ഉമർ ഗൗതം 

ഉമർ ഗൗതമിൻെറ ഭാര്യ ചോദിക്കുന്നു: 'നിർബന്ധിച്ച്​ മതംമാറ്റിയ ഒരാളെ എങ്കിലും കാണിച്ചുതരൂ'

ഒരാഴ്ചയായി ഉത്തരേന്ത്യൻ ടി.വി ചാനലുകളിലും മാധ്യമങ്ങളിലും ചൂടുള്ള വിഷയമാണ്​ ഉമർ ഗൗതം എന്ന ശ്യാം പ്രതാപ് സിങ്​ ഗൗതമിന്‍റെ 'മതം മാറ്റ റാക്കറ്റ്​'. ആയിരം പേരെ നിർബന്ധിച്ച്​ മതംമാറ്റി, വിദേശ ഫണ്ടിങ് സ്വീകരിച്ചു, പാക്​ ചാര സംഘടനയായ ഐ‌.എസ്‌.ഐയുടെ ഏജന്‍റ്​ എന്ന്​​ തുടങ്ങി ചർച്ച കൊഴുപ്പിക്കാൻ ആവശ്യമായ എല്ലാ മസാലകളും ചേർത്താണ്​ 57കാരനായ ഉമർ ഗൗതമിനെ കുറിച്ച്​ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്​. അതേസമയം, ഒരു തെളിവ്​ പോലും ഇതുവരെ ഹാജരാക്കാ​ക്കിയിട്ടുമില്ല.

"അദ്ദേഹം ബലപ്രയോഗത്തിലൂടെ ആരെയെങ്കിലും മതപരിവർത്തനം ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ആരോട്​ വേണമെങ്കിലും ചോദിക്കാം. ഇസ്​ലാം സ്വീകരിക്കണമെന്ന്​ ആഗ്രഹം പ്രകടിപ്പിച്ച് വരുന്നവർക്ക്​ ആവശ്യമായ രേഖകൾ ശരിയാക്കാൻ സഹായിക്കുന്ന ഒരു വഴികാട്ടിയായാണ്​​ അദ്ദേഹം പ്രവർത്തിച്ചിരുന്നത്​'' -ഉമർ ഗൗതമിന്‍റെ ഭാര്യ റസിയ ന്യൂസ്​ ലോൻഡ്രി വെബ്​സൈറ്റിന്​ നൽകിയ അഭിമുഖത്തിൽ പറയുന്നു.

മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിൻ്റെ അനന്തരവനാണ് ഉമർ ഗൗതം. ഇദ്ദേഹം അടക്കം നാല് പേരെയാണ്​ മതപരിവർത്തന കേസിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്​. ഇവർ ആയിരത്തിലധികം ആളുകളെ നിർബന്ധിത മതംമാറ്റത്തിന്​ ഇരയാക്കിയതായി മുഖ്യധാരാ മാധ്യമങ്ങൾ ആരോപിക്കുമ്പോൾ, ഗൗതം മുഖേന ഇസ്​ലാം സ്വീകരിച്ച ഒരാൾ പോലും ഈ ആരോപണവുമായി രംഗത്തുവന്നിട്ടില്ല.

