അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും കമ്പ്യൂട്ടർ സയൻസിലുമെല്ലാം നിലവിലുള്ളതിനേക്കാൾ മുപ്പത് ശതമാനം വരെ പ്രാക്ടിക്കൽ ഘടകം കുറയുന്നുണ്ട്. നിലവിലുള്ള മൂന്നുവർഷ ബിരുദത്തേക്കാൾ പ്രാക്ടിക്കലുകൾ കുറച്ചുകൊണ്ട് നാലുവർഷ ബിരുദ പ്രോഗ്രാമിൽ എങ്ങനെയാണ് ഇതൊക്കെ സാധ്യമാവുക?
കേരളത്തിലെ സർവകലാശാലകളിലും അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമാവുകയാണ്. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾക്കനുസൃതമായാണ് സർവകലാശാലകൾ നാലുവർഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്യേണ്ടത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) വരവോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾ നിർബന്ധിതമായി. വിദ്യാഭ്യാസം സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലുള്ള വിഷയമായിരുന്നുവെങ്കിലും എൻ.ഇ.പിയോട് പൂർണമായും പുറംതിരിഞ്ഞാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലഭിക്കേണ്ട കേന്ദ്ര പിന്തുണ നഷ്ടപ്പെട്ടേക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ആ പശ്ചാത്തലത്തിൽ കേരളത്തിന്റെ സവിശേഷ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക തലങ്ങളെ മുൻനിർത്തി സംസ്ഥാനം രൂപവത്കരിച്ച ശ്യാം മേനോൻ കമീഷന്റെ റിപ്പോർട്ടിനെ എൻ.ഇ.പിയുടെ കേരള ബദലായി കാണുന്നവരുമുണ്ട്.
ശ്യാം മേനോൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഡോ. സുരേഷ് ദാസ് ചെയർമാനായ പാഠ്യപദ്ധതി കമ്മിറ്റിയെ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിക്കുകയുണ്ടായി. ബിരുദ പഠനത്തിനായുള്ള കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി രൂപരേഖ എന്ന ഈ റിപ്പോർട്ടിലെ പല നിർദേശങ്ങളും, പ്രത്യേകിച്ച് സർക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാൻ സാധ്യതയുള്ള പല പ്രധാന നിർദേശങ്ങളും അവഗണിക്കപ്പെടുകയാണ്.
പഠനം വിദ്യാർഥി കേന്ദ്രീകൃതമാക്കുക. ബിരുദ പഠനത്തിനെത്തുന്ന വിദ്യാർഥിക്ക് തന്റെ അഭിരുചിക്കനുസരിച്ച കോഴ്സുകൾ (പഠിക്കുന്ന വിഷയങ്ങൾ) തിരഞ്ഞെടുത്ത് ആവശ്യമായ ക്രെഡിറ്റുകൾ ശേഖരിച്ച് ബിരുദം നേടി പുറത്തുപോകാനുള്ള ബഹുവിധ പഠനവഴികൾ മൾട്ടിപ്പ്ൾ പാത് വേ(multiple pathway) രൂപരേഖ നിർദേശിക്കുന്നു. സർവകലാശാല മുന്നോട്ടുവെക്കുന്ന കോഴ്സുകൾ പഠിച്ച് ബിരുദം നേടുന്ന നിലവിലെ രീതിയിൽനിന്ന് വിഭിന്നമായി വിദ്യാർഥി തന്റെ അഭിരുചിക്കും താൽപര്യങ്ങൾക്കും അനുഗുണമായ വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കുന്ന രീതിയാണിത്.
വിദ്യാർഥികൾക്ക് കൂടുതൽ ഐച്ഛിക വിഷയങ്ങൾ (ഇലക്ടിവ് കോഴ്സുകൾ) പഠിക്കാനുള്ള അവസരവും വിവിധ പഠന ശാഖകൾ ഇഴചേർന്ന അന്തർ വൈജ്ഞാനിക പഠനവഴികളും (Interdisciplinary pathways) നിർദേശിക്കപ്പെടുന്നു. നിലവിലെ ഏകമാനമായ പഠനപാതയെ ഇത് മാറ്റിമറിക്കുന്നു.
ഇതിനായി ഓരോ പഠനവകുപ്പുകളും തങ്ങളുടെ വിഷയങ്ങളിലെ കോഴ്സുകളുടെ ക്ലസ്റ്റർ തയാറാക്കി നൽകേണ്ടതുണ്ട്.
