പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നടന്ന തന്ത്രപ്രധാനമായ ഉഭയകക്ഷി സഹകരണ കരാറുകളില്‍ പ്രധാനപ്പെട്ടതായിരുന്നു നിര്‍മിതബുദ്ധി (എ.ഐ) മേഖലയിലുള്ള പരസ്പര സഹകരണത്തിനു വേണ്ടിയുള്ള കരാര്‍. Future is AI, America and India (വരും കാലം എ.ഐയുടേതാണ്, അമേരിക്കയുടെയും ഇന്ത്യയുടെയും) എന്നെഴുതിയ ടീ ഷര്‍ട്ട് ബൈഡന് മോദിക്ക് കൈമാറിയാണ് ഈ കരാര്‍ ഒപ്പിട്ടത്.
മോദിയുടെ യാത്രയെ അസാധാരണ സന്ദർശനമെന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി മറ്റേതൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദർശനത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ഇക്കുറി അമേരിക്ക നേടിയെന്നും ചരിത്രത്തിലെയും ഏറ്റവും ആഴമേറിയതും വിശാലവുമായ സൗഹൃദത്തിലാണ് തങ്ങളിപ്പോൾ എന്നും കൂട്ടിച്ചേർക്കുന്നു.
സന്ദര്‍ശനത്തിന് മുന്നോടിയായി ഈ വര്‍ഷം ജനുവരിയില്‍ ബൈഡന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും സെമി കണ്ടക്ടര്‍ ചിപ്പുകളുടെ നിർമാണം, 5G, 6G ടെലികോം സാങ്കേതിക മേഖല, നിർമിതബുദ്ധി , സൈനിക ഉപകരണങ്ങള്‍ എന്നീ മേഖലയില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനീസ് ടെക്നോളജി ഭീമനായ വാവെയ് യുടെ ഈ മേഖലയിലെ നീക്കങ്ങള്‍ക്ക് തടയിടാനുള്ള തന്ത്രപരമായ സഹകരണമാണ് ഈ നീക്കത്തെ ആഗോള മാധ്യമങ്ങള്‍ എണ്ണുന്നത്. ഇന്ത്യ-യു.എസ് സഹകരണത്തിന്റെ അടിസ്ഥാന ആവശ്യകതയായി ജേക്ക് സള്ളിവന് പറഞ്ഞ കാരണം; സാമ്പത്തിക, സൈനിക, ഉല്പാദന- വിതരണ മേഖലകളില്‍ മേല്‍കോയ്മ നേടാനുള്ള ശ്രമത്തിലൂടെ ചൈന ഉയർത്തുന്ന വലിയ വെല്ലുവിളികള്‍ ഇന്ത്യയെ വളരെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ്.
വരും നാളുകളില്‍ ആഗോള സമ്പദ്വ്യവസ്ഥയിൽ ഏറ്റവും കൂടുതല്‍ സംഭാവന നല്കുന്ന മേഖലയായിരിക്കും നിർമിതബുദ്ധിയും അതടിസ്ഥാനത്തിലുള്ള വ്യവസായങ്ങളും. സ്മാർട്ട്ഫോണുകളുടെ സാങ്കേതികവിദ്യ മുതൽ കാറുകളിലെ ഒട്ടോമേറ്റഡ് ഡ്രൈവിങ് ഫീച്ചറുകൾ വരെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി എ.ഐ സാങ്കേതികവിദ്യകള്‍ സമീപ ഭാവിയില്‍ വ്യാപകമാകും.
തൽഫലമായി എ.ഐ വ്യവസായമേഖല പ്രതിവർഷം 4.4 ട്രില്യൺ ഡോളർ വരെ ആഗോള സാമ്പത്തിക വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് ലോക പ്രശസ്ത മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയായ മക്കിൻസി ഈയിടെ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.
2021ലെ യു.കെയുടെ ജി.ഡി.പിയോളം വരുമിത്. എ.ഐ ഗവേഷണത്തിലും, വികസനത്തിലും, ഉല്പന്നങ്ങളുടെ നിർമാണത്തിലും മുന്നില്‍ നടക്കുന്നവര്‍ വിവിധ വ്യവസായങ്ങളിൽ കൂടുതല്‍ നിക്ഷേപം നടത്തുകയും, വരുമാനം നേടുകയും ചെയ്യും. എ.ഐ മേഖലയിലെ മേധാവിത്വം ആഗോള സാമ്പത്തിക, പ്രതിരോധ മേഖലയിലെ രാജ്യങ്ങളുടെ മേല്ക്കോയ്മയില് വലിയ അളവില്‍ സ്വാധീനിക്കുമെന്നര്‍ഥം.
നിർമിതബുദ്ധി മേഖലയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തുന്ന രാജ്യം അമേരിക്കയാണ്, രണ്ടാം സ്ഥാനത്ത് ചൈനയും. സ്റ്റാന്‍ഫഡ് സര്‍വകലാശാല എ.ഐ 2023 റിപ്പോര്‍ട്ട് പ്രകാരം 249 ബില്യണ്‍ ഡോളറാണ് 2013-21 കാലയളവില്‍ എ.ഐ മേഖലയില്‍ അമേരിക്കയുടെ നിക്ഷേപം, ചൈനയുടേത് 95 ബില്യനും.
