നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടരുന്ന പ്രതിഷേധം താങ്ങുവില ഉറപ്പാക്കാനോ മൂന്നു നിയമങ്ങളും പിൻവലിക്കാനോ മാത്രം ലക്ഷ്യമിട്ടുള്ള പോരാട്ടമല്ല. കർഷകെൻറ തൊഴിൽ ശേഷി അർഹമായ വേതനം നൽകാതെ കവർന്നെടുക്കാൻ രാജ്യത്തെ അതിസമ്പന്നരായ കുത്തകകൾ നടത്തുന്ന ശ്രമം അവസാനിപ്പിക്കാൻ കൂടിയുള്ള സമരമാണ്- ഈ പോരാട്ടത്തെ മുന്നിൽനിന്ന് നയിക്കുന്നത് പഞ്ചാബിലെ കർഷക സമൂഹമായതിന് കാരണങ്ങൾ പലതുണ്ട്.
ചർച്ചകൾ പോലുമില്ലാതെയും കർഷക സംഘടനകളെ വിശ്വാസത്തിലെടുക്കാതെയും മൂന്ന് വിവാദ ബില്ലുകൾ തിടുക്കപ്പെട്ട് പാർലമെൻറ് പാസാക്കുേമ്പാൾ അപകടം ആദ്യം മണത്തത് പഞ്ചാബിലെ സിഖ് കർഷകരായിരുന്നു. 1980കളിലായിരുന്നു അവസാനമായി പഞ്ചാബിലെ സിഖുകാർ സമാനമായി സർക്കാറിനെതിരെ പോർമുഖത്തിറങ്ങിയത്. പുതുതായി ശക്തിയാർജിക്കുന്ന തീവ്രവാദത്തെ മുളയിലേ നുള്ളാൻ ഇന്ദിര ഗാന്ധി സർക്കാർ സംസ്ഥാനേത്തക്ക് പട്ടാളത്തെ അയച്ചപ്പോഴായിരുന്നു അത്. വളർന്നുതുടങ്ങിയ ഖലിസ്ഥാൻ പ്രസ്ഥാനത്തിന് അന്ന് വ്യാപക പിന്തുണ ലഭിക്കാതെ പോയെങ്കിൽ, ഇന്ന് പക്ഷേ സിഖ് കർഷകർ മുന്നോട്ടുവെക്കുന്നത് ന്യായമായ ലക്ഷ്യമാണ്- എന്നു മാത്രമല്ല, രാജ്യത്തെ കർഷക സമൂഹത്തെ പിന്നിൽ അണിനിരത്തുന്നതിലും രാജ്യത്തിെൻറ മൊത്തം പിന്തുണ ആർജിക്കുന്നതിലും അവർ വിജയം വരിക്കുകയും ചെയ്തിരിക്കുന്നു. ദേശീയ ചരിത്രത്തിൽ കർഷക പ്രസ്ഥാനത്തിെൻറ മുന്നണിപ്പോരാളികളായി അവർ അടയാളപ്പെടുക തന്നെ ചെയ്യും.
ഒപ്പത്തിനൊപ്പം
രാഷ്ട്രീയ സ്വയംസേവക്സംഘും (ആർ.എസ്.എസ്) ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) സർക്കാറും- കങ്കണ റണാവത്തിനെ പോലെ ചില കാമ്പയിൻ മാനേജർമാരുടെ സഹായത്തോടെ- പഞ്ചാബിലെ സിഖ് കർഷകരെ 'ഖലിസ്ഥാൻ ഭീകരരാ'യി മുദ്ര കുത്താൻ ശ്രമം നടത്തുകയാണ്. അതുപക്ഷേ, അനായാസം നടക്കുമെന്ന് തോന്നുന്നില്ല. സിഖ് കർഷക യുവത്വം കൂടുതൽ വിദ്യാ സമ്പന്നരാണെന്ന് മാത്രമല്ല കാരണം, ലോകം മുഴുക്കെ പടർന്നുനിൽക്കുന്നവരും ഹിന്ദുത്വ സേനക്ക് ചുട്ട മറുപടി നൽകാൻ ശേഷിയുള്ളവരുമാണ്. 370ാം വകുപ്പ് റദ്ദാക്കിയ ഉടൻ കശ്മീരികൾക്കെതിരെ പരീക്ഷിച്ച പോലെ ഈ കൂലിപ്പട്ടാളത്തെ ഇവർക്കു പിന്നാലെയും മേയാൻ വിട്ടാൽ രാജ്യം തന്നെ അപകടത്തിലാകും. രാജ്യത്ത് മറ്റേതൊരു കാർഷിക സമൂഹത്തിനും സാധ്യമാകാത്തത്ര കരുത്തോടെ പോരു ജയിക്കാൻ സിഖ് കർഷകർക്കാകും.