മുൻ പ്രധാനമന്ത്രി വി.പി. സിങ്ങി അനന്തരവൻ ശ്യാം പ്രതാപ് അഥവാ ഉമർ ഗൗതം

'മതപരിവർത്തന റാക്കറ്റ്​ തലവൻ' ആയാണ്​ ഉമർ ഗൗതമിനെ യു.പി പൊലീസ്​ രചിച്ച തിരക്കഥയി​ൽ പരിചയപ്പെടുത്തുന്നത്​. ജൂൺ 20നാണ്​ അദ്ദേഹത്തെയും അദ്ദേഹം നേതൃത്വം നൽകുന്ന ഇസ്​ലാമിക് ദഅ്​വ സെന്‍റർ (ഐഡിസി) ജീവനക്കാരൻ മുഫ്തി കാസി ജഹാംഗീർ കസ്മിയെയും യു.പി പൊലീസിന്‍റെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റുചെയ്തത്​. അതിന് മുമ്പ്, ഉമർ വഴി ഇസ് ലാം സ്വീകരിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, നിയമവിരുദ്ധമായി എന്താണ്​ ഇവർ ചെയ്​തത്​ എന്ന്​ ചോദിച്ചാൽ ഒരുമറുപടിയുമില്ലാതെ പൊലീസ്​ കൈമലർത്തും.

ഡൽഹി ബട്‌ല ഹൗസിലെ ഒരു കെട്ടിടത്തിന്‍റെ നാലാം നിലയിലാണ്​ ഉമറും കുടുംബവും താമസിക്കുന്നത്. "ഐഡിസി ചെയർമാൻ മുഹമ്മദ് ഉമർ ഗൗതം" എന്ന് ഒരു ഫലകം വീടിനുമുന്നിൽ തൂക്കിയിട്ടുണ്ട്​. ന്യൂസ്​ ലോൻഡ്രി പ്രതിനിധി സന്ദർശിക്കാനെത്തിയപ്പോൾ "നിങ്ങൾ മാധ്യമങ്ങൾ സത്യം കാണിക്കുന്നില്ല, ഞങ്ങൾക്ക് സംസാരിക്കാൻ ആഗ്രഹമില്ല" എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റസിയ ആദ്യം നൽകിയ മറുപടി. എന്നാൽ, കൂടുതൽ സംസാരിച്ചതോടെ അവർ കാര്യങ്ങൾ വിശദീകരിച്ചു.

യു.പിയിലെ ഫത്തേപൂർ ജില്ലയിലെ രജപുത്ര കുടുംബാംഗങ്ങളാണ്​ ഉമറും ഭാര്യ റസിയ(51)യും. മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിൻ്റെ അനന്തരവനാണ് ഉമർ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട്​ 30 വർഷം പിന്നിട്ടു. "എന്‍റെ ഭർത്താവ് ഹനുമാൻ ദേവ​െന്‍റ ശിഷ്യനായിരുന്നു. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ക്ഷേത്രം സന്ദർശിക്കുമായിരുന്നു. ഞങ്ങൾ നല്ല മതവിശ്വാസികളായിരുന്നു. ആളുകൾ എന്നെ പലപ്പോഴും പൂജിത (ആരാധനയിൽ മുഴുകിയവൾ) എന്നായിരുന്നു വിളിച്ചിരുന്നത്​. ഉത്തർപ്രദേശിലെ വിശ്വാസികളായ മറ്റു ഹിന്ദു കുടുംബങ്ങളെ പോലെ ഞങ്ങളും 30ദിന ആചാരമായ ഗംഗയിലെ 'മാഗി സ്‌നാൻ' അനുഷ്​ടിക്കാറുണ്ടായിരുന്നു. കൗമാര പ്രായത്തിലാണ്​ ഞങ്ങളുടെ വിവാഹം കഴിഞ്ഞത്​.'' -റസിയ ഭൂതകാലം പറഞ്ഞുതുടങ്ങി.

ഉമർ ഗൗതം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബട്‌ല ഹൗസിലെ പാത (photo: newslaundry.com)

