി. പ്രദേശത്തെ മുസ്‍ലിംകളെല്ലാം പാകിസ്താനിലേക്കു പോയതോടെ പള്ളിയിൽ നമസ്കാരത്തിന് ആളെത്താതെയായി. പക്ഷേ, ആ ദൈവഗേഹത്തിന് പോറൽ പോലുമേൽപിക്കപ്പെട്ടില്ല. ഒരു പതിറ്റാണ്ടോളം ആരും വന്നില്ല അവിടേക്ക്. എന്നിട്ടും മനോഹരമായ താഴികക്കുടവും വിശാലമായ വരാന്തയും ചുവരുകളുമെല്ലാം സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടു.

പിന്നെയൊരുനാൾ ഒരു മുഅദ്ദിൻ വന്ന് ബാങ്കൊലി മുഴക്കി. അയൽപക്കക്കാർ ആരും വന്ന് എതിർപ്പ് പറഞ്ഞില്ല; പകരം പള്ളിയുടെ ചുവരുകളെല്ലാം തേച്ചുമിനുക്കി പെയിന്റടിച്ചു, ആരാധനകൾക്ക് സജ്ജമാക്കി. വിഭജനത്തിന്റെ വാൾത്തലയാൽ പ്രദേശവാസികളിൽ പലർക്കും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിരുന്നു. അത്രമേൽ ദാരുണമായ സാഹചര്യത്തിലും എല്ലാ സമുദായങ്ങളിൽനിന്നുമുള്ള ആളുകൾക്കും നഷ്ടവും മുറിവും പറ്റിയിട്ടുണ്ടെന്നത് തിരിച്ചറിയാനുള്ള മനസ്സ് അവർക്കുണ്ടായിരുന്നു. ഹിന്ദുക്കളും സിഖുകാരും ലാഹോറിൽ കൂട്ടക്കൊലക്കിരയായെങ്കിൽ അമൃത്സറിൽ മുസ്‍ലിംകളും സമാന ദുരവസ്ഥ നേരിട്ടിരുന്നു. അതെല്ലാം കെട്ടകാലത്തിന്റെ വിധിയെന്ന് സമാധാനിച്ച് അമൃത്സർ പങ്കുവെപ്പിന്റെ ജീവിതവുമായി മുന്നോട്ടുനീങ്ങി. വോ കോൻ ദീ, ഭക്തി മേ ശക്തി തുടങ്ങിയ ചിത്രങ്ങളെ സ്വീകരിച്ച അതേ ഊഷ്മളതയോടെ മുസ്‍ലിം പശ്ചാത്തലത്തിലെ കഥ പറയുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്ന ചൗദ് വിൻ കാ ചാന്ദും മേരെ മെഹ്ബൂബും അവിടെ വരവേൽക്കപ്പെട്ടു.

പഴയ ഡൽഹിയിലെ കൊട്ടകകൾ

ജനങ്ങളെ ചേർത്തുനിർത്തുന്നതിലും മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് ഇടംനൽകുന്നതിലും ഹിന്ദി സിനിമകൾ വലിയ പങ്കുവഹിച്ചു. അറുപതുകളിലും എഴുപതുകളിലും പഴയ ഡൽഹിയിലുണ്ടായിരുന്ന സിനിമാകൊട്ടകകളുടെ കാര്യവും എടുത്തുപറയണം. സുപ്രസിദ്ധമായ ചാന്ദ്നിചൗക്കിലെ പൗരാണികമായ സിസ്ഗഞ്ജ് ഗുരുദ്വാരക്ക് എതിർവശത്താണ് മെജസ്റ്റിക് സിനിമ പ്രവർത്തിച്ചിരുന്നത്. മുഗൾ വാസ്തുകലാ മാതൃകയിൽ നിർമിച്ച ആ കൊട്ടകക്ക് പേരു സൂചിപ്പിക്കുന്നതു പോലെ രാജകീയ പ്രൗഢിയായിരുന്നു.