എ.ഐ ഗവേഷണത്തിനും വികസനത്തിനും നവീകരണത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ടെക്നോളജി കമ്പനികൾ എന്നിവര്‍ ചേര്‍ന്ന് വലിയ സംഭാവനയാണ് നല്‍കുന്നത്. അതോടൊപ്പം എ.ഐ ഗവേഷണത്തിലും വികസനത്തിലും വൻതോതിൽ നിക്ഷേപം നടത്തുന്ന ടെക്നോളജി ഭീമന്മാരായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഐ.ബി.എം, ആമസോൺ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമാണ് അമേരിക്ക.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എ.ഐ മേഖലയിലെ പ്രതിഭകളെയും കമ്പനികളെയും ആകർഷിക്കാന്‍ അമേരിക്കക്ക് സാധിക്കുന്നു. മനുഷ്യ വിഭവങ്ങളും, സര്‍ക്കാര്‍ സംവിധാനങ്ങളും, കോര്‍പറേറ്റ് ഭീമന്മാരും ചേര്‍ന്നുള്ള എ.ഐ ഇക്കോസിസ്റ്റം ഏറ്റവും വലിയ എ.ഐ ശക്തിയായി അമേരിക്കയെ മാറ്റിയിരിക്കുന്നു.
എ.ഐ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും അതിവേഗത്തില്‍ മുന്നോട്ടു പോയ, സമീപഭാവിയില്‍ അമേരിക്കയെ മറികടക്കാന്‍ സാധ്യതയുള്ള രാജ്യമാണ് ചൈന. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ തലത്തില്‍ നയ രൂപവത്കരണം നടത്തുകയും ചൈനീസ് ടെക്നോളജി ലോകവും ബിസിനസ് കമ്യൂണിറ്റികളും എ.ഐ സാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്തു.
മെയ്ഡ് ഇൻ ചൈന 2025, ബിഗ് ഡേറ്റയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, അടുത്ത തലമുറക്ക് വേണ്ടിയുള്ള എ.ഐ പദ്ധതികള്‍ എന്നിങ്ങനെ എ.ഐയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി അവർ നിരവധി പദ്ധതികളും നയങ്ങളും പാസാക്കിയിട്ടുണ്ട്.
ഇതിലൂടെ 2030ഓടെ ചൈനയെ എ.ഐ വികസനത്തിന്റെ ലോക കേന്ദ്രമാക്കി മാറ്റാനും ചൈനയുടെ ഭാവി സാമ്പത്തിക, വ്യാവസായിക മുന്നേറ്റങ്ങള്‍ക്ക് എ.ഐ ഒരു ചാലകശക്തിയായി ഉപയോഗിക്കാനും ലക്ഷ്യമിടുന്നു. എ.ഐ സാങ്കേതികവിദ്യയിൽ അമേരിക്കയുടെ ഒരേയൊരു യഥാർഥ പ്രതിയോഗി ചൈനയാണ്.
അമേരിക്കയും ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ ബഹുദൂരം പിന്നിലാണ് ഇന്ത്യ. 2018ൽ നിതി ആയോഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദേശീയ നയം പുറത്തിറക്കിയെങ്കിലും ഈ മേഖലയില്‍ മുന്നോട്ടു പോകുന്നതിന് പ്രോത്സാഹനങ്ങളോ നിക്ഷേപങ്ങള്‍ വർധിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളോ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. 2013 മുതല്‍ 2022 വരെ എ.ഐ മേഖലയില്‍ ഇന്ത്യയുടെ നിക്ഷേപം എട്ട് ബില്യണ്‍ മാത്രമാണ്.
ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് മേഖലകളിലെ പ്രതിഭകളടങ്ങുന്ന മനുഷ്യവിഭവങ്ങളാണ് എ.ഐ മേഖലയില്‍ ഇന്ത്യയുടെ ശക്തി. മക്കിന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് എ.ഐ നൈപുണ്യം ഏറ്റവും കൂടുതല്‍ സ്വായത്തമാക്കുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) തുടങ്ങിയ നിരവധി അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ എ.ഐ ഗവേഷണം നടത്തുന്നുണ്ട്.
ഓരോ വർഷവും ഗണ്യമായ അളവില്‍ ഡേറ്റ എൻജിനീയർമാർ , ഡേറ്റ സയന്റിസ്റ്റ് തുടങ്ങിയ എ.ഐ പ്രഫഷനലുകളെ ഇന്ത്യ സൃഷ്ടിക്കുകയും ആഗോളതലത്തിൽ എ.ഐ ഗവേഷണത്തിനും വികസനത്തിനും സംഭാവന നൽകുകയും ചെയ്യുന്നു.