1984ൽ ഉത്തരാഖണ്ഡിലെ ഗോവിന്ദ് വല്ലഭ് പന്ത് സർവകലാശാലയിൽ ബി.എസ്‌സിക്ക്​ പഠിക്കു​േമ്പാഴാണ്​ ശ്യാം പ്രതാപ് സിംഗ് ഗൗതം ഇസ്​ലാമിനെ കുറിച്ച്​ പഠിക്കാൻ പ്രേരിപ്പിച്ച സംഭവമുണ്ടായത്​. എല്ലാ ആഴ്ചയും അദ്ദേഹത്തെ സൈക്കിളിൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്നത്​ നസീർ ഖാൻ എന്ന സുഹൃത്തായിരുന്നു. ഒരു ദിവസം, ശ്യാം അദ്ദേഹത്തോട് 'എന്തിനാണ് ഇത്രയും ഉത്സാഹത്തോടെ എന്നെ ക്ഷേത്രത്തിൽ കൊണ്ടുവിടുന്നത്​?' എന്ന്​ ചോദിച്ചു. 'എന്‍റെ ദൈവത്തിന്‍റെ പ്രീതി ആഗ്രഹിച്ചാണ്​ ഞാൻ ചെയ്യുന്നത്​. എന്‍റെ സഹജീവികളെ പരിപാലിക്കാൻ എന്‍റെ മതം എന്നെ പഠിപ്പിക്കുന്നു​' എന്നായിരുന്നു നസീറിന്‍റെ മറുപടി. ഈ സംഭവമാണ് ശ്യാമിന്‍റെ ജീവിതഗതിയെ മാറ്റിമറിച്ചതെന്ന്​ റസിയ പറഞ്ഞു.

പിന്നീട്​, ശ്യാം ബൈബിൾ, ഗീത, ഖുർആൻ എന്നിവ വായിച്ചു പഠിച്ചു. തുടർന്ന് ഇസ്​ലാം മതം സ്വീകരിച്ചു. മുഹമ്മദ് ഉമർ ഗൗതം എന്ന പുതിയ പേര് സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ പരിവർത്തനം ഫത്തേപൂരിലും പരിസരത്തും വൻ പ്രതിഫലനമുണ്ടാക്കി. രജപുത്ര വിഭാഗത്തിലുള്ള നിരവധി പേർ ഗൗതമിനെ പിന്തുടർന്ന്​ ഇസ്​ലാം സ്വീകരിച്ചു.

1990 കളിൽ ഉമറും റസിയയും ഡൽഹിയിലേക്ക്​ താമസം മാറ്റി. സുഗന്ധവ്യാപാരിയായ എ.യു.ഡി.എഫ്​ നേതാവ് ബദ്​റുദ്ദീൻ അജ്മലിന്‍റെ ഉടമസ്ഥതയിലുള്ള അജ്മൽ ആൻഡ് സൺസിൽ 1995 മുതൽ 2007 വരെ ജോലി ചെയ്തു. അജ്മൽ ആൻഡ് സൺസ് നടത്തുന്ന സ്കൂളുകളുടെ മേൽനോട്ടവും ഇക്കാലയളവിൽ വഹിച്ചിരുന്നതായി റസിയ പറഞ്ഞു.

2008ലാണ്​ ഇസ്​ലാമിക്​ ദഅ്​വ സെന്‍റർ എന്ന ചാരിറ്റബിൾ സ്ഥാപനം ഉമർ ആരംഭിച്ചത്​. ഡൽഹിയിലെ തണുപ്പുകാലത്ത്​ ആവശ്യക്കാർക്ക് പുതപ്പ് വിതരണം ചെയ്യുക, ലോക്ക്ഡൗൺ സമയത്ത് ആളുകൾക്ക് ഭക്ഷണം നൽകുക തുടങ്ങിയ പ്രവൃത്തികളിലും ഐ.ഡി.സി വ്യാപൃതരായിരുന്നതായി അവർ പറഞ്ഞു.

