1. തസ്നീം ഇസ്മായിൽ, 2. ഗസ്സയിലെ തകർന്ന കെട്ടിടങ്ങ​ളിലൊന്ന്

‘എന്തിനാണ് അവരെന്റെ ഓർമകളെ നശിപ്പിച്ചത്?, എന്തിനാണ് എന്‍റെ സ്വപ്നങ്ങളെ തകർത്തത്?’

‘‘ഇതിപ്പോൾ ഒക്ടോബർ 14. രാവിലെ 11 മണി. എപ്പോഴേ മരിച്ചുകഴിഞ്ഞതായി എനിക്ക് അനുഭവപ്പെടുന്നു. പക്ഷേ, ഇപ്പോഴും ഞാൻ ശ്വസിക്കുന്നുണ്ട്. എന്‍റെ പഴയ ജീവിതം നഷ്ടപ്പെട്ടുപോയിരിക്കുന്നു. നല്ല വൃത്തിയിലും വെടിപ്പിലും നടന്നൊരു പെൺകുട്ടിയായിരുന്നു ഞാൻ. പക്ഷേ, ഇവിടെയെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സാധാരണപോലെ എനിക്ക് ജീവിക്കണം. സാധാരണ പോലെ കുളിക്കണം. സാധാരണ പോലെ ബാത്റൂം ഉപയോഗിക്കണം. സ്വസ്ഥമായി ശ്വസിക്കാൻ പോലും ഇപ്പോഴിവിടെ കഴിയുന്നില്ല. എല്ലാം അനുദിനം മോശമായി വരുന്നു’’.

തസ്നീം ഇസ്മായിൽ അഹ് ലിന്റെ ഓഡിയോ മെസേജുകൾ പലപ്പോഴും വാട്സ്ആപിൽ ഒറ്റയടിക്കാണ് യൂസ്ർ അൽഹുലുവിന് വരിക. ചില സമയത്ത് 16 മെസേജുകൾ വരെ കാണും. ചിലേപ്പാൾ 24. ചിലപ്പോൾ വെറും അഞ്ചെണ്ണം. പല ദിവസങ്ങളിൽ റെക്കോഡ് ചെയ്ത മെസേജുകളാണ് ഇങ്ങനെ ഒറ്റയടിക്ക് വരുന്നത്. നിരന്തരം മുടങ്ങുന്ന വൈദ്യുതിയും ഇസ്രായേൽ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് ബ്ലാക്ക് ഔട്ടും കാരണം ഗാസയിൽ നിന്നുള്ള വിവരങ്ങൾ മെല്ലെയേ പുറത്തുവരുള്ളൂ. പൊടുന്നനെ എവിടെ നിന്നെങ്കിലും കിട്ടുന്ന ഒരു തുണ്ട് വൈഫൈ കണക്ടിവിറ്റിയിൽ മുമ്പ് റെക്കോഡ് ചെയ്തയച്ച ഓഡിയോകൾ വാട്സ് ആപിൽ വന്ന് നിറയും.

ഗാസ സിറ്റിയിലെ കോളജ് വിദ്യാർഥിനിയാണ് 19കാരിയായ തസ്നീം. ന്യൂയോർക് ടൈംസ് ലേഖിക യൂസ്ർ അൽഹുലുവിന് തസ്നീം അയച്ച വാട്സ്ആപ് മെസേജുകളിൽ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടിന്‍റെ വിലാപവും ചിത്രവുമുണ്ട്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെ കഥയുണ്ട്. 2021ലെ ഇസ്രായേലിന്‍റെ ഗാസ ആക്രമണ കാലത്താണ് യുസ്ർ അൽഹുലു, തസ്നീമിനെ പരിചയപ്പെടുന്നത്. ഇപ്പോഴത്തെ ആക്രമണം തുടങ്ങിയ ശേഷം തസ്നീമിൽനിന്ന് വന്ന മെസേജുകൾ ഉൾപ്പെടുത്തി വേദനാജനകമായ ഒരു ലേഖനം യുസ്ർ അൽഹുലു ഇന്നലെ ന്യൂയോർക് ടൈംസിൽ എഴുതിയിരുന്നു. തസ്നീമിന്‍റെ ആ വോയ്സ് മെസേജുകളിൽനിന്ന്...

‘‘ഇപ്പോൾ രാത്രി ഒമ്പതുമണി. ഞാനും കസിൻ റീമയും എന്‍റെ കുഞ്ഞിപ്പെങ്ങൾ യുംനയും മാത്രമാണുള്ളത്. മറ്റുള്ളവരെല്ലാം ഉറങ്ങുകയാണ്. അവരെ കാക്കാനായി ഞങ്ങൾ ഉണർന്നിരിക്കുന്നു. ഈ സമയം ഞങ്ങളുടെ ഷിഫ്റ്റാണ്. ഞങ്ങളാകെ അവശരാണ്. ഏറെ തളർന്നിരിക്കുന്നു. ഉറക്കം വരുന്നുണ്ട്. പക്ഷേ, ഉറങ്ങാൻ കഴിയില്ല. എപ്പോഴാണ്, എവിടെയാണ് അടുത്ത മിസൈലോ ബോംബോ വീഴുകയെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാനീ വോയ്സ് മെസേജ് റെക്കോഡ് ചെയ്യുന്നത്. എനിക്കറിയാം, ചിലപ്പോൾ ഇതെന്‍റെ അവസാനത്തെ മെസേജാകാം, അല്ലാതിരിക്കാം. ചിലപ്പോൾ ഇതു നിങ്ങൾ കിട്ടാം, കിട്ടാതിരിക്കാം. എന്തിനാണ് അൽറിമാലിലെ എന്‍റെ പ്രിയപ്പെട്ട റസ്റ്ററന്‍റ് അവർ ബോംബിട്ട് തകർത്തത്? എന്‍റെ മനോഹരങ്ങളായ ഓർമകളെയാണ് അവർ നശിപ്പിച്ചത്. അവരെന്‍റെ രാത്രികളെ കവർന്നു. എന്‍റെ ശീലങ്ങളെ കവർന്നു. എന്‍റെ ചിത്രകലയെ കവർന്നു’’.