സംസ്ഥാനത്തെ അമ്പത് കോളജുകളിലും യൂനിവേഴ്സിറ്റി കേന്ദ്രങ്ങളിലുമായി അതിനൂതന വിഷയങ്ങളിലെ വിവിധ കോഴ്സുകൾ തയാറാക്കുക. ഇതിനായി ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നും വിദഗ്ധർ ഇത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
നാലുവർഷ ബിരുദ പ്രോഗ്രാമിന് രണ്ട് എക്സിറ്റ് (പഠനം പൂർത്തിയാക്കൽ) അവസരങ്ങളാണ് നിർദേശിച്ചിരിക്കുന്നത്, മൂന്നാം വർഷവും നാലാം വർഷവും. മൂന്നാം വർഷം ഒരു കാപ്സ്റ്റോൺ ഘടകം (Capstone component) പാഠ്യപദ്ധതിയുടെ ഭാഗമായി ഉണ്ടാകണമെന്നും ഇത് ഒരു സെമസ്റ്ററിന് അല്ലെങ്കിൽ അര സെമസ്റ്ററിന് തുല്യമായ ക്രെഡിറ്റുകൾ ഉൾക്കൊള്ളുന്ന എക്സ്പീരിയൻഷ്യൽ ലേണിങ്(അനുഭവ പഠനം) ആയിരിക്കണമെന്നുമാണ് സുരേഷ് ദാസ് കമ്മിറ്റി നിർദേശിക്കുന്നത്. തങ്ങളുടെ വിഷയത്തിൽ പ്രായോഗിക പരിജ്ഞാനവും വ്യാവസായിക പരിശീലനവും ഗവേഷണ പരിശീലനവും വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അധ്യാപകരുടെ ജോലി ഭാരത്തിൽ (വർക്ക് ലോഡ്) പത്ത് മുതൽ ഇരുപത് ശതമാനം വരെ കുഷ്യൻ ഓഫ് വർക്ക് ലോഡ് ആയി നിലനിർത്തുക എന്നതാണ് മറ്റൊരു നിർദേശം. അധ്യാപകർ ഏർപ്പെടേണ്ട അധ്യയന സമയം പൂർണമായി നിർവചിച്ച് നൽകാതെ അതിൽ ഒരു നിശ്ചിത ഭാഗം അധ്യാപകന്റെ സ്വതന്ത്ര തീരുമാനത്തിന് വിടുന്നതാണ് കുഷ്യൻ ഓഫ് വർക്ക് ലോഡ്. ഇത് അവർക്ക് കൂടുതൽ അക്കാദമിക സ്വാതന്ത്ര്യം നൽകുന്നു. അധ്യാപകർക്ക് തങ്ങളുടെ വൈദഗ്ധ്യ മേഖലകളിലെ കോഴ്സുകൾ നൽകാനാവും, വിദ്യാർഥികൾക്ക് തിരഞ്ഞെടുപ്പിനുള്ള അവസരവും ഇത് ഉറപ്പുവരുത്തും.
പ്രായോഗിക പരിശീലനത്തിനും (പ്രാക്ടിക്കൽ ട്രെയിനിങ്) അനുഭവ പഠനത്തിനും (എക്സ്പീരിയൻഷ്യൽ ലേണിങ്) നൈപുണ്യ വികസനത്തിനും (സ്കിൽ ഡെവലപ്മെന്റ്) പ്രാധാന്യം നൽകണമെന്നും ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ രാജ്യത്ത് സമയാസമയങ്ങളിൽ വരുന്ന മാറ്റങ്ങളോട് പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് റിപ്പോർട്ട് സമാപിക്കുന്നത്.
സർവകലാശാല പഠനബോർഡുകൾ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്കായുള്ള സിലബസ് തയാറാക്കാനുള്ള ശിൽപശാലകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലേക്കായി സർവകലാശാലകൾ നൽകിയിരിക്കുന്ന പാഠ്യപദ്ധതി രൂപരേഖ സുരേഷ് ദാസ് കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളാകെ അട്ടിമറിക്കപ്പെടുന്ന നിലയാണ്.
കുഷ്യൻ ഓഫ് വർക്ക് ലോഡ് എന്ന നിർദേശം സർവകലാശാലകൾ അവഗണിച്ചിരിക്കുകയാണ്. പ്രായോഗിക പരിശീലനത്തിനും നൈപുണി വികസനത്തിനും മുമ്പുള്ളതിനേക്കാൾ കുറഞ്ഞ മണിക്കൂറുകൾ മാത്രമാണ് ലഭിക്കുന്നത് എന്നാണ് കാലിക്കറ്റ് സർവകലാശാല സിലബസ് പരിഷ്കരണ ശിൽപശാലകളിൽ നിന്ന് പുറത്തുവരുന്ന വിവരം. മറ്റ് സർവകലാശാലകളിലും കാര്യങ്ങൾ വിഭിന്നമല്ല. സയൻസ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിദ്യാർഥികളെ തൊഴിൽ മേഖലയിലേക്കും ഗവേഷണ നിരീക്ഷണ മേഖലയിലേക്കും ഒരുക്കേണ്ടത് ലാബുകളിൽ നിന്നാണ്. എന്നാൽ, സർവകലാശാല ശിൽപശാലയിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് നൽകിയ കരട് രൂപരേഖ പ്രകാരം
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും കമ്പ്യൂട്ടർ സയൻസിലുമെല്ലാം നിലവിലുള്ളതിനേക്കാൾ മുപ്പത് ശതമാനം വരെ പ്രാക്ടിക്കൽ ഘടകം കുറയുന്നുണ്ട്. നിലവിലുള്ള മൂന്നുവർഷ ബിരുദത്തേക്കാൾ പ്രാക്ടിക്കലുകൾ കുറച്ചുകൊണ്ട് നാലുവർഷ ബിരുദ പ്രോഗ്രാമിൽ എങ്ങനെയാണ് ഇതൊക്കെ സാധ്യമാവുക? നൈപുണി വികസനത്തിനും പ്രായോഗിക പരിശീലനങ്ങൾക്കും വലിയ പ്രാധാന്യം ആഗോളതലത്തിൽ നൽകപ്പെടുന്ന ഘട്ടത്തിൽ സർവകലാശാലകളുടെ ഈ സമീപനം വിചിത്രമാണ്. ഇത് ശ്യാം മേനോൻ റിപ്പോർട്ടിലെ നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വിദ്യാർഥികൾക്ക് ഉപകരിക്കാത്ത അവസ്ഥ വരുത്തിവെക്കുമെന്ന വലിയ ആശങ്ക ഇതിനാൽതന്നെ നിലവിലുണ്ട്.