രാഷ്ട്രീയ ചതുരുപായങ്ങളെ കുറിച്ച് അവർക്ക് കൃത്യമായ ബോധ്യമുണ്ട്. ന്യൂഡൽഹിയിലെ ഒരു ഗുരുദ്വാരയിൽ കുതിച്ചെത്തി ഗുരു ഗ്രന്ഥ് സാഹിബിനു മുമ്പാകെ മോദി മുട്ടുകുത്തി നിന്നത് എന്തിനായിരുന്നുവെന്ന് അവരുടെ ലളിത യുക്തി കൃത്യമായി വായിച്ചെടുത്തു. അതുകൊണ്ടുതന്നെ, അവർ അനങ്ങിയതേയില്ല. ഈ ബോധ്യത്തിനും വിശ്വാസത്തിനും മുന്നിൽ ഹിന്ദുത്വ ആക്രമണത്തിന് ചുവടുപിഴച്ചു. മാത്രവുമല്ല, രാജ്യം മുഴുക്കെ കർഷകർ പിന്നാലെ അണിനിരക്കുകയും ചെയ്തു. 'ഖലിസ്ഥാനി ഭീകരർ' പോലുള്ള പദാവലികൾ നിരന്തരമായി പ്രയോഗിച്ച കങ്കണയെ പോലുള്ളവരുടെ തന്ത്രങ്ങൾ അവർക്ക് നന്നായി അറിയാം.
ബോളിവുഡ് ഉൾപെടെ സിനിമ തട്ടകങ്ങളും കർഷകർക്ക് നീതിയും അതിജീവനവും ഉറപ്പാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിെൻറ 'ഭക്ഷ്യവിഭവ സൈന്യ'മെന്നാണ് അവർ ഇവരെ വിേശേഷിപ്പിച്ചത്- അത് ശരിയുമാണ്. 'കൃഷി ചെയ്യുന്ന പട്ടാളം' ഭക്ഷണം ഉൽപാദിപ്പിച്ചില്ലെങ്കിൽ അതിർത്തി കാക്കാൻ 'നിൽക്കുന്ന സേന' ഉണ്ടാകില്ല. ആർ.എസ്.എസ്- ബി.ജെ.പി സർക്കാർ പക്ഷേ, ഈ കർഷക സൈന്യത്തെ ദേശീയവാദികളായി തിരിച്ചറിയുന്നതിന് പകരം ഇപ്പോഴും വൻകിട വ്യവസായ കുലങ്ങളെ തെരഞ്ഞുപിടിച്ച് ദേശീയവാദികളായി എഴുന്നള്ളിക്കുന്ന തിരക്കിലാണ്.
സിഖ് കർഷകർ അങ്കത്തട്ട് ഉണർത്താൻ മറ്റൊരു കാരണം, സിഖ് മതം അനുശാസിക്കുന്ന പോലെ തൊഴിലിെൻറ മാന്യത പ്രതിരോധിക്കാൻ കൂടിയാണ്. സിഖ് മതത്തിൽ ആപേക്ഷികമായെങ്കിലും ജാതി ഇല്ലാതാക്കുന്നതിലുമുണ്ട് തൊഴിലിന് പങ്ക്.