ചാന്ദ്നി ചൗക്കിലെ സിസ്ഗഞ്ജ് ഗുരുദ്വാര -സഫർ ഡൽഹി

സിനിമകൾ പ്രദർശനത്തിനെടുക്കുമ്പോൾ ഗുരുദ്വാരയിൽ വരുന്ന വിശ്വാസികളുടെ വികാരങ്ങൾക്ക് മാനേജ്മെന്റ് വലിയ വിലകൽപിച്ചിരുന്നു. താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ അക്കാലത്ത് കൊട്ടകകൾക്കു മുന്നിൽ പതിവായിരുന്നു. എന്നാൽ, നടിമാരുടെ വലിയ ചിത്രങ്ങൾ അവിടെ പരമാവധി ഒഴിവാക്കപ്പെട്ടു. 1975ൽ പ്രദർശനത്തിനെത്തിയ ദീവാർ 25 ആഴ്ചയാണ് നിറഞ്ഞ പ്രേക്ഷകരുമായി തകർത്തോടിയത്. ഈ തിയറ്ററിനു മുന്നിൽ അന്നു സ്ഥാപിച്ച കട്ടൗട്ടുകൾ കണ്ടാൽ അമിതാഭ് ബച്ചനും ശശി കപൂറും മാത്രമാണ് മുഖ്യറോളുകളിലെന്ന് തോന്നിപ്പോകുമായിരുന്നു.

ഡൽഹി ജുമാമസ്ജിദിന് അടുത്തുണ്ടായിരുന്ന ജഗത് സിനിമയും അതേ മട്ടിലാണ് പ്രവർത്തിച്ചിരുന്നത്. എഴുപതുകളിൽ അവിടെ കളിക്കാനിരുന്ന മൻ കി അംഗൻ എന്ന സിനിമ അന്തർസംസ്ഥാന ബസ് ടെർമിനലിനടുത്തുള്ള റിറ്റ്സ് സിനിമയിലേക്കു മാറ്റി മാനേജ്മെന്റ്. ഒരു ആരാധനാലയത്തിനരികിൽ അത്തരമൊരു സിനിമയുടെ പോസ്റ്ററുകൾ ഉയരുന്നത് അനുചിതമായി തോന്നിയതു കൊണ്ടാണവരത് ചെയ്തത്.

ചാന്ദ്നി ചൗക്കിനടുത്ത ഗൗരിശങ്കർ മന്ദിറിനു സമീപം പ്രവർത്തിച്ചിരുന്ന മോത്തി തിയറ്ററിനുമുണ്ട് അത്തരമൊരു കഥ. സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ പ്രവർത്തിക്കുന്ന മോത്തിയിൽ ഞായറാഴ്ചകളിൽ ഹോളിവുഡ് സിനിമകളുടെ പ്രദർശനമുണ്ടായിരുന്നു. രാജ്കപൂറിന്റെ പ്രിയപ്പെട്ട തിയറ്ററുകളിലൊന്നായതോടെ അദ്ദേഹത്തിന്റെ സിനിമകളെല്ലാം കൊണാട് പ്ലേസിലെ റീഗൽ, മോത്തി, സദർ ബസാറിലെ വെസ്റ്റ് എൻഡ് എന്നിവക്കൊപ്പം മോത്തിയിലും പ്രദർശിപ്പിക്കാൻ തുടങ്ങി.

പ്രേക്ഷകർക്കൊപ്പമിരുന്ന് ആദ്യദിനത്തിലെ ആദ്യ പ്രദർശനം കാണാൻ സാക്ഷാൽ രാജ് കപൂർ നേരിട്ടെത്തുമായിരുന്നു. 1978ൽ സീനത്ത് അമനെ നായികയാക്കി രാജ്കപൂർ സംവിധാനം ചെയ്ത 'സത്യം ശിവം സുന്ദരം' റിലീസിനൊരുങ്ങിയപ്പോൾ നായികയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി അത് പ്രദർശിപ്പിക്കാൻ വിസമ്മതിച്ചു മോത്തി മാനേജ്മെന്റ്.

എല്ലാവരെയും ഉൾക്കൊണ്ട നഗരം

മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഇടംനൽകാൻ ആർക്കും മടിയില്ലായിരുന്നു. അമൃത്സറിലെ താമസക്കാർ ബാങ്കുവിളിയോട് എതിർപ്പ് പ്രകടിപ്പിക്കാഞ്ഞതുപോലെ സിസ്ഗഞ്ജിലെ പ്രാർഥനാ കൂട്ടായ്മയോടും ആളുകൾക്ക് വിസമ്മതങ്ങളില്ലായിരുന്നു. സൗത്ത് ഡൽഹിയിൽനിന്ന് ഗുരുദ്വാരയിലേക്കു പോകാൻ ബസിൽ കയറുന്ന സ്ത്രീകൾ കൂട്ടമായിരുന്ന് പ്രാർഥനാഗാനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. സഹയാത്രികർക്ക്, ഏതു മതക്കാരുമാകട്ടെ അതിലെന്തെങ്കിലും പ്രയാസം തോന്നിയതേയില്ല.