ഐ‌.ഡി.സിയും മതംമാറ്റവും

യു.പി പൊലീസിന്‍റെ ആരോപണങ്ങളെ കുറിച്ച് റസിയയോട്​ ന്യൂസ്​ ലോൻഡ്രി ആരാഞ്ഞു. നിയമവിരുദ്ധമായി ഒന്നും ഐ.ഡി.സിയും ഉമറും ചെയ്​തി​ട്ടില്ലെന്ന്​ അവർ വ്യക്​തമാക്കി. "ഇസ്​ലാം മതം സ്വീകരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച് ആരെങ്കിലും എന്‍റെ ഭർത്താവിനെ സമീപിച്ചാൽ, ആവശ്യമായ രേഖകൾ തയാറാക്കാനും മറ്റും സഹായിക്കുകയായിരുന്നു അദ്ദേഹം ചെയ്​തിരുന്നത്​. മതപരിവർത്തനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ഒപ്പിട്ട സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്. ഇത് ചെയ്തുകഴിഞ്ഞാൽ, ജഹാംഗീർ കസ്മി ഒപ്പിട്ട സർട്ടിഫിക്കറ്റ്​ ഐ‌.ഡി.‌സി ആ വ്യക്തിക്ക് നൽകും'' -റസിയ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും നൽകുന്ന സംഭാവനകളും സകാത്ത്​ വിഹിതവും മാത്രമാണ്​ ഐ.ഡി.സിയുടെ പ്രവർത്തന മൂലധനം.

"എന്‍റെ ഭർത്താവ് മാന്യനും പണ്ഡിതനുമാണ്. ഇപ്പോഴുള്ള സംഭവവികാസങ്ങൾ ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്'' -കണ്ണുനീർ തുടച്ചുകൊണ്ട് റസിയ പറഞ്ഞു. "ആരെയെങ്കിലും ബലപ്രയോഗത്തിലൂടെ പരിവർത്തനം ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ആരോട്​ വേണമെങ്കിലും ചോദിക്കാം. നേപ്പാളിൽ നിന്നുള്ള ഒരു വീട്ടുജോലിക്കാരൻ ഉണ്ട് ഞങ്ങൾക്ക്​. എപ്പോ​ഴെങ്കിലും അദ്ദേഹത്തെ മതം മാറ്റുന്നതിനായി ഞങ്ങൾ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ​േചാദിച്ചുനോക്കൂ" -അവർ പറഞ്ഞു.

ഐ.ഡി.സി ഓഫീസ് (photo: newslaundry.com)

''തെറ്റുകാരനെങ്കിൽ പിതാവ്​ പൊലീസിന്​ മുന്നിൽ ഹാജരാകുമോ?''

പിതാവിന്‍റെ ഭാഗത്ത്​ ഒരു തെറ്റുമില്ലെന്ന കാര്യത്തിൽ തങ്ങൾക്ക്​ പൂർണ വിശ്വാസമുണ്ടെന്ന്​ ഉമർ -റസിയ ദമ്പതികളുടെ മകളും ഡൽഹിയിലെ ഒരു സർവകലാശാലയിൽ അസി. പ്രഫസറുമായ ഫാത്തിമ പറഞ്ഞു.

"യു.പി പൊലീസ്​ വിളിപ്പിച്ച ദിവസം പിതാവ്​ പോയത് ഞാൻ ഓർക്കുന്നു. പ്രവർത്തനങ്ങളെല്ലാം സുതാര്യമായതിനാൽ വെറുംകൈയോടെയാണ്​ അദ്ദേഹം പോയത്​്​. അല്ലെങ്കിൽ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അഭിഭാഷകനെയോ പ്രാദേശിക നേതാക്കളെയോ അറിയിക്കുമായിരുന്നല്ലോ?"-അവർ പറഞ്ഞു. ഉമർ -റസിയ ദമ്പതികൾക്ക്​ ഫാത്തിമയെ കൂടാതെ രണ്ട് ആൺമക്കൾ കൂടിയുണ്ട്​. മൂത്ത മകൻ ഐ.ടി എൻജിനീയറാണ്. ഇളയയാൾ എം.ബി.എയ്ക്ക് തയ്യാറെടുക്കുന്നു.