സിഖ് കർഷകരിലേറെയും ജാട്ടുകളാണ്. ചരിത്രപരമായി അവർ ശൂദ്ര വർണാശ്രമക്കാരും. ഐക്യ പഞ്ചാബിൽ ധ്വിജ വിഭാഗങ്ങളിൽനിന്ന് (ബ്രാഹ്മണർ, ബനിയർ, ഖത്രികൾ) പീഡനങ്ങളേറെ ഏറ്റുവാങ്ങിയവർ. ഗുരു നാനക് ദേവ സിഖ് മതം സ്ഥാപിക്കുകയും തെൻറയും ഇതര സിഖ് ഗുരുക്കന്മാരുടെയും പുണ്യഗീതങ്ങൾ ചേർത്ത് ഗുരു ഗ്രന്ഥ് സാഹിബ് എന്ന വേദഗ്രന്ഥം രചിക്കുകയും ചെയ്തതോടെ ശരിക്കും മോചനമായത് വർണാശ്രമത്തിനും തൊഴിലിെൻറ പേരിലെ അനീതികൾക്കുമാണ്.
ശൂദ്ര തൊഴിലാളികളിൽ അത് ആത്മാഭിമാനം പകർന്നു. ശ്രേണീബദ്ധമായ സമൂഹത്തിലെ താഴെത്തട്ടിൽ അപമാനിതരായി കഴിഞ്ഞവരെന്നതു മാറി സമത്വവും മാന്യതയുമുള്ളവരായി അവർ വളർന്നു. രാജ്യത്ത് ഇന്ന് ജാട്ട് സിഖുകാരോളം സ്വാഭിമാനം പുലർത്തുന്നവർ വേറെയുണ്ടാകണമെന്നില്ല. മസ്ഹബി സിഖുകാർ എന്നുകൂടി വിളിക്കപ്പെടുന്ന ഇൗ ദളിത് സിഖുകാർ പഞ്ചാബിൽ സാമൂഹിക വിവേചനത്തിന് തീരെ ഇരകളല്ലെന്ന് അർഥമൊന്നുമില്ല ഇതിന്. അവരും അനുഭവിക്കുന്നുണ്ട്.
പക്ഷേ, ഹിന്ദുത്വവാദികളോളം ജാതി വാദം രൂഢമായി പാലിക്കുന്നവരോ വർണാശ്രമ വാദികളോ അല്ല സിഖ് സമൂഹം. ലോകത്തുടനീളം സ്വന്തമായി 'രവിദാസി ഗുരുദ്വാരകൾ' സ്ഥാപിച്ചവരാണ് ദളിത് സിഖുകാർ. ഇന്ത്യയിൽ മറ്റേത് ദളിത് വിഭാഗങ്ങളെക്കാളും വിദ്യ അഭ്യസിച്ചവർ. സിഖ്മതത്തിെൻറ ഭാഗമായിരിക്കെ തന്നെ സ്വന്തവും സ്വതന്ത്രവുമായി ആത്മീയ, സാമൂഹിക സ്വത്വം പ്രകടിപ്പിക്കുന്നവർ. സിഖ്മതത്തെ ഹിന്ദുമതത്തിെൻറ ഭാഗമായി ചിത്രീകരിക്കാൻ ഹിന്ദുത്വവാദികൾ രംഗത്ത് സജീവമാണെങ്കിലും ഇനിയും വേണ്ടത്ര ഫലം കണ്ടിട്ടില്ല, കാരണം, തങ്ങളെ കൂടി സ്വന്തം ഭാഗമാക്കാനാണ് ശ്രമമെന്ന് അവർ തിരിച്ചറിയുന്നു. ഒരു സ്വതന്ത്ര മതമെന്ന് എന്നേ ലോകം അംഗീകരിച്ചതാണ് സിഖ് മതത്തെ.