റാവൽപിണ്ടി, പെഷാവർ, ലാഹോർ എന്നിവിടങ്ങളിൽനിന്നെത്തിയ അഭയാർഥികൾ ഒരുമിച്ച് പാർപ്പുറപ്പിച്ച സൗത്ത് ഡൽഹിയിലെ ലജ്പത് നഗറിലും ഇതുതന്നെയായിരുന്നു അവസ്ഥ. കൃഷ്ണ ക്ഷേത്രം, സായി ക്ഷേത്രം, ശിവ് ശക്തി ക്ഷേത്രം എന്നിവക്കു പുറമെ രണ്ടു ഗുരുദ്വാരകളും കോളനിയുടെ അറ്റത്തായി ഒരു മസ്ജിദുമുണ്ടായിരുന്നു അവിടെ. കോളനിയിലൂടെ കടന്നുപോകുന്ന ഹിന്ദുക്കളും സിഖുകാരും ആ മസ്ജിദിനു മുന്നിലെത്തുമ്പോൾ ഉപചാരപൂർവം വണങ്ങും; വാഹനങ്ങളിൽ പോകുന്നവർ വേഗമൽപം കുറച്ച് അത് നിർവഹിക്കും. കാലുകൾ പിണച്ചുവെച്ച് ഒരു മരക്കസേരയിൽ ഇരിക്കുന്ന ക്ഷേത്രപൂജാരി അതിലേ പോകുന്ന ആളുകൾക്കെല്ലാം ജാതിയോ മതമോ നോക്കാതെ പിച്ചളക്കോപ്പയിൽ ദാഹജലം പകർന്നുനൽകി.

വിഭജനകാലത്ത് ഏറെ ചോരയൊഴുകിയ പഹാഡ്ഗഞ്ജിലാണ് ഇംപീരിയൽ സിനിമ പ്രവർത്തിച്ചിരുന്നത്. വെള്ളക്കാരൻ സായിപ്പുമാർക്കുവേണ്ടിയുള്ള നൃത്ത-നാടകശാലയായിരുന്നു പണ്ട് ഇത്. 1931ൽ ആദ്യ ശബ്ദസിനിമ ആലം ആര ഇറങ്ങിയശേഷം അത് സിനിമാകൊട്ടകയായി മാറി. ഹിന്ദി സിനിമകളേക്കാളേറെ ഹോളിവുഡ് ചിത്രങ്ങളാണ് അവിടെ കളിച്ചിരുന്നത്. പാകിസ്താനിൽനിന്ന് കടുത്ത പീഡനങ്ങൾ താണ്ടി പഞ്ചാബി സംസാരിക്കുന്ന അഭയാർഥികൾ ഒഴുകിവന്നതോടെ പതിവുകൾ മാറ്റി. അനാർക്കലി, നൂർജഹാൻ പോലുള്ള മുസ്‍ലിം സാമൂഹിക ചിത്രങ്ങൾക്കു പകരം ഹിന്ദു പുരാണേതിഹാസ ചിത്രങ്ങളാണ് അവിടെ പ്രദർശിപ്പിച്ചിരുന്നത്. സമീപത്തുള്ള ഖന്ന സിനിമയിൽ പുരാണ സിനിമകൾക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കിയത്.