ഐ.ഡി.സി മുഖേന ഇസ്​ലാമാശ്ലേഷിച്ചവരുടെ നിയമപരമായ എല്ലാരേഖകളും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന്​ ഫാത്തിമ പറഞ്ഞു. ''അവരുടെ എല്ലാവരുടെയും ഇസ്​ലാം ആ​ശ്ലേഷണ അനുഭവങ്ങളെ കുറിച്ച്​ വിഡിയോ സന്ദേശങ്ങൾ തയാറാക്കണമെങ്കിൽ അതും സാധ്യമാണ്'' -അവർ പറഞ്ഞു. ഉമറിന് പിന്തുണ തേടി ഓൺലൈൻ കാംപയ്​ൻ തുടങ്ങാനും കുടുംബം ആലോചിക്കുന്നുണ്ട്​്​.

റസിയയും മക്കളും മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ, വീട്ടിലെ ഡോർ ബെൽ മുഴങ്ങി. തുറന്നുനോക്കു​േമ്പാൾ പരിശോധനക്ക്​ എത്തിയ ഡൽഹി പൊലീസ്​ ഉദ്യോഗസ്ഥർ. ഗൗതമിന്‍റെ മകൻ പൊലീസിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. സ്ത്രീകൾ മറ്റൊരു മുറിയിലേക്ക് മാറി. പൊലീസും പരിശോധനയും ഇപ്പോൾ ഈ കുടുംബത്തിന്​ പുതിയ അനുഭവമല്ലാതായി മാറിയിരിക്കുന്നു.

''ഭക്ഷണവും മതവും മറ്റൊരാളുടെ തൊണ്ടക്ക്​ താഴെ ഇറക്കിവിടാൻ കഴിയില്ല''

സംഭാഷണ മധ്യേ അയൽവാസികളിൽ ചിലരും അടുത്തെത്തി. മതപരിവർത്തനത്തെ കുറിച്ച്​ സംസാരിക്കവേ താഴെ നിലയിൽ താമസിക്കുന്ന ഒരു വൃദ്ധയായ സ്ത്രീ പറഞ്ഞു: "ഭക്ഷണവും മതവും മറ്റൊരാളുടെ തൊണ്ടക്ക്​ കീഴ്​പോട്ട്​ ഇറക്കിവിടാൻ കഴിയില്ല". ഉമർ അറസ്റ്റിലായ ശേഷം ഒരു ടി.വി ചാനൽ റിപ്പോർട്ടർ തങ്ങളുടെ വീട്ടിൽ വന്ന കാര്യവും അവർ പങ്കുവെച്ചു. ഉമർ എങ്ങനെയുള്ള ആളാണെന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. "എന്‍റെ മറുപടി അവർ ഒരിക്കലും സംപ്രേഷണം ചെയ്തില്ല, കാരണം ഞാൻ ഉമറി​നെക്കുറിച്ച് നല്ല കാര്യങ്ങളാണ്​ പറഞ്ഞത്​" -അവർ കൂട്ടിച്ചേർത്തു.

പതിറ്റാണ്ട് മുമ്പ് സിഖ് മതത്തിൽ നിന്ന് ഇസ്​ലാം മതം സ്വീകരിച്ച കാൺപൂർ നിവാസിയായ അഞ്ജും എന്ന അയൽവാസിയും തന്‍റെ അനുഭവം പങ്കുവെച്ചു. 'ഞാൻ സിഖ് കുടുംബത്തിൽ നിന്നാണ് വന്നത്. ഞങ്ങൾ ബ്രഹ്മകുമാരിമാരുടെ ആശയങ്ങളിൽ വിശ്വസിച്ചു. മതം മാറാൻ ആഗ്രഹിച്ചപ്പോൾ താൻ ഉമറുമായി ബന്ധപ്പെട്ടിരുന്നു. എന്‍റെ ഭർത്താവ് മുസ്​ലിമാണ്. മതംമാറ്റം നിയമപരമാക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ്​ ഉമറിനെകുറിച്ച്​ അറിയുന്നത്" -അഞ്ജും പറഞ്ഞു.