മാത്രവുമല്ല, ഗുരു ഗ്രന്ഥ് സാഹിബിൽ അവഗാഹം ആർജിച്ച ആർക്കും ലിംഗഭേദമില്ലാതെ ഒരു ഗ്രന്ഥിയാകാം, ഹിന്ദുമതത്തിൽ പക്ഷേ, അതു സാധ്യമാകില്ല. േശ്ലാകം ചൊല്ലാനും വിവാഹ ചടങ്ങുകൾ നിർവഹിക്കാനും സ്ത്രീകൾക്ക് ആര്യ സമാജം അനുമതി നൽകുന്നുണ്ടെങ്കിലും ഈ വിഭാഗങ്ങളിൽ പോലും തൊഴിൽ പങ്കാളിത്തത്തിന് സ്ത്രീ അനുമതിയും മോചനവും നേടിയിട്ടില്ല. ഹിന്ദു-ഇസ്ലാം മതങ്ങളിൽനിന്ന് ഭിന്നമായി, ലിംഗ ഭേദം മറന്ന് ആത്മീയ- ഉൽപാദന മേഖലകളിൽ വനിതകൾക്ക് ലഭിച്ച പ്രാതിനിധ്യവും ക്ഷമതയുമാണ് പഞ്ചാബിനെ ഇന്ത്യയുടെ ഭക്ഷ്യ കലവറയാക്കിയത്. കാർഷിക ഉൽപാദനത്തിൽ ആർ.എസ്.എസ്- ബി.ജെ.പി കക്ഷികൾ ഒരിക്കലും ജാതി മുക്തവും ലിംഗ ഭേദമില്ലാത്തതുമായ പങ്കാളിത്തം ഉന്നയിച്ചിട്ടില്ല. പകരം, വർണ ധർമത്തിെൻറ പരമ്പര നിലനിർത്താനാണ് അവരുടെ ഊന്നൽ.
കാർഷിക മേഖലയിൽ പണിയെടുക്കുന്ന ഓരോരുത്തനും അനുഭവിക്കുന്ന സാമൂഹിക അടിത്തറയിൽ നിന്നാണ് പഞ്ചാബ് കാർഷിക േമേഖല ഈ വലിയ നേട്ടങ്ങളിലേക്ക് ചുവടുവെച്ചത്. അങ്ങനെ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയിൽ തന്നെ പഞ്ചാബ് വേറിട്ട ഒരു സാംസ്കാരിക അസ്തിത്വമായി തലയെടുപ്പോടെ നിൽക്കുന്നു. സംസ്ഥാനം ധാരാളമായി ഉൽപാദിപ്പിക്കുന്നുണ്ട് ഗോതമ്പും പാലും. തൊഴിൽ എന്ന സേവനത്തിന് അഥവാ കർസേവക്കായി ഗുരുദ്വാരകളിൽനിന്ന് പോലും പങ്കുവെക്കുന്ന ദർശനം ആഗോള ശ്രദ്ധ നേടുകയും ചെയ്തു.
ഗുരുദ്വാരകൾ- വിശിഷ്യാ, അമൃതസർ സുവർണക്ഷേത്രം- സന്ദർശകർക്ക് നൽകുന്ന സൗജന്യഭക്ഷണമായ 'ലംഗാറു'കൾക്ക് പ്രശസ്തമാണ്. സമ്പന്ന സിഖ് കുടുംബാംഗങ്ങൾ പോലും ഇവിടെ സൗജന്യ സേവനവുമായി സജീവമായുണ്ടാകും. ജാതി സ്വത്വങ്ങൾ ആവേശിക്കാത്ത ഈ സൗജന്യ സേവന സംസ്കാരം പക്ഷേ, ആർ.എസ്.എസ്- ബി.ജെ.പിക്ക് ഒരിക്കലുമില്ല. തങ്ങൾ ഹിന്ദു ദേശീയവാദികളെന്ന് നിരന്തരം കുരവയിട്ട് അവർ സജീവമാണെങ്കിലും. രാജ്യത്തെ ഭരണ വിഭാഗം തന്നെ തൊഴിൽ മാന്യതയെ പ്രോൽസാഹിപ്പിക്കുന്നില്ലെങ്കിൽ ഒരിക്കലും ഒരു രാജ്യവും വികസിക്കില്ല. സ്വഛ് ഭാരത്, ആത്മനിർഭർ ഭാരത് പോലുള്ള മുദ്രാവാക്യങ്ങൾ സർക്കാർ മുഴക്കിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ആത്മീയ-മത സംവിധാനത്തിൽ അടിസ്ഥാനപരമായി തൊഴിലിെൻറ മഹത്വം എല്ലാവരിലുമെത്തിക്കാൻ ഒന്നും ചെയ്യുന്നില്ല.