രാവേറെ ചെല്ലുവോളം നീളുന്ന മുശായിറകൾക്ക് വേദിയായിരുന്നു ഡൽഹി. ഏറ്റവും മികച്ച ഉർദു കവികൾ അവിടെയെത്തി തങ്ങളുടെ രചനകൾ ആലപിച്ചു. നവാഗത കവികൾക്കായിരുന്നു കവിത അവതരിപ്പിക്കാൻ ആദ്യം അവസരം, പിന്നീട് അധികം അംഗീകാരം ലഭിക്കാത്ത കവികൾ, വിഖ്യാതരായ കവിശ്രേഷ്ഠരുടെ കവിതകളോടെയാണ് അവ സമാപനം കുറിക്കാറ്. ക്രമേണ മുശായിറയുടെ വേദി ചെങ്കോട്ടയിലേക്കും സപ്രു ഹൗസിലേക്കും മാറ്റി. ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നുമുള്ള മുൻനിര കവികളെല്ലാം അതിൽ പങ്കുകൊള്ളാനെത്തി. വിഭജനത്തിന്റെ പാപഭാരം ആരുംതന്നെ കവികൾക്കുമേൽ ചുമത്തിയില്ല.

പിന്നെ എല്ലാം മാറിമറിഞ്ഞു

1984ലെ സിഖ്‍വിരുദ്ധ വംശഹത്യയോടെയാണ് മാറ്റങ്ങളുടെ തുടക്കം, പിന്നീട് ഏതാനും വർഷങ്ങൾക്കുശേഷം ബാബരി മസ്ജിദ്-രാമജന്മഭൂമി വിഷയം. ഡൽഹിക്ക് പൊടുന്നനെ മതബോധമുയരാൻ തുടങ്ങി. 1984ൽ ഇന്ദിരാവധത്തിനു പിന്നാലെ നടന്ന സിഖ് വിരുദ്ധ വംശഹത്യക്കിടെ ഉടമകളാരെന്നതിന്റെ അടിസ്ഥാനത്തിൽ വീടുകളും കടകളും ഓഫിസുകളും സിനിമാശാലകളും ആക്രമിക്കപ്പെട്ടു. 1989ൽ എൽ.കെ. അദ്വാനിയുടെ രഥയാത്രയെ തുടർന്ന് നഗരം 'സംഘർഷഭരിത'മെങ്കിലും 'നിയന്ത്രണവിധേയ'മായി നിന്നു.

പങ്കുവെക്കപ്പെട്ടിരുന്ന പൊതു ഇടങ്ങൾ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായി. കോളനികളിൽ 'ഞങ്ങളുടെ ആളുകൾ' എന്ന വികാരം ശക്തിപ്പെടുകയും 'മറ്റുള്ളവരെ' വാതിലടച്ച് പുറത്താക്കുകയും ചെയ്തു. നിങ്ങൾ ആര് എന്നതല്ല, ഏത് ആരാധനാലയത്തിലാണ് പോകുന്നത് എന്നതായി ഗൗരവതരമായ കാര്യം. 2020ൽ മുസ്തഫാബാദ്, ശിവ് വിഹാർ, കർദംപുരി തുടങ്ങിയ പ്രദേശങ്ങൾ സാക്ഷ്യംവഹിച്ച സംഭവങ്ങൾ നോക്കൂ- 'ഞങ്ങൾ', 'അവർ' എന്നിങ്ങനെ അതിരുകളാൽ വിഭജിക്കപ്പെട്ട ഒരു നഗരത്തിന്റെ അസ്വസ്ഥത മറനീക്കി പുറത്തുവന്നതായിരുന്നു അത്.

സിനിമയുടെ കാര്യത്തിലേക്കു വന്നാൽ, ജനങ്ങളെ നാഗരികമായി ഒന്നിപ്പിക്കാനുള്ള അതിന്റെ ശേഷി വല്ലാതെ ശോഷിച്ചുവെന്ന് പറയേണ്ടിവരും. 1960ൽ നോവൽറ്റി തിയറ്ററിൽ കെ. ആസിഫിന്റെ മുഗൾ-എ-അസമിന്റെ പ്രിന്റ് സ്വീകരിക്കാൻ ആഹ്ലാദാരവങ്ങളോടെ ആനപ്പുറത്ത് അണിനിരന്ന ഒരു നഗരം ഇന്ന് മുഗൾ ഭരണത്തിന്റെ ഓർമകൾപോലും നിശ്ശേഷം തേച്ചുമാച്ചുകളയാനുള്ള തിടുക്കത്തിലാണ്.

(ഡൽഹിയുടെ സാംസ്കാരിക ചരിത്രകാരനും ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററുമായ ലേഖകൻ ദ ഹിന്ദുവിൽ എഴുതിയത്)

Tags:    
News Summary - When 'our' spaces are reduced to 'ours'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.