ബംഗളൂരുവിലെ ഡോ. സുജിത് ശുക്ലയുമായുള്ള അഭിമുഖത്തിന്‍റെ വീഡിയോ റസിയ കാണിച്ചുതന്നു. ഉമർ അറസ്റ്റിലായി രണ്ടാം ദിവസമാണ്​ ഇത്​ പോസ്റ്റ്​ ചെയ്​തത്​. വർഷങ്ങൾക്കുമുമ്പ് ഒരു ട്രെയിൻ യാത്രയിലാണ്​ ഇദ്ദേഹം ഉമറിനെക്കുറിച്ച് അറിഞ്ഞത്​. 2004 ൽ ഇസ്​ലാം സ്വീകരിക്കാൻ ആഗ്രഹിച്ചപ്പോൾ​ ഉമറുമായി ബന്ധപ്പെട്ടു. എല്ലാം കൃത്യമായി രേഖപ്പെടുത്തുകയും നിയമപരമായി ഫയൽ ചെയ്യുകയും ചെയ്​താണ്​ മതംമാറ്റം പൂർത്തീകരിച്ചത്​. മതപരിവർത്തനത്തിന്​ സാമ്പത്തിക പ്രതിഫലം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന്​ 'ഇത്​ സാമ്പത്തികമായി നഷ്​ടമുണ്ടാക്കുന്ന പരിപാടിയാണ്​' എന്നായിരുന്നു ശുക്ലയുടെ മറുപടി. 'മതം മാറി എന്നറിഞ്ഞതോടെ കുടുംബക്കാ​രൊക്കെ തങ്ങളെ ഒഴിവാക്കുന്നതിനാൽ​ സാമ്പത്തിക നഷ്​ടമാണ്​ നേരിടുക'' - അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞു.

ക്ഷേത്ര സന്ദർശനവും തുടർന്ന്​ ചുമത്തിയ കള്ളക്കേസും

യ​ു.പിയിലെ വിദ്വേഷ പ്രചാരകനായ ദസ്ന ക്ഷേത്രത്തിലെ യതി നരസിംഹാനന്ദ സരസ്വതി​ ഇസ്​ലാമിനെകുറിച്ച്​ വെച്ചുപുലർത്തുന്ന തെറ്റിദ്ധാരണ മാറ്റാൻ അദ്ദേഹത്തിന്‍റെ അടുത്ത്​ രണ്ടുപേർ പോയതാണ്​ പ്രശ്​നങ്ങളുടെ തുടക്കം. മുഹമ്മദ് റംസാൻ എന്ന അപുൽ വിജയ് വർഗിയ, ഭാര്യാസഹോദരൻ മുഹമ്മദ് കാശിഫ്​ എന്നിവരാണ്​ പോയത്​. എന്നാൽ, തന്നെ ആക്രമിക്കാനാണ് ഇവർ വന്നതെന്ന്​ ആരോപിച്ച്​ നരസിംഹാനന്ദ പൊലീസിനെ വിളിക്കുകയായിരുന്നു.

ഗാസിയാബാദിലെ ദസ്ന ക്ഷേത്രം (photo: newslaundry.com)

മുസ്​ലിംകൾക്കും അവരുടെ വിശ്വാസത്തിനും എതിരെ പതിവായി വിഷം ചീറ്റുന്ന വ്യക്​തിയാണ്​ നരസിംഹാനന്ദ. കഴിഞ്ഞ ഏപ്രിലിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംസാരിക്കവെ ഇസ്​ലാമിനെയും മുഹമ്മദ് നബിയെയും അദ്ദേഹം അപമാനിച്ച്​ സംസാരിച്ചിരുന്നു. ഈ സംഭവത്തിൽ ഡൽഹി പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്​. കഴിഞ്ഞ മാസം ക്ഷേത്രപരിസരത്ത് വെള്ളം കുടിക്കാൻ പോയ മുസ്​ലിം ബാലനെ അദ്ദേഹത്തിന്‍റെ അനുയായികൾ ക്രൂരമായി മർദിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്​ചാത്തലത്തിലാണ്​ ഇസ്​ലാമിനെക്കുറിച്ചും പ്രവാചകനെ കുറിച്ചും അദ്ദേഹത്തിനുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ഉദ്ദേശിച്ച്​ റംസാനും കാശിഫും ദസ്ന ക്ഷേത്രത്തിൽ പോയത്​.