ജീവിക്കുന്ന വൈരുധ്യം
'സർബത് ഡ ഭല്ല' (ഏവരുടെയും പൊതുനന്മക്കായി പ്രവർത്തിക്കുക), കർ സേവ (പൊതുനന്മക്ക് ശാരീരിക അധ്വാനം) എന്നിവയിലാണ് സിഖ് മതം ഊന്നിനിൽക്കുന്നത്. ഗുരു ഗ്രന്ഥ് ആത്മീയ ദർശനത്തിെൻറ ഭാഗമാണ് ഈ രണ്ട് ആശയധാരകളും. ഇതാകട്ടെ, ഹിന്ദുത്വ ശക്തികൾ മുന്നോട്ടുവെക്കുന്ന വർണാശ്രമത്തിന് നേർവിപരീതവും. ബ്രാഹ്മണ കോയ്മയുള്ള ആത്മീയ, സാമൂഹിക, രാഷ്ട്രീയ ദർശനങ്ങൾക്ക് തൊഴിൽ മാന്യത ഒട്ടും പരിചിതമല്ലാത്ത ഘട്ടത്തിലാണ് സിഖ് ഗുരുക്കൾ തൊഴിൽ മാന്യതയുടെ സങ്കൽപം സ്ഥാപിക്കുന്നത്.
ഹിന്ദുത്വ ദർശനത്തിൽ ശൂദ്ര/ദളിത് കർഷകർ അവമതി നേരിടുന്നവരാണെന്ന് മാത്രമല്ല ഒട്ടും മാന്യത അർഹിക്കാത്ത മാനുഷിക വിഭാഗങ്ങളുമാണ്. പഞ്ചാബിന് പുറത്തും ഇന്ത്യൻ ഭക്ഷണോൽപാദന സംവിധാനത്തിെൻറ തൂണുകളാണ് അവർ എന്നിരിക്കെയാണിത്. ജാതിയും വർണവും ഭരിക്കുന്ന ഈ മൗലിക വിശ്വാസത്തെ പൊളിച്ചെഴുതാനും ആത്മീയ- സാമൂഹിക സംവിധാനത്തിൽ കാർഷിക വൃത്തി മാന്യതയുള്ളതായി പരിഗണിക്കപ്പെടാനും മോദി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകരം, നടപ്പാക്കിയത് കുത്തക മുതലാളിമാർക്ക് ഈ പാവം കർഷകരെ ഒന്നുകൂടി ആഴത്തിൽ ചൂഷണം ചെയ്യാൻ വാതായനങ്ങൾ തുറന്നിടുകയാണ്. സാമൂഹിക- സാമ്പത്തിക പരിവർത്തന പ്രക്രിയയിൽ പങ്കാളികളാകുകയോ പൊതുജന നന്മക്കായി വല്ലതും ചെയ്യുകയോ ഈ കുത്തകകൾ ചെയ്യാതിരിക്കെയാണിത്.
കാർഷികോൽപാദന വിജ്ഞാനീയം നട്ടെല്ലായി നിലനിർത്തിയ അതിശക്തരായ ആഗോള സമൂഹമാണിന്ന് സിഖ് കർഷകർ. യു.എസ്, കാനഡ, ആസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളിൽ കുടിയേറിയവർ. അവിടങ്ങളിൽ വനഭൂമികൾ ഉഴുതുമറിച്ച് കൃഷിയുടെ തട്ടകങ്ങളാക്കിയെടുത്ത് ആദരം നേടിയവർ. കാനഡയിൽ അവർ കരുത്ത് തെളിയിച്ച രാഷ്ട്രീയ ശക്തിയാണ്. അവരിൽനിന്ന് പഠിക്കാൻ ഇന്ത്യ താൽപര്യം കാണിക്കണം. സിഖ് സമുദായത്തെ ഭീകര മുദ്ര ചാർത്താൻ പാഞ്ഞുനടക്കുന്ന അണികളെ ആർ.എസ്.എസ്-ബി.ജെ.പി പിടിച്ചുകെട്ടണം. ഇതിൽ എത്ര പിഴക്കുന്നോ അത്രയും ലോകം അവരെ ശരിക്കും തിരിച്ചറിയും, ഇന്ത്യ മാത്രമല്ലെന്ന് ഉറപ്പ്.
(theprint.in പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സ്വതന്ത്ര വിവർത്തനം)
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.