ഗാസ സിറ്റിയിലെ നല്ല വാസ മേഖലകളിലൊന്നായ അൽ റിമാലിലാണ് തസ്നീം വളർന്നത്. അവിടത്തെ പ്രശസ്ത കോളജായ അൽ അസ്ഹറിലാണ് പഠിച്ചിരുന്നത്. ഈ തവണത്തെ ബോംബിങ്ങിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ കോളജ് വ്യോമാക്രമണത്തിൽ തകർന്നു. ഏതൊരു ഗസ്സ നിവാസിയെയും പോലെ തനിക്ക് മേൽ ഇസ്രയേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്കുമപ്പുറം നല്ലൊരു ജീവിതം തസ്നീം ആഗ്രഹിച്ചിരുന്നു, അതിരുകളിലെ മുള്ളുവേലിക്കും കോൺക്രീറ്റ് മതിലിനുമപ്പുറം. സയൻസും ആർട്ടും ഇടകലർന്ന സ്വപ്നങ്ങളാണ് അവൾക്കുണ്ടായിരുന്നത്. പഠിച്ച് ഒരു ഡെൻറിസ്റ്റ് ആകണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ, എഴുത്തിലും വരയിലും പാട്ടിലുമൊക്കെയായിരുന്നു താൽപര്യം. പക്ഷേ, ഗാസക്ക് നേരെയുണ്ടായ ഓരോ കാലത്തെയും ആക്രമണങ്ങൾ അവളുടെ സ്വപ്നങ്ങളെ ഒന്നൊന്നായി തകർത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് തസ്നീമും കുടുംബവും തങ്ങളുടെ അപാർട്മെന്‍റ് വിട്ട് അമ്മാവനൊപ്പമാണ് താമസിക്കുന്നത്.

‘‘ഇത് ഒക്ടോബർ 13. രാത്രി ഒമ്പതുമണി. ഗാസക്ക് നേരെയുള്ള ആക്രമണത്തിന്‍റെ ഏഴാംദിനം. ഞങ്ങളുടെ അയൽക്കാരെ അവർ ആക്രമിച്ചു. മുന്നറിയിപ്പ് പോലും തരാതെ മനുഷ്യരെ കൊന്നു. കെട്ടിടം മുഴുവൻ തകർന്നുവീണു. ആരെങ്കിലും അതിനടിയിൽ ജീവനോടെ ഉണ്ടോ എന്ന് ആളുകൾ പരിശോധിക്കുകൊണ്ടിരിക്കുകയാണ്. എനിക്ക് പേടിയാകുന്നു. ഞങ്ങളുടെ കെട്ടിടത്തിന് തൊട്ടടുത്തെ കെട്ടിടമായിരുന്നു അത്. ആക്രമണം ഉണ്ടാകുമ്പോൾ എന്‍റെ പിതാവും അമ്മാവനും നിരത്തിൽ നിൽക്കുകയായിരുന്നു. അവരെയാരെയും നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാനാവില്ല. യൂനിവേഴ്സിറ്റിയിലെ പഠനകാലം മിസ് ചെയ്യുന്നു. എനിക്കന്ന് എത്ര സന്തോഷമുണ്ടായിരുന്നെന്നോ. എത്രമാത്രം പ്രതീക്ഷകളുണ്ടായിരുന്നെന്നോ. എല്ലാം ഈ ഏഴുദിവസം കൊണ്ട് നഷ്ടമായിരിക്കുന്നു.’’

‘‘ഇവിടെ നിന്ന് ഒഴിഞ്ഞ് തെക്കോട്ടുപോകണമെന്ന് ഇപ്പോൾ കേൾക്കുന്നു. ഞങ്ങളുടെ കുടുംബം എവിടേക്കും പോകുന്നില്ല. ഇത് ആക്രമണത്തിന്‍റെ ഏഴാംദിനമാണ്. എന്‍റെ ഹൃദയം നുറുങ്ങുന്നു. എന്‍റെ പഴയ വീട്, വീട്ടിലെ ഓരോ മൂലയും, എന്‍റെ കിടക്ക, ലിവിങ് റൂം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഈ മിസൈലുകൾക്ക് മുമ്പുള്ള ശാന്തമായ ജീവിതം എവിടെ പോയി. ഇത് ദുരന്തമാണ്. ഇത് വംശഹത്യയാണ്’’.

കടപ്പാട്: ന്യൂയോർക് ടൈംസ്

Tags:    
News Summary - 'Why did they destroy my memories? Why did they destroy my dreams?'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.