എന്നാൽ, പൊലീസ്​ എത്തി ഇരുവരേയും കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു. അപ്പോഴാണ്​ ഇവർ മതംമാറിയവരാണെന്ന്​ പൊലീസ്​ മനസിലാക്കുന്നത്​. തുടർന്ന് മതപരിവർത്തന രേഖകൾ ശരിയാക്കിതന്നത്​ മുഹമ്മദ്​ ഉമർ ഗൗതം ആണെന്നറിഞ്ഞതോടെ പൊലീസ്​ വിഷയത്തിന്‍റെ സ്വഭാവം മാറ്റിമറിച്ചു. തുടർന്ന്​ പൊലീസ്​ ഉമറി​െൻറ പിന്നാലെ കൂടുകയായിരുന്നു

മതംമാറ്റം സംബന്ധിച്ച രേഖകൾ ആവശ്യ​െപ്പട്ട്​ ഗാസിയാബാദ് പൊലീസ്​ ഉമറിനെ വിളിപ്പിച്ചു. അദ്ദേഹം സ്​റ്റേഷനിലെത്തി ആവശ്യപ്പെട്ട എല്ലാ രേഖകളെല്ലാം കൈമാറി. ജൂൺ 19ന്​ വീണ്ടും വരണമെന്ന്​ അദ്ദേഹത്തോട്​ പൊലീസ്​ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്​ 19ന്​ ഗാസിയാബാദ്​ പൊലീസ്​ സ്​റ്റേഷനിൽ എത്തിയ ഉമറിനെ അകത്തുവിളിച്ച്​ പൊലീസ്​ ചോദ്യംചെയ്​തു. രാത്രി​ വൈകുംവരെ അദ്ദേഹ​െത്ത വിട്ടയച്ചില്ല. പിന്നീട്​ സുഹൃത്തുക്കൾ തിരക്കിയപ്പോഴാണ്​ അദ്ദേഹത്തെ ലഖ്​നോവിലേക്ക്​ കൊണ്ടുപോയി അറസ്​റ്റ്​ ചെയ്​തുവെന്ന വിവരം ലഭിച്ചത്​.

വഞ്ചന, ക്രിമിനൽ ഗൂഢാലോചന, മത വർഗീയ ശത്രുത വളർത്തൽ, ദേശീയ ​ഐക്യത്തിനെതിരെ പ്രവർത്തിക്കുക, മതവിശ്വാസങ്ങളെ അപമാനിക്കൽ, കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കൽ, 2020 നവംബറിൽ പാസാക്കിയ യു.പി മത പരിവർത്തന വിരുദ്ധ നിയമം തുടങ്ങിയവ പ്രകാരമാണ്​ ഇവർക്കെതിരെ കുറ്റം ചുമത്തിയത്​.