എ.ഐ ടെക്നോളജി ഭീമന്മാരായ ഗൂഗ്ളിന്റെയും മൈക്രോസോഫ്റ്റിന്റെയും തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ വംശജരായ സുന്ദർ പിച്ചൈ, സത്യ നാദെല്ലയുള്പ്പെടെയുള്ള ടെക്നോളജി മാനേജ്മെന്റ് വിദഗ്ധരും ഇന്ത്യന്‍ പ്രതിഭകളുടെ സൂചകങ്ങളാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വിദഗ്ധരായ മനുഷ്യ വിഭവങ്ങളും ഏറ്റവും നല്ല സേവനങ്ങളും ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ മേഖലയിലെ ഇന്ത്യയുടെ വലിയ സാധ്യത.
2014 വരെ എ.ഐ മേഖലയില്‍ നിക്ഷേപങ്ങളും വികാസവും അക്കാദമിക് ഗവേഷണത്തിന് വേണ്ടിയായിരുന്നു. അത്യാധുനിക എ.ഐ സംവിധാനങ്ങൾ നിർമിക്കുന്നതിന് വലിയ അളവിലുള്ള നിക്ഷേപവും, ഡേറ്റയും അടിസ്ഥാനാവശ്യമാണ്. അതുകൊണ്ട് തന്നെ അക്കാദമിക്-ഗവേഷണ ലോകത്തുനിന്ന് ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, ഓപണ്‍ എ.ഐ തുടങ്ങിയ ടെക്നോളജി കമ്പനികളിലേക്ക് എ.ഐയുടെ വികാസം നിലവില്‍ ചുവട് മാറിയിരിക്കുകയാണ്.
ഗവേഷണ ലോകത്തുനിന്ന് പ്രായോഗിക ലോകത്തേക്കുള്ള ഈ മാറ്റം ഏതൊക്കെ രാജ്യങ്ങളാണ് ഏറ്റവും ക്രിയാത്മകമായും തന്ത്രപരമായും ഉപയോഗപ്പെടുത്തുക എന്നതായിരിക്കും എ.ഐ രംഗത്ത് ഒന്നാമതെത്താനുള്ള മത്സരത്തിലെ വിജയിയെ നിര്‍ണയിക്കുക.
പാശ്ചാത്യരാജ്യങ്ങൾ ഗവേഷണത്തിനും പഠനത്തിനും വേണ്ടി പണം ചെലവഴിച്ച് എ.ഐ വിപ്ലവത്തിന് തിരികൊളുത്തിയെങ്കിലും ആപ്ലിക്കേഷനുകളും, ഉൽപന്നങ്ങളും, സേവനങ്ങളും ആഗോള തലത്തില്‍ ലഭ്യമാക്കുന്നതിലൂടെ എ.ഐയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ചൈനയായിരിക്കും. Huawei, Alibaba, Baidu, Tencent എന്നിവയുൾപ്പെടെ ഗവേഷണത്തിലും വികസനത്തിലും മുൻപന്തിയിലുള്ള നിരവധി പ്രമുഖ എ.ഐ കമ്പനികളുടെ ആസ്ഥാനമാണ് ചൈന.
അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ വിപണിയും ചൈനയാണ്. ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ നിന്നും, സര്‍ക്കാര്‍ നിയന്ത്രണ- നിരീക്ഷണ സംവിധാനങ്ങളിലൂടെയും ലഭ്യമായ വലിയ അളവിലുള്ള ഡേറ്റ ഈ മേഖലയില്‍ അവർക്ക് വലിയ കരുത്താകും. ആഗോളതലത്തില്‍ തന്നെ ലഭ്യമായ ഉല്പന്നങ്ങളുടെ കോപ്പികള്‍ ഉണ്ടാക്കുക എന്നത് അവിടെ അംഗീകൃത സമ്പ്രദായമാണെന്നുള്ളതും ചൈനയുടെ ഈ മേഖലയിലെ സാധ്യതയാണ്.
ഒന്നും രണ്ടും സാങ്കേതിക വിപ്ലവങ്ങളായ സ്റ്റീം എൻജിന്, ഇലക്ട്രിസിറ്റി എന്നിവയുടെ കണ്ടുപിടിത്തങ്ങളിലൂടെ പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ് ഏറ്റവും വലിയ സാമ്പത്തിക ലാഭം നേടാന്‍ സാധിച്ചത്. മൂന്നാം സാങ്കേതിക വിപ്ലവമായ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവില്‍ ഇന്ത്യയും ചൈനയുമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കും വലിയ അളവില്‍ സാമ്പത്തിക മുന്നേറ്റം സാധ്യമായിട്ടുണ്ട്.
എ.ഐ അധിഷ്ഠിതമായ നാലാം സാങ്കേതിക വിപ്ലവത്തില്‍ അമേരിക്കയുടെ ഗവേഷണങ്ങളും, ഇന്ത്യയുടെ വിഭവങ്ങളും, ചൈനീസ് സാധ്യതകളും പരസ്പരം ഉപയോഗപ്പെടുത്തിയും സഹകരിച്ചും മുന്നോട്ടു പോകുന്നതിലൂടെ ആഗോള സാമ്പത്തിക മേഖലയിലും, എല്ലാവരുടെയും ജീവിതത്തിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് വഴി ഒരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(ഐ.ടി വിദഗ്ധനാണ് ലേഖകന്‍)
Arshad.el@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.