പന്ത്രണ്ട് ക്രെഡിറ്റ് വരുന്ന നാലാം വർഷ പ്രോജക്ടിന് അധ്യാപകർക്ക് ആവശ്യമായ വർക്ക് ലോഡ് നിർണയിച്ച് നൽകുന്നില്ല. അതായത് അധ്യാപകർക്ക് പ്രോജക്ട് ഗൈഡൻസിന് ജോലിയുടെ ഭാഗമായി ആവശ്യമായ സമയം അനുവദിക്കുന്നില്ല. പന്ത്രണ്ട് ക്രെഡിറ്റുകൾ എന്നത് മൂന്ന് തിയറി കോഴ്സുകൾക്ക് തുല്യമായ ക്രെഡിറ്റ് ആണെന്നോർക്കുക. ആഴ്ചയിൽ പന്ത്രണ്ട് മണിക്കൂർ അധ്യാപകരും വിദ്യാർഥികളും മുഖാമുഖം ക്ലാസ് റൂം പഠനവും ചർച്ചയും നടക്കേണ്ട സ്ഥാനത്താണ് വർക്ക് ലോഡ് അനുവദിക്കാത്ത സമീപനം. ഇത്രയും പ്രാധാന്യമുള്ള പ്രായോഗിക പരിശീലനങ്ങൾ വിദ്യാർഥികളെ ചെറു സംഘങ്ങളായി മാറ്റി പരിശീലിപ്പിക്കുന്നതാണ് ശാസ്ത്രീയ രീതി. അതിന് കൂടുതൽ മനുഷ്യ വിഭവശേഷി ആവശ്യവുമാണ്. ആവശ്യമായ വർക്ക് ലോഡ് അനുവദിക്കാതെ എങ്ങനെയാണ് ഗൗരവമായ പ്രോജക്ട് നിർവഹണം സാധ്യമാവുക? അധിക അധ്യാപക തസ്തികകൾ ഉണ്ടാവുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഗെസ്റ്റ് അധ്യാപകരുടെ നിയമന വിഷയത്തിലും സർവകലാശാലകളും സർക്കാറും മൗനത്തിലാണ്. ബിരുദത്തിന്റെ ദൈർഘ്യം നാലുവർഷത്തേക്ക് നീളുമ്പോൾ ആവശ്യമായി വരുന്ന നാലാം വർഷത്തേക്കുള്ള അധ്യാപക നിയമനങ്ങളെപ്പറ്റിയും തികഞ്ഞ മൗനമാണ് അധികൃതർക്ക്.
ബിരുദം നാലുവർഷത്തിലേക്ക് മാറുന്നതോടെ കോളജുകളിൽ ആവശ്യമായി വരുന്ന അധിക ക്ലാസ് റൂം ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളെ സംബന്ധിച്ച് അധികൃതർ നിശ്ശബ്ദരാണ്. നിലവിലെ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ നാലുവർഷ ബിരുദം നടപ്പാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ഓൺലൈൻ കോഴ്സുകൾ ഉൾപ്പെടെയുള്ളവക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനവും ചർച്ച ചെയ്യപ്പെടുന്നില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമായ വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളെ ഇത് ഗണ്യമായി ബാധിക്കും. സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാനുള്ള സർക്കാറിന്റെ വിമുഖതയാണ് ഈ സമീപനങ്ങൾ വെളിവാക്കുന്നത്. പഠന റിപ്പോർട്ടുകളിലെ നിർദേശങ്ങൾക്ക് വിരുദ്ധമായ രീതിയിലുള്ള പരിഷ്കരണങ്ങൾ നിർഭാഗ്യകരമാണ്. അവ തിരുത്തിയേ തീരൂ.
(കോഴിക്കോട് ഫാറൂഖ് കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.