വർഗീയ ചീട്ടിറക്കി പൊലീസ്​

ജൂൺ 21ന് യു.പി എ.ഡി.ജി.പി പ്രശാന്ത് കുമാർ ലഖ്‌നോവിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് യു.പി ഭരണകൂടം വർഗീയത ആളിക്കത്തിക്കാനുള്ള തന്ത്രമായി ഈ സംഭവത്തെ ഉപയോഗിക്കുന്നതിന്‍റെ സൂചനകൾ പുറത്തുവന്നത്​. നരസംഹാനന്ദയുടെ പരാതിയിൽ ഗാസിയാബാദിലെ മസൂരി പോലീസ് നടത്തിയ അന്വേഷണത്തിൽ "മത പരിവർത്തന റാക്കറ്റ്" കണ്ടെത്തി എന്നായിരുന്നു എ.ഡി.ജി.പിയുടെ വാദം. ഐ‌എസ്‌ഐ പോലുള്ള ഏജന്‍സികളും ചില സാമൂഹിക വിരുദ്ധ സംഘടനകളും ആളുകളെ നിർബന്ധിച്ച് മതം മാറ്റി ഇന്ത്യയിലെ ജനസംഖ്യ അനുപാതത്തിൽ മാറ്റം വരുത്താൻ പ്രവർത്തിക്കുന്നുവെന്നായിരുന്നു പൊലീസിന്‍റെ 'കണ്ടെത്തൽ'.

യോഗി സർക്കാറിന്‍റെ കോവിഡ്​ പ്രതിരോധത്തിലെ പിഴവുകളും ഭരണ കെടുകാര്യസ്​ഥതയും വൻ ചർച്ചയാകുന്നതി​നിടെയാണ് മതംമാറ്റ വിഷയം സർക്കാറും പൊലീസും മാധ്യമങ്ങളും ചേർന്ന്​ സൃഷ്​ടിച്ചെടുത്തത്​ എന്നതാണ്​ ശ്രദ്ധേയം. സർക്കാറിന്‍റെ വീഴ്ച മറച്ചുവെച്ച്​ വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ വർഗീയത ആളിക്കത്തിച്ച്​ വോട്ടുസമാഹരിക്കാനുള്ള ശ്രമമായാണ്​ ഈ നീക്കത്തെ വിലയിരുത്തുന്നത്​.

"കോവിഡ് മൂലം നിരവധി പേർ മരിച്ചു, അനേകം പേർക്ക് ജോലി നഷ്‌ടപ്പെട്ടു. എന്നിട്ടും സർക്കാരിന്റെ ശ്രദ്ധ 'മതപരിവർത്തനത്തിലാണ്​'. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഗൂഡതന്ത്രമാണ്​ ഈ കേസ്​'' -റസിയ ആരോപിച്ചു.

'ഇതെല്ലാം രാഷ്ട്രീയമാണ്'

ജാമിഅ നഗറിലെ ജോഗാബായ് എക്സ്റ്റൻഷനിലാണ്​ ഐ.ഡി.സി ഓഫിസ്​. ഉമറും കസ്മിയും ഇവിടെയാണ്​ ജോലി ചെയ്യുന്നത്​. ഇവിടെ എത്തിയാണ്​ മസൂരി പൊലീസ് ഉമറിന്​ നോട്ടീസ് നൽകിയിരുന്നത്. ഇരുവരുടെയും അറസ്റ്റിനെ തുടർന്ന്​ ഓഫിസ്​ പൂട്ടിയിരിക്കുകയാണ്​.

"നിയമപരമായ രീതിയിൽ മതപരിവർത്തനം നടത്താനും രേഖകൾ ലഭിക്കുന്നതിനുമാണ്​ ആളുകൾ ഉമറിനെ സമീപിച്ചിരുന്നത്​'' -ഉമറിനെ പരിചയമുള്ള, ഏഴു വർഷമായി പ്രദേശത്ത് താമസിക്കുന്ന ശഹാബുദ്ദീൻ എന്നയാൾ പറഞ്ഞു.

''കേസും ആരോപണങ്ങളുമെല്ലാം വെറും രാഷ്ട്രീയമാണ്" -ഉമറിന്‍റെ അറസ്റ്റിനെ കുറിച്ച്​ ചോദിച്ചപ്പോൾ, പതിറ്റാണ്ടുകളായി കോളനിയിൽ താമസിക്കുന്ന മറ്റൊരു താമസക്കാരന്‍റെ മറുപടി ഇതായിരുന്നു.

Tags:    
News Summary - Who is Umar Gautam?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.